Tuesday, July 19, 2016


Half of us are blind, few of us feel, and we are all deaf








പ്രശസ്തമായ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയ സുഹൃദ് ദമ്പതികളോട് ചികിൽസയെന്തായി എന്ന് ചോദിച്ചു .

"ഞങ്ങളോട് മൂന്നാല് ചോദ്യം ചോദിച്ചു. പിന്നെ അഞ്ചെട്ടു ടെസ്റ്റ് എഴുതി. പിന്നെ ഇന്ന ഇന്ന ഓപ്ഷൻസ് ഉണ്ട് അതിനിത്ര ഇത്ര ലക്ഷം ആകും എന്നു പറഞ്ഞു. ഇത്ര കാശ് ആദ്യമേ കെട്ടിവെക്കേണ്ടി വരുമെന്ന് പറഞ്ഞു. ഇനി അങ്ങോട്ടു പോകാനേ തോന്നുന്നില്ല."

 "നല്ല വിജയശതമാനമുള്ള centre ആണ്. ചിലവേറിയ ചികിത്സയാണ്. താങ്ങാനാവുമോ എന്ന് ആദ്യമേ അറിയാനാവും നേരെ ചോദിച്ചത്. "
" എന്തായാലും ചെന്ന ഉടനെ കെട്ടിവെക്കാനുള്ള കാശിന്റെ കണക്ക് പറയുന്ന സ്ഥലത്തിന് ആശുപത്രി ന്നല്ല പറയുക."
. കാശിന്റെ കണക്ക് കൃത്യമായി ആദ്യമേ പറയാത്തതാണ് മിക്ക ആശുപത്രി വഴക്കിനും അടിസ്ഥാനം  എന്നത് വാസ്തവം തന്നെ .അവസാനം പ്രതീക്ഷിച്ചതിലും ചിലവ് വന്നാൽ പണത്തിനായ് മരണപ്പാച്ചിലും . എങ്കിലും വളരെ പ്രതീക്ഷയോടെ എത്തിയ അവരോട്  മറ്റൊന്നും പ്രശസ്ത ഡോക്ടർക് പറയാനില്ല എന്ന് വരുമ്പോൾ അവരെ കുറ്റം പറയാൻ കഴിയുമോ?

* * * *
"സാറേ, ഈ രോഗം മാറുമോ...."
"ആ ഫയൽ ഒക്കെ ഇങ്ങു തന്നേ... "
രോഗി പ്രതീക്ഷയോടെ ഡോക്ടർക്കു ഫയലുകൾ കൊടുക്കുന്നു. ഡോക്ടർ ഏങ്കോണിച്ച ഒരു ചിരി ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ ഒരു ജോൽസ്യനുണ്ട്. അയാളെ കണ്ടാൽ മതി. ഇതിന്റൊന്നും ആവശ്യമില്ല. " ഫയൽ ഡ്രോയിൽ ഇടാൻ ഒരുങ്ങുന്നു
ഇതേ ജനുസ്സിലെ മറ്റൊരു സാമ്പിൾ
"സാറേ, കാലിൽ കമ്പിയിടാതെ വഴിയില്ല അല്ലെ ."
" നിങ്ങൾക്കെന്താ ജോലി .. "
" കൃഷിയാണ്..."
"നാളെ മുതൽ ചെടിക്ക് വെള്ളവും വളവും ഒന്നും വേണ്ട. മൂട്ടിൽ പെട്രോളും മണ്ണെണ്ണയും ഒഴിക്കാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ .. നിങ്ങൾക്കറിയാവുന്ന പണി നിങ്ങൾ ചെയ്യുക .എനിക്കറിയുന്ന പണി ഞാൻ ചെയ്യും - "

സമയക്കുറവ്, തിരക്ക് ഇത്യാദി മൂലമുള്ള അക്ഷമ,കൂടുതൽ അനാവശ്യ ചർച്ച ഒഴിവാക്കൽ  തുടങ്ങിയ ന്യായങ്ങൾ ആണ് ഈ മട്ടിലുള്ള ഗർവ്വിഷ്ടതയ്ക്ക് ന്യായമായി പറയുന്നത്. വേറെ ഏതെങ്കിലും രാജ്യത്തിൽ ഈ രീതിയിൽ സംസാരിച്ച് ജോലിയിൽ തുടരാൻ കഴിയുമോ എന്നറിയില്ല. ഡോക്ടർ ജോലി ചെയ്യുന്ന ക്ഷേത്രം (യാതൊരു ആത്മീയതയും ഉദ്ദേശിച്ചിട്ടില്ല!) രോഗിയുടെ ശരീരമായിരിക്കുന്നടത്തോളം കാലം, ഡോക്ടർമാർക്ക് ,പ്രത്യേകിച്ച് സർജന്മാർക്ക് ഇത്തരം ചോദ്യങ്ങൾക്കുത്തരം പറയേണ്ടി വരും. അതിന് തിരക്കൊന്നും ഒരു ന്യായമല്ല തന്നെ

