Monday, January 25, 2016

മറിയയുടെ പുത്രനായ ഈസ പറഞ്ഞിരിക്കുന്നു : ലോകം പ്രയാണത്തിനായുള്ള പാലം മാത്രമെന്നു;സൌധങ്ങൾ തീർത്തു സനാതനത്വം കാംക്ഷിക്കരുത് ..നശ്വരതയെ കുറിച്ച് സ്മരണപെടുതുന്ന പേർഷ്യൻ .ലിഖിതങ്ങൾ ആലേഖനം ചെയ്ത മഹാകവാടത്തിലൂടെ യാണ് ഫതേഹ്പൂർ  കൊട്ടാരത്തിൽ പ്രവേശിച്ചത് .
മോണ്ടു വാചാലനായി .ചരിത്ര പാഠങ്ങൾ ഒഴുകി .റെയിൽവേ ടൈം ടേബിളിൽ  ട്രെയിൻ വന്നു പോകുന്ന സമയവും സ്റ്റൊപുകളും  കണക്കു ഒരു രാജാവിന്റെ കാലഘട്ടവും സംഭാവനകളും അക്കമിടുന്ന ബോറൻ സ്കൂൾ പുസ്തക ചരിത്രം അല്ല ,സൊയമ്പൻ കഥകൾ ..

അക്ബറിനു ഹിന്ദു ,ഇസ്ലാം ,ക്രിസ്തു മതക്കാരായ ഭാര്യമാരുണ്ടായിരുന്നു എന്നതാണ് അദേഹം അക്ബറിന്റെ മതാതീത ദർശനത്തിനു ഉദാഹരണം ആയി പറഞ്ഞത് .ഒള്ളതാണെങ്കിൽ ഉഗ്രൻ ആശയം തന്നെ . അക്ബർ പല മതങ്ങളും മിക്സ്ചെയ്തു ദീൻ ഇലാഹി ഉണ്ടാകിയ കഥ അങ്ങേരു പറഞ്ഞില്ല.
ദീൻ ഇലാഹി കഥ കേൾക്കാൻ കാത്തിരുന്ന എനിക്ക് ,കുഞ്ഞുങ്ങൾ  ഇല്ലാത്ത ദീനം  മാറി കിരീടം തലമാറാൻ അവകാശിക്കായി സൂഫി വര്യനായ ചിസ്തി (ഉച്ചാരണം തെറ്റെങ്കിൽ ക്ഷമ) യുടെ അനുഗ്രഹം തേടിയ അക്ബറിന്റെ കഥ കേൾക്കാൻ സാധിച്ചു .മാസങ്ങള്കുള്ളിൽ വീട്ടിലും പത്നിയുടെ ഉദരത്തിലും "ചിരാഗ് " തെളിഞ്ഞു .
ചിസ്തിയുടെ കുടീരത്തിൽ "ചദർ " ചാർത്തി നൂല് ജനൽകമ്പിയിൽ  കെട്ടിയാൽ അപ്രകാരം നമ്മുടെ "മനോകാമന "കൾ 12 മാസങ്ങൾകുള്ളിൽ സഫലീകൃതം ആവും .. ചെറുത്,മീഡിയം ,വലുത് എന്നിങ്ങനെ മൂന്നു സൈസിലും വലുപ്പത്തിലും വിലയിലും ഉള്ള പുതപ്പുകൾ ആണ് ...
ചെറിയതു   മതിയെന്ന് തീരുമാനിച്ചു .ഇല്ലേൽ എടിഎം തേടി  താഴെ പോകണം .



വലുതാകുമ്പോൾ പുണ്യം കൂടുമെന്ന് മാത്രമല്ല എല്ലാ ലാഭ നേട്ടങ്ങളും ഗ്രാമങ്ങളിലെ പാവങ്ങൾക്ക് കിട്ടുമെന്നും മോണ്ടു ഓർമിപ്പിച്ചു.
എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്നു മനസ്സിൽ ശ്രീനിവാസൻ ചോദിച്ചെങ്കിലും അത്രയ്ക്ക് കാറ്റു വേണ്ട എന്ന് ശ്രീനിവാസൻ തന്നെ പറഞ്ഞു. അത്രയ്ക്ക് പുണ്യം വേണ്ട -
പുതപ്പ് കുടീരത്തിൽ ചാർത്തി. നൂല് കെട്ടി. വണങ്ങിയറങ്ങി. ആഗ്രഹിച്ചത് പുറത്ത് പറയരുത് എന്നും മാസങ്ങൾക്കുള്ളിൽ നടക്കും എന്നും മോണ്ടു ഉറപ്പ് പറഞ്ഞു. ഔലാദ്, ഇമ്പാദത് തുടങ്ങിയ വാക്കുകൾ ആവർത്തിച്ച അദ്ദേഹത്തിന്റെ ഹിന്ദി ഇടയ്ക്കിടെ മുഗൾ അസം സിനിമ ഓർമ്മിപ്പിച്ചു. സലീം, അനാർക്കലി ,നാടകീയമായ സംഭാഷണങ്ങൾ, പാട്ടുകൾ ..
ദാസിയും നർത്തകിയുമായ അനാർക്കലിയെ അക്ബർ കുഴിച്ചു മൂടിയില്ല എന്നും , തടങ്കലിലാക്കുകയായിരുന്നുവെന്നും പറഞ്ഞ മോണ്ടു കവാടം കാണിച്ചു. വിടമാട്ടേൻ എന്ന വിളിയും ചിറകൊടിയൊച്ചയും കേട്ടില്ല.
വിശാലമായ ചത്വരത്തിൽ താടിക്കാർ ഹാർമോണിയത്തിന്റെ വാതായനം വീശി അള്ളാഹോ എന്ന ഗാനമാരംഭിച്ചു. അനാർക്കിസ്റ്റുകളായ അവധൂതന്മാർ ആകും എന്ന് പ്രതീക്ഷിച്ചെങ്കിലും സമുച്ചയത്തിന്റെ ഭാഗം തന്നെയാണ് അവർ എന്നാണ് തോന്നിയത്.

