Tuesday, April 26, 2016

വെട്ടാ... പിടിയാ















പകൽ മൂക്കുമ്പോഴേക്ക്
ഫ്ലാറ്റുകളിൽ  എല്ലാരും ഒഴിയും..
അധികനാൾ മുമ്പല്ലാതെ പിറന്ന കുഞ്ഞുങ്ങൾ ബാക്കിയാവും
അവരെ നോക്കുന്ന ചേച്ചിമാരുടെ
 ലോകം പിറക്കും..
അവർ ഉച്ചകോടികൾ നടത്തി
പ്രമേയങ്ങൾ പാസാക്കിയെടുക്കും









മധ്യവേനൽ കനക്കുമ്പോൾ
അവരുടെ  കുട്ടികൾ അവിടെയെത്തും
ഒരു പനിച്ചൂടിൽ അവധിക്ക് പറഞ്ഞ്
ഫോൺ ആ ജനൽ പടിയിൽ വെച്ച്
ചുക്കു കട്ടന്റെ പുറത്താറി കിടന്ന്
കർട്ടൻ നീക്കി നോക്കിയാൽ അവരെ കാണാം..
















നട്ടുച്ച കിറുക്കിന്റെ വേഗത്തിൽ
സൈക്കിളിൽ വരുന്ന സച്ചിൻ ,
മുൻ വീലു പൊക്കി അഭ്യാസം കാട്ടി
മോദം പെരുക്കുന്നതും..
ഉരുളൻ മിനുസ കറുത്ത കല്ലുകൾ
പല മുഴുപ്പിൽ പല  തലത്തിൽ പറക്കാൻ  പല കനത്തിന്റെ പാകത്തിൽ
നിറച്ച പെട്ടിയുമായെത്തുന്ന കുട്ടൻ
സ്റ്റെയർകേസ് താഴത്തെ കുഴിയാന തൂർത്ത പൂഴിയിൽ ഇരിക്കുന്നതും..
പിന്നെ കട കളിക്കുന്ന മീനു ,മകളുടെ കൂട്ടുകാരി ..
പലർ.. പുകിൽ.. അവരുടെ പകൽപൂരം

ബുധനാഴ്ചകളിൽ യൂണിഫോം  ഇടാൻ
ഇണ്ടാസ് വന്നതിൽ പിന്നെ
എല്ലാ ബുധനാഴ്ചയും അമ്മക്ക് പകരം
തീപ്പെട്ടി കമ്പനിയിൽ പോകുന്ന ഹരി..
തൈറോയ്ഡ് സ്കാൻ ചെയ്യാൻ കടം വാങ്ങി
മുങ്ങിയ അച്ഛനെ കുറിച്ച് ചോദിച്ചാൽ,
പൂരക്കാലമല്ലേ,
കാണാൻ കിട്ടില്ലെന്നവൻ പറയും..
വളയും പൊട്ടും വിറ്റ് കടലപ്പൊതിയുമായി
അച്ഛൻ വരുമ്പോൾ
വളപ്പൊട്ടിൻ നിറത്തിൽ (ഇത്തിരി കറുപ്പ് കൂടിയ സൈസ്)പൊട്ടി ചിരിക്കും !
ഇന്നാള് കണ്ടപ്പോൾ പുള്ളിയും ചിരിച്ചു
വള വേണ്ടൊരുത്തനും സാറേ
ഇപ്പോൾ കൊച്ചു ഭീമന്റെ ,വിരൽ വിട്ടാൽ
പൊങ്ങി പറക്കുന്ന ഭീമൻ ബലൂൺ മതി എല്ലാർക്കും ,എന്നൊരു പൊട്ടിച്ചിരി.









കിട്ടിയതിൽ പാതി ഭണ്ഡാരത്തിലിട്ടു
ബാക്കി പാതി waylord ബാറിലും
(അന്ന് ബാറ് നിരോധിച്ചിട്ടില്ല;
മദ്യപാനിയുടെ കരൾ പാറ പോലെയാണെന്ന് ഒരു സിനിമയിലും കാണിക്കുന്നുമില്ല! )
കടലപ്പൊതിയിൽ കടലോളം ആഹ്ലാദം.

കുട്ടൻ കല്ലിൻ പെട്ടി തുറക്കുന്നു,
അസ്ഥി ഉണങ്ങുന്ന വേനൽ പരപ്പിൽ
കല്ല് വായുവിലോളം വെട്ടുന്നു..
കളിയല്ലത് ,കല തന്നെ
കല്ലൊന്ന് ലാക്കിൽ കറക്കത്തിൽ പൊക്കി
വെട്ടാ പിടിയാ എന്ന് കാണികൾ ചോദിക്കുമ്പോൾ
വെട്ടെന്ന് ചൊല്ലി നിമിഷമൊഴിയും മുമ്പ്
കൈയടക്കത്തിൽ കാറ്റു വെട്ടുമ്പോലെ
കല്ലു തെറ്റി തെറിക്കുന്ന മന്ത്രവിദ്യ

വെട്ടാ പിടിയാ കളി മുറുകുന്നു..
വെട്ടിപ്പിടിക്കുവാൻ ഓട്ടം കിതക്കാതെ ,
താപം കെടുത്തുവാൻ
ഗുളിക വിഴുങ്ങി
വിയർത്താറി ശമിക്കുവാൻ..
കാലത്ത് പാസഞ്ചർ പിടിച്ച്കളം പിടിക്കാൻ കാത്ത് കിടക്കാം

വെട്ടാ... പിടിയാ !






