Thursday, November 3, 2016

മാമംഗലത്തെ ജഡ്ജദ്യം
മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന്
ഒരു കൊച്ചിനെ
മാറാപ്പിലാക്കി
ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   കളയുന്നു.
അതേ മാഞ്ചോട്ടിൽ മോഷ്ടിച്ച മുതൽ ഒളിപ്പിക്കുമ്പോൾ
മറുത പോലൊരു മാലതി തള്ളയ്ക്ക് കൊച്ചിനെ  കിട്ടുന്നു.
ഗുമസ്തനീ ഗുട്ടൻസറിയാം
അയാൾക്കേയറിയൂ

കാലചക്രം  പഞ്ചറൊട്ടിച്ചു കറങ്ങുന്നു.
ജഡ്ജദ്യത്തിന്റെ മകൻ
പോലീസ്
മാലതി തള്ളയെ പൊക്കുന്നു.
കൊട്ടേഷൻ, മാല പൊട്ടിക്കൽ ഇത്യാദിക്ക്
ജഡ്ജദ്യം അവർക്ക്   പത്തിരുപത് വർഷം
ജയിൽ വിധിക്കുന്നു -
ആയമ്മയുടെ സങ്കേതത്തിൽ
കൗമാര മുക്തയായി കൊണ്ടിരിക്കുന്ന
സുന്ദരികുട്ടിയെ കാണുന്നു.
വിശുദ്ധ കുസുമത്തെ വിധിക്കും തെരുവിനും
വിട്ടു കൊടുക്കാതെ വീട്ടിലേക്ക്
കൊണ്ടു പോകുന്നു.
അവൾ സ്വന്തം ചോരയാണെന്ന്
അയാൾ അറിയുന്നില്ല കൂട്ടരേ
അറിയുന്നില്ല.

(പറയാൻ വിട്ടു ,ജഡ്ജദ്യത്തിന്റെ ഭാര്യ കൊല്ലും കൊലയുമുള്ള
ദേശായി തറവാട്ടിലെ നടക്കുന്ന പൗഡർഡപ്പി )

ജഡ്ജി അവളെ മകളെപ്പോലെ  സ്നേഹിക്കുന്നു .
ഇടയ്ക്കിടക്കൊടുക്കത്തെ  നടുക്കത്തിന്റെ  വെട്ടൽ
ജഡ്ജിയുടെ മകൾക്കസൂയ
അവളാക്കുട്ടിയെ കൊണ്ട് നടുവൊടിയെ
പണിയെടുപ്പിക്കുന്നു,
ധാരയായി കണ്ണീരൊഴുകുന്നു
സഹനമൂർത്തി  ജ്വലിക്കുന്നു.

മകൻ പോലീസിന് ഒരു നീലത്താമര
ഡിങ്കോൾഫി അവളോടില്ലാതില്ല.
ദേശായി കുടുംബത്തെ മാളുപ്പെണ്ണ്
അവളെ കൊന്നാലും ജഡ്ജി പുത്രനെ
സ്വന്തമാക്കാൻ മേക്കപ്പിട്ടിറങ്ങിയിരിക്കുന്നു,
ദുഷ്ട ശക്തികൾ ഒന്നിക്കുന്നു.
പാലിൽ വിഷം കൊടുക്കുന്നു,
കോലിൽ വിഷപാമ്പിനെ കോർത്ത് കട്ടിലിലിടുന്നു
പത്തായത്തിൽ പൂട്ടുന്നു
അങ്കക്കലിയിൽ ഉപജാപം മൂക്കുന്നു


ഒരു വർഷം കൂടി കഴിഞ്ഞ് (വേണേൽ രണ്ട്, മൂന്ന് വർഷം )
പ്രതികാരദുർഗ്ഗയായ മാലതിതള്ള
പോലീസം ദുർഗം ഭേദിച്ച് ജയിൽ ചാടുന്നു.
പോലിസ് മോനെ  കൊന്ന്  രക്തം കുടിച്ച്
കഞ്ചാവ് കടത്തുകാരൻ ഭദ്രനെ കൊണ്ട്
വളർത്ത് മകളെ കെട്ടിക്കാൻ  മനക്കോട്ട കെട്ടിയിരിക്കുന്നു.

ഗുട്ടൻസറിയാവുന്ന ഗുമസ്തൻ
കുനുഷ്ഠമായിറങ്ങി
കലങ്ങിയ കുളത്തിൽ പാഷാണം കലക്കുന്നു
കഥ നീളുന്നു
കദനം നീറുന്നു
കരണത്തടി ശബ്ദഘോഷം  ഇടയ്ക്കിടെ
ദിഗന്ത സ്തംഭന സ്തോഭ സംഗീതം

ഏഴുമണിക്ക് വീട്ടിലെ പെട്ടിയിൽ
എപ്പോഴും ഹോട്ട് സ്റ്റാറിലും

Sunday, October 30, 2016

ഒരു ദിവസം ..പഴയ സുഹൃത്തിന്റെ ഫോണ് CALL .
"TSH ആണോ PSA യാണോ നല്ലത് ".ഒന്ന് thyroid സംബന്ധമായ ടെസ്റ്റ് ആണെങ്കിൽ മറ്റേതു prostate രോഗം ,പ്രത്യേകിച്ച് prostate ഗ്രന്ഥിയുടെ അർബുദനിർണയത്തിന് സഹായിക്കുന്ന ടെസ്റ്റ് .ഇതിലേതാണ് നല്ലതെന്ന് ചോദിച്ചാൽ ..
ഒരെത്തും പിടിയും കിട്ടിയില്ല .
.പുള്ളി വിശദീകരിച്ചു .പുള്ളിയുടെ പാക്കേജ് അനുസരിച്ച് ഇതിൽ ഒന്ന് ചെയ്യാം .മറ്റനേകം ടെസ്റ്റുകൾ സ്വാസ്ത്യ സൌഖ്യങ്ങൾ ഉറപ്പാക്കാൻ ചെയ്തിട്ടുണ്ട് .

ഇങ്ങനെ അവയവം അവയവമായി   ദീർഘായുസ് ഉറപ്പു വരുത്തുന്ന രക്ത- സ്കാൻ പരിശോധനകളുടെ പൊരുൾ ആലോചിച് മലപ്പുറത്തെ ആശുപത്രിയിൽ ഇരിക്കുമ്പോൾ  ആണ്  ഒരുച്ച നേരം മധ്യവയസ്കൊനുമുഖനായ  യുവാവ് കയറി വരുന്നത് .
"അല്ല വെള്ളിയാഴ്ച ആയിട്ട് ജുമാക്കൊന്നും പോയില്ല ?"
അംജദ് ,അമ്ജിത് എന്നൊക്കെ പേര് വായിച്ചിട്ടുണ്ടാകുന്ന ചോദ്യമാണ് .
ഇനി ആ വഴിയിൽ ഒരു PULL കിട്ടിയാൽ ആര് വേണ്ടെന്നു പറയാൻ ! കാര്യത്തിലേക്ക് കടക്കാം..

"പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കാൻ സാധ്യത ഉണ്ടോ എന്നറിയാൻ എന്തെങ്കിലും ടെസ്റ്റുകൾ ഉണ്ടോ ?"

ഏതോ യുവനടന്റെ ഭാര്യ ലിഫ്റ്റിൽ കയറുമ്പോൾ കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്ത കൂട്ടിരിപ്പിന്റെ ഇടവേളയിൽ പത്രത്തിൽ വായിച്ചു വന്നതാണ് .പെട്ടെന്ന് കുഴഞ്ഞു വീണു മരികുന്നതിനെ കുറിച്ചുള്ള ചോദ്യത്തിൽ പെട്ടെന്ന് ഞാൻ കുഴഞ്ഞു പോയി ..

കാര്യമായ ആരോഗ്യ പ്രശ്നം ഒന്നും ഇല്ലാത്തവർ പെട്ടെന്ന് മരിക്കുക എന്നത് ഉറ്റവർക്കും ഉടയവർക്കും ഉണ്ടാക്കുന്ന വേദന മനസ്സിലക്കാനാവുന്നതിലും ആഴമുള്ളതാണ് .

 ഹൃദയ സംബന്ധമായ രോഗങ്ങൾ ആണ് നിമിഷാർധതിന്റെ നോടീസിൽ ജീവൻ എടുക്കുന്നതിൽ മുൻപന്തിയിൽ .
ഹൃദയത്തിന്റെ ജനറെട്ടറിൽ ഉത്പാദിപികുന്ന വൈദ്യുത തരംഗങ്ങൾ ഹൃദയ താളമായി  മാറുന്നതിലെ താളപിഴകൾ, ഹൃദയത്തിന്റെ  WIRING ലുള്ള അപാകതകൾ.,ഹൃദയ പേശികൾക്ക് കട്ടി കൂടുന്ന ജന്മസിദ്ധമായ രോഗങ്ങൾ എന്നിങ്ങനെ,

 ഉദാഹരണത്തിന് ഇയ്യിടെ 26 വയസ്സുള്ള ഒരു യുവാവ് ജ്യൂസ് കുടിച്ചു അൽപ നേരത്തിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു .പോസ്റ്റ് മോർട്ടത്തിൽ ഹൃദയ ധമനികൾ 90% അടഞ്ഞു പോയതായാണ് കണ്ടത്  .(ജ്യൂസ് കടക്കെതിരെ പത്ര വാർത്തയൊക്കെ വന്നു )
ഇതിൽ പലതും പൊടുന്നനെ സംഭവിക്കുന്നതാണ് .ഇവയിൽ പലതിനും തളർന്നു വീഴൽ ,ശ്വാസം മുട്ട് , നെഞ്ചുവേദന പോലെ നാം പലപ്പോഴും അവഗണിച്ചേക്കാവുന്ന ലക്ഷണങ്ങൾ ആണ് ഉണ്ടാകുക .

അത് പോലൊരു മൃത്യു ഹേതുവാകാവുന്ന അവസ്ഥയാണ് മസ്തിഷ്കത്തിലെ രക്തസ്രാവം .ചെറുപ്പക്കാരിൽ പലപ്പോഴും രക്തകുഴലുകളുടെ ദൌർബല്യമോ ദുർഘടനയോ മൂലം അവ പൊട്ടുന്നതാണ് .
തലവേദന ,അപസ്മാരം പോലുള്ള ലക്ഷണങ്ങൾ ,ബോധം മറയൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാമെങ്കിലും പലപ്പൊഴും നിമിഷങ്ങൾ കൊണ്ടിത് മൂര്ചിക്കാം.

മിക്ക അവസരങ്ങളിലും ഹൃദയം ,മസ്തിഷ്കം ,ശ്വാസകോശം എന്നീ അവയവങ്ങളുടെ രോഗാവസ്ഥകൾ ആണ് ദ്രുത മരണത്തിനു കാരണം .

ചെറുപ്പക്കാരിൽ സാധാരണമല്ലെങ്കിലും അന്തരികാവയവങ്ങളിലെ  കാൻസെറുകൾ ,അണുബാധകൾ എന്നിവയാണ് മറ്റു കാരണങ്ങളിൽ ചിലത് . പെട്ടെന്നുള്ള ശ്വാസം മുട്ട് ,വിഷ പുക ശ്വസിക്കൽ എന്നിങ്ങനെയുള്ള കാരണങ്ങൾ വേറെ .

അപ്പോൾ നിങ്ങളെന്തു വർത്തമാനമാണ് ഭായ് പറയുന്നത്.?ഈ അവസ്ഥകളിൽ മരിച്ചു “വിധി”യുമായി സഹകരികണമെന്നാണോ ?

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുക ,വൈദ്യ ശുശ്രൂഷ ലഭ്യമാകുക .പരിമിതികളില്ലാത്ത  ശേഷികളുള്ള ദിവ്യാൽഭുത പ്രവർത്തകർ അല്ല ചികിത്സകർ എന്ന് മനസിലാക്കുക .ജീവൻ നിലനിർത്താനുള്ള യത്നങ്ങൾ പരാജയപെട്ടാൽ മരണ കാരണം കണ്ടെത്താൻ നേരത്തെ ആകസ്മികമായി മരണമടഞ്ഞ  യുവാവിന്റെ  കാര്യത്തിൽ പറഞ്ഞ പോലെ പോസ്റ്റ് മോർടം പരിശോധന ഉൾപെടെ യുള്ള പഠനങ്ങളുമായി സഹകരിക്കുക.അസ്വാഭാവികവും ആകസ്മികവും ആയ മരണങ്ങളിൽ  ഓടോപ്സി ഉള്പെടെയുള്ള പഠനങ്ങൾ നടത്തുന്നത് ചില വേളകളിൽ അത്ര സാധാരണം അല്ലാത്ത അപൂർവ രോഗങ്ങളെക്കുറിച്ച് അറിവ് പകർന്നു സമൂഹത്തിനും ഉപകാര പ്രദമകാറുണ്ട്
(“ഇതിനു ചികിത്സാ പിഴവെന്നു നമ്മള് പറഞ്ഞാല് ആഗോളപണ്ഡിതര് ആയ ഡോക്ടര്മാര് സമ്മതിക്കില്ല,കാരണം അവര് ചെയ്യുന്ന പോസ്റ്റ്മാര്ട്ടത്തില് അവരുടെ പിഴവ് തെളിയുമെന്ന് വിചാരിക്കുന്ന നമ്മള് ആണല്ലോ പോഴന്മാര്." തീര്ത്തും നിലവാരമില്ലാത്ത ആയ വാചകത്തിലൂടെ ഒരു ലേഖകൻ യതാർത്ഥ മഞ്ഞ പത്രത്തിന്റെ ശക്തി കാണിച്ചത് ഇയ്യിടെയാണ്)

ശാസ്ത്രീയമായ രീതിയിൽ ചികിത്സാ പിഴവ് തെളിയിക്കാൻ  ആശുപത്രി തല്ലി പൊളിച്ചു രോഷം തീർകുന്ന സംസ്കാരം അല്ല യുക്തിപരമായ ചിന്തയാണ് വേണ്ടത് .അതേതു വികാര വിക്ഷൊഭതിന്റെ നിമിഷതിലാണെങ്കിലും!

Tuesday, September 20, 2016

ഡാ, നിനക്കീ ഫെയ്സ് ബുക്കിലൊക്കെ സാഹിത്യം ഇട്ടു സമയം കളയുന്ന നേരം കൊണ്ട് വല്ലതും എഴുതി പ്രസിദ്ധീകരിച്ചു കൂടെ ... "

 "മാഷേ, ഇതേൽ അപ്പപ്പം തോന്നുന്ന ചപ്പടാച്ചി ചൂടോടെ പെടച്ച് വെറുപ്പിക്കുക അല്ലാതെ വലുതെന്തേലും  പടയ്ക്കാൻ ഉള്ള കോപ്പ് ഒന്നും നമ്മുടെ കൈയ്യിൽ  ഇല്ല"

" എന്ത് കോപ്പ്, ഒരു ബേസിക് ത്രെഡ് അങ്ങ് വലുതാക്കണം. അതിനുള്ള data കളക്ട് ചെയ്യണം. മെനക്കെടേണ്ടി വരും... "

" ഈ മെനക്കെടുന്നത് പോലെ മെനക്കെട്ട ഒരു പണി വേറെ ഇല്ല. അതവിടെ നിക്കട്ടെ..data മാത്രം വെച്ച് കഥ ഉണ്ടാക്കാൻ പറ്റുമോ ..."

"നീ വലിയ ശാസ്ത്രവാദിയെന്നല്ലേ വെപ്പ്... അസ്ഥിയും മാംസവും രക്തവും സിഗ്നലും കുറെ  രാസവസ്തുക്കളുമല്ലാതെ അദൃശ്യമായ ഒരു സൃഷ്ടി രഹസ്യവും ചൈതന്യവിളയാട്ടവും ജീവന്റെ നിലനിൽപ്പിൽ ഇല്ലെന്ന് ഇന്നലെ ഒരണ്ണൻ പ്രസംഗിച്ചപ്പോൾ  വല്യ ആവേശത്തിലായിരുന്നല്ലോ? പിന്നെയാണ്  ഒരു കഥ ? data  അല്ലാതെ മറ്റെന്തു വേണം"

"സർഗശേഷി...."

"അങ്ങനെയും പറയാം .അധ്വാനവും സ്വയം ശിക്ഷണവും വഴി നേടാവുന്ന ഒരു കഴിവ്.... കുറച്ച് പാരമ്പര്യ ഘടകങ്ങൾ കണ്ടേക്കാം "

" അപ്പോൾ അനുഭവം ?"

"ലോകം മുഴുവൻ തെണ്ടി ,പണ്ടാരോ പറഞ്ഞ കണക്ക് ലോകത്തുള്ള സകല മദ്യവും കുടിച്ചു വറ്റിച്ചാൽ മാത്രം എഴുതാൻ പറ്റണ സാധനമാണ് ഇത് എന്നൊക്കെ അടിച്ച് വിടുന്നതല്ലേ ... "

വല്ലപ്പുഴ റെയിൽവെ സ്റ്റേഷനെത്തി കാണണം. പതിവ് പോലെ മുറുക്ക് വിൽക്കുന്ന കാക്ക കൊട്ടയുമായി കയറി. എടുക്കട്ടെ എന്ന ചോദ്യം ഇപ്പോൾ ഇല്ല.
മുറുക്ക് അൽപ്പം തണുത്തിരിക്കുന്നു. അങ്ങനെ വരാറില്ല . പരാതി പറയാൻ നോക്കിയപ്പോൾ .. ആളിറങ്ങി അടുത്ത കോച്ചിൽ കയറി കഴിഞ്ഞു. .
വണ്ടി നീങ്ങി. അടിക്കടി സ്‌റ്റോപ്പുണ്ടേലും വണ്ടിക്ക് നല്ല വേഗതയും സമയനിഷ്ഠയും

" എങ്കിൽ ഒരു ത്രെഡ് വെച്ച് നിനക്കൊന്നെഴുതി കൂടെ "

കാറ്റു പിടിച്ച് ,തിരിച്ചു  പുറകിലിരിക്കുന്നവന്റെ ദേഹത്തു വീഴുന്നതൊഴിവാക്കാൻ ലാക്കു കാത്ത് ട്രെയിൻ ജനലിലൂടെ മുറുക്ക് കവർ ഒഴിവാക്കി ഞാൻ ചോദിച്ചു.

" എഴുതണം. പേര് മനസിലുണ്ട്. ബജ്റംഗനും ജലകന്യകയും..."

അത് കൊള്ളാം .വായിക്കാൻ തോന്നുന്ന പേര് തന്നെ -
" എന്താണ് തീം "

" ഇതിവൃത്തം കണ്ടുപിടിക്കണം. .. ജലകന്യകയെ പറ്റി data കളക്ട് ചെയ്യണം .. പറ്റിയ ഒരു  പശ്ചാത്തലം സെറ്റ് ചെയ്യണം. ഒരു ചരിത്ര നോവൽ .. പറ്റിയ പുരാണങ്ങൾ റെഫർ ചെയ്യണം"

വട്ടായതാണോ എന്തോ. മുഖം വലിയ ഗൗരവത്തിലാണ്.

" പറ്റുമെങ്കിൽ ഇംഗ്ലീഷിൽ ചെയ്യണം.. ഒരു പാട് മലയാളികൾ ഇപ്പോൾ  ഇംഗ്ലീഷിൽ നോക്കുന്നുണ്ട്. നല്ല കാശ് കിട്ടും. നീ ഈ ഫെയ്സ് ബുക്കിൽ ചപ്പടാച്ചി ഇട്ട് വൈറൽ ആകുന്നതും കാത്തിരുന്നോ "

വൈറൽ ആയാലും ബാക്ടീരിയൽ ആയാലും  എനിക്കെന്ത് എന്നോർത്ത് ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ജനലിന്റെ അറ്റത്ത് ഫ്രെയിം മുറിയുന്നേടത്ത് മുറുക്കുകാരൻ കാക്ക കൊട്ട എതിർവശത്തെ പ്ലാറ്റ്ഫോമിൽ വെച്ച് പടഞ്ഞു കയറുന്നു.സൂക്ഷിച്ചു നോക്കി.  ഒരു പത്തറുപത് വയസ് കാണും. അങ്ങോട്ടുള്ള പാസഞ്ചറിൽ കയറി കഴിഞ്ഞ സ്റ്റോപ്പിൽ തിരിച്ച് ... ഇങ്ങനെ ഒരു ദിവസം  എത്ര ട്രിപ്പുകൾ ?

ഈ കാക്കയുടെ കഥ ഡാറ്റ മാത്രം വെച്ചെഴുതാൻ പറ്റുമോ.

ചോദിക്കണമെന്ന് വെച്ചതാണ്. സുഹൃത്ത് അപ്പോഴേക്കും ലാപ്പ്ടോപ്പ് തുറന്ന്  തിരക്കിലായി കഴിഞ്ഞിരിന്നു.