* * *
പറഞ്ഞു കേട്ട കഥയുണ്ട്
ഒരു കൗണ്ടറിൽ ഒരാൾ ക്യൂ നിൽക്കുന്നു. ഒടുവിൽ അവസരമെത്തുന്നു..,

താങ്കളുടെ പേര്. ..?

ദിവാകരൻ,

കൗണ്ടറിൽ ഇരിക്കുന്ന ആൾ എഴുത്തു തുടങ്ങുന്നു. അയാളുടെ തൊളെല്ലിനു മുകളിൽ ആകെ അനങ്ങുന്നത് പുരികമാണ്. അബദ്ധത്തിൽ പോലും തല പൊക്കി നോക്കില്ല എന്ന് വാശി !

വയസ്സ് ?
അമ്പത്തേഴ്
പുരുഷനോ സ്ത്രീയോ? ..

ഇമ്മട്ടിലുള്ള യാന്ത്രികത ചിലവരുടെ മുഖമുദ്രയാണ്.

" കണ്ണ് സദാ താഴോട്ടാണ്. ടെസ്റ്റ് എഴുതും. മുമ്പ് എഴുതിയ ടെസ്‌റ്റിന്റെയൊക്കെ റിസൾട്ട് നോക്കും. മരുന്ന് എഴുതും. കുറച്ച് നേരം കമ്പ്യൂട്ടറിൽ നോക്കും. ഇനി എന്ന് വരണം ന്ന് പറയും. പിന്നെ കാശിന് വല്യ ആർത്തിയില്ലന്ന് തോന്നുന്നു. ഫീസ് കൊടുക്കുമ്പോഴും തല പൊക്കി നോക്കില്ല!"

" പുറത്ത് പുള്ളിക്ക് ഒരു മുപ്പത് പേരെങ്കിലും ക്യൂവുണ്ട് .അവരുടെ കഥ മുഴുവൻ കേൾക്കാൻ നിന്നാൽ എന്താവും അവസ്ഥ? പിന്നെ ഈ കമ്പ്യൂട്ടറിൽ നോക്കുന്നത് ഫെയ്സ് ബുക്ക് ഒന്നും അല്ല. നിങ്ങൾ ആദ്യം കാണിക്കാൻ വന്നപ്പോൾ മുതലുള്ള history ആകും"

" എന്നാലും ഒരു മനുഷ്യ പറ്റു വേണ്ടേടാ. ഒരു രോഗം പറയാൻ ചെന്നാൽ നന്നായി ഒന്നു സംസാരിച്ചൂടെ "

പ്രായം ചെന്ന ബന്ധുക്കളാണ്.ഇളയ മോൻ ഗൾഫിൽ പോയ വിശേഷവും പിള്ളേരുടെ കല്യാണക്കാര്യവും അടക്കം ചോദിക്കുന്ന നാട്ടിലെ സ്ഥിരം ഡോക്ടറുടെ രീതികൾ തന്നെ അവർക്ക് പ്രായം.