( പടങ്ങൾ - താനൂർ കടപ്പുറം, ജയ്പൂർ കാഴ്ചകൾ, മുളങ്കന്നത്ത് കാവ്  സ്റ്റേഷൻ )

Monday, April 18, 2016


തർക്കം മുറുകുന്നു. വയോധികനായ ജ്ഞാനി ഇരിപ്പിടത്തിൽ നിന്നും അമർന്നുയരുന്നു

"അല്ല മനോഹരാ -... നിങ്ങൾ പറഞ്ഞ ഈ നിയമം കൊണ്ടു വന്നത് നെഹ്രു തന്നെ അല്ലേ... "
നെഞ്ചിൻ കൂടുയരുന്നു .. താഴുന്നു  ശ്വാസം ത്വരിതം. വിയർപ്പു മണികൾ ഉരുണ്ടു മറിയുന്നു ...
ഗുളിക .. ഗുളിക എന്നു പറഞ്ഞ് പിന്നീട് പിന്നോട്ട് മലയ്ക്കുന്നു .. നെഞ്ചു തടവി വീണ അച്ചച്ചന് നാവിനടിയിൽ വെക്കുന്ന ഗുളികയ്ക്ക് വീട്ടിലേക്ക് ഒരു സൈക്കിളിൽ ബാലൻമാർ പായുന്നു. കാലവും ഒരിത്തിരി പിറകോട്ടു പായേണ്ടി വരും അവിടെത്താൻ .അതൊക്കെ ഒരു കാലം എന്ന മുട്ടൻ നെടുവീർപ്പ് ലൈൻ വിടാം ...ഓഫ് ലൈൻ ആയിരുന്ന ജീവിതത്തിലെ ചായക്കട  ചർച്ചകളിൽ നിന്ന് വികസിച്ച് ഇന്നത്തെ വാട്ട്സ് ആപ്പ് ,ഫെയ്സ് ബുക്ക് സംവാദസംഭാഷണത്വരകളിൽ എത്തുമ്പോൾ മനസ്സിലായതും മനസ്സിലായതുമായ ചില ഉപരിപ്ലവമായ കാര്യങ്ങൾ പങ്കു വെക്കുന്നു.

 നീ പയറിന്റെ കാര്യം ചോദിക്കാത്തതെന്ത് ശൈലി 

അരിയെത്രയ്ക്ക് പയറഞ്ഞാഴി എന്ന മറുമൊഴിക് പകരം അരിയെത്ര എന്ന് ചോദിച്ചാൽ നീ പയറിന്റെ കാര്യം ചോദിക്കാത്തതെന്ത് എന്ന ആരോ സ്ഥാപിച്ച സ്കൂൾ ഓഫ് തർക്കം ഇപ്പോൾ പടർന്നു പന്തലിച്ച് സർവ്വകലാശാലയായി

ഉദാ:- 1.ഏകഛത്രാപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വെറും ആനയാണ് എന്ന് നീ പറഞ്ഞില്ലേ ,ഗതികേട് കൊണ്ട് തിടമ്പേറ്റുന്ന അതിനെ കാട്ടിലേക്ക് തിരിച്ചു വിടണം എന്ന് പറയുന്ന നീ ആടിനെയും മാടിനെയും കൊന്നു തിന്നുമ്പോൾ എവിടെ പോയി മൃഗ സ്നേഹം?

 2. കുതിരയുടെ കാല്  MLA  തല്ലി ഒടിക്കുമ്പോൾ  കരയുന്നവനൊന്നും ബീഫ് നിരോധിച്ചാൽ സഹിക്കില്ല.. ഇതാണോ സർ, വൈരുദ്ധ്യാത്മിക വാദം?

പല്ലി പ്രാണിയെ തിന്നുന്നതും മനുഷ്യൻ മിശ്രഭുക്കാവുന്നതും പ്രകൃത്യാ ഉള്ളതും പരിണാമ വശാൽ സിദ്ധിച്ചതുമായ ഭക്ഷണ രീതികളിലൂടെ ജീവൻ നിലനിർത്താൻ  ചെയ്യുന്നതാണ് .ഇനി   ആടിനെയും മാടിനെയും വെച്ചും പൊരിച്ചും തിന്നുന്നതും,കെട്ടിയിട്ട്  ദേഷ്യം തീരുവോളം  പത്തലു വച്ചു അതിന്റെ കാല് തല്ലി ഒടിക്കുന്നതും ഒരേ കണക്കാണോ (അതും നിയമം നിർമിക്കുന്ന സഭയിലെ മഹനീയ വ്യക്തിത്വം!) ..
ദാ വരുന്നു വീണ്ടും ചോദ്യം

ശരി അപ്പോൾ  പണ്ടു സഖാക്കൾ വൈരം തീർക്കാൻ പാമ്പുകളെ ചുട്ടു കൊന്നതോ?

ബലേ ഭേഷ് എന്നു പറഞ്ഞില്ലല്ലോ .. അന്നെനിക്ക് അഭിപ്രായ വിസർജനം നടത്താൻ ഈ ഭിത്തിയുണ്ടായിരുന്നില്ല ...

ചോദ്യം വീണ്ടും...

പിന്നെ ഇതിലൂടെ അഭിപ്രായം പറഞ്ഞാൽ വിപ്ലവം വരുമല്ലോ?
വിപ്ലവം വരും എല്ലാം ശരിയാകും എന്നു പറയുന്നത് അവൻ വരുന്നു ,വിശ്വസിച്ച് ആരാധിപ്പിൻ എന്നാരോ പറഞ്ഞ നാൾ കണക്കല്ലേ.. ഇതിലൂടെയായാലും എതിലൂടെയാലും ... അഭിപ്രായം പറഞ്ഞ് അതിനെ എത്തിക്കാനൊക്കുമോ ..