Tuesday, August 23, 2016

ഡോക്ടറെ കണ്ടു മടങ്ങുന്ന വഴി യുവാവ്  മരിച്ചു .
കുറെ നാൾ മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയാണ് ..ഒറ്റ വായനയിൽ തലകെട്ടിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്  എന്താണ് ? ഡോക്ടറുടെ കയ്യിൽ നിന്ന് എന്തോ ചികിത്സാ പിഴവു സംഭവിച്ചത് ഒരു യുവാവിന്റെ ജീവനെടുത്തു എന്നല്ലേ .. എന്നാൽ യുവാവ്‌ കാല് തെന്നി  തല പാറയിൽ ഇടിച്ചു മരിച്ചതാണ് എന്നാണു താഴോട്ടു വായിച്ചാൽ  മനസ്സിലാക്കാൻ കഴിയുക .
പെട്ടെന്ന് ആൾകാരെ ആകർഷിക്കുന്ന ഒരു തലകെട്ട് ഒരുക്കാൻ ഉള്ള വെമ്പലിൽ ഉണ്ടാകുന്ന SENSATIONALISATION / സ്കൂപ്പ് ജേർണ്ണലിസം എന്നൊക്കെ വിളിക്കുന്ന മാധ്യമരീതികൾ ആരോഗ്യചികിത്സാ മേഖലയിൽ ഉണ്ടാക്കുന്ന ആഘാതം ഇത്തരം താരതമ്യേനെ നിസ്സാര വാർത്താ ശകലങ്ങളിൽ ഒതുങ്ങുനില്ല .
ആരോഗ്യ മേഖലയിലെ റിപോർടിങ്ങിനായി  ലോക ആരോഗ്യ  സംഘടനയും  EHCN(European Health Communication Network)യും  ആരോഗ്യമേഖലയിലെ വാർത്തകൾ കൈ കാര്യം ചെയ്യുന്ന എല്ലാ പ്രൊഫെഷനുലകൾക്കും  (ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ എന്നിങ്ങനെ എല്ലാവ ർക്കും ) മാർഗദർശനം നല്കുന്ന ലളിതമായ ചില നിർദേശങ്ങൾ ഇവിടെ പ്രസക്തമാണ് .അവയുടെ ഏകദേശ തർജജമ ഇപ്രകാരമാണ്
1. .സമൂഹത്തിന്റെ വിശാല താല്പര്യത്തിനും മാനുഷികമായ മൂല്യങ്ങള്കും അവകാശങ്ങള്കും ദ്രോഹകരമായത് ഒഴിവാക്കുക .(വൈദ്യ രംഗത്ത് പലപ്പോഴും പറയുന്ന first do no harm തന്നെ)
2. ആരോഗ്യ വാർത്തകളിൽ എത്ര വേഗം വാർത്ത‍ കൊടുക്കുന്നു എന്നതിനേക്കാൾ എത്ര കൃത്യമായ വാർത്ത‍യാണ് കൊടുക്കുന്നത് , എന്നതിന് പ്രാധാന്യം നല്കുക . എന്താണ് നിങ്ങളുടെ വാർത്താ ഉറവിടം ?അത് വിശ്വസനീയമാണോ എന്ന്ഉറപ്പുണ്ടോ?.പ്രഥമ പ്രാധാന്യവും പരമ പ്രാധാന്യവും സമയപരിധിയുടെ DEADLINE എന്നതിനേക്കാൾ ആധികാരികതക്കാകട്ടെ
  3. വ്യർഥമായ പ്രതീക്ഷ വളർത്തുന്ന അത്ഭുത രോഗശാന്തി കഥകൾ , ഭീതി പരത്തുന്ന സംഭ്രമജനകമായ, ആസന്നമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ സ്ഫോടനാത്മകമായ അവതരണം എന്നിവയൊക്കെ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക
4.നിക്ഷിപ്ത താല്പര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുക  ,ഈ ന്യൂസ്‌ സ്റ്റോറിക്ക് ഗുണഭോക്താവായി ആരെങ്കിലും ഉണ്ടോ എന്ന് സ്വയം ചോദിക്കുക
5.പ്രേരണയാലും പ്രലോഭനത്താലും ഉള്ള വാർത്തകൾ  ഒഴിവാക്കുക .
6.വാർത്തയുടെ ഉറവിടം വെളിപെടുത്തില്ല എന്ന വിശ്വാസത്തിലാണ് വാർത്ത‍ പങ്കു വക്കപെട്ടിരിക്കുന്നതെങ്കിൽ ആ വിശ്വാസം കാത്തു സൂക്ഷിക്കുക
7.രോഗി കുടുംബവും സമൂഹ ജീവിതവും ഉള്ള മനുഷ്യനാണു ;രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കുക ,
8.വായനയുടെയും rateങ് ന്റെയും നൈമിഷികമായ സ്വീകാര്യതക്ക് അപ്പുറം സ്റ്റോറിയുടെ അനന്തര ഫലങ്ങൾ എന്തെല്ലാം എന്ന തിരിച്ചറിവുണ്ടാകുക.പുതിയ വാർത്തകൾ സമയവും സ്പെയ്സും അപഹരിച്ചു മുന്നേറുമ്പോഴും വിസ്മൃതമായ വാർത്തയിലെ മനുഷ്യർക്ക്‌ ,രോഗികള്ക്ക് ,പ്രത്യേകിച്ച് കുട്ടികള്ക്ക് ജീവിതം ഏറെ ബാക്കിയുണ്ട് എന്നോർക്കുക
9.ദുരിതങ്ങൾ ,ഉറ്റവരുടെയും ഉടയവരുടെയും വിയോഗം എന്നിവയൊക്കെ കൈകാര്യം ചെയ്യുമ്പോൾ മിതത്വം പാലിക്കുക .സ്വകാര്യ നഷ്ടങ്ങളിലേക്ക്‌ ക്യാമറയുടെ ക്ലോസപ്പ് ദൃശ്യങ്ങളുമായി അരോചകമായ  കടന്നു കയറ്റം നടത്തുന്നത്  ഒഴിവാക്കുക .ദുരന്തഭൂമികളിൽ ഇത് പ്രത്യേകിച്ചും പ്രാധാന്യം അർഹിക്കുന്നു
  10 .സംശയം ബാക്കിയെങ്കിൽ ഉപേക്ഷിക്കുക  .
കഥയിൽ ചോദ്യം പാടുണ്ട്!.കൈകാര്യം ചെയ്യുന്നത് കഥയല്ല. ആ ചോദ്യങ്ങളിൽ അവസാന ഘട്ടത്തിലും സ്വയം സംശയങ്ങൾ ബാക്കി ആകുന്നെന്കിൽ സംശയം വേണ്ട,ഉപേക്ഷിക്കുക.

പല വാർത്തകളുടെയും ഉറവിടങ്ങൾ ആധികാരികം അല്ല എന്നത് ആശങ്ക ഉണർത്തുന്നതാണ് ,ഒറ്റ സ്രോതസ്സ് (SINGLE SOURCE ) സ്റ്റോറികൾ ആധികാരികവും പ്രാമാണികവും ആയ വ്യക്തികളിൽ നിന്നോ കേന്ദ്രങ്ങളിൽ നിന്നോ സ്ഥിരീകരിക്കുക എന്നത് ആരോഗ്യവിഷയത്തിൽ പരമപ്രധാനമാണ് .കച്ചവട താല്പര്യങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും പലപ്പോഴും കേട്ടുകേൾവികളും പോലും വാർത്തകൾക്കു നിദാനമാകുന്നു . ആധികാരികമെന്ന മട്ടിൽ ആരോഗ്യവിദഗ്ദ്ധർക്ക് മുൻപിൽ എത്തുന്ന പഠനങ്ങൾ പോലും പലപ്പോഴും കച്ചവട ,നിക്ഷിപ്ത  താല്പര്യങ്ങളുടെ ഉല്പന്നമാകുന്ന അവസ്ഥയിൽ പത്രപ്രവർത്തകർക്ക് ഇതൊരു അനായാസ ജോലി  അല്ല …വിരൽതുമ്പിൽ വിവരം ലഭിക്കുന്ന internet യുഗത്തിൽ പോലും .
സമയമെടുക്കുക .ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ നടത്തുക .വാക്ക്  പരക്കുന്ന്,മഷി പുരണ്ടു ജനങ്ങളിൽ എത്തുന്നതിനു മുൻപ്.. .
ഒരു സമൂഹം ഇന്നും കുറെയെങ്കിലും വാർത്താസൃഷ്ടികൾ വിശ്വസിക്കുന്നുണ്ട് .അവർക്ക് യഥാതഥമായ വസ്തുതകൾ പറഞ്ഞു കൊടുക്കുക എന്ന പത്രധർമം സമൂഹത്തിന്റെ ആരോഗ്യ വിഷയത്തിൽ മുറുകെ പിടിക്കേണ്ടതുണ്ട്

വയറിളക്കത്തിന് ORS കൊടുക്കരുതെന്ന് ഡോക്ടര്മോരോട് നിർദേശിച്ചതായുള്ള വാർത്ത‍ നോക്കൂ

എണ്ണം പറഞ്ഞ ദേശീയ പത്രങ്ങളിൽ ഒന്നിൽ വന്ന വാർത്തയാണിത് .തീർത്തും തെറ്റിധാരണ പരത്തുന്ന തലകെട്ട് .വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കം . ..വയറിളക്കം ,അതിസാരം മുതലായ അവസ്ഥകളിൽ നിര്ജ്ജലീകരണം പ്രത്യേകിച്ചു  കുട്ടികളിൽ വളരെ പെട്ടെന്ന് ഗുരുതരമാവുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്യും .അടിയന്തര അവസ്ഥകളിൽ ജീവൻ രക്ഷിക്കുവാൻ വീട്ടിൽ പോലും ഈ മിശ്രിതം തയ്യാറാക്കാം .ORS പോലുള്ള അടിസ്ഥാന  ജീവൻരക്ഷാ ഉപാധികൾ ഒരു ഡോക്ടറുടെ ചികിത്സ ലഭ്യം അല്ലാത്ത അവസ്ഥയിൽ പോലും ജനങ്ങൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനും ജീവൻ രക്ഷിക്കുവാനും ഉള്ള ശ്രമങ്ങൾക് തുരങ്കം വയ്ക്കുന്ന വാർത്ത‍ കൊടുക്കും മുൻപ് വസ്തുതകൾ വിലയിത്താനുള്ള ശ്രമങ്ങൾ  നടത്താമായിരുന്നു .വയറിളക്കം ബാധിച്ച  കുറെ കുട്ടികള്ക്ക് പിന്നീട് GUILLAEN BARRE SYNDROME (GBS)എന്ന ഞരമ്പുകളെ ബാധിക്കുന്ന തളർച്ച രോഗം ഉണ്ടായി ., ഒരു മെഡിക്കൽ ടീം അവിടെ പരിശോദനകെത്തി .ഈ കുട്ടികൾക്ക് ORS കൊടുത്തത് മൂലം ആണ് GBS വന്നതെന്ന് എന്നോ വയറിളക്കം വരുന്നവർക്ക് ORS കൊടുക്കരുത് എന്നോ ഒരു ഡോക്ടറും പറയാൻ ഇടയില്ല .കുട്ടികള്ക്ക് അതിസാരരോഗം വരുമ്പോൾ ORS മാത്രം നല്കുക എന്ന രീതി ഈ പശ്ചാത്തലത്തിൽ മതിയായെക്കില്ല  എന്ന രീതിയിൽ പറഞ്ഞത് വളച്ചൊടി ചതകാം  .
സർക്കാരും സംഘടനകളും ആരോഗ്യപ്രവര്ത്തകരും ORS കൊടുക്കുന്നത് താഴെതട്ടിലേക്ക് എത്തിക്കാൻ വൻ പ്രചരണം നല്കുകയും അതിന്റെയെല്ലാം ഫലമായി അതിസാരമരണങ്ങളിൽ കുറവ് വരുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരം ഒരു വാർത്ത‍ എന്ത് മാത്രം ആശയ കുഴപ്പം സൃഷ്ടിക്കും. അതിലേക്ക് കടക്കാം

കല ,സംസ്കാരികം എന്നിവയൊക്കെ കൈകാര്യം ചെയ്യാൻ  അതതു വിഷയങ്ങളിൽ അറിവും , അഭിരുചിയും ഉള്ള റിപ്പോർട്ടർമാരുണ്ടെങ്കിൽ ആരോഗ്യരംഗത്തെ സ്ഥിതി അതല്ല .

 ആരോഗ്യഗോസ്സിപുകൾ , സമൂഹത്തിൽ  ഭയം വിതകുന്ന SCARE STORIES എന്നിവ ഈ രീതിയിൽ എടുത്തു പൂശുന്ന പ്രവണത വിശേഷിച്ചു മലയാളം മാധ്യമങ്ങളിൽ  കൂടിവരുന്നു. വസ്തുതകൾ വളച്ചൊടിച്ചും ഭാവനകലർത്തിയും വിവാദം ലക്ഷ്യമിട്ടും ഇത്തരം ലേഖനങ്ങൾ പരത്തുന്ന ശാസ്ത്രവിരുദ്ധതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
 ആരോഗ്യരംഗത്തിനു മാത്രമായി SPECIALIST റിപ്പോർട്ടർ മാർ പ്രായോഗികമല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങൾ കൈ കാര്യം ചെയ്യാൻ നിയോഗിക്കപെടുന്നവർക്ക്  മറ്റു പല രാജ്യങ്ങളിലും ഉള്ളത് പോലെ   മാർഗരേഖകൾ പിന്തുടരാം .അവർക്ക് അഭിപ്രായം ആരായാൻ വിഷയത്തിൽ പ്രാവീണ്യം ഉള്ളവരുടെ  (EXPERT CONTACTS )സഹായം തേടാം.ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ ഇത് അതീവ ഗൌരവത്തോടെയാണ് കാണുന്നത് .ശാസ്ത്രവിഷയങ്ങളിലെ വാർത്തകൾ ക്ക്  ആരോഗ്യവിദഗ്ദർ ,ശാസ്ത്രജ്ഞൻമാർ,മാധ്യമവിദഗ്ധർ എന്നിവർ ചേർന്ന് രൂപീകരിച്ച മാർഗനിർദേശങ്ങൾ നിലവിലുണ്ട് .പൂർണമായ മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമ്പോൾ തന്നെ ഊഹാപോഹം ,അനുമാനം ,കെട്ടുകഥകൾ എന്നിങ്ങനെ മാർഗരേഖകൾ ലംഘികുന്ന  റിപ്പോർട്ടുകൾ പ്രസ്‌  COMPLAINTS കമ്മീഷനു കൈ മാറാൻ  വ്യവസ്ഥയുണ്ട് .

ശാസ്ത്രത്തിന്റെ രീതിയും ഭാഷയും നിർമമവും പലപ്പോഴും ആവേശ രഹിതവും ആണ് .ചാല കമ്പോളത്തിൽ ഇന്ന് വാഴക്കുല കിത്ര വില എന്ന മട്ടിൽ നിർവികാരതയോടെ വാർത്ത‍ കൊടുത്താൽ ആരും തിരിഞ്ഞു നോക്കില്ല എന്നത് സത്യം ,എന്നാൽ "വാക്സിൻ നടത്തിയ കൂട്ടക്കൊല " ,"മരുന്ന് മാറി കുത്തി വച്ച് കൊന്നു " എന്നൊക്കെ അന്തിപത്രം വിൽക്കാൻ ബസ്സിലും മറ്റും വിളിച്ചു പറയുന്ന തരം തലകെട്ടുകൾ ആരോഗ്യരംഗത്ത് ഒഴിവാക്കാവുന്നതല്ലേ ? ഒരു മാധ്യമസ്ഥാപനത്തിലെ അധികാരക്രമത്തെ കുറിച്ച് (HIERARCHY )ഇതെഴുതുന്ന ആൾക് വലിയ അറിവില്ലെങ്കിലും എഡിറ്റർ ,സബ് എഡിറ്റർതലത്തിൽ തലകെട്ടുകളെ കുറിച്ച് ശാസനങ്ങൾ കൊടുക്കാവുന്നവർക്ക് ഇത് നിഷ്കർഷിക്കാവുന്നതാണ് എന്നാണ് തോന്നുന്നത്

വ്യാപകമാവുന്ന ആന്റിബയോടിക്  പ്രതിശക്തി(antibiotic resistance )പോലുള്ള കാലികപ്രസക്തിയുള്ള  വിഷയങ്ങൾ എത്ര ശാസ്ത്രീയവും വിജ്ഞാന പ്രദവും ആയ രീതിയിൽ ആണ് ദി ഹിന്ദു പത്രം കൈകാര്യം ചെയ്തത് എന്നത് മാതൃകയക്കേണ്ടത് തന്നെയാണ്.
നാളിതു വരെ പൊതു ജനാരോഗ്യ രംഗത്ത് നമ്മൾ നേടിയ വിശിഷ്ടമായ നേട്ടങ്ങളും മുന്നേറ്റങ്ങളും തടയാനുള്ള തീവ്ര ശ്രമം എന്ന  മട്ടിലാണ് പല ദൃശ്യപത്ര മാധ്യമങ്ങളും ഇപ്പോൾ പല വാർത്തകൾക്കും പ്രാധാന്യം നല്കുന്നത് . ശാസ്ത്രസമൂഹം സമഗ്രമായ വിലയിരുത്തലിനു  ശേഷം തള്ളികളഞ്ഞ പഠനങ്ങൾ ,അർദ്ധസത്യങ്ങൾ,ഭാവന  ഇവയെല്ലാം ചേർത്ത് വാർത്തെടുത്ത കെട്ടുകഥകൾ വസ്തുതയെന്ന വേഷം കെട്ടിച്ചു തുറന്നു വിടുന്നത്തിന്റെ ദുരന്തങ്ങൾ നാം കണ്ടു തുടങ്ങി .

ഇത് പോലൊരു മേഖലയാണ്‌ ആശുപത്രി മരണങ്ങൾ  വൈര നിര്യാതന ബുദ്ധിയോടെന്നോണം പലപ്പോഴും ഒരടിസ്ഥാനവും ഇല്ലാതെ ചികിൽസപിഴവു ആരോപിച്ചു വേട്ടയാടുന്ന മാധ്യമ കോടതി രീതി ഇവിടെ സ്ഥലപരിമിതി മൂലം കൂടുതൽ പരാമർശികുനില്ല .വസ്തുതകൾ പഠിക്കുകയും കണക്കുകൾ പരിശോധിക്കുകയും മുൻ വർഷങ്ങളുമായ് തട്ടിച്ചു നോക്കുകയും ചെയ്‌താൽ ഇത്തരം വാർത്തകൾ മിക്ക  അവസരത്തിലും വ്യാജമോ ഊതി പെരുപ്പിച്ചതോ ആണ് എന്ന് വ്യക്തം ആകും

ഒരു വശത്ത് പ്രതിരോധകുത്തിവെപ്പിനെതിരെ കവലപ്രസംഗങ്ങൾ നടത്തുന്ന ഫ്രോഡുകൾ , കപട ശാസ്ത്രം കയ്യാളുന്നവർ, മനുഷ്യ ജീവൻ വച്ച് കച്ചവടം നടത്തുന്ന തട്ടിപ്പുകാർ  എന്നിവയ്ക്ക് നേരെ കുറ്റകരം ആയ മൗനം പാലിക്കപെടുകയോ  മൃദുവായ പ്രോത്സഹ നം നല്കപെടുകയോ ചെയ്യുന്ന കാഴ്ചയാണ് .ഓരോ സമൂഹവും അവരർഹിക്കുന്ന ഫ്രോഡ്കളാൽ പറ്റിക്കപെടും,നമുക്കെന്ത് എന്ന നിലപാട് ആണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ വച്ച് പുലർത്തുന്നത് എന്ന് തോന്നുന്നു

 ചായക്കട ചർച്ചക്ക് ഉതകുന്ന രീതിയിൽ ചൂട് കടി പോലെ ആരോഗ്യവാർത്തകൾ കൊടുക്കുന്ന രീതി "വിവേകത്തിന്റെ ഒരേ ഈണം " നിലനിർത്തി വസ്തുതകൾ അവതരിപികുന്ന രീതിയിലേക്ക് മാറണമെങ്കിൽ മാധ്യമ സുഹൃത്തുക്കൾ തീരുമാനിക്കണം

.ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ആരോഗ്യപ്രവർത്തകരും എതിർ കക്ഷികൾ അല്ല ഒരു പോലെ തല്പര കക്ഷികൾ ആണ് .