Half of us are blind, few of us feel, and we are all deaf.”
എന്ന് വില്യം ഓസ്ലർ പറഞ്ഞത് ഏതർത്ഥത്തിലാണെന്നറിയില്ല.
ചില ഡോക്ടർമാരെക്കുറിച്ചെങ്കിലും ശരിയാണെന്നു തോന്നും. ഞാൻ ഇന്ന് ഒരു ക്ലിനിക്കൽ വിഭാഗത്തിലും നേരിട്ട് ചികിത്സ നടത്തുന്ന ആളല്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒരാശുപത്രിയിലെ അനിയന്ത്രിതമായ  തിരക്കിന്റെ കാഠിന്യത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ട്രാൻസാക്ഷനാണിത് (അല്ലെങ്കിൽ അതിന്റെ അഭാവം ) ആണിത് എന്ന്  പറയുന്നു. പല വൻകിട ആശുപത്രികളും രോഗികളോട് സംസാരിച്ച് ഡോക്ടറുടെ സമയം നഷ്ടപ്പെടുന്നത് പരിമിതപ്പെടുത്താൻ ഡോക്ടറുടെ ചേമ്പറിൽ സൈക്കോളജിയിലും സോഷ്യൽ വർക്കിലും വൈദഗ്ദ്യം നേടിയവരെ ഇരുത്തുക എന്ന പോം വഴി തേടുന്നു!
ഡോക്ടർമാരുടെ കമ്മ്യൂണിക്കേഷൻ സ്കില്ലുകൾക്ക് പ്രാമുഖ്യം കൂട്ടുവാൻ  കരിക്കുലത്തിലും പരീക്ഷയിലും മാറ്റങ്ങൾ വരുത്താം. വിദേശ രാജ്യങ്ങളിലെ  പരീക്ഷകളിൽ ഇതിന് നല്ല പ്രാധാന്യം നൽകുന്നുണ്ട്.

ഒരു കഥ കൂടി പങ്കു വെച്ചവസാനിപ്പിക്കാം. ബാക്കിയൊന്നിനും കഥ എന്ന ലേബൽ ഇല്ലാത്തത് അവയെല്ലാം ഇതെഴുന്നവൻ കണ്ടതോ കേട്ടതോ നേരിട്ടറിഞ്ഞതോ ആയതിനാലാണ്.  ചെവി മറഞ്ഞു മറഞ്ഞെത്തിയ ഈ കഥ വെറും കഥയാവാനാണ് സാധ്യത.. എങ്കിലും!
കാലിലെ വിരലിൽ മിക്‌സി വീണ് ഒരു രോഗി എത്തുന്നു.
" ഈ മിക്സീന്നു പറയുമ്പോൾ .. ഏകദേശം എത്ര വലുപ്പം വരും? "
"ഒരു സാധാരണ  മിക്സി .. അല്ലാതെന്തു
"പുതിയതാ."
"കുറച്ചായി... "
" മിക്സി പൊട്ടിയോ.. "
" ന്റെ ഡോക്ടറേ ,മിക്സി ഞാൻ വേറെ നന്നാക്കാൻ കൊടുത്തു. ങ്ങൾ ന്റെ വിരൽ ഒന്ന് നോക്കീ--- "

Monday, July 4, 2016

 തൈറോയ്ഡ്  എന്തിനാണ് കഴുത്തിൽ തന്നെ വെച്ചിരിക്കുന്നത്?

ഞാൻ ആയിട്ട് അങ്ങനെ ചെയ്തതല്ല . എങ്കിലും ഷണ്മുഖൻ പ്രൊഫസർ വെറുതെ ചോദിക്കില്ല. ഉണ്ടിങ്ങനെ ഇരിക്കുമ്പോൾ സാറിനു വ്യത്യസ്തമായ ചിന്തകൾ വരും ,ചോദ്യങ്ങൾ വരും ,മെറ്റാഫിസിക്സും മറ്റേഫിസിക്സും വരും.

" ആലോചിച്ചു നോക്കിയിട്ടുണ്ടോ... ഇതിന് ആകെ ഹോർമോൺ ഉണ്ടാക്കിയാൽ മതി. അത് രക്തത്തിൽ എത്തിയാൽ മതി. ഉളളിലെവിടെയെങ്കിലും മതിയായിരുന്നു.ഇതിപ്പോൾ കഴുത്തിലായത് കൊണ്ട് ഗോയിറ്റർ പോലുള്ള സർവ്വസാധാരണ രോഗങ്ങൾ വന്നു വലുതായാൽ  എന്തെല്ലാം ബുദ്ധിമുട്ടാണ്. "