മറുചോദ്യങ്ങൾ മുറക്ക് ഇനിയും വരും..


ഇതെഴുതുന്നവന്റെ സകൂൾ ദിനങ്ങളിൽ കരുണാകരനോട് EMS
ന്റെ പത്തു ചോദ്യങ്ങൾ ,തിരിച്ചു EMS ന്റെ കരുണാകരനോടുള്ള പത്തു ചോദ്യങ്ങൾ എന്നിങ്ങനെ തുടരൻ സാധനം പത്രത്തിൽ വരുമായിരുന്നു. തർക്ക - കത്തിയടി - ചായക്കട ചർച്ചാലോകവും ശീലങ്ങളും ഏറെ   മാറിയെങ്കിലും അൽപമെങ്കിലും സത്യം വായിക്കണമെങ്കിൽ ചരമ കോളത്തിന്റെ പായ നോക്കണമെന്ന ആ പത്രത്തിന്റെ ശീലവും( അതറിഞ്ഞു കൊണ്ട് തന്നെ നിത്യേന അത് വായിക്കുന്ന നമ്മുടെ ശീലവും ) നിർബാധം തുടരുന്നു.. അതല്ലല്ലോ വിഷയം

അപ്പോൾ അതിങ്ങനെ ഉപസംഹരിക്കാം.. .(പോ= പോസ്റ്റർ .പോസ്റ്റിടുന്നവൻ , പ്ര=  പ്രതികരണകാരി )

പോ-അൽപ്പം കൂടി സുരക്ഷയോടെയും ആനകളുടെ എണ്ണത്തിൽ നിയന്ത്രണം പുലർത്തിയും പൂരം നടത്തിക്കൂടെ.. ഈ വർഷം അതൊഴിവാക്കുന്നതായിരുന്നു ഔചിത്യം
പ്ര- എല്ലാം നിർത്താം .. ചുംബന സമരം മാത്രം മതി എന്തേ ?
പോ- ചുംബന സമരമോ, അതിവിടെ എന്റെ വിഷയമേ അല്ലല്ലോ

നീ ഞാൻ പറയുന്ന വിഷയം  വേണം ചർച ചെയ്യാൻ ... അത് തീർത്തേച്ചു മതി ബാക്കി.. കല്യാണക്കത്ത് കാണിച്ചിട്ട് ചോറു മുഴുവൻ തിന്നിട്ട് പോയാൽ മതി എന്ന പോഞ്ഞിക്കര ലൈൻ പോലെ...

പോസ്റ്ററുണ്ടോ സഖാവേ കുറച്ചു മൈദയെടുക്കാൻ ..

പോസ്റ്റർ ഒട്ടിച്ചുള്ള
 വ്യവഹാരം മാത്രമേ ചിലർക്ക് വശമുള്ളൂ..
പാസ്റ്ററിട്ട ദൈന്യം നിറഞ്ഞ ജീവിതദുരന്ത പടത്തിനു ചോട്ടിൽ  ആമേൻ ചൊല്ലൽ പോസ്റ്റർ മുതൽ പല തരമാണ് പോസ്റ്ററുകൾ

1. വിജൃംഭന കഞ്ചുകമണിയിക്കൽ

ഉദാ:-മഹത്വം മനസ്സിലാകാത്തവർക്
(സചിത്രം)
അരക്കില്ലം കത്തിച്ചപ്പോൾ ഭീമൻ നകുല സഹദേവന്മാരെ ഇരു തോളുകളിലേറ്റി ഒരു തുരങ്കത്തിലൂടെ ഭൂമിയുടെ മറുഭാഗത്തെത്തി. ക്ഷീണിതനായ വൃകോദരൻ കുന്തിയോട് അമ്മേ, ഇരിക്ക എന്ന് പറഞ്ഞ് ഇരുന്നു. ആ കര പിന്നീട് അമേരിക്കയായി - കുഞ്ഞികൃഷ്ണമാരാർ, ലോകദർശനം
( സ്ഥലകാല ബന്ധങ്ങളെ കുറിച്ചും അടിസ്ഥാന ചരിത്രബോധത്തെ  കുറിച്ചുമുള്ള  ധാരണകളെ കൊഞ്ഞനം കുത്തുന്നതും മുണ്ടു പൊക്കി കാണിക്കുന്നതുമായ
 പോസ്റ്റുകൾക്കാണേലും റവറൻസ് തോന്നണേൽ റഫൻസ് മസ്റ്റാണ് )

2. സാറേ, സാറാണ് സാറേ സാറ്
മുഖ്യമന്ത്രിയായിട്ടും, ജൗളിക്കടയിലേക്ക് ഈ വരുന്ന എൻറെ മോൾ വശം വേണ്ടതു കൊടുക്കൂ ,ശമ്പളം കിട്ടുമ്പോൾ വീട്ടിക്കോളാം എന്ന് അപേക്ഷിച്ച് കത്തെഴുതിയ മുഖ്യമന്ത്രി.. ഇങ്ങനെയും ഉണ്ടായിരുന്നു നമുക്ക്  മുഖ്യമന്ത്രി  തല കെട്ടിൽ മുതൽ.. മുഖ്യമന്ത്രി സംഭവം മുതൽ തിരയുള്ള പുഴയിൽ ചങ്കൂറ്റം മാത്രം കൊണ്ട് മുതലയെ കീഴടക്കിയ ബാലൻ രാഷ്ട്ര ശിൽപിയായ സംഭവാമി യുഗേ യുഗേ വരെയുള്ള
ചിത്രകഥകൾ ഈ പരമ്പരയിൽ കാണാം

3 .ഗോഡ് ഫാൻസ്  ഐക്യദാർഢ്യ പോസ്റ്ററുകൾ..