Friday, August 5, 2016

മമ്മൂട്ടി



സ്വർണ്ണക്കട ഘോഷമായ്  തുറക്കാൻ
മമ്മൂട്ടി വരുമെന്നാരോ പറഞ്ഞു
കേട്ടു തീർന്നതില്ലതിന്നു മുമ്പ്
 മമ്മൂട്ടിയെ കാണണമെന്ന്
മകൾ ചിണുങ്ങി


വർണ ബലൂണുകൾ
മാനത്തുയർന്ന് നിറമേകി നിന്നു
ചെണ്ട ,പെരുമ്പറ
ശിങ്കാരിമേളമായ്
കാത്തിരിപ്പോളമായങ്ങു നീണ്ടു
വേലി തകർത്താളു തിങ്ങി നിന്നു


വലിയ ബലൂണൊരു കൂട്ടമായി
കുഞ്ഞു വിരലിൽ ഞാൻ ചരടു കെട്ടി
 കത്തുന്ന വെയിലത്ത് പൂത്ത് നിൽക്കും
ചുവന്ന പ്രകാശ പുഷ്പം കണക്ക്
ചെറുപ്പം ചുമന്ന്   മമ്മൂട്ടിയെത്തി

കൈവീശി രണ്ടു വാക്കുവോതുവാനായ്
പടിയേറി മുന്നോട്ടു പാഞ്ഞു കേറി
മോളേ, നോക്കതാമമ്മൂട്ടിയെന്നു
 ചുമലൊന്നു തോണ്ടി പറഞ്ഞു നോക്കി
അവളാ ബലൂണിൽ മിഴി നട്ടു നിന്നു
 ചാത്തനും വ്യാളിയും മറുതയും ഭീമനും
 വായുവിൽ  ചിരിയുമായി  തിങ്ങിനിന്നു 
മാറ്റി പിടിയെടാ  കാണുവാൻ വയ്യെന്ന്
പുറകിൽ നിന്നാരോ ആർത്തലച്ചു

കൈ വീശി വേദിയിൽ മുദ്ര കാട്ടി
ജനമതു കണ്ടങ്ങാർത്തിരമ്പി
എടുത്തു മാറ്റെടാ എന്നാരോ
ശ്രേഷ്ഠമകാരത്തിൽ കോർത്തു ചൊല്ലി

വിലരൊന്നടർത്തി ഞാൻ ചരട് വിട്ടു
 പട്ടം കണക്കതുയർന്ന് പൊങ്ങി
കണ്ണതിലൊട്ടി മോൾ വിങ്ങി നിന്നു
ഒരു തേങ്ങൽ മെല്ലെ ഉയരാതെ പൊങ്ങി
വിരൽ കോർത്തു ഞങ്ങൾ നടന്നു നീങ്ങി
മെല്ലെ തിരിഞ്ഞു ഞാൻ ഒന്നു കൂടെ
വിരൽ കുത്തി നൃത്ത ചുവടുമായ്
മമ്മൂട്ടി വിസ്മയം തീർത്തിടുന്നു



Tuesday, July 19, 2016


Half of us are blind, few of us feel, and we are all deaf








പ്രശസ്തമായ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയ സുഹൃദ് ദമ്പതികളോട് ചികിൽസയെന്തായി എന്ന് ചോദിച്ചു .

"ഞങ്ങളോട് മൂന്നാല് ചോദ്യം ചോദിച്ചു. പിന്നെ അഞ്ചെട്ടു ടെസ്റ്റ് എഴുതി. പിന്നെ ഇന്ന ഇന്ന ഓപ്ഷൻസ് ഉണ്ട് അതിനിത്ര ഇത്ര ലക്ഷം ആകും എന്നു പറഞ്ഞു. ഇത്ര കാശ് ആദ്യമേ കെട്ടിവെക്കേണ്ടി വരുമെന്ന് പറഞ്ഞു. ഇനി അങ്ങോട്ടു പോകാനേ തോന്നുന്നില്ല."

 "നല്ല വിജയശതമാനമുള്ള centre ആണ്. ചിലവേറിയ ചികിത്സയാണ്. താങ്ങാനാവുമോ എന്ന് ആദ്യമേ അറിയാനാവും നേരെ ചോദിച്ചത്. "
" എന്തായാലും ചെന്ന ഉടനെ കെട്ടിവെക്കാനുള്ള കാശിന്റെ കണക്ക് പറയുന്ന സ്ഥലത്തിന് ആശുപത്രി ന്നല്ല പറയുക."
. കാശിന്റെ കണക്ക് കൃത്യമായി ആദ്യമേ പറയാത്തതാണ് മിക്ക ആശുപത്രി വഴക്കിനും അടിസ്ഥാനം  എന്നത് വാസ്തവം തന്നെ .അവസാനം പ്രതീക്ഷിച്ചതിലും ചിലവ് വന്നാൽ പണത്തിനായ് മരണപ്പാച്ചിലും . എങ്കിലും വളരെ പ്രതീക്ഷയോടെ എത്തിയ അവരോട്  മറ്റൊന്നും പ്രശസ്ത ഡോക്ടർക് പറയാനില്ല എന്ന് വരുമ്പോൾ അവരെ കുറ്റം പറയാൻ കഴിയുമോ?

* * * *
"സാറേ, ഈ രോഗം മാറുമോ...."
"ആ ഫയൽ ഒക്കെ ഇങ്ങു തന്നേ... "
രോഗി പ്രതീക്ഷയോടെ ഡോക്ടർക്കു ഫയലുകൾ കൊടുക്കുന്നു. ഡോക്ടർ ഏങ്കോണിച്ച ഒരു ചിരി ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ ഒരു ജോൽസ്യനുണ്ട്. അയാളെ കണ്ടാൽ മതി. ഇതിന്റൊന്നും ആവശ്യമില്ല. " ഫയൽ ഡ്രോയിൽ ഇടാൻ ഒരുങ്ങുന്നു
ഇതേ ജനുസ്സിലെ മറ്റൊരു സാമ്പിൾ
"സാറേ, കാലിൽ കമ്പിയിടാതെ വഴിയില്ല അല്ലെ ."
" നിങ്ങൾക്കെന്താ ജോലി .. "
" കൃഷിയാണ്..."
"നാളെ മുതൽ ചെടിക്ക് വെള്ളവും വളവും ഒന്നും വേണ്ട. മൂട്ടിൽ പെട്രോളും മണ്ണെണ്ണയും ഒഴിക്കാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ .. നിങ്ങൾക്കറിയാവുന്ന പണി നിങ്ങൾ ചെയ്യുക .എനിക്കറിയുന്ന പണി ഞാൻ ചെയ്യും - "

സമയക്കുറവ്, തിരക്ക് ഇത്യാദി മൂലമുള്ള അക്ഷമ,കൂടുതൽ അനാവശ്യ ചർച്ച ഒഴിവാക്കൽ  തുടങ്ങിയ ന്യായങ്ങൾ ആണ് ഈ മട്ടിലുള്ള ഗർവ്വിഷ്ടതയ്ക്ക് ന്യായമായി പറയുന്നത്. വേറെ ഏതെങ്കിലും രാജ്യത്തിൽ ഈ രീതിയിൽ സംസാരിച്ച് ജോലിയിൽ തുടരാൻ കഴിയുമോ എന്നറിയില്ല. ഡോക്ടർ ജോലി ചെയ്യുന്ന ക്ഷേത്രം (യാതൊരു ആത്മീയതയും ഉദ്ദേശിച്ചിട്ടില്ല!) രോഗിയുടെ ശരീരമായിരിക്കുന്നടത്തോളം കാലം, ഡോക്ടർമാർക്ക് ,പ്രത്യേകിച്ച് സർജന്മാർക്ക് ഇത്തരം ചോദ്യങ്ങൾക്കുത്തരം പറയേണ്ടി വരും. അതിന് തിരക്കൊന്നും ഒരു ന്യായമല്ല തന്നെ

* * *
പറഞ്ഞു കേട്ട കഥയുണ്ട്
ഒരു കൗണ്ടറിൽ ഒരാൾ ക്യൂ നിൽക്കുന്നു. ഒടുവിൽ അവസരമെത്തുന്നു..,

താങ്കളുടെ പേര്. ..?

ദിവാകരൻ,

കൗണ്ടറിൽ ഇരിക്കുന്ന ആൾ എഴുത്തു തുടങ്ങുന്നു. അയാളുടെ തൊളെല്ലിനു മുകളിൽ ആകെ അനങ്ങുന്നത് പുരികമാണ്. അബദ്ധത്തിൽ പോലും തല പൊക്കി നോക്കില്ല എന്ന് വാശി !

വയസ്സ് ?
അമ്പത്തേഴ്
പുരുഷനോ സ്ത്രീയോ? ..

ഇമ്മട്ടിലുള്ള യാന്ത്രികത ചിലവരുടെ മുഖമുദ്രയാണ്.

" കണ്ണ് സദാ താഴോട്ടാണ്. ടെസ്റ്റ് എഴുതും. മുമ്പ് എഴുതിയ ടെസ്‌റ്റിന്റെയൊക്കെ റിസൾട്ട് നോക്കും. മരുന്ന് എഴുതും. കുറച്ച് നേരം കമ്പ്യൂട്ടറിൽ നോക്കും. ഇനി എന്ന് വരണം ന്ന് പറയും. പിന്നെ കാശിന് വല്യ ആർത്തിയില്ലന്ന് തോന്നുന്നു. ഫീസ് കൊടുക്കുമ്പോഴും തല പൊക്കി നോക്കില്ല!"

" പുറത്ത് പുള്ളിക്ക് ഒരു മുപ്പത് പേരെങ്കിലും ക്യൂവുണ്ട് .അവരുടെ കഥ മുഴുവൻ കേൾക്കാൻ നിന്നാൽ എന്താവും അവസ്ഥ? പിന്നെ ഈ കമ്പ്യൂട്ടറിൽ നോക്കുന്നത് ഫെയ്സ് ബുക്ക് ഒന്നും അല്ല. നിങ്ങൾ ആദ്യം കാണിക്കാൻ വന്നപ്പോൾ മുതലുള്ള history ആകും"

" എന്നാലും ഒരു മനുഷ്യ പറ്റു വേണ്ടേടാ. ഒരു രോഗം പറയാൻ ചെന്നാൽ നന്നായി ഒന്നു സംസാരിച്ചൂടെ "

പ്രായം ചെന്ന ബന്ധുക്കളാണ്.ഇളയ മോൻ ഗൾഫിൽ പോയ വിശേഷവും പിള്ളേരുടെ കല്യാണക്കാര്യവും അടക്കം ചോദിക്കുന്ന നാട്ടിലെ സ്ഥിരം ഡോക്ടറുടെ രീതികൾ തന്നെ അവർക്ക് പ്രായം.

Half of us are blind, few of us feel, and we are all deaf.”
എന്ന് വില്യം ഓസ്ലർ പറഞ്ഞത് ഏതർത്ഥത്തിലാണെന്നറിയില്ല.
ചില ഡോക്ടർമാരെക്കുറിച്ചെങ്കിലും ശരിയാണെന്നു തോന്നും. ഞാൻ ഇന്ന് ഒരു ക്ലിനിക്കൽ വിഭാഗത്തിലും നേരിട്ട് ചികിത്സ നടത്തുന്ന ആളല്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒരാശുപത്രിയിലെ അനിയന്ത്രിതമായ  തിരക്കിന്റെ കാഠിന്യത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ട്രാൻസാക്ഷനാണിത് (അല്ലെങ്കിൽ അതിന്റെ അഭാവം ) ആണിത് എന്ന്  പറയുന്നു. പല വൻകിട ആശുപത്രികളും രോഗികളോട് സംസാരിച്ച് ഡോക്ടറുടെ സമയം നഷ്ടപ്പെടുന്നത് പരിമിതപ്പെടുത്താൻ ഡോക്ടറുടെ ചേമ്പറിൽ സൈക്കോളജിയിലും സോഷ്യൽ വർക്കിലും വൈദഗ്ദ്യം നേടിയവരെ ഇരുത്തുക എന്ന പോം വഴി തേടുന്നു!
ഡോക്ടർമാരുടെ കമ്മ്യൂണിക്കേഷൻ സ്കില്ലുകൾക്ക് പ്രാമുഖ്യം കൂട്ടുവാൻ  കരിക്കുലത്തിലും പരീക്ഷയിലും മാറ്റങ്ങൾ വരുത്താം. വിദേശ രാജ്യങ്ങളിലെ  പരീക്ഷകളിൽ ഇതിന് നല്ല പ്രാധാന്യം നൽകുന്നുണ്ട്.

ഒരു കഥ കൂടി പങ്കു വെച്ചവസാനിപ്പിക്കാം. ബാക്കിയൊന്നിനും കഥ എന്ന ലേബൽ ഇല്ലാത്തത് അവയെല്ലാം ഇതെഴുന്നവൻ കണ്ടതോ കേട്ടതോ നേരിട്ടറിഞ്ഞതോ ആയതിനാലാണ്.  ചെവി മറഞ്ഞു മറഞ്ഞെത്തിയ ഈ കഥ വെറും കഥയാവാനാണ് സാധ്യത.. എങ്കിലും!
കാലിലെ വിരലിൽ മിക്‌സി വീണ് ഒരു രോഗി എത്തുന്നു.
" ഈ മിക്സീന്നു പറയുമ്പോൾ .. ഏകദേശം എത്ര വലുപ്പം വരും? "
"ഒരു സാധാരണ  മിക്സി .. അല്ലാതെന്തു
"പുതിയതാ."
"കുറച്ചായി... "
" മിക്സി പൊട്ടിയോ.. "
" ന്റെ ഡോക്ടറേ ,മിക്സി ഞാൻ വേറെ നന്നാക്കാൻ കൊടുത്തു. ങ്ങൾ ന്റെ വിരൽ ഒന്ന് നോക്കീ--- "

Monday, July 4, 2016

 തൈറോയ്ഡ്  എന്തിനാണ് കഴുത്തിൽ തന്നെ വെച്ചിരിക്കുന്നത്?

ഞാൻ ആയിട്ട് അങ്ങനെ ചെയ്തതല്ല . എങ്കിലും ഷണ്മുഖൻ പ്രൊഫസർ വെറുതെ ചോദിക്കില്ല. ഉണ്ടിങ്ങനെ ഇരിക്കുമ്പോൾ സാറിനു വ്യത്യസ്തമായ ചിന്തകൾ വരും ,ചോദ്യങ്ങൾ വരും ,മെറ്റാഫിസിക്സും മറ്റേഫിസിക്സും വരും.

" ആലോചിച്ചു നോക്കിയിട്ടുണ്ടോ... ഇതിന് ആകെ ഹോർമോൺ ഉണ്ടാക്കിയാൽ മതി. അത് രക്തത്തിൽ എത്തിയാൽ മതി. ഉളളിലെവിടെയെങ്കിലും മതിയായിരുന്നു.ഇതിപ്പോൾ കഴുത്തിലായത് കൊണ്ട് ഗോയിറ്റർ പോലുള്ള സർവ്വസാധാരണ രോഗങ്ങൾ വന്നു വലുതായാൽ  എന്തെല്ലാം ബുദ്ധിമുട്ടാണ്. "

ഞാൻ ആലോചിട്ടില്ല. .. സാറിനോളം അറിവും അനുഭവവുമില്ലെങ്കിലും അവിടെ കിടക്കുന്നവർ മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ ഭേദപ്പെട്ടു പോകണമെന്ന ചിന്ത മാത്രമേ  അന്ന് എനിക്കുള്ളൂ . അതിപ്പോൾ ഞാൻ അത്ര നല്ല മനുഷ്യനായതു കൊണ്ടല്ല .. ജോലി തീർത്ത് ക്വാർട്ടേർസിൽ പോയി കിടക്കണം എന്നത് കൊണ്ട് കൂടിയാവണം .പിന്നെ ഈ ചികിത്സയൊക്കെ ഇവർക്ക് താങ്ങാനാവുമോ എന്നും ചിന്തിക്കാറുണ്ട്. തൈറോയ്ഡ്‌ എങ്ങനെ കഴുത്തിൽ വന്നെന്നോ, ശരീരത്തിൽ ഹൃദയവും ശ്വാസകോശവും ഭംഗിയായി സ്ഥിതി ചെയ്യുന്നുവെങ്കിലും മറ്റു പല അവയവങ്ങളുടെ കാര്യത്തിൽ അതങ്ങനെയല്ല എന്നുമൊക്കെയുള്ള സാറിന്റെ ചിന്തകൾ എന്റെ ചെറിയ ബുദ്ധിയെ തെല്ലും ഉദ്ദീപിപ്പിച്ചിരുന്നില്ല.

പക്ഷേ ചിന്തിക്കാൻ ഏറെയുണ്ട് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഇന്ന് ഞാൻ ഒരു പത്തോളജിസ്റ്റ് എന്ന നിലയ്ക്ക് അർബുധമെന്നു റിപ്പോർട്ട് ചെയ്തിട്ട് പ്രയോജനമില്ല. ഏതവയവത്തിൽ നിന്ന് അത് വരുന്നു, എത്രത്തോളം  പരന്നു എന്നതൊന്നും പ്രസക്തവുമല്ല. കോശങ്ങളുടെ ധർമ്മം, അത് മനസ്സിലാക്കാൻ ശ്രമിക്കണം. കൃത്യ സമയത്ത്  വളരെ നേരത്തെ രോഗനിർണയം നടത്തിയാലും അപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു എന്നതാണ് സത്യം . കോശങ്ങളുടെ ധർമ്മം ഭ്രംശപ്പെട്ടത് അതിനേക്കാൾ വളരെ വളരെ മുൻപ് .. ഒരു പക്ഷേ രോഗി ജനിയ്ക്കുന്നതിനും മുൻപത്രേ .ഇത് നമ്മുടെ മുനിവര്യന്മാർക്ക് അറിയാമായിരുന്നു. പാശ്ചാത്യർ തന്മാത്രവൽക്കരിച്ച് ഇതിനെ മ്യൂട്ടേഷൻ, ജീൻ എന്നൊക്കെ വിളിക്കും. എല്ലാം വെറുതെയാണ്. കച്ചവടം മാത്രം  .
അപ്പോൾ നിങ്ങളുടെ രോഗനിർണ്ണയത്തിനും തുടർ ചികിൽസയ്ക്കും കാത്തിരിക്കുന്ന രോഗിയോട് എന്ത് പറയും...
അദ്ദേഹത്തോട് പറയുക

 ''ഉള്ളതുള്ളതുള്ളതല്ല
ഉള്ളതിന്റെ ഉള്ളിൽ മറ്റൊരുള്ളതുണ്ട്
അതും ഉള്ളതല്ല. ..
[ഉള്ളതിന്റെ ഉള്ളതിന്റെ ഉള്ളിൽ എന്ന മട്ടിൽ ഇനിയും രോഗകാഠിന്യം പോലെ നീട്ടാം ]

ശുഭാപ്തി വിശ്വാസവും പോസിറ്റീവ് എനർജിയുമുണ്ടെങ്കിൽ (ഇത് ഉറപ്പാക്കുന്ന electro magnetic പൈജാമ ഉടൻ ഇറക്കുന്നുണ്ട്. ഫാർമസി ഭീകരന്മാരിൽ നിന്ന് ജീവനു ഭീഷണിയുള്ളതിനാൽ ഇപ്പോൾ കൂടുതൽ പറയാൻ നിർവ്വാഹമില്ല. ) മറികടക്കാവുന്ന അർബ്ബുദമേയുള്ളൂ ഇന്നീ ലോകത്ത്.

ഇത് രണ്ടുമുണ്ടെങ്കിൽ കാണ്ഡം കാണ്ഡമായോ ക്വാണ്ടം ക്വാണ്ടമായോ ഏതു മുറിവും ഉണങ്ങും. മുറിവുണങ്ങുന്ന അൽഭുത പ്രകിയ പിന്നീടൊരിക്കൽ
(തുടർന്നേക്കും..)