ഞാൻ ആലോചിട്ടില്ല. .. സാറിനോളം അറിവും അനുഭവവുമില്ലെങ്കിലും അവിടെ കിടക്കുന്നവർ മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ ഭേദപ്പെട്ടു പോകണമെന്ന ചിന്ത മാത്രമേ  അന്ന് എനിക്കുള്ളൂ . അതിപ്പോൾ ഞാൻ അത്ര നല്ല മനുഷ്യനായതു കൊണ്ടല്ല .. ജോലി തീർത്ത് ക്വാർട്ടേർസിൽ പോയി കിടക്കണം എന്നത് കൊണ്ട് കൂടിയാവണം .പിന്നെ ഈ ചികിത്സയൊക്കെ ഇവർക്ക് താങ്ങാനാവുമോ എന്നും ചിന്തിക്കാറുണ്ട്. തൈറോയ്ഡ്‌ എങ്ങനെ കഴുത്തിൽ വന്നെന്നോ, ശരീരത്തിൽ ഹൃദയവും ശ്വാസകോശവും ഭംഗിയായി സ്ഥിതി ചെയ്യുന്നുവെങ്കിലും മറ്റു പല അവയവങ്ങളുടെ കാര്യത്തിൽ അതങ്ങനെയല്ല എന്നുമൊക്കെയുള്ള സാറിന്റെ ചിന്തകൾ എന്റെ ചെറിയ ബുദ്ധിയെ തെല്ലും ഉദ്ദീപിപ്പിച്ചിരുന്നില്ല.

പക്ഷേ ചിന്തിക്കാൻ ഏറെയുണ്ട് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഇന്ന് ഞാൻ ഒരു പത്തോളജിസ്റ്റ് എന്ന നിലയ്ക്ക് അർബുധമെന്നു റിപ്പോർട്ട് ചെയ്തിട്ട് പ്രയോജനമില്ല. ഏതവയവത്തിൽ നിന്ന് അത് വരുന്നു, എത്രത്തോളം  പരന്നു എന്നതൊന്നും പ്രസക്തവുമല്ല. കോശങ്ങളുടെ ധർമ്മം, അത് മനസ്സിലാക്കാൻ ശ്രമിക്കണം. കൃത്യ സമയത്ത്  വളരെ നേരത്തെ രോഗനിർണയം നടത്തിയാലും അപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു എന്നതാണ് സത്യം . കോശങ്ങളുടെ ധർമ്മം ഭ്രംശപ്പെട്ടത് അതിനേക്കാൾ വളരെ വളരെ മുൻപ് .. ഒരു പക്ഷേ രോഗി ജനിയ്ക്കുന്നതിനും മുൻപത്രേ .ഇത് നമ്മുടെ മുനിവര്യന്മാർക്ക് അറിയാമായിരുന്നു. പാശ്ചാത്യർ തന്മാത്രവൽക്കരിച്ച് ഇതിനെ മ്യൂട്ടേഷൻ, ജീൻ എന്നൊക്കെ വിളിക്കും. എല്ലാം വെറുതെയാണ്. കച്ചവടം മാത്രം  .
അപ്പോൾ നിങ്ങളുടെ രോഗനിർണ്ണയത്തിനും തുടർ ചികിൽസയ്ക്കും കാത്തിരിക്കുന്ന രോഗിയോട് എന്ത് പറയും...
അദ്ദേഹത്തോട് പറയുക

 ''ഉള്ളതുള്ളതുള്ളതല്ല
ഉള്ളതിന്റെ ഉള്ളിൽ മറ്റൊരുള്ളതുണ്ട്
അതും ഉള്ളതല്ല. ..
[ഉള്ളതിന്റെ ഉള്ളതിന്റെ ഉള്ളിൽ എന്ന മട്ടിൽ ഇനിയും രോഗകാഠിന്യം പോലെ നീട്ടാം ]

ശുഭാപ്തി വിശ്വാസവും പോസിറ്റീവ് എനർജിയുമുണ്ടെങ്കിൽ (ഇത് ഉറപ്പാക്കുന്ന electro magnetic പൈജാമ ഉടൻ ഇറക്കുന്നുണ്ട്. ഫാർമസി ഭീകരന്മാരിൽ നിന്ന് ജീവനു ഭീഷണിയുള്ളതിനാൽ ഇപ്പോൾ കൂടുതൽ പറയാൻ നിർവ്വാഹമില്ല. ) മറികടക്കാവുന്ന അർബ്ബുദമേയുള്ളൂ ഇന്നീ ലോകത്ത്.

ഇത് രണ്ടുമുണ്ടെങ്കിൽ കാണ്ഡം കാണ്ഡമായോ ക്വാണ്ടം ക്വാണ്ടമായോ ഏതു മുറിവും ഉണങ്ങും. മുറിവുണങ്ങുന്ന അൽഭുത പ്രകിയ പിന്നീടൊരിക്കൽ
(തുടർന്നേക്കും..)

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...