നെരിയാണിയ്ക്കു കീഴെ വസ്ത്രം ധരിക്കുന്നവന്റെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല. .. ഈ ഭൂമിയിൽ ജീവനുള്ളതും ഇല്ലാത്തതും സചേതതനവും അചേതനവും ആയ ജീവികളും വസ്തുക്കളും ഹിന്ദു മതത്തിൽ പെടുന്നു തുടങ്ങിയ ടൈപ്പ്: ..
നിത്യജീവിതത്തിൽ  ആടയും പൂടയും ഒക്കെ ചേർന്ന് പണ്ഡിത ലുക്ക് ഉള്ളവരെ കണ്ടാൽ നൈസായി സ്ലിപ്പ് ആകാൻ പറ്റും.പക്ഷേ സുക്കർ തന്ന സകല ഐക്കണും ഞെക്കി യാലും പിന്നെയും ഈ ടൈപ്പ്   ഭിത്തിയിൽ പ്രത്യക്ഷപ്പെടും[ബസ്സിൽ വെച്ച് ഇയ്യിടെ പ്രവാചകൻ (ജിബ്രാന്റെ prophet വിവർത്തനം !!)വായിക്കുന്നത് കണ്ടുണ്ടായ ധാരണാപ്പുറത്തും പേര് അംജിത്ത് എന്ന് തെറ്റികേട്ട പിൻ വിധി പ്രകാരവും ഒരൈറ്റം ഇയ്യിടെ സംഭാഷണത്തിനു വന്നു. നബിയിലൂടെ യല്ലാതെ അള്ളാഹുവിലെത്താമെന്നു കരുതുന്നുണ്ടോ എന്നായി .അറിയില്ല,  മലപ്പുറം വഴിയല്ലാതെ പെരിന്തൽമണ്ണയിലെത്തില്ല.ഞാൻ ഇപ്പോൾ  പെരിന്തൽമണ്ണയ്ക്കാണെന്നു പറഞ്ഞപ്പോൾ പുള്ളി പിണങ്ങി ].

4. നിങ്ങൾ ഇതെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഈ ടൈപ്പ് ഞെട്ടിക്കൽ .. Did you ever know സീരിയസ്  പോസ്റ്റർ പോസ്റ്റുകൾ നമുക്ക് തരുന്ന ബോധോദയ പരമ്പരകൾ സമസ്ത മേഖലയിലുമുണ്ടെങ്കിലും സമയക്കൂടുതൽ ഇല്ലാത്തതിനാൽ ആരോഗ്യ മേഖലയിൽ പരിചിതമായ ഒരു ടൈപ്പ് പോസ്റ്റർ പ്രോട്ടോ ടൈപ്പിൽ ഇത് നിർത്താം..
നിങ്ങൾ കാറിന്റെ ടയറിൽ നൈട്രജൻ അടിക്കാറുണ്ടോ. എങ്കിൽ തീർച്ചയായും വായിക്കുക.( Nitrogen എന്ന് കട്ടി കറുപ്പ്  വൃത്തത്തിൽ എഴുതി ചുവപ്പ് കൊണ്ട് വെട്ടിയ പടമാകാം  )
നൈട്രജന്റെ  അറ്റോമിക് വെയ്റ്റ് 14 ആണ്.
പെട്ടെന്ന് ചൂട് പിടിക്കുന്ന ഒരു വാതകമാണ് ഇത്. ടയറ് ചൂട് കൂടി ആ ചൂട് സീറ്റിലേക്ക് വികിരണം നടന്ന് പൈൽസ് (മൂലക്കുരു ) ഉണ്ടാകാം...' അനുഭവകഥയും ചിത്രവും ആകാം ..!

Saturday, April 2, 2016

അരിമ്പാറയാണ് പ്രശ്നം .പാലുണ്ണിയെന്നും പറയും
മുഖത്താണ് ..അഭംഗിയാണ് ,

അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞു

മുതിര കിഴി കെട്ടി അരിമ്പാറ പുറത്തു വെക്കണം .ഒരു അര മണിക്കൂർ ,എന്നിട്ട് അത് ഉച്ച നേരത്ത് കിണറ്റിലിടണം .
മുതിര വെള്ളത്തിൽ കിടന്നു ചീയുമ്പോൾ അതും പൊടിഞ്ഞു പോകും


ചിലർക്കെങ്കിലും ചിരി വരുന്നുണ്ടാകും. എന്ത് ചിരിക്കാൻ. ഇതിലും ഗൗരവമേറിയതും ജീവഹാനികരമായതുമായ രോഗങ്ങൾക്ക് ഇത്ര തന്നെ അസംബന്ധ ജടിലമായ ചികിത്സാ രീതികൾ നാം അവലംബിക്കുന്നില്ലേ..' 
ഇതിനെന്താണ് ശാസ്ത്രീയമായ അടിസ്ഥാനം ..
കടന്നലിനെ കൊണ്ട് കുത്തിച്ച് ചികിൽസ, ലഘുവായ മാനസിക വ്യായാമത്തിലൂടെ പാൻക്രിയാസിലെ
 ബീറ്റാ കോശങ്ങളെ ഉദ്ദീപിപ്പിച്ച് പ്രമേഹം' കീഴടക്കുക മുതൽ സുസംഘടിതവും പാരമ്പര്യം അവകാശപ്പെടുന്നതുമായ കപടശാസ്ത്ര ചികിൽസാ രീതികൾ നമ്മുടെ സാക്ഷര സുന്ദര വിദ്യാസമ്പന്ന കേരളത്തിൽ പോലും വ്യാപകമാവുന്നു.