Wednesday, May 18, 2016

നീറുന്ന നീറ്റും  ബാക്കിയാവുന്ന  ചോദ്യങ്ങളും
എല്ലാ വർഷവും ആണ്ട് നേർച്ച പോലെ നാടു നീളെ നടന്നു വരുന്ന മെഡിക്കൽ പ്രവേശന സമയത്തെ ആശയ കുഴപ്പങ്ങളുടെ പരമ്പര മാറ്റമൊന്നുമില്ലാതെ ഈ വർഷവും അരങ്ങേറി.  മാസങ്ങളും വർഷങ്ങളും കടന്നു പോയാലും പ്രവേശന പരീക്ഷകൾക്ക് മണി മുഴങ്ങി വിദ്യാർത്ഥികൾ പരീക്ഷ എഴുതി തുടങ്ങിയതിനു ശേഷം മാത്രം അതിന്റെ സാധുതയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന പതിവ് നമ്മുടെ ഭരണ- നിയമ വ്യവസ്ഥകൾ  തെറ്റിച്ചില്ലെങ്കിലും മെഡിക്കൽ വിദ്യാഭാസം ഇന്ത്യ മുഴുവൻ NEET ഏന്ന ഏക ജാലകം വഴി മാത്രം ആയി ( ജാലകം വഴി മെഡിക്കൽ കോളേജിൽ കയറാൻ അവർ കള്ളൻമാരാണോ? ,വാതിൽ എന്നല്ലേ വേണ്ടത് എന്നൊരു സുഹൃത്ത്! അതൊരു പ്രയോഗമാണ്, ഭാഷയല്ലല്ലോ നമ്മുടെ വിഷയവും പ്രശ്നവും! ) നിജപ്പെടുത്തും എന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതായാണ് മനസ്സിലാകുന്നത്. ഇതിനനുകൂലവും പ്രതികൂലവുമായ് വിദ്യാർത്ഥി സമൂഹം, മെഡിക്കൽ വിദ്യാഭ്യാസ വിദഗ്ദർ ,നയ നിർമാതാക്കൾ, രാഷ്ട്രീയ നേതൃത്വം, നീതിന്യായ വിചക്ഷണർ എന്നിങ്ങനെ ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാവർക്കുമിടയിൽ കടുത്ത സംവാദം നടക്കുന്നു.  അവയെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം


  തുടരണം ഈ രീതി... വളരണം മെഡിക്കൽ വിദ്യാഭ്യാസം

1 .രാജ്യമൊട്ടുക്കും ഇത് നടപ്പിലാക്കുമ്പോൾ അവസരങ്ങളിലുള്ള  നഗര ഗ്രാമ അന്തരം വർധിക്കാൻ ഇട വരുന്നു എന്ന പരാതി .
IIT പോലുള്ള സ്ഥാപനങ്ങൾ ജോയിന്റ് എൻ ട്രൻസ് പരീക്ഷ നടപ്പിലാക്കിയപ്പോൾ വ്യാപകമായി ഇത്തരം ആശങ്ക ഉയർത്തപ്പെട്ടിരുന്നു. പ്രവേശന പരീക്ഷകൾ ഉപരി മധ്യ വർഗവും അതിന് മുകളിലുള്ള വരേണ്യവർഗവും എൻട്രൻസ് കോച്ചിംഗ് സെൻററുകളും തീർക്കുന്ന പരിധിക്കുള്ളിൽ നിൽക്കുന്ന അക്കാദമിക് വ്യായാമമാണെന്ന വാദം ശക്തമാണ് .പ്രത്യേകിച്ചും തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ എൻട്രൻസ് പരീക്ഷക്ക് പകരം പ്ലസ് റ്റു മാർക്ക് അനുസരിച്ച്  പ്രവേശനം അനുവദിക്കുന്നു. സ്വാഭാവികമായും തമിഴ്നാട് ശക്തമായി NEET സമ്പ്രദായത്തെ എതിർക്കുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് IIT പരീക്ഷകളിൽ 25% സീറ്റുകൾ ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഗ്രാമീണ മേഖലയിലുള്ളവർക്കും സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നുവർക്കും  ഉചിതമായ സർക്കാർ  ഇടപെടലിലൂടെ ഇത്തരം പ്രവേശന മൽസരപരീക്ഷകളൾക്ക്  നന്നായി ഒരുങ്ങുവാനുള്ള അവസരങ്ങൾ ഒരുക്കുക എന്നതാണ് ഇതിന് സ്വീകരിക്കാവുന്ന  നടപടി.

2 .സിലബസ്സിലുള്ള വ്യത്യാസം കാരണം CBSE യുടെ പരീക്ഷാ നിലവാരത്തിൽ പ്രവേശനം നടത്തിയാൽ പുറകോട്ടു പോകുമോ എന്ന ആശങ്ക മഹാരാഷ്ട്ര ,തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ഉയർത്തുന്നു. കാലാനുസൃതവും ശാസ്ത്രീയവുമായ ഏകീകരിക്കപ്പെട്ട സിലബസ് ശാസ്ത്ര വിഷയങ്ങളിലെങ്കിലും രാജ്യമെമ്പാടും പിൻതുടരുന്നതാണ് അഭികാമ്യം . സിലബസ് ഏകീകരണം വരെ നീറ്റ് നടപ്പിലാക്കരുത് എന്ന ആവശ്യവും ഉയരുന്നുണ്ട് .

3. പ്രാദേശിക ഭാഷകളിൽ  പരീക്ഷ നടത്താതിലുള്ള വിയോജിപ്പ്  .ആറു പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താനുള്ള അനുമതിയ്ക്ക് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ഇതിൽ മലയാളം കൂടി ഉൾപ്പെടുത്താൻ കേരള സർക്കാർ നിയമപരമായ രീതിയിലുൾപ്പെടെ സമ്മർദം ചെലുത്തണം എന്ന ആവശ്യവും വ്യാപകമാണ്. മറുവശത്ത് ഇംഗ്ലീഷിലല്ലാതെ മറ്റൊരു മാധ്യമത്തിലും പഠിക്കാനാവാത്ത ഒരു കോഴ്സിന് പ്രാദേശിക ഭാഷയിൽ പ്രവേശന പരീക്ഷ നടത്തുന്നതിലെ സാംഗത്യമില്ലായ്മ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിലെ ഇംഗ്ലീഷ് നിലവാരം ഉയർത്തുക എന്ന പോംവഴിയാണ് തേടേണ്ടത് എന്നും മറുവാദം ഉയരുന്നു.
ഒരു കാര്യം തർക്കത്തിനതീനമാണ്. കേരളത്തിൽ  പ്രശസ്തരായ  ,ആരോഗ്യ രക്ഷാ മേഖലയിൽ മഹത്തായ സംഭാവനകൾ നൽകിയ  ഡോക്ടർമാരിൽ സ്കൂൾ തലത്തിൽ മലയാളം മീഡിയം പഠനം  നടത്തിയ ധാരാളം പേരുണ്ട്.

2.സംവരണ തത്വങ്ങൾ പാലിക്കപ്പെടുമോ എന്ന ആശങ്ക
3.സ്റ്റേറ്റ് - കേന്ദ്ര സീറ്റ് വിഭജനത്തിൽ തങ്ങളുടെ വിദ്യാർത്ഥികൾക്ക്  നഷ്ടം പറ്റുമോ എന്ന ചില സംസ്ഥാനങ്ങളുടെ ഭയം..

പല കേന്ദ്രങ്ങളിൽ നിന്നും  ഈ വിഷയങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഈ വിഷയങ്ങളിൽ തൽസ്ഥിതി തുടരുന്നതിൽ NEET തടസ്സമാകുമെന്ന് കരുതാൻ വയ്യ.

ദീർഘകാലാടിസ്ഥാനത്തിൽ ഇവയൊക്കെയാണ് പ്രധാനമായും എതിരഭിപ്രായങ്ങളായി ഉയർന്നു വരുന്നത്.
 ഈ വർഷം തന്നെ നീറ്റ് നടപ്പിലാക്കാനുള്ള തീരുമാനം വിദ്യാർത്ഥികൾക്കുണ്ടാക്കിയ മാനസികമായ വൈഷമ്യങ്ങളും  പരാമർശിക്കാതെ വയ്യ! അതിനെ കുറിച്ചു ധാരാളം പരാതികളുണ്ട് താനും. വൈകിയ വേളയിൽ പ്രവേശനാർത്ഥികളെ പരീക്ഷിക്കാതെ അൽപ്പം കൂടി മുന്നൊരുക്കത്തോടെ അടുത്ത വർഷം മുതൽ നടപ്പിലാക്കിയാൽ പോരെ എന്ന ചോദ്യം ന്യായമായും ഉയരുന്നുണ്ട്.

നീറ്റ് വരും എല്ലാം ശരിയാകും

1. പല ചർച്ചകളിലും വിധി പ്രസ്താവനകളിലും നീതിയുക്തമായ പ്രവേശന പരീക്ഷാ രീതി കളുടെ നെടുംതൂണുകളായി എടുത്തു പറയപ്പെട്ടിട്ടുള്ള  മെറിറ്റധിഷ്ഠിതം, സുതാര്യം, ചൂഷണമുക്തം എന്ന മൂന്നു ഘടകങ്ങളെയും ഉൾകൊള്ളുന്ന  പ്രായോഗികമായ ഉപാധിയാണ് NEET

2.പ്രവേശന പ്രക്രിയയിൽ പണത്തിന്റെ ദുഷിച്ച സ്വാധീനം, ദുരൂഹതകൾ, പല പരീക്ഷകൾ തുടർച്ചയായി എഴുതുന്നതിന്റെ സമ്മർദ ഭാരം (മാതാപിതാക്കൾക്ക് അനുബന്ധ സാമ്പത്തികഭാരം) എന്നിവ ഒഴിവാക്കാം

3 .രാജ്യമൊട്ടുക്കുമുള്ള പല തരംപ്രവേശന രീതികളെ   ഏകദിശയിലാക്കുന്ന streamlining നടപടിയെന്ന രീതിയിലും NEET  സ്വാഗതം ചെയ്യപ്പെടുന്നു.

പ്രവേശന പരീക്ഷകളിൽ അഴിമതിയുൾപ്പെടെയുള്ള ദുഷ്പ്രവണതകളെ നേരിടാൻ മെഡിക്കൽ കൗൺസിൽ NEET നിലവിൽ വരണമെന്ന് ആവശ്യമുന്നയിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. IMA യും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു എന്നത് ശ്രദ്ധേയമാണ്.  പൊതുവെ ദീർഘകാലാടിസ്ഥനത്തിൽ ശരിയായ ദിശയിലുള്ള കാലു വയ്പ്പായാണ് NEET വിലയിരുത്തപ്പെടുന്നത്
ചില സംശയങ്ങൾ ഇപ്പോഴും ബാക്കിയാവുന്നു.






വഴിമുട്ടിയ വിദ്യാഭ്യാസം ,വഴി കാട്ടാൻ....? 

രണ്ടു മൂന്നു വർഷങ്ങൾ മുമ്പ് ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ ഒരു വിദ്യാർത്ഥി ഇതെഴുതുന്ന ആളുടെ മുറിയിൽ വന്നു. .കാന്റീനിൽ വച്ചൊക്കെ കണ്ടു പരിചയമുള്ള മുഖം ..
വളച്ചു കെട്ടില്ലാതെ പുള്ളി തുടങ്ങി.
" സാറെ, നാലു ചാൻസിൽ ഫസ്റ്റ് MBBS പാസ്സായില്ലെങ്കിൽ കോഴ്സിൽ നിന്ന് പുറത്താക്കുമോ..?''
" അങ്ങനെയൊക്കെ പറഞ്ഞു കേട്ടു എന്നല്ലാതെ ഏതെങ്കിലും യൂണിവേഴ്സിറ്റി അത് നടപ്പിലാക്കിയോ...' എന്തിനാണ് പുറത്താക്കുന്ന കാര്യം ഒക്കെ ആലോചിക്കുന്നത്.."
"നാലാമത്തെ ചാൻസാണ്, സർ..."
MBBS ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ്  ആദ്യ വർഷം. പ്ലസ് റ്റു വിൽ നിന്ന് മെഡിക്കൽ വിഷയങ്ങളുടെ അതിവിശാലതയിലേക്ക് നവയുവാക്കൾ എടുത്തെറിയപ്പെടുന്ന പരീക്ഷണ ഘട്ടം..
പണ്ടു വായിച്ച പോസിറ്റീവ് ചിന്താ ഗ്രന്ഥങ്ങളും . 'നമുക്കും ജയിക്കാം' ഗ്രന്ഥങ്ങളും ഒക്കെ ഓർത്ത് ഒന്ന് പ്രചോദിപ്പിക്കാം എന്ന് ഞാൻ തീരുമാനിച്ചു:
"എന്തിനാണ് തോൽവിയെക്കുറിച്ച് ചിന്തിക്കുന്നത് .. പരീക്ഷയ്ക്ക് മാസം രണ്ടു ബാക്കിയില്ലേ.. ,ഇനി പഠിച്ചാലും പാസ്സാകാമല്ലോ?"
" ഇത് കൂടെ തോറ്റാൽ അവരങ്ങ് പുറത്താക്കിയാൽ ഇതങ്ങട് അവസാനിച്ചു കിട്ടിയേനെ... മടുത്തു സാറേ "
സാമാന്യം നല്ല  എൻട്രൻസ് റാങ്കു നേടിയ ഒരധ്യാപക ദമ്പതികളുടെ പുത്രനാണ്. ... താൽപര്യം എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് , പടം വരപ്പ് എന്നിവ.. അതിന് വളരെ ദുഷ്കരമായ പരീക്ഷ കടന്നു കൂടിയ ആളെ താരതമ്യേന റാങ്ക കുറഞ്ഞ മെസിസിനു നിർബന്ധിച്ചും നെഞ്ചത്തടിച്ചും കൊണ്ട് ചേർത്തു -
ഇതിലും എത്രയോ പ്രധാനമായ വിഷയമാണ് അഭിരുചിയും സേവന തൽപ്പരതയും ഇല്ലാത്ത , പലപ്പോഴും ഒരു ജീവിതോപാധി  പഠിച്ചെടുക്കുക  എന്ന ലക്ഷ്യം മാത്രം മുൻ നിർത്തി ഒരു വലിയ വിദ്യാർത്ഥി വിഭാഗം മെഡിസിനു പ്രവേശനം നേടുന്നത് .

മെറിറ്റ് വിജയം ആട്ടക്കഥ.

എന്താണ് മെറിറ്റ് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ഉയർന്ന പ്ലസ് റ്റു മാർക്കുകളും നല്ല എൻട്രൻസ് റാങ്കും നേടുന്നവർ ആണോ ഏറ്റവും നല്ല ഡോക്ടർമാർ ആകാൻ സാധ്യതയുള്ളവർ?. യുക്തിപൂർവ്വമായ  മെഡിക്കൽ വിദ്യാർത്ഥി തിരഞ്ഞെടുപ്പ് , നിലവാരമുള്ള അധ്യാപകരും അധ്യാപനവും, കാലോചിതമായ പാഠ്യപദ്ധതി ,ഉചിതമായ പരീക്ഷാ രീതികൾ , ഇവയെല്ലാം നിയന്ത്രിക്കുന്ന സർവകലാശാലകളും ദിശാബോധമുള്ള രാഷ്ട്രീയ നേതൃത്വവും ചേർന്ന് സൃഷ്ടിക്കുന്ന ആരോഗ്യകരമായ നയ അന്തരീക്ഷം എന്നിവയാണ് വിജയകരമായ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നെടും തൂണുകൾ. ഇതിൽ ആദ്യത്തേത് യുക്തി പൂർവ്വമായ യോഗ്യതാ നിർണയമാണ്. മെറിറ്റ് എന്നത് ഒരു പ്രവേശന പരീക്ഷയുടെ റാങ്കോ സ്കോറോ മാത്രമായി  ഒതുങ്ങി യോഗ്യത നിർണയിക്കുമ്പോൾ അളക്കപ്പെടാതെ  പോകുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അഭിരുചിയും ഡോക്ടർക്കു വേണ്ട സേവന തൽപ്പരതയുമാണ്.

സെലക്ഷനോ എലിമിനേഷനോ

എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും.? ഇത്രയധികം പേർ എഴുതുമ്പോൾ കുറെ പേരെ ഒഴിവാക്കി കുറച്ചു പേർക്ക് മാത്രം മെഡിക്കൽ വിദ്യാഭ്യാസത്തിനു യോഗ്യത നൽകുമ്പോൾ എന്തെങ്കിലും മാനദണ്ഡം വേണ്ടേ? കുറേ പേരേ ഒഴിവാക്കാനുള്ള യുക്തിസഹമായ എലിമിനേഷൻ പരീക്ഷ എന്ന നിലയ്ക്ക് നീറ്റ് നല്ല നീറ്റായ നടപടി തന്നെ

"We believe merit cannot be defined by marks and marks alone, nor is it all-sufficient in the formation of a doctor. ...
Entrance exams without testing practical  skills would change the view of young graduates of medicine from a professional, clinically proficient, humane field of enterprise to one in which the goal is to memorise obscure theoretical minutiae to maximise marks. "
ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ ഡയറക്ടർ 2013 ൽ NEET നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ദി ഹിന്ദുവിന് അയച്ച കത്തിലെ വരികളാണിവ. ഇതിൽ സാംഗത്യമില്ല എന്നു പറയാനാവില്ല. ചില സ്ഥാപനങ്ങളെങ്കിലും എൻട്രൻസ് പരീക്ഷളിലെ മാർക്കിനോടൊപ്പം പ്രവേശനാർത്ഥികളെ  ചെറിയ ബാച്ചുകളായ് തിരിച്ച് വിദഗ്ദരായ 'ഒബ്സർവർ,മാരുടെ ദിവസങ്ങൾ നീളുന്ന നിരീക്ഷണത്തിൽ നടക്കുന്ന അഭിരുചി നിർണയം കൂടി കണക്കിലെടുത്ത് പ്രവേശനം നൽകുന്ന രീതി പിന്തുടരുന്നു.
ഇത്രയധികം പേർ എഴുതുന്ന ഒരു പരീക്ഷയിൽ ഇത്തരം പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തിയാലുണ്ടാകുന്ന വൈഷമ്യങ്ങൾ ഓർക്കാതെയല്ല ഇതെഴുന്നത്.
എന്നാൽ എല്ലാവർക്കും ആരോഗ്യം എന്ന ജനക്ഷേമ ലക്ഷ്യവും  ഉപരിപഠന കേന്ദ്രീകൃത മെഡിക്കൽ വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളാകാതെ രണ്ടു ധാരകളായി മാറുന്ന ദുരന്തത്തിന് അറുതി വരുത്തുവാൻ നാം ഈ ദിശയിലേക്കുള്ള ചുവട് വയ്പ്പ് ആലോചിച്ചേ മതിയാകൂ...

വേണമോ ഇത്രയധികം മെഡിക്കൽ കോളേജുകൾ

ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കുറെയധികം പേർക്ക് തൊഴിൽ കണ്ടെത്താനുള്ള വേദിയായ് മാത്രം മെഡിക്കൽ വിദ്യാഭ്യാസത്തെ കാണുവാൻ കഴിയാത്തത് കൊണ്ട് ഈ ചോദ്യം കൂടി ചർച്ചയ്ക്കെടുക്കുന്നു.

ഭാരതം മുഴുവനായി എടുത്താൽ തന്നെ MBBSമെഡിക്കൽ ഡോക്ടര്മാരുടെ ലഭ്യതയിൽ കാര്യമായ കുറവില്ല എന്ന വസ്തുത കണക്കുകളിൽ വ്യക്തമാണ് ..എന്നാൽ ഗ്രാമങ്ങളിൽ ഡോക്ടര്മാരുടെ സേവനം ലഭ്യമാകുന്നില്ല എന്ന പ്രശ്നം പരിഹരിക്കപെടാതെ കിടക്കുന്നു,മിനിമം വിദഗ്ധ സേവനമെങ്കിലും ഉറപ്പു വരുത്തേണ്ട സ്പെഷലിസ്റ്റ് ഡോക്ടര്മാരുടെ ( ഏറ്റവും ആവശ്യമായ MEDICINE,GYANECOLOGY ,ശിശുരോഗ വിദഗ്ധർ ഉള്പ്പെടെ )70% പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുന്നു(Rural Health Statistics in India 2011.http://nrhm-mis.nic.in/UI/RHS/RHS%202011/RHS%202011%20Webpage.htm ) സ്പെഷലിസ്റ്റ് ഡോക്ടര്മാരുടെ കുറവ് പോലെ രൂക്ഷമായ ഒരു പ്രശ്നമാണ് മെഡിക്കൽ ടീച്ചർമാരുടെ എണ്ണത്തിലുള്ള രൂക്ഷമായ കുറവ്.  താരതമ്യേനെ മെഡിക്കൽ കോളേജുകൾ കുറവുള്ള സംസ്ഥാനങ്ങളായ ബീഹാർ (115 ലക്ഷം ജനസന്ഖ്യക്ക് ഒരു മെഡിക്കൽ കോളേജ് ),ഉത്തർ പ്രദേശ് (95 ലക്ഷതിനൊന്നു ) മുതലായവയുമായി തട്ടിച്ചു നോക്കുമ്പോൾ 15 ലക്ഷം ജനസന്ഖ്യക്ക് ഒരു മെഡിക്കൽ കോളേജുമായി "ആളോഹരി മെഡിക്കൽ കോളേജ് " പട്ടികയിൽ കേരളം ഇപ്പോൾ തന്നെ ഒരു പക്ഷെ ഒന്നാം സ്ഥാനതായിരിക്കാം  .2007 ലെ പഠനങ്ങൾ അനുസരിച്ച് തന്നെ മെഡിക്കൽ കോളേജ് അധ്യാപകരുടെ എണ്ണത്തിൽ 25 മുതൽ 33% വരെ കുറവുണ്ട് .അതിപ്പോൾ എത്രയോ അധികം രൂക്ഷമായിരികുന്നു. .ആവശ്യത്തിനു രോഗികളും വഴിതെളിക്കാൻ അധ്യാപകരും ഇല്ലാത്ത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ ആരോഗ്യ രംഗത്തെ ഏതെങ്കിലും ചോദ്യത്തിനുത്തരമാണോ ..
കേരളത്തിലെ സാഹചര്യം പ്രത്യേകം ചർച്ച ചെയ്താൽ വർധിച്ചു വരുന്ന, കാലാവസ്തകൾകുനസരിച്ചു പടർന്നു പിടിക്കുന്ന സാംക്രമിക രോഗങ്ങൾ , ചെറുപ്പകാർകിടയിൽ ഉള്പ്പെടെ വര്ദ്ധിച്ചു വരുന്ന കാൻസർ ,ജീവിത ശൈലീ രോഗങ്ങൾ ,വർധിച്ചു വരുന്ന വയോധിക ജന സംഖ്യയും അതിന്റെ പ്രശ്നങ്ങളും എല്ലാത്തിലുമുപരി വളരെ ഉയര്ന്ന രോഗതുരാവസ്ഥ(MORBIDITY) ,പ്രധാനമായും ചികിത്സാ രംഗത്തുനിന്ന് സർക്കാർ പിന്മാറുന്നത് മൂലമുണ്ടാകുന്ന ഉയർന്ന ചികിത്സാ ചിലവു ,ശുദ്ധ ജല/ഭക്ഷണ ലഭ്യത എന്നിങ്ങനെ ആരോഗ്യകേരളം നേരിടുന്ന ഒരു ചോദ്യത്തിനും ഉത്തരമല്ല കൂടുതൽ മെഡിക്കൽ കോളേജ് എന്ന ഫൊർമുല എന്ന് മനസിലാക്കാം

Tuesday, April 26, 2016

വെട്ടാ... പിടിയാ















പകൽ മൂക്കുമ്പോഴേക്ക്
ഫ്ലാറ്റുകളിൽ  എല്ലാരും ഒഴിയും..
അധികനാൾ മുമ്പല്ലാതെ പിറന്ന കുഞ്ഞുങ്ങൾ ബാക്കിയാവും
അവരെ നോക്കുന്ന ചേച്ചിമാരുടെ
 ലോകം പിറക്കും..
അവർ ഉച്ചകോടികൾ നടത്തി
പ്രമേയങ്ങൾ പാസാക്കിയെടുക്കും









മധ്യവേനൽ കനക്കുമ്പോൾ
അവരുടെ  കുട്ടികൾ അവിടെയെത്തും
ഒരു പനിച്ചൂടിൽ അവധിക്ക് പറഞ്ഞ്
ഫോൺ ആ ജനൽ പടിയിൽ വെച്ച്
ചുക്കു കട്ടന്റെ പുറത്താറി കിടന്ന്
കർട്ടൻ നീക്കി നോക്കിയാൽ അവരെ കാണാം..
















നട്ടുച്ച കിറുക്കിന്റെ വേഗത്തിൽ
സൈക്കിളിൽ വരുന്ന സച്ചിൻ ,
മുൻ വീലു പൊക്കി അഭ്യാസം കാട്ടി
മോദം പെരുക്കുന്നതും..
ഉരുളൻ മിനുസ കറുത്ത കല്ലുകൾ
പല മുഴുപ്പിൽ പല  തലത്തിൽ പറക്കാൻ  പല കനത്തിന്റെ പാകത്തിൽ
നിറച്ച പെട്ടിയുമായെത്തുന്ന കുട്ടൻ
സ്റ്റെയർകേസ് താഴത്തെ കുഴിയാന തൂർത്ത പൂഴിയിൽ ഇരിക്കുന്നതും..
പിന്നെ കട കളിക്കുന്ന മീനു ,മകളുടെ കൂട്ടുകാരി ..
പലർ.. പുകിൽ.. അവരുടെ പകൽപൂരം

ബുധനാഴ്ചകളിൽ യൂണിഫോം  ഇടാൻ
ഇണ്ടാസ് വന്നതിൽ പിന്നെ
എല്ലാ ബുധനാഴ്ചയും അമ്മക്ക് പകരം
തീപ്പെട്ടി കമ്പനിയിൽ പോകുന്ന ഹരി..
തൈറോയ്ഡ് സ്കാൻ ചെയ്യാൻ കടം വാങ്ങി
മുങ്ങിയ അച്ഛനെ കുറിച്ച് ചോദിച്ചാൽ,
പൂരക്കാലമല്ലേ,
കാണാൻ കിട്ടില്ലെന്നവൻ പറയും..
വളയും പൊട്ടും വിറ്റ് കടലപ്പൊതിയുമായി
അച്ഛൻ വരുമ്പോൾ
വളപ്പൊട്ടിൻ നിറത്തിൽ (ഇത്തിരി കറുപ്പ് കൂടിയ സൈസ്)പൊട്ടി ചിരിക്കും !
ഇന്നാള് കണ്ടപ്പോൾ പുള്ളിയും ചിരിച്ചു
വള വേണ്ടൊരുത്തനും സാറേ
ഇപ്പോൾ കൊച്ചു ഭീമന്റെ ,വിരൽ വിട്ടാൽ
പൊങ്ങി പറക്കുന്ന ഭീമൻ ബലൂൺ മതി എല്ലാർക്കും ,എന്നൊരു പൊട്ടിച്ചിരി.









കിട്ടിയതിൽ പാതി ഭണ്ഡാരത്തിലിട്ടു
ബാക്കി പാതി waylord ബാറിലും
(അന്ന് ബാറ് നിരോധിച്ചിട്ടില്ല;
മദ്യപാനിയുടെ കരൾ പാറ പോലെയാണെന്ന് ഒരു സിനിമയിലും കാണിക്കുന്നുമില്ല! )
കടലപ്പൊതിയിൽ കടലോളം ആഹ്ലാദം.

കുട്ടൻ കല്ലിൻ പെട്ടി തുറക്കുന്നു,
അസ്ഥി ഉണങ്ങുന്ന വേനൽ പരപ്പിൽ
കല്ല് വായുവിലോളം വെട്ടുന്നു..
കളിയല്ലത് ,കല തന്നെ
കല്ലൊന്ന് ലാക്കിൽ കറക്കത്തിൽ പൊക്കി
വെട്ടാ പിടിയാ എന്ന് കാണികൾ ചോദിക്കുമ്പോൾ
വെട്ടെന്ന് ചൊല്ലി നിമിഷമൊഴിയും മുമ്പ്
കൈയടക്കത്തിൽ കാറ്റു വെട്ടുമ്പോലെ
കല്ലു തെറ്റി തെറിക്കുന്ന മന്ത്രവിദ്യ

വെട്ടാ പിടിയാ കളി മുറുകുന്നു..
വെട്ടിപ്പിടിക്കുവാൻ ഓട്ടം കിതക്കാതെ ,
താപം കെടുത്തുവാൻ
ഗുളിക വിഴുങ്ങി
വിയർത്താറി ശമിക്കുവാൻ..
കാലത്ത് പാസഞ്ചർ പിടിച്ച്കളം പിടിക്കാൻ കാത്ത് കിടക്കാം

വെട്ടാ... പിടിയാ !






( പടങ്ങൾ - താനൂർ കടപ്പുറം, ജയ്പൂർ കാഴ്ചകൾ, മുളങ്കന്നത്ത് കാവ്  സ്റ്റേഷൻ )

Monday, April 18, 2016


തർക്കം മുറുകുന്നു. വയോധികനായ ജ്ഞാനി ഇരിപ്പിടത്തിൽ നിന്നും അമർന്നുയരുന്നു

"അല്ല മനോഹരാ -... നിങ്ങൾ പറഞ്ഞ ഈ നിയമം കൊണ്ടു വന്നത് നെഹ്രു തന്നെ അല്ലേ... "
നെഞ്ചിൻ കൂടുയരുന്നു .. താഴുന്നു  ശ്വാസം ത്വരിതം. വിയർപ്പു മണികൾ ഉരുണ്ടു മറിയുന്നു ...
ഗുളിക .. ഗുളിക എന്നു പറഞ്ഞ് പിന്നീട് പിന്നോട്ട് മലയ്ക്കുന്നു .. നെഞ്ചു തടവി വീണ അച്ചച്ചന് നാവിനടിയിൽ വെക്കുന്ന ഗുളികയ്ക്ക് വീട്ടിലേക്ക് ഒരു സൈക്കിളിൽ ബാലൻമാർ പായുന്നു. കാലവും ഒരിത്തിരി പിറകോട്ടു പായേണ്ടി വരും അവിടെത്താൻ .അതൊക്കെ ഒരു കാലം എന്ന മുട്ടൻ നെടുവീർപ്പ് ലൈൻ വിടാം ...ഓഫ് ലൈൻ ആയിരുന്ന ജീവിതത്തിലെ ചായക്കട  ചർച്ചകളിൽ നിന്ന് വികസിച്ച് ഇന്നത്തെ വാട്ട്സ് ആപ്പ് ,ഫെയ്സ് ബുക്ക് സംവാദസംഭാഷണത്വരകളിൽ എത്തുമ്പോൾ മനസ്സിലായതും മനസ്സിലായതുമായ ചില ഉപരിപ്ലവമായ കാര്യങ്ങൾ പങ്കു വെക്കുന്നു.

 നീ പയറിന്റെ കാര്യം ചോദിക്കാത്തതെന്ത് ശൈലി 

അരിയെത്രയ്ക്ക് പയറഞ്ഞാഴി എന്ന മറുമൊഴിക് പകരം അരിയെത്ര എന്ന് ചോദിച്ചാൽ നീ പയറിന്റെ കാര്യം ചോദിക്കാത്തതെന്ത് എന്ന ആരോ സ്ഥാപിച്ച സ്കൂൾ ഓഫ് തർക്കം ഇപ്പോൾ പടർന്നു പന്തലിച്ച് സർവ്വകലാശാലയായി

ഉദാ:- 1.ഏകഛത്രാപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വെറും ആനയാണ് എന്ന് നീ പറഞ്ഞില്ലേ ,ഗതികേട് കൊണ്ട് തിടമ്പേറ്റുന്ന അതിനെ കാട്ടിലേക്ക് തിരിച്ചു വിടണം എന്ന് പറയുന്ന നീ ആടിനെയും മാടിനെയും കൊന്നു തിന്നുമ്പോൾ എവിടെ പോയി മൃഗ സ്നേഹം?

 2. കുതിരയുടെ കാല്  MLA  തല്ലി ഒടിക്കുമ്പോൾ  കരയുന്നവനൊന്നും ബീഫ് നിരോധിച്ചാൽ സഹിക്കില്ല.. ഇതാണോ സർ, വൈരുദ്ധ്യാത്മിക വാദം?

പല്ലി പ്രാണിയെ തിന്നുന്നതും മനുഷ്യൻ മിശ്രഭുക്കാവുന്നതും പ്രകൃത്യാ ഉള്ളതും പരിണാമ വശാൽ സിദ്ധിച്ചതുമായ ഭക്ഷണ രീതികളിലൂടെ ജീവൻ നിലനിർത്താൻ  ചെയ്യുന്നതാണ് .ഇനി   ആടിനെയും മാടിനെയും വെച്ചും പൊരിച്ചും തിന്നുന്നതും,കെട്ടിയിട്ട്  ദേഷ്യം തീരുവോളം  പത്തലു വച്ചു അതിന്റെ കാല് തല്ലി ഒടിക്കുന്നതും ഒരേ കണക്കാണോ (അതും നിയമം നിർമിക്കുന്ന സഭയിലെ മഹനീയ വ്യക്തിത്വം!) ..
ദാ വരുന്നു വീണ്ടും ചോദ്യം

ശരി അപ്പോൾ  പണ്ടു സഖാക്കൾ വൈരം തീർക്കാൻ പാമ്പുകളെ ചുട്ടു കൊന്നതോ?

ബലേ ഭേഷ് എന്നു പറഞ്ഞില്ലല്ലോ .. അന്നെനിക്ക് അഭിപ്രായ വിസർജനം നടത്താൻ ഈ ഭിത്തിയുണ്ടായിരുന്നില്ല ...

ചോദ്യം വീണ്ടും...

പിന്നെ ഇതിലൂടെ അഭിപ്രായം പറഞ്ഞാൽ വിപ്ലവം വരുമല്ലോ?
വിപ്ലവം വരും എല്ലാം ശരിയാകും എന്നു പറയുന്നത് അവൻ വരുന്നു ,വിശ്വസിച്ച് ആരാധിപ്പിൻ എന്നാരോ പറഞ്ഞ നാൾ കണക്കല്ലേ.. ഇതിലൂടെയായാലും എതിലൂടെയാലും ... അഭിപ്രായം പറഞ്ഞ് അതിനെ എത്തിക്കാനൊക്കുമോ ..

മറുചോദ്യങ്ങൾ മുറക്ക് ഇനിയും വരും..


ഇതെഴുതുന്നവന്റെ സകൂൾ ദിനങ്ങളിൽ കരുണാകരനോട് EMS
ന്റെ പത്തു ചോദ്യങ്ങൾ ,തിരിച്ചു EMS ന്റെ കരുണാകരനോടുള്ള പത്തു ചോദ്യങ്ങൾ എന്നിങ്ങനെ തുടരൻ സാധനം പത്രത്തിൽ വരുമായിരുന്നു. തർക്ക - കത്തിയടി - ചായക്കട ചർച്ചാലോകവും ശീലങ്ങളും ഏറെ   മാറിയെങ്കിലും അൽപമെങ്കിലും സത്യം വായിക്കണമെങ്കിൽ ചരമ കോളത്തിന്റെ പായ നോക്കണമെന്ന ആ പത്രത്തിന്റെ ശീലവും( അതറിഞ്ഞു കൊണ്ട് തന്നെ നിത്യേന അത് വായിക്കുന്ന നമ്മുടെ ശീലവും ) നിർബാധം തുടരുന്നു.. അതല്ലല്ലോ വിഷയം

അപ്പോൾ അതിങ്ങനെ ഉപസംഹരിക്കാം.. .(പോ= പോസ്റ്റർ .പോസ്റ്റിടുന്നവൻ , പ്ര=  പ്രതികരണകാരി )

പോ-അൽപ്പം കൂടി സുരക്ഷയോടെയും ആനകളുടെ എണ്ണത്തിൽ നിയന്ത്രണം പുലർത്തിയും പൂരം നടത്തിക്കൂടെ.. ഈ വർഷം അതൊഴിവാക്കുന്നതായിരുന്നു ഔചിത്യം
പ്ര- എല്ലാം നിർത്താം .. ചുംബന സമരം മാത്രം മതി എന്തേ ?
പോ- ചുംബന സമരമോ, അതിവിടെ എന്റെ വിഷയമേ അല്ലല്ലോ

നീ ഞാൻ പറയുന്ന വിഷയം  വേണം ചർച ചെയ്യാൻ ... അത് തീർത്തേച്ചു മതി ബാക്കി.. കല്യാണക്കത്ത് കാണിച്ചിട്ട് ചോറു മുഴുവൻ തിന്നിട്ട് പോയാൽ മതി എന്ന പോഞ്ഞിക്കര ലൈൻ പോലെ...

പോസ്റ്ററുണ്ടോ സഖാവേ കുറച്ചു മൈദയെടുക്കാൻ ..

പോസ്റ്റർ ഒട്ടിച്ചുള്ള
 വ്യവഹാരം മാത്രമേ ചിലർക്ക് വശമുള്ളൂ..
പാസ്റ്ററിട്ട ദൈന്യം നിറഞ്ഞ ജീവിതദുരന്ത പടത്തിനു ചോട്ടിൽ  ആമേൻ ചൊല്ലൽ പോസ്റ്റർ മുതൽ പല തരമാണ് പോസ്റ്ററുകൾ

1. വിജൃംഭന കഞ്ചുകമണിയിക്കൽ

ഉദാ:-മഹത്വം മനസ്സിലാകാത്തവർക്
(സചിത്രം)
അരക്കില്ലം കത്തിച്ചപ്പോൾ ഭീമൻ നകുല സഹദേവന്മാരെ ഇരു തോളുകളിലേറ്റി ഒരു തുരങ്കത്തിലൂടെ ഭൂമിയുടെ മറുഭാഗത്തെത്തി. ക്ഷീണിതനായ വൃകോദരൻ കുന്തിയോട് അമ്മേ, ഇരിക്ക എന്ന് പറഞ്ഞ് ഇരുന്നു. ആ കര പിന്നീട് അമേരിക്കയായി - കുഞ്ഞികൃഷ്ണമാരാർ, ലോകദർശനം
( സ്ഥലകാല ബന്ധങ്ങളെ കുറിച്ചും അടിസ്ഥാന ചരിത്രബോധത്തെ  കുറിച്ചുമുള്ള  ധാരണകളെ കൊഞ്ഞനം കുത്തുന്നതും മുണ്ടു പൊക്കി കാണിക്കുന്നതുമായ
 പോസ്റ്റുകൾക്കാണേലും റവറൻസ് തോന്നണേൽ റഫൻസ് മസ്റ്റാണ് )

2. സാറേ, സാറാണ് സാറേ സാറ്
മുഖ്യമന്ത്രിയായിട്ടും, ജൗളിക്കടയിലേക്ക് ഈ വരുന്ന എൻറെ മോൾ വശം വേണ്ടതു കൊടുക്കൂ ,ശമ്പളം കിട്ടുമ്പോൾ വീട്ടിക്കോളാം എന്ന് അപേക്ഷിച്ച് കത്തെഴുതിയ മുഖ്യമന്ത്രി.. ഇങ്ങനെയും ഉണ്ടായിരുന്നു നമുക്ക്  മുഖ്യമന്ത്രി  തല കെട്ടിൽ മുതൽ.. മുഖ്യമന്ത്രി സംഭവം മുതൽ തിരയുള്ള പുഴയിൽ ചങ്കൂറ്റം മാത്രം കൊണ്ട് മുതലയെ കീഴടക്കിയ ബാലൻ രാഷ്ട്ര ശിൽപിയായ സംഭവാമി യുഗേ യുഗേ വരെയുള്ള
ചിത്രകഥകൾ ഈ പരമ്പരയിൽ കാണാം

3 .ഗോഡ് ഫാൻസ്  ഐക്യദാർഢ്യ പോസ്റ്ററുകൾ..

നെരിയാണിയ്ക്കു കീഴെ വസ്ത്രം ധരിക്കുന്നവന്റെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല. .. ഈ ഭൂമിയിൽ ജീവനുള്ളതും ഇല്ലാത്തതും സചേതതനവും അചേതനവും ആയ ജീവികളും വസ്തുക്കളും ഹിന്ദു മതത്തിൽ പെടുന്നു തുടങ്ങിയ ടൈപ്പ്: ..
നിത്യജീവിതത്തിൽ  ആടയും പൂടയും ഒക്കെ ചേർന്ന് പണ്ഡിത ലുക്ക് ഉള്ളവരെ കണ്ടാൽ നൈസായി സ്ലിപ്പ് ആകാൻ പറ്റും.പക്ഷേ സുക്കർ തന്ന സകല ഐക്കണും ഞെക്കി യാലും പിന്നെയും ഈ ടൈപ്പ്   ഭിത്തിയിൽ പ്രത്യക്ഷപ്പെടും[ബസ്സിൽ വെച്ച് ഇയ്യിടെ പ്രവാചകൻ (ജിബ്രാന്റെ prophet വിവർത്തനം !!)വായിക്കുന്നത് കണ്ടുണ്ടായ ധാരണാപ്പുറത്തും പേര് അംജിത്ത് എന്ന് തെറ്റികേട്ട പിൻ വിധി പ്രകാരവും ഒരൈറ്റം ഇയ്യിടെ സംഭാഷണത്തിനു വന്നു. നബിയിലൂടെ യല്ലാതെ അള്ളാഹുവിലെത്താമെന്നു കരുതുന്നുണ്ടോ എന്നായി .അറിയില്ല,  മലപ്പുറം വഴിയല്ലാതെ പെരിന്തൽമണ്ണയിലെത്തില്ല.ഞാൻ ഇപ്പോൾ  പെരിന്തൽമണ്ണയ്ക്കാണെന്നു പറഞ്ഞപ്പോൾ പുള്ളി പിണങ്ങി ].

4. നിങ്ങൾ ഇതെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഈ ടൈപ്പ് ഞെട്ടിക്കൽ .. Did you ever know സീരിയസ്  പോസ്റ്റർ പോസ്റ്റുകൾ നമുക്ക് തരുന്ന ബോധോദയ പരമ്പരകൾ സമസ്ത മേഖലയിലുമുണ്ടെങ്കിലും സമയക്കൂടുതൽ ഇല്ലാത്തതിനാൽ ആരോഗ്യ മേഖലയിൽ പരിചിതമായ ഒരു ടൈപ്പ് പോസ്റ്റർ പ്രോട്ടോ ടൈപ്പിൽ ഇത് നിർത്താം..
നിങ്ങൾ കാറിന്റെ ടയറിൽ നൈട്രജൻ അടിക്കാറുണ്ടോ. എങ്കിൽ തീർച്ചയായും വായിക്കുക.( Nitrogen എന്ന് കട്ടി കറുപ്പ്  വൃത്തത്തിൽ എഴുതി ചുവപ്പ് കൊണ്ട് വെട്ടിയ പടമാകാം  )
നൈട്രജന്റെ  അറ്റോമിക് വെയ്റ്റ് 14 ആണ്.
പെട്ടെന്ന് ചൂട് പിടിക്കുന്ന ഒരു വാതകമാണ് ഇത്. ടയറ് ചൂട് കൂടി ആ ചൂട് സീറ്റിലേക്ക് വികിരണം നടന്ന് പൈൽസ് (മൂലക്കുരു ) ഉണ്ടാകാം...' അനുഭവകഥയും ചിത്രവും ആകാം ..!