എന്താണ് കപട ശാസ്ത്രം അല്ലെങ്കിൽ pseudoscience.?.

ശാസ്ത്രത്തിനോളം തന്നെ പഴക്കം കപടശാസ്ത്രത്തിനുണ്ട്. കപടശാസ്ത്രത്തിന്റെ രീതികൾ, മാർഗ്ഗങ്ങൾ, ലക്ഷ്യങ്ങൾ, ലക്ഷണങ്ങൾ എന്നിവ ശാസ്ത്രീയമായി തന്നെ പലവരും പഠിച്ചിട്ടുണ്ട്. ചികിൽസാ രംഗത്തെ കുറിച്ചു മാത്രം ചില ചിന്തകൾ പങ്കു വെക്കുന്നു. 
ഒരു വിഷയത്തിൽ ശാസ്ത്രീയമായ ശിക്ഷണം നേടുക ,
താൽപര്യമുള്ള പഠന മേഖലയിൽ കൃത്യമായ നിരീക്ഷണങ്ങൾ നടത്തുക ,രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ ഉപയോഗിച്ച് അനുമാനങ്ങൾ നടത്തുക, ആ അനുമാനങ്ങളുടെ സാധുത  അല്ലെങ്കിൽ സാധുത ഇല്ലായ്മ ഉറപ്പു വരുത്തുവാൻ പരീക്ഷണങ്ങൾ നടത്തുക ,അവ വിശകലനം ചെയ്ത് ഫലങ്ങൾ ശാസ്ത്രലോകസമക്ഷം പ്രസിദ്ധീകരിച്ച് വിശകലന വിധേയമാക്കുക.
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ എന്നല്ല
 ഏതു ശാസ്ത്രത്തിന്റെയും രീതി ഇതാണ്. അപ്പോൾ കപടശാസ്ത്രം എന്താണ്.. നിങ്ങൾ ഒറ്റ നോട്ടത്തിൽ അസംബന്ധമെന്നു വിധിയെഴുതിയ മേൽ പറഞ്ഞ  മുതിര ചികിത്സതന്നെയെടുക്കാം... ഒരു ' താത്വികാവലോകനമാകാം .. '
 "രോഗി ഈ പ്രപഞ്ചത്തിന്റെ അംശമാണ് .മുതിര ചീയുമ്പോൾ പ്രപഞ്ചത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടാകും .ആ മുതിര അരിമ്പാറ പുറത്തിരുന്നതല്ലേ .തീർച്ചയായും അത് ശരീരത്തെ ബാധിക്കും .എല്ലാ രോഗങ്ങള്ക്കും കിഴി കെട്ടിയ മുതിര മതി ഞങ്ങള്ക്ക് .അളവും മൂപ്പും മാറും രോഗമനുസരിച് .യാതൊരു പാർശ്വഫലവും  ഇല്ല .അതൊന്നും നിങ്ങള്ക്ക് മനസ്സിലാവില്ല"
ഇപ്പോൾ ഒരു ചെറിയ 'ശാസ്ത്രീയ 'തയുടെ ഗന്ധം വന്നില്ലേ?

കപടശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ

ഈ രീതിയിൽ അകം പൊള്ളയായ കാമ്പില്ലാത്ത വാദങ്ങളെ ശാസ്ത്രത്തിന്റെ പൊട്ടും പൊടിയും വെച്ച് അവതരിപ്പിക്കുന്നതാണ് കപടശാസ്ത്രത്തിന്റെ രീതികൾ.
ശാസ്ത്രസമൂഹം സമഗ്രമായ വിലയിരുത്തലിനു  ശേഷം തള്ളികളഞ്ഞ പഠനങ്ങൾ ,അർദ്ധസത്യങ്ങൾ,ഭാവന  ഇവയെല്ലാം ചേർത്ത് വാർത്തെടുത്ത കെട്ടുകഥകൾ  ഈ രീതിയിൽ വേഷം കെട്ടിയെത്തുമ്പോൾ നമ്മുടെ മാധ്യമങ്ങൾ (നവവും വൃദ്ധവും!) അവയ്ക്ക് നല്ല രീതിയിൽ പിന്തുണ നൽകുന്നുണ്ട്. അപ്പോൾ നമ്മൾ ഒരൽപം സാമാന്യബുദ്ധി ഉപയോഗിച്ചാലേ പലപ്പോഴും  ഇവയെ തിരിച്ചറിയാൻ കഴിയൂ..

തികഞ്ഞ ശാസ്ത്ര വിമുഖത

അടിസ്ഥാന ശാസ്ത്ര പ്രമാണങ്ങളോടുള്ള തികഞ്ഞ വൈമുഖ്യം.. ഞങ്ങളുടെ ശാസ്ത്രത്തിന് തന്റെയൊന്നും തന്മാത്രാ ശാസ്ത്രത്തിന്റെയും വൈദ്യത്തിന്റെയും സർട്ടിഫിക്കറ്റ് വേണ്ട .ഞങ്ങളുടെ ശാസ്ത്രം മനസ്സിലാക്കാനാവത്തത് നിങ്ങളുടെ അറിവില്ലായ്മ... ഇയ്യിടെ ക്ഷുഭിതനായി ഒരു സുഹൃത്ത് പറഞ്ഞതാണ്. സ്വയംഭൂവും സാരാംശ സമ്പൂർണ്ണവുമായ ഒരു ശാസ്ത്രം എന്നൊന്നില്ല. ഉദാഹരണത്തിന് എന്റെ കൈയിൽ പൂജ്യം മാങ്ങയുണ്ട് .. അത് ഞാൻ അഞ്ച് പേർക്ക് വീതിച്ചു കൊടുത്താൽ ഓരോരുത്തർക്കും അഞ്ചു മാങ്ങ കിട്ടും എന്ന പ്രമാണം മുന്നോട്ടു വെച്ചാൽ അതിലെ അടിസ്ഥാന ഗണിതം തന്നെ തെറ്റാണ്... ഇങ്ങനെ അടിസ്ഥാന ശാസ്ത്ര പ്രമാണങ്ങൾക്ക് വിരുദ്ധമായ ഏത് പ്രസ്ഥാനവും അടിത്തറയില്ലാത്തതാണ്.
ഉദാഹരണത്തിന് രോഗാണു എന്നത് കച്ചവട ലക്ഷ്യം മുൻനിർത്തി മോഡേണ്‍ മെഡിസിൻ അടിച്ചിറക്കിയ myth ആണെന്നു വാദിക്കുക.. ഡിഫ്ത്തീരിയക്ക് ബാക്ടീരിയയുമായി ഒരു ബന്ധവുമില്ലെന്നും ഹിൻഡാലിയം പാത്രത്തിൽ പാചകം ചെയ്യുന്നതിനാലാണ് അത് പകരുന്നത് എന്നൊക്കെയുള്ള ഉഡായിപ്പുകൾ ...

നമുക്ക് ഒന്നും പറയാത്ത ഒരു പാട് കാര്യങ്ങളുണ്ട്...

ഒരു പാട് കാര്യങ്ങളിൽ വ്യക്തമായ ഉത്തരങ്ങൾ തരാതിരിക്കുക. കാര്യവും കാരണവും തമ്മിലുള്ള ബന്ധം വരുമ്പോൾ അവ്യക്തമായതും യുക്തിരഹിതവുമായ വാദങ്ങൾ നിരത്തുക 
ഉദാഹരണത്തിന് യോഗയും, സ്വയം നിർദ്ദേശവും (auto suggestion) മാത്രം ഉപയോഗിച്ച് അർബുദം കീഴടക്കാം എന്ന് വാദിക്കുമ്പോൾ എങ്ങനെയാണ് അതിന്റെ പ്രവർത്തന രീതി എന്ന് ചോദിച്ചു നോക്കൂ.. ഹോളിസ്റ്റിക് , പ്രതിരോധം ,മാനസിക സ്ഥിതി എന്നൊക്കെയുള്ള കുറെ വാക്കുകൾ കൊണ്ടൊക്കെയുള്ള പ്രയോഗം കൂടെ വരും.
ICU രോഗികൾക്കിടയിൽ പ്രാർത്ഥനയും ശുഭാപ്തി വിശ്വാസവും ഉളളവരുടെ മരണനിരക്ക് കുറവാണെന്ന് പഠനമുണ്ട് എന്നൊക്കെ ഉദ്ധരിക്കും.
എന്നാൽ അർബുദം ബാധിച്ചു കഴിഞ്ഞൊരു വ്യക്തിക്ക് ഭക്ഷണക്രമീകരണം  ഉപയോഗിച്ചു യോഗ നടത്തി അർബുദം മാറുമെന്ന് സ്വയം  നിർദ്ദേശിച്ച് Auto suggestion  വഴി  "വഴിമാറെടാ മുണ്ടക്കൽ ശേഖരാ ..." എന്നു പറയും കണക്ക്മനസ്സിൽ ആവർത്തിച്ചാൽ അത് മാറുമോ .മാറുമെങ്കിൽ അതിന്റെ പ്രവർത്തന രീതി എന്ത് എന്ന് ഒന്നു കൂടെ ചോദിച്ചു നോക്കൂ? 

അമ്മായി വെച്ച മീൻ കറിയില്ലെ .. രുചി ഉണ്ടാവേണ്ടതാണ്

എത്ര രുചിയില്ലെന്ന്  തോന്നിയാലും അമ്മായി വെച്ചതു കൊണ്ട് ഇതിന്റെ രുചി ഇങ്ങനെ തന്നെയാവാനാണ് വഴി എന്ന അനുമാനത്തിൽ കഴിക്കുന്ന ഒരു കഥ കേട്ടിട്ടുണ്ട്.
ഇതാണ് കപടശാസ്ത്രങ്ങളുടെ പ്രവർത്തന രീതി.. 
ഒരു അനുമാനം ആദ്യം നടത്തുന്നു. അതിന് ചേരുന്ന നിരീക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു. ആ അനുമാനത്തിന് യോജിക്കുന്ന തെളിവുകൾ മാത്രം തിരഞ്ഞെടുക്കുന്നു. ഖണ്ഡിക്കുന്നവയെല്ലാം ഉപേക്ഷിക്കുന്നു .ആധുനിക ശാസ്ത്രം ( വൈദ്യശാസ്ത്രം മാത്രമല്ല) ഒരു അനുമാനം മുന്നോട്ട് വെക്കുമ്പോൾ അത് ശരിയാണെന്ന് തെളിയിക്കുവാനുള്ള അതേ വ്യഗ്രതയിൽ (പലപ്പോഴും അതിലേറെ) അത് തെറ്റാണെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങളും നടത്തുന്നു.അനുമാനങ്ങളിൽ നിന്ന് കൂടുതൽ അനുമാനങ്ങളിലെത്തുന്നു. അവ പ്രസംഗങ്ങളിലൂടെയും യൂട്യൂബിലൂടെയും മറ്റും പ്രചരിപ്പിക്കുന്നു. ശാസ്ത്ര സമക്ഷം ഒരിക്കലും ഇത് അവതരിപ്പിക്കുകയോ,വിശകലന വിധേയമാക്കുകയോ ചെയ്യുന്നില്ല!(കാരണം വ്യക്തം)
ഒരു പരിചിതമല്ലാത്ത ചികിൽസാ രീതിയോ ആരോഗ്യരക്ഷാമാർഗമോ വിശ്വാസ്യമോ എന്നറിയാൻ അതിന്റെ  സ്രോതസ്സ് നോക്കുക