Saturday, April 2, 2016

അരിമ്പാറയാണ് പ്രശ്നം .പാലുണ്ണിയെന്നും പറയും
മുഖത്താണ് ..അഭംഗിയാണ് ,

അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു

മുതിര കിഴി കെട്ടി അരിമ്പാറ പുറത്തു വെക്കണം .ഒരു അര മണിക്കൂർ ,എന്നിട്ട് അത് ഉച്ച നേരത്ത് കിണറ്റിലിടണം .
മുതിര വെള്ളത്തിൽ കിടന്നു ചീയുമ്പോൾ അതും പൊടിഞ്ഞു പോകും


ചിലർക്കെങ്കിലും ചിരി വരുന്നുണ്ടാകും. എന്ത് ചിരിക്കാൻ. ഇതിലും ഗൗരവമേറിയതും ജീവഹാനികരമായതുമായ രോഗങ്ങൾക്ക് ഇത്ര തന്നെ അസംബന്ധ ജടിലമായ ചികിത്സാ രീതികൾ നാം അവലംബിക്കുന്നില്ലേ..' 
ഇതിനെന്താണ് ശാസ്ത്രീയമായ അടിസ്ഥാനം ..
കടന്നലിനെ കൊണ്ട് കുത്തിച്ച് ചികിൽസ, ലഘുവായ മാനസിക വ്യായാമത്തിലൂടെ പാൻക്രിയാസിലെ
 ബീറ്റാ കോശങ്ങളെ ഉദ്ദീപിപ്പിച്ച് പ്രമേഹം' കീഴടക്കുക മുതൽ സുസംഘടിതവും പാരമ്പര്യം അവകാശപ്പെടുന്നതുമായ കപടശാസ്ത്ര ചികിൽസാ രീതികൾ നമ്മുടെ സാക്ഷര സുന്ദര വിദ്യാസമ്പന്ന കേരളത്തിൽ പോലും വ്യാപകമാവുന്നു.

എന്താണ് കപട ശാസ്ത്രം അല്ലെങ്കിൽ pseudoscience.?.

ശാസ്ത്രത്തിനോളം തന്നെ പഴക്കം കപടശാസ്ത്രത്തിനുണ്ട്. കപടശാസ്ത്രത്തിന്റെ രീതികൾ, മാർഗ്ഗങ്ങൾ, ലക്ഷ്യങ്ങൾ, ലക്ഷണങ്ങൾ എന്നിവ ശാസ്ത്രീയമായി തന്നെ പലവരും പഠിച്ചിട്ടുണ്ട്. ചികിൽസാ രംഗത്തെ കുറിച്ചു മാത്രം ചില ചിന്തകൾ പങ്കു വെക്കുന്നു. 
ഒരു വിഷയത്തിൽ ശാസ്ത്രീയമായ ശിക്ഷണം നേടുക ,
താൽപര്യമുള്ള പഠന മേഖലയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തുക ,രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ ഉപയോഗിച്ച് അനുമാനങ്ങൾ നടത്തുക, ആ അനുമാനങ്ങളുടെ സാധുത  അല്ലെങ്കിൽ സാധുത ഇല്ലായ്മ ഉറപ്പു വരുത്തുവാൻ പരീക്ഷണങ്ങൾ നടത്തുക ,അവ വിശകലനം ചെയ്ത് ഫലങ്ങൾ ശാസ്ത്രലോകസമക്ഷം പ്രസിദ്ധീകരിച്ച് വിശകലന വിധേയമാക്കുക.
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ എന്നല്ല
 ഏതു ശാസ്ത്രത്തിന്റെയും രീതി ഇതാണ്. അപ്പോൾ കപടശാസ്ത്രം എന്താണ്.. നിങ്ങൾ ഒറ്റ നോട്ടത്തിൽ അസംബന്ധമെന്നു വിധിയെഴുതിയ മേൽ പറഞ്ഞ  മുതിര ചികിത്സതന്നെയെടുക്കാം... ഒരു ' താത്വികാവലോകനമാകാം .. '
 "രോഗി ഈ പ്രപഞ്ചത്തിന്റെ അംശമാണ് .മുതിര ചീയുമ്പോൾ പ്രപഞ്ചത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടാകും .ആ മുതിര അരിമ്പാറ പുറത്തിരുന്നതല്ലേ .തീർച്ചയായും അത് ശരീരത്തെ ബാധിക്കും .എല്ലാ രോഗങ്ങള്ക്കും കിഴി കെട്ടിയ മുതിര മതി ഞങ്ങള്ക്ക് .അളവും മൂപ്പും മാറും രോഗമനുസരിച് .യാതൊരു പാർശ്വഫലവും  ഇല്ല .അതൊന്നും നിങ്ങള്ക്ക് മനസ്സിലാവില്ല"
ഇപ്പോൾ ഒരു ചെറിയ 'ശാസ്ത്രീയ 'തയുടെ ഗന്ധം വന്നില്ലേ?

കപടശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ

ഈ രീതിയിൽ അകം പൊള്ളയായ കാമ്പില്ലാത്ത വാദങ്ങളെ ശാസ്ത്രത്തിന്റെ പൊട്ടും പൊടിയും വെച്ച് അവതരിപ്പിക്കുന്നതാണ് കപടശാസ്ത്രത്തിന്റെ രീതികൾ.
ശാസ്ത്രസമൂഹം സമഗ്രമായ വിലയിരുത്തലിനു  ശേഷം തള്ളികളഞ്ഞ പഠനങ്ങൾ ,അർദ്ധസത്യങ്ങൾ,ഭാവന  ഇവയെല്ലാം ചേർത്ത് വാർത്തെടുത്ത കെട്ടുകഥകൾ  ഈ രീതിയിൽ വേഷം കെട്ടിയെത്തുമ്പോൾ നമ്മുടെ മാധ്യമങ്ങൾ (നവവും വൃദ്ധവും!) അവയ്ക്ക് നല്ല രീതിയിൽ പിന്തുണ നൽകുന്നുണ്ട്. അപ്പോൾ നമ്മൾ ഒരൽപം സാമാന്യബുദ്ധി ഉപയോഗിച്ചാലേ പലപ്പോഴും  ഇവയെ തിരിച്ചറിയാൻ കഴിയൂ..

തികഞ്ഞ ശാസ്ത്ര വിമുഖത

അടിസ്ഥാന ശാസ്ത്ര പ്രമാണങ്ങളോടുള്ള തികഞ്ഞ വൈമുഖ്യം.. ഞങ്ങളുടെ ശാസ്ത്രത്തിന് തന്റെയൊന്നും തന്മാത്രാ ശാസ്ത്രത്തിന്റെയും വൈദ്യത്തിന്റെയും സർട്ടിഫിക്കറ്റ് വേണ്ട .ഞങ്ങളുടെ ശാസ്ത്രം മനസ്സിലാക്കാനാവത്തത് നിങ്ങളുടെ അറിവില്ലായ്മ... ഇയ്യിടെ ക്ഷുഭിതനായി ഒരു സുഹൃത്ത് പറഞ്ഞതാണ്. സ്വയംഭൂവും സാരാംശ സമ്പൂർണ്ണവുമായ ഒരു ശാസ്ത്രം എന്നൊന്നില്ല. ഉദാഹരണത്തിന് എന്റെ കൈയിൽ പൂജ്യം മാങ്ങയുണ്ട് .. അത് ഞാൻ അഞ്ച് പേർക്ക് വീതിച്ചു കൊടുത്താൽ ഓരോരുത്തർക്കും അഞ്ചു മാങ്ങ കിട്ടും എന്ന പ്രമാണം മുന്നോട്ടു വെച്ചാൽ അതിലെ അടിസ്ഥാന ഗണിതം തന്നെ തെറ്റാണ്... ഇങ്ങനെ അടിസ്ഥാന ശാസ്ത്ര പ്രമാണങ്ങൾക്ക് വിരുദ്ധമായ ഏത് പ്രസ്ഥാനവും അടിത്തറയില്ലാത്തതാണ്.
ഉദാഹരണത്തിന് രോഗാണു എന്നത് കച്ചവട ലക്ഷ്യം മുൻനിർത്തി മോഡേണ്‍ മെഡിസിൻ അടിച്ചിറക്കിയ myth ആണെന്നു വാദിക്കുക.. ഡിഫ്ത്തീരിയക്ക് ബാക്ടീരിയയുമായി ഒരു ബന്ധവുമില്ലെന്നും ഹിൻഡാലിയം പാത്രത്തിൽ പാചകം ചെയ്യുന്നതിനാലാണ് അത് പകരുന്നത് എന്നൊക്കെയുള്ള ഉഡായിപ്പുകൾ ...

നമുക്ക് ഒന്നും പറയാത്ത ഒരു പാട് കാര്യങ്ങളുണ്ട്...

ഒരു പാട് കാര്യങ്ങളിൽ വ്യക്തമായ ഉത്തരങ്ങൾ തരാതിരിക്കുക. കാര്യവും കാരണവും തമ്മിലുള്ള ബന്ധം വരുമ്പോൾ അവ്യക്തമായതും യുക്തിരഹിതവുമായ വാദങ്ങൾ നിരത്തുക 
ഉദാഹരണത്തിന് യോഗയും, സ്വയം നിർദ്ദേശവും (auto suggestion) മാത്രം ഉപയോഗിച്ച് അർബുദം കീഴടക്കാം എന്ന് വാദിക്കുമ്പോൾ എങ്ങനെയാണ് അതിന്റെ പ്രവർത്തന രീതി എന്ന് ചോദിച്ചു നോക്കൂ.. ഹോളിസ്റ്റിക് , പ്രതിരോധം ,മാനസിക സ്ഥിതി എന്നൊക്കെയുള്ള കുറെ വാക്കുകൾ കൊണ്ടൊക്കെയുള്ള പ്രയോഗം കൂടെ വരും.
ICU രോഗികൾക്കിടയിൽ പ്രാർത്ഥനയും ശുഭാപ്തി വിശ്വാസവും ഉളളവരുടെ മരണനിരക്ക് കുറവാണെന്ന് പഠനമുണ്ട് എന്നൊക്കെ ഉദ്ധരിക്കും.
എന്നാൽ അർബുദം ബാധിച്ചു കഴിഞ്ഞൊരു വ്യക്തിക്ക് ഭക്ഷണക്രമീകരണം  ഉപയോഗിച്ചു യോഗ നടത്തി അർബുദം മാറുമെന്ന് സ്വയം  നിർദ്ദേശിച്ച് Auto suggestion  വഴി  "വഴിമാറെടാ മുണ്ടക്കൽ ശേഖരാ ..." എന്നു പറയും കണക്ക്മനസ്സിൽ ആവർത്തിച്ചാൽ അത് മാറുമോ .മാറുമെങ്കിൽ അതിന്റെ പ്രവർത്തന രീതി എന്ത് എന്ന് ഒന്നു കൂടെ ചോദിച്ചു നോക്കൂ? 

അമ്മായി വെച്ച മീൻ കറിയില്ലെ .. രുചി ഉണ്ടാവേണ്ടതാണ്

എത്ര രുചിയില്ലെന്ന്  തോന്നിയാലും അമ്മായി വെച്ചതു കൊണ്ട് ഇതിന്റെ രുചി ഇങ്ങനെ തന്നെയാവാനാണ് വഴി എന്ന അനുമാനത്തിൽ കഴിക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്.
ഇതാണ് കപടശാസ്ത്രങ്ങളുടെ പ്രവർത്തന രീതി.. 
ഒരു അനുമാനം ആദ്യം നടത്തുന്നു. അതിന് ചേരുന്ന നിരീക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു. ആ അനുമാനത്തിന് യോജിക്കുന്ന തെളിവുകൾ മാത്രം തിരഞ്ഞെടുക്കുന്നു. ഖണ്ഡിക്കുന്നവയെല്ലാം ഉപേക്ഷിക്കുന്നു .ആധുനിക ശാസ്ത്രം ( വൈദ്യശാസ്ത്രം മാത്രമല്ല) ഒരു അനുമാനം മുന്നോട്ട് വെക്കുമ്പോൾ അത് ശരിയാണെന്ന് തെളിയിക്കുവാനുള്ള അതേ വ്യഗ്രതയിൽ (പലപ്പോഴും അതിലേറെ) അത് തെറ്റാണെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങളും നടത്തുന്നു.അനുമാനങ്ങളിൽ നിന്ന് കൂടുതൽ അനുമാനങ്ങളിലെത്തുന്നു. അവ പ്രസംഗങ്ങളിലൂടെയും യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിക്കുന്നു. ശാസ്ത്ര സമക്ഷം ഒരിക്കലും ഇത് അവതരിപ്പിക്കുകയോ,വിശകലന വിധേയമാക്കുകയോ ചെയ്യുന്നില്ല!(കാരണം വ്യക്തം)
ഒരു പരിചിതമല്ലാത്ത ചികിൽസാ രീതിയോ ആരോഗ്യരക്ഷാമാർഗമോ വിശ്വാസ്യമോ എന്നറിയാൻ അതിന്റെ  സ്രോതസ്സ് നോക്കുക



കരിങ്കല്ല് തിന്നുന്ന കോഴി


കോഴി കല്ല് കൊത്തി തിന്നുന്നു .കോഴിക്ക് കുഴപ്പമില്ല. ചുവന്ന പൂടയുള്ള കോഴി കരിങ്കല്ല്  കൊത്തി തിന്നുന്നുണ്ടുല്ലോ... അപ്പോൾ ചുവന്ന പൂടയുള്ള കോഴിക്ക് കരിങ്കല്ല് ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ രീതിയിൽ (ലളിതമായ ഒരു ഉദാഹരണം പറഞ്ഞെന്നു മാത്രം ) വ്യക്തിനിഷ്ഠമായ അനുഭവങ്ങളും വ്യതിയാനങ്ങളും ആണ് പലപ്പോഴും കപടശാസ്ത്രങ്ങളുടെ കൈമുതൽ.
അവയ്ക്ക് വസ്തുനിഷ്ഠമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്നാരായുന്ന  കീഴ്വഴക്കത്തിനു സ്ഥാനമില്ല. വെള്ളാരങ്കല്ല് നനച്ചരച്ച് പശയാക്കി  നെറ്റിയിൽ തേച്ചപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ തോമാച്ചന്റെ  തലവേദന ശമിച്ചു. അപ്പോൾ തലവേദനയ്ക്ക് അത് ഔഷധം എന്ന മട്ട്. നിരീക്ഷണം , പരീക്ഷണം,ഗവേഷണം, വസ്തുതാ വിശകലനം ഇവയൊക്കെ തീർത്തും അന്യം..
ഏതോ മഹാൻ പറഞ്ഞത് പോലെ " The pleural of anecdote is not data". നിങ്ങൾ ഇതിനെ കുറിച്ച് വിമർശനമുന്നയിച്ച് നോക്കൂ. അപ്പോൾ അവർ അവരുടെ അവസാന ആയുധമായ ഗൂഡാലോചനാ വാദം പുറത്തെടുക്കും. മരുന്നു മാഫിയയുടെയും നിക്ഷിപ്ത താൽപര്യങ്ങൾ മുതലായ ഗൂഡാലോചനക്കാരായി വിമർഷകരെ മുദ്രകുത്തും.

സർവ്വ രോഗസംഹാരികൾ, അൽഭുത രോഗശാന്തി

ഷുഗർ, കൊളസ്ട്രോൾ ,മൈഗ്രേൻ , കാൻസർ മുതൽ സകല രോഗങ്ങൾക്കും ഉള്ള ശാന്തി. സിക്സ് പാക്കിനും ഉത്തമം! സംഗതി സിമ്പിൾ എക്സർസൈസ് ആണ്
. മറ്റു ചിലപ്പോൾ  എന്തെങ്കിലും വിത്തോ ,പഴമോ ,കായോ സത്തോ.. അനുഭവ സാക്ഷ്യങ്ങളും അവകാശവാദങ്ങളും മാത്രം ആയി അവതരിക്കപെടുന്ന ചികിത്സാരീതികൾ ക്ക് ശാസ്ത്രീയമെന്നു കരുതാവുന്ന എന്തെങ്കിലും അടിസ്ഥാനം ,കാര്യ കാരണ ബന്ധം എന്നിവ അതിന്റെ പ്രചാരകർക്ക്  പറയാനുണ്ടാകാറില്ല .സകല രോഗങ്ങളും തുടച്ചു മാറ്റുന്ന സർവരോഗകുലാന്തകൻ എന്ന മട്ടിൽ അവതരിക്കപെടുന്ന ചികിത്സകൾ സംശയദൃഷ്ടിയോടെയും അവിശ്വസിനീയതെയോടെയും മാത്രം കാണുവാനുള്ള നമ്മുടെ ശീലം നഷ്ടപ്പെടുന്നത് സമൂഹത്തിന് ശാസ്ത്ര ബോധം കൈമോശം വന്നു തുടങ്ങിയതു കൊണ്ടാവണം. 

എന്ത് കൊണ്ട് സ്വീകാര്യത?
ഇത്തരം ആരോഗ്യരക്ഷാ പദ്ധതികൾക്കും ചികിൽസാ രീതികൾക്കും സ്വീകാര്യത ലഭിക്കുവാൻ പല കാരണങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം അവ വളരെ ലളിതവും (പലപ്പോഴും ബാലിശമാം വിധം) അതിനാൽ ആകർഷകവും ആണ് എന്നതാണ്‌.ഇയ്യിടെ കാൻസറിന്റെ അടിസ്ഥാന പ്രശ്നം acidity ആണെന്ന് ഒരു സവീഡിയോ പ്രചാരണം കണ്ടു. ഒരു സങ്കീർണമായ ചോദ്യത്തിന് ഇത്ര ലളിതമായ ഉത്തരം മറ്റെവിടെ കിട്ടും. ലളിതമെന്നതിലും അപ്പുറം പലപ്പോഴും കാൽപ്പനികമായ ഭംഗിയും വൈകാരികമായ തൃപ്തിയും ചിലപ്പോഴൊക്കെ ഇവ പ്രദാനം ചെയ്യുന്നു. അതിന് ഈ മിശ്രിതത്തിലേയ്ക്ക് ' പണ്ടൊക്കെ ' ,'നമ്മുടെ പൂർവ്വികർ ', 'പാശ്ചാത്യ ലോബി ' എന്നൊക്കെ ചേർത്താൽ മതിയാകും. എന്നാൽ ഈ പറയുന്ന പൂർവ്വികരുടെ കാലത്തെ ആരോഗ്യ സ്ഥിതി കണക്കുകൾ വെച്ച് ഇന്നത്തെ അവസ്ഥയുമായി ശാസ്ത്രീയമായി തുലനം ചെയ്യാൻ മുതിർന്നാൽ കഥ പൊളിയും .
നമുക്കൊന്നും മനസ്സിലാകാനാകാത്ത ചില ശക്തികളുണ്ടെന്നുള്ള ചിന്തകൾ .ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ചികൽസയുമായി കലർത്താതിരിക്കാം


 ഫലപ്രാപ്തിയെ കുറിച്ചുള്ള ആശങ്ക, രോഗത്തേക്കാൾ ഭീമമെന്ന്   സ്വതവേ വിശ്വസിക്കപ്പെടുന്നതും പ്രകൃതിക്കാർ പ്രചരിപ്പിക്കുന്നതും ആയ പാർശ്വഫലങ്ങളോടുള്ള ഭയം (പ്രത്യേകിച്ച് കാൻസർ ചികിൽസയിൽ)  നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ട് എന്ന അദ്ഭുത ശാന്തി പ്രതീക്ഷ, നിരാശ തുടങ്ങി വാചക കസർത്ത്  വരെ പല ഘടകങ്ങൾ കപട ചികിൽസകരുടെ യും വ്യാജ ആരോഗ്യ പ്രസ്ഥാനങ്ങളുടെയും സ്വീകാര്യതയ്ക്ക് പുറകിലുണ്ട്.

പിറകോട്ടോ  നമ്മുടെ പോക്ക്


ശാസ്ത്ര വിരുദ്ധത നമ്മുടെ  സമൂഹത്തിൽ വേരൂന്നാൻ ശ്രമിക്കുന്ന കാഴ്ചയാണ് എല്ലാ മേഖലകളിലും .മാധ്യമങ്ങളുടെയും ചിലപ്പോഴെങ്കിലും അധികാരികളുടെയും പിന്തുണ പ്രതിലോമകരമായ ഈ പ്രവണതയ്ക്ക് വർധിച്ചു വരുന്നു എന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ ഒരു ചെറിയ വിഭാഗമെങ്കിലും ആരോഗ്യരംഗത്ത് കപട ശാസ്ത്രക്കാരുടെ പിന്നാലെ പോയാൽ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകാം. വാക്സിൻ വിരുദ്ധ വാദക്കാരുടെ സമൂഹ വിരുദ്ധ പ്രവർത്തനളു ടെ ഫലമായി ഡിഫ്തീരിയ മരണമുണ്ടായത് ഒരു ഉദാഹരണം. ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ small pox തുടച്ചു നീക്കാൻ കഴിയുമായിരുന്നുവോ എന്നതു സംശയം തന്നെ!