കരിങ്കല്ല് തിന്നുന്ന കോഴി


കോഴി കല്ല് കൊത്തി തിന്നുന്നു .കോഴിക്ക് കുഴപ്പമില്ല. ചുവന്ന പൂടയുള്ള കോഴി കരിങ്കല്ല്  കൊത്തി തിന്നുന്നുണ്ടുല്ലോ... അപ്പോൾ ചുവന്ന പൂടയുള്ള കോഴിക്ക് കരിങ്കല്ല് ദഹിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ രീതിയിൽ (ലളിതമായ ഒരു ഉദാഹരണം പറഞ്ഞെന്നു മാത്രം ) വ്യക്തിനിഷ്ഠമായ അനുഭവങ്ങളും വ്യതിയാനങ്ങളും ആണ് പലപ്പോഴും കപടശാസ്ത്രങ്ങളുടെ കൈമുതൽ.
അവയ്ക്ക് വസ്തുനിഷ്ഠമായ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്നാരായുന്ന  കീഴ്വഴക്കത്തിനു സ്ഥാനമില്ല. വെള്ളാരങ്കല്ല് നനച്ചരച്ച് പശയാക്കി  നെറ്റിയിൽ തേച്ചപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ തോമാച്ചന്റെ  തലവേദന ശമിച്ചു. അപ്പോൾ തലവേദനയ്ക്ക് അത് ഔഷധം എന്ന മട്ട്. നിരീക്ഷണം , പരീക്ഷണം,ഗവേഷണം, വസ്തുതാ വിശകലനം ഇവയൊക്കെ തീർത്തും അന്യം..
ഏതോ മഹാൻ പറഞ്ഞത് പോലെ " The pleural of anecdote is not data". നിങ്ങൾ ഇതിനെ കുറിച്ച് വിമർശനമുന്നയിച്ച് നോക്കൂ. അപ്പോൾ അവർ അവരുടെ അവസാന ആയുധമായ ഗൂഡാലോചനാ വാദം പുറത്തെടുക്കും. മരുന്നു മാഫിയയുടെയും നിക്ഷിപ്ത താൽപര്യങ്ങൾ മുതലായ ഗൂഡാലോചനക്കാരായി വിമർഷകരെ മുദ്രകുത്തും.

സർവ്വ രോഗസംഹാരികൾ, അൽഭുത രോഗശാന്തി

ഷുഗർ, കൊളസ്ട്രോൾ ,മൈഗ്രേൻ , കാൻസർ മുതൽ സകല രോഗങ്ങൾക്കും ഉള്ള ശാന്തി. സിക്സ് പാക്കിനും ഉത്തമം! സംഗതി സിമ്പിൾ എക്സർസൈസ് ആണ്
. മറ്റു ചിലപ്പോൾ  എന്തെങ്കിലും വിത്തോ ,പഴമോ ,കായോ സത്തോ.. അനുഭവ സാക്ഷ്യങ്ങളും അവകാശവാദങ്ങളും മാത്രം ആയി അവതരിക്കപെടുന്ന ചികിത്സാരീതികൾ ക്ക് ശാസ്ത്രീയമെന്നു കരുതാവുന്ന എന്തെങ്കിലും അടിസ്ഥാനം ,കാര്യ കാരണ ബന്ധം എന്നിവ അതിന്റെ പ്രചാരകർക്ക്  പറയാനുണ്ടാകാറില്ല .സകല രോഗങ്ങളും തുടച്ചു മാറ്റുന്ന സർവരോഗകുലാന്തകൻ എന്ന മട്ടിൽ അവതരിക്കപെടുന്ന ചികിത്സകൾ സംശയദൃഷ്ടിയോടെയും അവിശ്വസിനീയതെയോടെയും മാത്രം കാണുവാനുള്ള നമ്മുടെ ശീലം നഷ്ടപ്പെടുന്നത് സമൂഹത്തിന് ശാസ്ത്ര ബോധം കൈമോശം വന്നു തുടങ്ങിയതു കൊണ്ടാവണം. 