വളർത്താം ശാസ്ത്രബോധം
ശാസ്ത്ര ചിന്ത ചെറുപ്പത്തിൽ തന്നെ ,സ്കൂൾ തലത്തിൽ തന്നെ വളർത്തുക എന്നതാണ് മറ്റേതു രംഗത്തെയുമെന്നതു പോലെ ആരോഗ്യരംഗത്തും ഉണ്ടാകേണ്ടത്. ചോദ്യം ചെയ്യുവാനും ഉത്തരങ്ങൾ തിരയുവാനും കാരണങ്ങൾ ആരായുവാനും ഉള്ള ശീലം വളരട്ടെ. മറ്റൊരു സന്ദർഭത്തിൽ പറയപ്പെട്ടതാണെങ്കിലും   അന്ധവിശ്വാസങ്ങളും കപടശാസ്ത്രങ്ങളും പ്രചരിപ്പിക്കുവാനും പ്രധാനമായും അഞ്ചു കാര്യങ്ങൾ ആണ് കാരണമാകുന്നത്

1. ഞാൻ ചിന്തിക്കുന്നില്ല.
2. ഞാൻ അറിയുന്നില്ല
3 . എന്നെ ബാധിക്കുന്നില്ലല്ലോ? എനിക്കെന്ത്?
4. എനിക്കറിയാൻ താൽപര്യമില്ല
5. വായിക്കാനും കണ്ടു പിടിക്കാനും എനിയ്ക്കു സമയമില്ല.

Sunday, March 13, 2016

കൃഷ്ണേട്ടനെ ആദ്യം കാണുന്നത് ഒരു നോമ്പു കാലത്താണ്. ഹോട്ടലുകൾ എല്ലാം അടഞ്ഞിരിക്കുന്നു.മിക്കവാറും എന്നും ഭക്ഷണം ഹോസ്പിറ്റൽ കാന്റീനിൽ നിന്നും തന്നെ  കഴിച്ച് മടുപ്പ് തോന്നി നിൽക്കുമ്പോഴാണ് ചിരപരിചിതനെ പ്പോലെ പുള്ളി മുന്നിൽ പെട്ടത്.

 " വീട്ടിലുണ്ടാക്കിയ നല്ല ഭക്ഷണം വേണേൽ കുറച്ചപ്പുറത്ത് ഒരു സ്ഥലമുണ്ട്.  അവിടെ ഒരു വയസ്സായ സ്ത്രീയും മക്കളും നടത്തുന്നതാണ്. അമ്മായിക്കട എന്നൊക്കെ പറയും. ബെഞ്ചിലിരുന്നു കഴിക്കേണ്ടി വരും."

ഞാൻ പോവാം എന്നു പറഞ്ഞതും ഒരു സെക്കന്റ് കൊണ്ട് പുള്ളി ഓട്ടോ എടുത്തു വന്നു.

ഇത്ര വലിയ ആമുഖം ഇടുമ്പോൾ പ്രതീക്ഷിക്കും മട്ട് അദ്ദേഹം എന്നെ കണ്ടുമുട്ടിയതുകൊണ്ട് എന്റെ ജീവിതമോ അങ്ങേരുടെ ജീവിതമോ ഭൂമിയുടെ ഭ്രമണപഥമോ ഒന്നും തെല്ലിട മാറിയില്ല. പകൽ സമയം ഒരു സ്വകാര്യ മെഡിക്കൽ കോളേജിലും വൈകിട്ട് ആ ആശുപത്രിയിലും ജോലി ചെയ്യുന്ന ഒരു കാലം. ചെറുപ്പത്തിന്റെ അതിപ്രസരം കഴിഞ്ഞു വരുന്നു. ഈ രണ്ടു സ്ഥാപനങ്ങളും തമ്മിൽ ഒരു എട്ടു പത്തു കിലോമീറ്റർ ദൂരം ... ആ യാത്രയുടെ സാരഥി സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ഓട്ടോ  ഔദ്യോഗിക വാഹനമായി.അച്ഛൻ മകൾക്കയച്ച കത്തുകൾ പോലെ ഉൾകാഴ്ചയും പുറം കാഴ്ചയും തന്ന സംഭാഷണ പരമ്പരകളിൽ പിന്നീട് പങ്കാളിയാകാൻ കഴിഞ്ഞു എന്നു പറഞ്ഞാൽ മുഴുവൻ അതിശയോക്തിയാവില്ല.


"നിങ്ങൾക്കറിയുമോ (സാറേ എന്നോ ഡോക്ടറേ എന്നോ പുള്ളി ഒരിക്കലും എന്നെ വിളിചിട്ടില്ല) ഈ ചെറിയ പട്ടണത്തിൽ ഓരോ വളവിനും വലിയ ആസ്പത്രികൾ ഉണ്ടല്ലോ .ഇതിനു മാത്രം രോഗികൾ എവിടുന്നാ ..ഈ നാട്ടിലെ മനുഷ്യർകെല്ലാം അസുഖമാണോ ? " സത്യമായിരുന്നു ഹോസ്പിറ്റൽ സിറ്റി എന്നാണ് എല്ലാവരും പറയുന്നത്

"കൃഷ്ണേട്ടാ ,എല്ലായിടത്തും തിരക്കൊന്നും കാണില്ല .."

അന്ന് ഞാൻ ആ നാട്ടിൽ പുതിയതാണ് . എവൻ ഏതു നാട്ടുകാരനെടെയ് എന്ന മട്ടിൽ കൃഷ്ണൻ  എന്നെ നോക്കി

"ഒരു രോഗിയെയും കൊണ്ട് പോയി നോക്കണം ,മുറി കിട്ടാൻ ഒരു ദിവസം കാത്തിരിക്കണം .."

"രവിശങ്കർ ഡോക്ടറെ അറിയുമോ "? (പേരു മാറ്റിയിട്ടുണ്ട് .കാര്യമുണ്ടോ എന്ന് അറിയില്ല. ഏതു പേരുമുള്ള ഒരു ഡോക്ടറെങ്കിലുമുണ്ട് )

"കേട്ടിട്ടുണ്ട് . പരിചയം ഇല്ല "

ഇടക്കെന്നെ വിളിക്കും .ഓരോ കാര്യങ്ങൾക്ക്...

ഇയ്യിടെ പുള്ളി കൽകട്ടയിലൊ മറ്റോ ഡോക്ടർമാരുടെ മീറ്റിങ്ങിനു പോയി വന്ന അന്ന് എന്നെ വിളിച്ചു. വല്ല ടാക്സ് അടക്കാൻ ആവുമെന്നാണ് ഞാൻ വിചാരിച്ചത്.


'' കൃഷ്ണാ, വാ വാ ..."

അവിടെ ചെന്നപ്പോൾ പുള്ളി പറഞ്ഞു.. ഞാൻ

ഇരുന്നതും ഉടനെ ഓടി ചെന്ന് കതക് അടച്ചു സൈഡിലുള്ള കട്ടിലിൽ കയറി ഒരൊറ്റ കിടപ്പ്... ഒരര മണിക്കൂർ .. പിന്നെ എണീറ്റ് മുഖം കഴുകി .. ഒരഞ്ഞൂറ് ഉറ്പ്യ പോക്കറ്റിലിട്ട്  തന്നിട്ട് പുള്ളി പറയുന്നു ..വേറെ വഴിയില്ലാഞ്ഞിട്ടില്ലാ  ... കണ്ണടഞ്ഞു പോയിട്ടാ .. ഇതാവുമ്പോൾ അകത്ത് രോഗി ഉണ്ട്. ആർക്കും പരാതി ഇല്ല.

ഞാൻ അതും വാങ്ങി പുറത്തിറങ്ങിയപ്പോൾ ഒരു ദീപാരാധനയ്ക്ക് ഒക്കെ നടയടക്കുമ്പോൾ തുറക്കാൻ ഗുരുവായൂരൊക്കെ കാത്തു നിൽക്കുന്നവരെ പ്പോലെ ആളുകൾ എന്നെ തുറിച്ചു നോക്കുന്നു." ഇത്തരം കഥകൾ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരുന്നു.


..ഒരിക്കൽ തിരക്കിട്ട് ആശുപത്രിയിൽ നിന്ന് പെട്ടെന്ന് ചെയ്തു തീർക്കേണ്ട ജോലികൾ തീർത്ത് ബാക്കി ഉളള ബയോപ്സി സ്ലൈഡുകൾ ഒരു  സ്ലൈഡ് ബോക്സിലാക്കി തിടുക്കത്തിൽ ഇറങ്ങിയ ഒരു ദിവസം..

പതിവ് പോലെ പുള്ളി വണ്ടിയുമായെത്തി.പെരിന്തൽമണ്ണ Kടrtc സ്റ്റാൻഡ് ആണ് ലക്ഷ്യം. വണ്ടിയിൽ കയറി ഞാൻ സ്ലൈഡ് ബോക്സ് എടുത്ത് പെട്ടെന്ന് റിപ്പോർട്ട് കൊടുക്കാമെന്നേറ്റിരുന്ന ഒരറബിയുടെ സ്ലൈഡ്  എടുത്തിട്ടുണ്ടോ എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി. അത്തരം കേസുകൾ നോക്കാൻ വീട്ടിൽ മൈക്രോസ്കോപ്പുണ്ട്. ചില്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് കൃഷ്ണൻ ഒന്നു  തിരിഞ്ഞു..

"നിങ്ങൾക്കെന്താ ശരിക്കും ജോലി. "

ഡോക്ടർ എന്നു പറഞ്ഞിട്ട് ഇയാടെ കൈയിൽ ആശാരിയുടെ കണക്ക് പെട്ടിയും ചില്ലു കഷ്ണങ്ങളും.. എന്ന മട്ട്

" ഈ ചില്ലിൽ രോഗം വന്ന ശരീരഭാഗങ്ങളുടെ നേർത്ത ഭാഗങ്ങളുണ്ട് . അതു മൈക്രോസ്കോപ്പിൽ നോക്കി  കാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടോന്നു പറയുക . അതാണ് പരിപാടി " മറ്റു പലതുമുണ്ട് ജോലിയെങ്കിലും കാൻസറിനെ പറ്റി പറഞ്ഞാൽ പൊതുവേ കൂടുതൽ ചോദ്യങ്ങൾ ജോലിയെക്കുറിച്ചുണ്ടാവാറില്ല

കൃഷ്ണൻ നിശ്ശബ്ദനായി. ചിന്തയിലാണ്ടു... ഓട്ടോ മുരണ്ടു കൊണ്ടോടി.  ചിന്തിച്ചത് പിന്നീടൊരവസരത്തിൽ അയാൾ പറഞ്ഞു.. പുളളിയുടെ അമ്മയ്ക്ക് കാൻസർ ആണ്.

" ഇങ്ങനെ പുകവലിച്ചാൽ ശ്വാസകോശത്തിൽ കാൻസർ വരുമെന്ന് അമ്മ പറഞ്ഞ് പറഞ്ഞ് ഞാൻ വലി നിർത്തി.. ഒടുക്കം ..
 പുകവലിക്കുന്നവർക്കല്ലേ ലൻഗ്സിൽ കാൻസർ വരുന്നത്?"

"അങ്ങനെ മാത്രമേ വരാവൂ എന്നൊന്നുമില്ല. പുകവലിക്കുന്ന വർക്ക് വരാൻ സാധ്യത വളരെ അധികമാണ്"

" അപ്പോൾ കാൻസർ വരാതിരിക്കാൻ എന്തു ചെയ്യണം"

 "കാൻസർ വരാതിരിക്കണമെന്നുറപ്പാക്കണമെങ്കിൽ.
ഒരു വഴിയേ ഉളളൂ.. ജനിക്കാതിരിക്കണം...''

അയാൾ ഒരു ചെറിയ ചിരി ചിരിച്ചു.

" നിങ്ങളെ പോലെ ഡോക്ടർമാർ ഇമ്മാതിരി ഡയലോഗുകൾ അടിക്കുമ്പോഴാണ് ആളുകൾ മനുഷ്യർക്ക് മനസ്സിലാവുന്ന രീതിയിൽ സംസാരിക്കുന്ന പച്ചമരുന്നുകാരുടെയും വൈദ്യന്റെയുമൊക്കെ അടുത്തു പോകുന്നത്.."

ഞാൻ ഒന്നു ഞെട്ടി. പണ്ടു പച്ചമരുന്നുകാരുടെയും വൈദ്യന്റെ യുമൊക്കെയടുത്ത് ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ച് ഉണ്ടായ തർക്കത്തിന്റെ ബാക്കി കൂടിയായിരുന്നു അതെങ്കിലും അതിൽ വാസ്തവുമെണ്ടന്ന് എനിക്കു തോന്നി.

അങ്ങാടിപ്പുറം പൂരത്തിന്റന്ന് വഴി മുഴുവൻ ബ്ലോക്ക് ആയി ഏതോ വഴിയൊക്കെ വണ്ടി വളച്ചു വിട്ടു.. .. എന്റെ റിപ്പോർട്ട് നോക്കിയിട്ട് കുഴപ്പമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്ന് കേട്ടതു മുതൽ അക്ഷമനായ ഒരു രോഗിയുടെ കുടുംബക്കാർ പത്തോളജിസ്റ്റ് എത്തിയോ എന്നു ചോദിച്ചു ചൂടായി തുടങ്ങുന്നു. " സാറെത്താറായില്ലെ എന്നു ചോദിച്ച് കൂടെ കൂടെ വിളി. .

വഴി ബ്ലോക്കാക്കി ദൈവത്തെ ആരാധിക്കുന്ന ദ്രോഹികളെ മനസ്സ് നിറയെ ശപിച്ചു കൊണ്ട് ഞാൻ വണ്ടിയിലിരുന്നു.

" നിങ്ങൾക്ക് ഈശ്വരവിശ്വാസവുമില്ലേ..?"

ഞാൻ മിണ്ടിയില്ല..

" അതിനൊരു വഴിയുണ്ട്. രണ്ടു മൂന്ന് ലോണെടുത്താൽ മതി. ഇതൊക്കെ എങ്ങനെ അടയ്ക്കും എന്നാലോചിക്കുമ്പോൾ തന്നെ വിശ്വാസം വരും. .. പലിശയും പലിശയുടെ പലിശയും കൂട്ടു പലിശയും ... ശൂലം കുത്തി കാവടി എടുക്കും.."

കാൻസറിനു താങ്ങാവുന്ന ചികിത്സ കിട്ടുന്ന സ്ഥാപനങ്ങളെ ക്കുറിച്ചായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ചർച്ച .


അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഫോൺ വന്നു. കൃഷ്ണേട്ടനാണ്.. ഞായറാഴ്ചയായിട്ട്., വീട്ടിലിരിക്കുമ്പോൾ ?

"ഒരത്യാവശ്യമുണ്ട്. നമ്മുടെ ഒരു ചങ്ങായിയും അച്ഛനും പഴനിക്ക് പോയതാണ്. വഴിയിൽ എവിടെയോ വെച്ച് റോഡ് മുറിച്ചു കടന്നപ്പോൾ ലോറി ഇടിച്ചു. വളരെ മോശമാണ്. രക്ഷയില്ല എന്നാണ് പറഞ്ഞത്. നല്ലൊരു ആംബുലൻസിൽ നാട്ടിൽ കൊണ്ടു വന്നാലോന്നാണ്. വിറ്റു പെറുക്കിട്ടായാലും ... "

ഞാൻ എന്തു വേണമെന്ന് എനിക്ക് മനസ്സിലായില്ല.

" ഒന്നും അറിയാത്ത ഒരു ചെക്കനാണ്. കല്യാണം കഴിഞ്ഞ് ആഴ്ച ഒന്നേ ആയുള്ളൂ. നിങ്ങൾ അവിടുത്തെ ഡോക്ടറോടൊന്നു സംസാരിച്ച് ഒന്ന് ശരിക്കും കാര്യം മനസ്സിലാക്കണം."

" ഞാൻ എന്തു സംസാരിക്കാൻ ... "

" ഒഴിവു പറയരുത്.. ഒന്നാമത് അന്യ സ്ഥലം ...ഒഴിവാക്കാൻ പറ്റാത്തത്ര വേണ്ടപെട്ട വനായിപ്പോയി... ഓൻ ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിച്ച് അവ്ടത്തെ ഡോക്ടറെ വിളിച്ചു തരും. നിങ്ങളൊന്നു സംസാരിക്കണം ... വേണേൽ ഒരാംബുലൻസിൽ ഇങ്ങോട്ടു കൊണ്ട്വരാം.. "

ഞാൻ ആകെ അസ്വസ്ഥനായി.  ക്ലിനിക്കൽ രംഗവും സജീവ ചികിൽസയും വിട്ടിട്ട് നാളേറെയായി. അല്ലെങ്കിൽ തന്നെ ഒരു ഡോക്ടറുടെ വിദഗ്ദ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ കാര്യത്തിൽ അലക്ഷ്യമായി ഇടപെടുന്നതു പരമ ബോറാണ്. എന്തായാലും  കാര്യം അന്വേഷിച്ചില്ല എന്നു വേണ്ട. .കുറച്ചു കഴിഞ്ഞ് ഫോൺ മുഴങ്ങി. ഡോക്ടർ അങ്ങേ തലക്കൽ വന്നു.' മിക്ക തമിഴന്മാരെയും പോലെ ആവശ്യത്തിൽ കവിഞ്ഞ ബഹുമാനം ശബ്ദത്തിൽ ...

ആശുപത്രിക്കടുത്ത് വെച്ചാണ്  അപകടമുണ്ടായത്. കൊണ്ടു വന്നപ്പോൾ  GCS 3 ആയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. ഇവർക്ക് അത് ഒരു രീതിയിലുംബോധ്യം വരുന്നില്ല. നാട്ടിലേക്ക്, തിരുവനന്തപുരത്തേക്കോ മറ്റോ കൊണ്ടു പോവണമെന്ന് പറയുന്നു. . ആംബുലൻസിൽ കൊണ്ടുപോകാമെന്നൊക്കെ പറയുന്നുണ്ട്.

(അബോധാവസ്ഥയിൽ ,പ്രത്യേകിച്ച് തലക്ക് ക്ഷതമേറ്റ ഒരാളെ കൊണ്ടു വരുമ്പോൾ  വിളിക്കുകയും ചെറിയ വേദന ഉണ്ടാകുന്ന രീതിയിൽ  ശരീരത്തിൽ അമർത്തുകയും മറ്റും ചെയ്യുമ്പോൾ മറുവാക്കുകൾ കൊണ്ടും ചലനങ്ങൾ കൊണ്ടുമുള്ള പ്രതികരണം, ഇമയനക്കം എന്നീ മൂന്നു ഘടകങ്ങൾ ചേർത്തുള്ള വിശകലന രീതിയാണ് ഗ്ലാസ്‌ഗോ കോമാ സ്കെയിൽ എന്ന GCS .. ഏറ്റവും പ്രതികരണ ശൂന്യമായ അഗാധമായ അബോധാവസ്ഥയാണ് 3 എന്ന സ്‌കോർ )


  I will try to explain to them.." എന്നു പറഞ്ഞു ..മകനാണെങ്കിൽ  ഏങ്ങലിടുന്നതല്ലാതെ ഒന്നും പറയുന്നുമില്ല.

ഞാൻ ഫോൺ വെച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണേട്ടൻ വിളിച്ചു.

" സംഗതിയൊക്കെ അന്വേഷിച്ചു. ആംബുലൻസൊക്കെ നമുക്ക് റെഡിയാക്കാം.... "

" അയാള് മരിച്ചു. .. ഇനി ബോഡി കൊണ്ടു വരാൻ എന്താ വഴിന്ന് നോക്ക്.. "

അൽപ നേരം മൗനം

"തിരുവനന്തപുരത്ത് മാർത്താണ്ഡൻ പിള്ള എന്നോ മറ്റോ ഒരു ഡോക്ടറുണ്ട്. ഇവിടെ കൊണ്ടുവരാം .. ശരിക്കു നോക്കിയിട്ടു... "

എന്റെ ക്ഷമ കെട്ടു തുടങ്ങി

" പുളളി പ്രശസ്തനാണ്, പ്രഗൽഭനാണ്, നേരിട്ടു പരിചയമില്ല .. ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ മരിച്ച ആളെ ജീവിപ്പിക്കാനൊന്നും പുള്ളിക്ക് പാങ്ങില്ല. നിങ്ങൾക്കാർക്കും എന്താണ്  കാര്യംമനസ്സിലാവാത്തത്!"

"അല്ല , എന്തോ ഒരു സ്റ്റേജ് 3 ആണെന്നു പറഞ്ഞു.. 0 അല്ലല്ലോ. നമുക്ക് ഒന്നു കൂടി... "

"എന്താന്ന് വെച്ചാൽ ചെയ്യ്...''

ഞാൻ ക്ഷമ കെട്ട് ഫോൺ വെച്ചു..

എന്ത് സ്റ്റേജ് ആണിവർ പറയുന്നത്. പിന്നെ സംഗതി കത്തി, GCS ..

പ്രതീക്ഷ കെടാതിരിക്കാനുള്ള എന്തെങ്കിലും പ്രതീക്ഷിക്കുക മനുഷ്യസഹജമല്ലേ. ഞാൻ ഒന്നു കൂടി തിരിച്ചു വിളിച്ചു. ഫോൺ ബിസി യായിരുന്നു.

പിറ്റേന്ന് മരിച്ചയാളുടെ ഫ്ലക്സ് അവിടവിടെ കണ്ടു..

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഡ്വൈസ് മെമ്മോയും താമസിക്കാതെ നിയമന ഉത്തരവും വന്നു. വലിയ ആശയക്കുഴപ്പമായി. ജീവിതം മധ്യവയസ്കോന്മുഖമായി കൊണ്ടിരിക്കുന്നു. . പണ്ടാരോ പറഞ്ഞത് ഒന്ന് വളച്ചൊടിച്ചാൽ ജീവിതം യൗവന മുക്തവും ഹൃദയം പ്രണയ ശുഷ്കവുമായി കൊണ്ടിരിക്കുന്ന കാലത്ത് സർക്കാർ ജോലി .... അസോസിയേറ്റ് പ്രഫസർ മൂത്ത് കാലാന്തരത്തിൽ പ്രഫസറാകാൻ മുടി നരക്കുമ്പോൾ വീണ്ടും എൻട്രി കേഡറായി... പണ്ടാണെങ്കിൽ പെൻഷനെങ്കിലുമുണ്ട് .. വേറെ പണിയില്ലേ എന്നായി കുറേ സുഹൃത്തുക്കൾ...

കുറെ ആലോചിച്ചു ചേരുവാൻ തീരുമാനിച്ചു.

ആ തിരക്കിൽ കൃഷ്ണനോടു യാത്ര പറയാനൊക്കെ വിട്ടു. രണ്ടു വർഷത്തോളം ഒട്ടു മിക്കപ്പോഴും എന്റെ ഔദ്യോഗിക  ഡ്രൈവറായിരുന്ന കൃഷ്ണനുമായുള്ള മൻ കീ ബാത് പരമ്പര അവസാനിച്ചു .


കുറെ തവണ ഞാൻ കൃഷ്ണനെ വിളിച്ചു. കിട്ടിയില്ല. . ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു.  മഞ്ചേരി മെഡിക്കൽ കോളേജിൽ ജീവിതം വേരിറങ്ങി തുടങ്ങി.അങ്ങനെ ഇരിക്കെ ഒരിക്കൽ കൃഷ്ണൻ  വിളിച്ചു.

"നിങ്ങളെവിടെയാ. ആസ്പത്രിയിൽ അന്വേഷിച്ചു .. ഇവിടുന്നു പോയെന്നു പറഞ്ഞു .. "

ഞാൻ കാര്യങ്ങൾ വിശദീകരിച്ചു.

" കൃഷ്ണേട്ടൻ എവിടെയായിരുന്നു.. കുറെ പ്രാവശ്യം വിളിച്ചു.. "

" എനിക്ക് ഒന്നു വിട്ടു നിൽക്കേണ്ടി വന്നു.. അമ്മ പോയി. ലോണിന്റെ ഒന്നും ആവശ്യം വന്നില്ല.. ''

കൃഷ്ണന്റെ  മറ്റു കുടുംബാഗങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്തെങ്കിലും ചോദിക്കണ്ടേ?

" ശരി, ഇടയ്ക്ക് വല്ലപ്പോഴും വിളിക്കാം"

കൃഷ്ണേട്ടൻ വെക്കാൻ തുടങ്ങി

"ഒരു കാര്യം കൂടി ..

 സർക്കാരാസ്പത്രിയിൽ ചേർന്നല്ലേ? അത്  നന്നായി... "

Saturday, March 5, 2016

"മലയാള സിനിമയുടെ ദിശ തിരിച്ചു വിട്ട
സംവിധായകനാണ്..പറഞ്ഞിട്ടെന്താ കാര്യം - ചെറുപ്പത്തിലേ മരിച്ചു പോയി"

"കരൾ അടിച്ചു പോയി. സിറോസിസ് ആയിരുന്നു... "
''ഇത്ര ചെറുപ്പത്തിലേ? ... വെള്ളം അല്ലാതെന്താ? എവൻമാരൊക്കെ ഒടുക്കത്തെ വെള്ളമാണ്..."

ഈയ്യിടെ ബസ്സിൽ ഇരിക്കുമ്പോൾ കേട്ട ഒരു സംഭാഷണ ശകലം ആണ്. ഒരു മുൻവിധിയും ഒരു തെറ്റിധാരണയും ഈ സംഭാഷണത്തിൽ അടങ്ങിയിട്ടുണ്ട്. എല്ലാ സിനിമാക്കാരും വെള്ളമടി ടീമുകളാണെന്ന മുൻ വിധി... ഇത്തരം മുൻവിധികളോടെ പ്രതിഭാധനരായ കലാകാരന്മാരെ നാം വിലയിരുത്തി തുലപ്പിച്ചു കളയരുത്!

നമ്മുടെ വിഷയം പക്ഷേ മറ്റൊന്നാണ്...

മലയാള സിനിമയിൽ മാറ്റത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച സംവിധായകന്റെ മരണം മദ്യേതരമായ (Non alcoholic) കരൾ രോഗം മൂലമാണ് എന്നാണ് മാധ്യമവാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. സിറോസിസ് പോലുള്ള കരൾ രോഗങ്ങൾക്ക് മദ്യം മാത്രമേ കാരണമാകുന്നുള്ളൂ എന്ന ധാരണ വാസ്തവ വിരുദ്ധമാണ്. മദ്യേതരമായ ഘടകങ്ങൾ കരളിനു ക്ഷതമേൽപ്പിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇത്തരം രോഗാവസ്ഥ വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതും...
മദ്യം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വൈറൽ അണുബാധകൾ എന്നിവയെയാണ് കരളിന് സാരമോ സ്ഥായിയോ ആയ ക്ഷതമേൽപ്പിക്കുന്ന(chronic liver disease) പ്രധാന വില്ലൻമാരായി കണക്കാക്കിയാരുന്നതെങ്കിൽ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് മദ്യേതര കരൾ രോഗങ്ങൾ. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Diseaseഎന്നു വിളിക്കുന്നു.

NASH (Non Alcoholic Steatohepatitis) എങ്ങനെ നാശമുണ്ടാക്കുന്നു:
കരളിൽ കൊഴുപ്പ് കണങ്ങൾ ( Fat droplets) അടിഞ്ഞു കൂടുകയാണ് ഈ രോഗാവസ്ഥയുടെ ആദ്യ ഘട്ടം. ഇന്ന് സാർവത്രികമായി ,നല്ലൊരു ശതമാനം ,പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിലെ  പുരുഷന്മാരുടെ കരളുകളിലും ഇത്   കാണുന്നുണ്ട്.ആരോഗ്യമുള്ള കരളിൽ കൊഴുപ്പിന്റെ സാന്നിധ്യം  തീർത്തും കുറവായിരിക്കും. Fatty change (steatosis)എന്ന് പറയപ്പെടുന്ന ഈ അവസ്ഥ സാധാരണ പ്രത്യേകിച്ച് യാതൊരു രോഗലക്ഷണങ്ങളുമുണ്ടാക്കാറില്ല. സ്കാനിങ്ങ് പോലുള്ള പരിശോധനകളിലാണ് ഇത് പലപ്പോഴും തിരിച്ചറിയുന്നത്. താരതമ്യേന അപകടം കുറഞ്ഞതാണ് ഈ അവസ്ഥയെങ്കിലും കരളിന് ഇനിയും ക്ഷതം തുടർന്നാൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കും എന്ന സൂചന അത് നൽകുന്നുണ്ട്.
 ( കൂട്ടത്തിൽ പറയട്ടെ , അസാമാന്യമായ പുനരുജ്ജീവന ശേഷിയുള്ള ഒരു അവയവമാണ് കരൾ .)
അടുത്ത ഘട്ടത്തിൽ ,ഈ രോഗാവസ്ഥ ഏറെ നാൾ തുടർന്നാൽ കുറച്ചു പേരിലെങ്കിലും കരളിന് ക്ഷതം സംഭവിച്ചു തുടങ്ങുന്നു. വീക്ക ത്തോടൊപ്പം ചെറിയ രീതിയിൽ വടുക്കൾ കരളിൽ നാരുകളായി പ്രത്യക്ഷപ്പെടാനും അത് ക്രമേണ കരളിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുവാനാരംഭിക്കുകയും ചെയ്യുന്നു. ഇതിനെ steatohepatitis എന്നു വിളിക്കുന്നു


രോഗാവസ്ഥ കൂടുതൽ മൂർചിച്ചാൽ കരൾ, മുഴുവൻ വടുക്കൾ നിറഞ്ഞ   പ്രവർത്തനശേഷി നഷ്ടപ്പെട്ട ശോഷിച്ച  ഒരു അവയവമായി പരിണമിക്കുന്നു. പലപ്പോഴും ഇത് വർഷങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്  മറ്റേത് കാരണം കൊണ്ടെന്നതു പോലെ കരളിന്റെ ഈ മൂർച്ഛിത രോഗാവസ്ഥയെ സിറോസിസ് (cirrhosis )എന്ന് വിളിക്കുന്നു
.
ആർക്കൊക്കെ കരൾരോഗ സാധ്യത?
 കരൾരോഗം സാർവ്വത്രികമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഉടൻ വൈദ്യോപദേശം തേടണം എന്ന  ഭീതി (Panic) പരത്തുക അല്ല ഇവിടെ വിവക്ഷികുന്നത്.. (മദ്യപിക്കാതിരുന്നിട്ട് പ്രയോജനമൊന്നുമില്ല. എന്തായാലും കരൾ രോഗം വരും ,അല്ലേ ...? ഇതാണ് ഒരു സുഹൃത്ത് ഈ വിഷയം ചർച്ച ചെയ്തപ്പോൾ പറഞ്ഞത് .. വ്യാഖ്യാനവും വ്യാഖ്യാനനിർമ്മാണവും നമുക്ക് ഇപ്പോൾ പ്രിയങ്കരമാണല്ലോ!) താരതമ്യേനെ അടുത്ത കാലത്ത് കൂടുതൽ പഠനവിധേയമാക്കപെട്ട ഈ രോഗാവസ്ഥ  പ്രതീക്ഷച്ചതിലും അധികം വ്യാപകമാണെന്നും വര്ദ്ധിച്ചു വരുകയാണെന്നും തിരിച്ചറിയുകയായിരുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങൾ, നഗരവൽക്കരണവും അതിന്റെ ശീലങ്ങളും വ്യാപകമായത് ,വ്യായാമവിമുഖമായ ജീവിത രീതികൾ, ഭക്ഷണസ്വഭാവത്തിലുണ്ടായ വ്യതാസങ്ങൾ  എന്നിവയെല്ലാമാണ് ഇതിനു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്
പാരമ്പര്യ ഘടകങ്ങൾ ,ഭക്ഷണ രീതി, ജീവിത ശൈലി എന്നീ മൂന്നു ഘടകങ്ങളാണ് ഇവിടെ പ്രധാനം. ആദ്യത്തെ ഘടകത്തിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ മറ്റു രണ്ടു ഘടകങ്ങൾ ഇവിടെ ചർച്ച ചെയ്യാം.തൂക്ക കൂടുതൽ ,പ്രമേഹം, രക്തസമ്മർദം, അമിതമായ കൊളസ്ട്രോൾ (വിശേഷിച്ച് ദോഷകരമായ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് ) എന്നിങ്ങനെ  ജീവിതശൈലീ രോഗങ്ങൾ സന്ധിക്കുന്ന ഒരു രോഗസമുച്ചയം ..
ഇതിനെ ഇപ്പോൾ  മെറ്റബോളിക് സിൻഡ്രോം എന്നു വിളിക്കുന്നു. മദ്യേതര കരൾ രോഗങ്ങൾക്ക് ഇവയുമായി അടുത്ത ബന്ധമാണുള്ളത് എന്നതിനേക്കാൾ ശരി അതിന്റെ ഭാഗം തന്നെയാണ് എന്നുള്ളതാണ്
ശാരീരിക അധ്വാനം കുറവുള്ള ആയാസരഹിതമായ ജീവിത ശൈലി, വ്യായാമത്തോടുള്ള വൈമുഖ്യം, പൊണ്ണത്തടി ,സമ്മർദ ഭരിതമായ ജീവിതം എന്നിവ ഈ രോഗാവസ്ഥകൾക്ക് കടന്നാക്രമിക്കാൻ വഴി വെട്ടുന്നു.
പഞ്ചസാരയടക്കമുള്ള ഊർജ സ്രോതസ്സുകളുടെ യുക്തിപൂർണ്ണമായ വിനിയോഗത്തിന് അത്യന്താപേക്ഷിതമായ ഇൻസുലിന്റെ പ്രവർത്തനങ്ങളോട് കോശങ്ങൾ പ്രതികരിക്കാത്ത  ഇൻസുലിൻ നിസ്സംഗത (insulin resistance ) ആണ് ഇതിന്റെ മൂലകാരണം ആയി പഠനങ്ങളിൽ തെളിഞ്ഞു കാണുന്നത്. ഇതിൽ നല്ലൊരു ശതമാനം ആളുകൾക്കും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും ഉയർന്ന സാധ്യതയുണ്ട്. കൂടാതെ പക്ഷാഘാതം (stroke)പോലുള്ള രോഗങ്ങളും ഇവരിൽ കൂടുതലായി കാണപ്പെടുന്നു

എങ്ങനെ പ്രതിരോധിക്കാം

ഇയ്യിടെ ഞാൻ പഠിപ്പിച്ചിരുന്ന മെഡിസിൻ അവസാന വർഷം ചെയ്യുന്ന  വിദ്യാർത്ഥിയെ  ഒരു ഹെർണിയ സർജറിക്ക് വിധേയനാക്കുന്നതിന് മുമ്പ് സ്കാൻ ചെയ്യുകയും മറ്റു പരിശോധനകൾ നടത്തുകയും ചെയ്തപ്പോൾ കരളിൽ സാമാന്യം നല്ല രീതിയിൽ കൊഴുപ്പടിയുകയും ( Fatty change) , കരളിനു ക്ഷതം സംഭവിക്കുന്നു എന്ന് സൂചന തരുന്ന രക്ത പരിശോധനകളിൽ ലിവർ എൻസൈമുകൾ ചെറിയ തോതിൽ  ഉയർന്നതായും കണ്ടു. "ചെറുപ്പത്തിലേ എന്താ ഇങ്ങനെ? ഇവന് മദ്യപാനവും കൂട്ടുകെട്ടുമൊന്നുമില്ല. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോലും പോവാറില്ല. " എന്നൊക്കെയായി അമ്മ.. ഇത് ഇന്ന് വളരെ സാധാരണമായി കൊണ്ടിരിക്കുന്നു. മിക്ക കരൾ രോഗങ്ങളും ഈ രീതിയിൽ കൃത്യവും ശ്രദ്ധ ക്ഷണിക്കുന്നതുമായ ലക്ഷണങ്ങൾ ഇല്ലാതെയാണ് ആരംഭിക്കുന്നത് .സ്കാനിങ്ങ് പോലുള്ള പരിശോധനകളിലും ലിവർ എൻസൈമുകൾ പരിധി വിട്ടു ഉയരാൻതുടങ്ങുന്നതും ആണ്  പലപ്പോഴും ആകെയുളള ആദ്യ സൂചനകൾ.
 




വൈകിട്ടെന്താ പരിപാടി.?

മുകളിൽ പറഞ്ഞ ചെറുപ്പക്കാരന്റെ അമ്മ മകൻ കൂട്ടുകാരോടൊത്തു കളിക്കാൻ പോകുന്ന ദുശ്ശീലം പോലും മകനില്ല എന്ന് അഭിമാനത്തോടെ പറയുമ്പോൾ അതു തന്നെ ഒരു ദുശ്ശീലം ആണെന്നാദ്യം നമ്മൾ തിരിച്ചറിയണം. വ്യായാമം  അടക്കമുള്ള ജീവിത ശൈലീ പരിഷ്ക്കരണങ്ങളും ഭക്ഷണ രീതിയിൽ ഉള്ള കരുതലും ആണ് ഇവിടെ ഏറ്റവും പ്രധാനം.
മിതമായതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം  അകത്താക്കുക എന്ന നിഷ്കർഷയുള്ള  ഭക്ഷണചര്യ ജീവിതത്തിന്റെ ഭാഗമാക്കുക. കൊഴുപ്പു കൂടിയ ഭക്ഷണം കുറയ്ക്കുക . വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങളുടെ അമിതോപയോഗം വ്യാപകമാണ് എന്ന് പറയേണ്ടതില്ലല്ലോ. ധാന്യങ്ങൾ , പച്ചക്കറികൾ ,ഫലസസ്യങ്ങൾ എന്നിവയ്ക്ക്  പ്രാധാന്യം കൊടുത്തുള്ള സമീകൃതാഹാരം പ്രധാനമാണ്.ചില പഠനങ്ങൾ മാംസഭക്ഷണത്തിന്റെ അതിപ്രസരവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിതോപഭോഗവും അപകടരമായ രോഗകാരികളായി എടുത്തു പറയുന്നുണ്ട്. ധാരാളം പറയുകയും കേൾക്കുകയും എളുപ്പമെന്ന് തോന്നുകയും ചെയ്യുന്ന കാര്യമാണിതെങ്കിലും മിക്കവർക്കും അവനവന്റെ കാര്യത്തിൽ പ്രാബല്യത്തിൽ വരുത്താൻ വളരെ ദുഷ്കരമായ ഒരു കാര്യമായാണ് ഇത് കണ്ട് വരുന്നത്

 വ്യായാമമാണ്  മറ്റൊരു പ്രധാന ജീവിതശൈലീ പരിഷ്ക്കരണം .പ്രത്യേകിച്ച് ആയാസമില്ലാതെ അധിക സമയവും ഇരുന്ന് ചെയ്യുന്ന ജോലികളാണ് ഇന്ന്  പലവർക്കും. കേരളത്തിലെ ജനസംഖ്യയിൽ  25 മുതൽ 30% വരെ അമിതശരീരഭാരവും പൊണ്ണതടിയും ഉള്ളവരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത് ,കുട്ടികളിൽ ഈ അനാരോഗ്യകരമായ പ്രവണത വർധിച്ചു വരുകയും ചെയ്യുന്നു.പൊണ്ണത്തടിയും ദുർമേദസും മറികടന്ന് തൂക്കം നിയന്ത്രിക്കുന്നതിനു വ്യായാമം  പ്രധാനമാണ്.  പൊക്കത്തിനു ആനുപാതികമാണോ തൂക്കം എന്ന് തട്ടിച്ചു നോക്കാൻ ഉപയോഗിക്കുന്ന Body Mass Index, അരവണ്ണം എന്നിവ  ഉപയോഗിച്ച് ശരീരഭാരം ആരോഗ്യകരമായ പരിധിക്കുള്ളിലാണോ എന്നു സ്വയം പരിശോധിച്ച് ആവശ്യമെങ്കിൽ ഭാരം കുറയ്ക്കാവുനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കാവുന്നതാണ്. ഇതെല്ലാം അനായാസം കണക്കാക്കാനും മറ്റും സഹായിക്കുന്ന ആപ്പുകൾ ഇന്ന് ഫോണുകളിലും മറ്റും ലഭ്യമാണ് പ്രമേഹം, അമിതമായ ദുഷിച്ച കൊളസ്ട്രോൾ (LDL cholesterol) , ട്രൈഗ്ലിസറൈഡുകൾ എന്നിവ ജീവിത ശൈലി പരിഷ്കരിച്ചും വേണ്ടി വന്നാൽ വൈദ്യ സഹായത്തോടെ മരുന്നുകൾ ഉപയോഗിച്ചും വരുതിയിലാക്കുക എന്നതും പ്രധാനമാണ്.

ചുരുക്കത്തിൽ മൂന്നു  കാര്യങ്ങളാണ് ഇവിടെ എടുത്ത് പറയേണ്ടത്
1. മദ്യേതരകരൾരോഗം ഒരു ജീവിത ശൈലീ രോഗമാണ്
2. കരൾ രോഗങ്ങൾ കൂടാതെ ഹൃദയരോഗങ്ങൾ ,പക്ഷാഘാതം എന്നീ രോഗങ്ങൾക്കും ഇവർക്ക് സാധ്യതയുണ്ട്
3.ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണരീതി ,വ്യായാമം ,ശരീര ഭാരം നിയന്ത്രിക്കുക എന്നിവയാണ് 
പ്രായോഗികമായ മാർഗങ്ങൾ

വൈകിട്ടെന്താ പരിപാടി എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്
ചിട്ടയായ വ്യായാമം ,പിന്നെ മിതമായ ഭക്ഷണം



മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...