എന്ത് കൊണ്ട് സ്വീകാര്യത?
ഇത്തരം ആരോഗ്യരക്ഷാ പദ്ധതികൾക്കും ചികിൽസാ രീതികൾക്കും സ്വീകാര്യത ലഭിക്കുവാൻ പല കാരണങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം അവ വളരെ ലളിതവും (പലപ്പോഴും ബാലിശമാം വിധം) അതിനാൽ ആകർഷകവും ആണ് എന്നതാണ്‌.ഇയ്യിടെ കാൻസറിന്റെ അടിസ്ഥാന പ്രശ്നം acidity ആണെന്ന് ഒരു സവീഡിയോ പ്രചാരണം കണ്ടു. ഒരു സങ്കീർണമായ ചോദ്യത്തിന് ഇത്ര ലളിതമായ ഉത്തരം മറ്റെവിടെ കിട്ടും. ലളിതമെന്നതിലും അപ്പുറം പലപ്പോഴും കാൽപ്പനികമായ ഭംഗിയും വൈകാരികമായ തൃപ്തിയും ചിലപ്പോഴൊക്കെ ഇവ പ്രദാനം ചെയ്യുന്നു. അതിന് ഈ മിശ്രിതത്തിലേയ്ക്ക് ' പണ്ടൊക്കെ ' ,'നമ്മുടെ പൂർവ്വികർ ', 'പാശ്ചാത്യ ലോബി ' എന്നൊക്കെ ചേർത്താൽ മതിയാകും. എന്നാൽ ഈ പറയുന്ന പൂർവ്വികരുടെ കാലത്തെ ആരോഗ്യ സ്ഥിതി കണക്കുകൾ വെച്ച് ഇന്നത്തെ അവസ്ഥയുമായി ശാസ്ത്രീയമായി തുലനം ചെയ്യാൻ മുതിർന്നാൽ കഥ പൊളിയും .
നമുക്കൊന്നും മനസ്സിലാകാനാകാത്ത ചില ശക്തികളുണ്ടെന്നുള്ള ചിന്തകൾ .ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ചികൽസയുമായി കലർത്താതിരിക്കാം


 ഫലപ്രാപ്തിയെ കുറിച്ചുള്ള ആശങ്ക, രോഗത്തേക്കാൾ ഭീമമെന്ന്   സ്വതവേ വിശ്വസിക്കപ്പെടുന്നതും പ്രകൃതിക്കാർ പ്രചരിപ്പിക്കുന്നതും ആയ പാർശ്വഫലങ്ങളോടുള്ള ഭയം (പ്രത്യേകിച്ച് കാൻസർ ചികിൽസയിൽ)  നമുക്കറിയാത്ത എന്തൊക്കെയോ ഉണ്ട് എന്ന അദ്ഭുത ശാന്തി പ്രതീക്ഷ, നിരാശ തുടങ്ങി വാചക കസർത്ത്  വരെ പല ഘടകങ്ങൾ കപട ചികിൽസകരുടെ യും വ്യാജ ആരോഗ്യ പ്രസ്ഥാനങ്ങളുടെയും സ്വീകാര്യതയ്ക്ക് പുറകിലുണ്ട്.

പിറകോട്ടോ  നമ്മുടെ പോക്ക്


ശാസ്ത്ര വിരുദ്ധത നമ്മുടെ  സമൂഹത്തിൽ വേരൂന്നാൻ ശ്രമിക്കുന്ന കാഴ്ചയാണ് എല്ലാ മേഖലകളിലും .മാധ്യമങ്ങളുടെയും ചിലപ്പോഴെങ്കിലും അധികാരികളുടെയും പിന്തുണ പ്രതിലോമകരമായ ഈ പ്രവണതയ്ക്ക് വർധിച്ചു വരുന്നു എന്നത് നിർഭാഗ്യകരമാണ്. സമൂഹത്തിൽ ഒരു ചെറിയ വിഭാഗമെങ്കിലും ആരോഗ്യരംഗത്ത് കപട ശാസ്ത്രക്കാരുടെ പിന്നാലെ പോയാൽ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകാം. വാക്സിൻ വിരുദ്ധ വാദക്കാരുടെ സമൂഹ വിരുദ്ധ പ്രവർത്തനളു ടെ ഫലമായി ഡിഫ്തീരിയ മരണമുണ്ടായത് ഒരു ഉദാഹരണം. ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ small pox തുടച്ചു നീക്കാൻ കഴിയുമായിരുന്നുവോ എന്നതു സംശയം തന്നെ!










വളർത്താം ശാസ്ത്രബോധം
ശാസ്ത്ര ചിന്ത ചെറുപ്പത്തിൽ തന്നെ ,സ്കൂൾ തലത്തിൽ തന്നെ വളർത്തുക എന്നതാണ് മറ്റേതു രംഗത്തെയുമെന്നതു പോലെ ആരോഗ്യരംഗത്തും ഉണ്ടാകേണ്ടത്. ചോദ്യം ചെയ്യുവാനും ഉത്തരങ്ങൾ തിരയുവാനും കാരണങ്ങൾ ആരായുവാനും ഉള്ള ശീലം വളരട്ടെ. മറ്റൊരു സന്ദർഭത്തിൽ പറയപ്പെട്ടതാണെങ്കിലും   അന്ധവിശ്വാസങ്ങളും കപടശാസ്ത്രങ്ങളും പ്രചരിപ്പിക്കുവാനും പ്രധാനമായും അഞ്ചു കാര്യങ്ങൾ ആണ് കാരണമാകുന്നത്

1. ഞാൻ ചിന്തിക്കുന്നില്ല.
2. ഞാൻ അറിയുന്നില്ല
3 . എന്നെ ബാധിക്കുന്നില്ലല്ലോ? എനിക്കെന്ത്?
4. എനിക്കറിയാൻ താൽപര്യമില്ല
5. വായിക്കാനും കണ്ടു പിടിക്കാനും എനിയ്ക്കു സമയമില്ല.

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...