 നല്ല ഇമ്പമുള്ള പാട്ട്. സൂര്യൻ അസ്തമിച്ചു തുടങ്ങി.

പുറത്ത് ഷക്കീൽ അഹമദ് കാത്തിരിക്കുന്നു.. പുള്ളിയാണ് ഉപഭൂഖണ്ടതിലെ ഏറ്റവും നല്ല ഗയിഡ് എന്ന  ആമുഖത്തോടെ മോണ്ടുവിനെ പരിചയപെടുത്തിയത്.തുരു തുരെ ഹോണടിക്കുന്ന ഷകീൽ പാൻ ചവക്കാത്തപ്പോഴെല്ലാം ഫോണിൽ സംസാരിച്ചുകൊണ്ടാണ് കാറോടിച്ചത്.
ഭഗവാൻ കൃഷ്ണൻ "ഖേൽ - ഖൂദ് " നടത്തി പൂതനയ്ക്ക് മോക്ഷം നൽകി സഖിമാരൊത്ത് രാസലീലയാടി  ജീവിച്ച മഥുര ,വൃന്ദാവൻ  പുണ്യഭൂമി സന്ദർശിക്കാതെ യാത്ര പൂർണ്ണമാകില്ല എന്നു ഷെക്കീൽ ഓർമ്മിപ്പിച്ചു'. പിറ്റേന്ന് ഡെൽഹിക്കു ള്ള യാത്ര അൽപ്പം മാറ്റി പിടിച്ചാൽ അതു സാധ്യമാകുമെന്നും  പെർമിറ്റ് കൂലിയും ടോൾ കൂലിയും ( ലിസ്റ്റ് നീളുകയും പൊടുന്നനെ, കേട്ടാൽ പെട്ടെന്ന് തിരിയാത്ത നാടൻ ഹിന്ദിയിലേക്ക് തിരിയുകയും ചെയ്താൽ വണ്ടി കാശിന്റെ കണക്ക് ഉടൻ പറയും എന്ന് അനുമാനിക്കാംമാത്രമേ താൻ അതിന് വാങ്ങൂ എന്നും പുള്ളി ഓർമിപ്പിച്ചു . പെട്ടെന്ന് ശബ്ദം മാറിയ അദ്ദേഹം ആഗ്രയിൽ    നിങ്ങൾക്ക് ഒരായിരം ഡ്രൈവർമാരെ കിട്ടും.. ചോട്ടാ ബായിയെ ഒന്നേ കിട്ടൂ... എന്ന് ഗദ്ഗദപെട്ടു. ടെൻത് ഫെയിൽ അല്ലെങ്കിൽ ഞാൻ സാറിന്റെറാപ്പം വന്നേനെ... എന്നു പോലും പറഞ്ഞു
കുംഭമേളയ്ക്ക് ഞാൻ വന്ന് അനിയനെ കാണാതായതും സോപ്പ് പെട്ടിയുടെ അടപ്പു ശേഷിപ്പായി സൂക്ഷിച്ചതും പെട്ടിയുടെ മൂടുമായി കൊച്ചനിയൻ കാത്തിരിക്കുന്നതും ജന്മത്തിൽ സാധ്യതയില്ല. .കഴിഞ്ഞ ജന്മം...


 ശരി കൊച്ചനിയാ നാളെ കാലത്ത് പൊക്കളയാം..

എള്ളിൻ പാടങ്ങളുടെ മഞ്ഞയും ഇടയ്ക്കുള്ള കടും പച്ചയും ഒഴിച്ചാൽ വിണ്ടും വരണ്ടും വഴി നീണ്ടു. പൾസ് പോളിയോ ദിനമായതു കൊണ്ട് മകന് വേണ്ടി വഴിയിൽ എവിടെയെങ്കിലും  ഒരു ബൂത്ത് ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ ഉറ്റുനോക്കി. ജനപഥങ്ങളും നഗരങ്ങളും വല്ലപ്പോഴും തെളിഞ്ഞു കണ്ടു. ഉരുളകിഴങ്ങും ഗോതമ്പും മറ്റെന്തെക്കെയോ വിളയുന്ന കടും പച്ച  പാടങ്ങളും കടന്നു ,കദംബവും  കാളിയനും കഥകളായൊഴുകിയ യമുന തെളിഞ്ഞു (തെളിഞ്ഞ് ഒഴുകന്നതിലും കൂടുതൽ അളിഞ്ഞ്ഒഴുകുകയാണ് നദി എന്ന് വണ്ടിയിൽ പലപ്പോഴും ഘ്രാണ ശക്തി ഞങ്ങളെ ഓർമിപിച്ചു കൊണ്ടിരുന്നു)

 .പതിനൊന്നു വയസ്സ് വരെ ഭഗവാൻ ജീവിച്ച ഗോകുലം ആദ്യം കാണാമെന്നു പറഞ്ഞ ഷകീൽ  പാല് പിഴിഞ്ഞരിച്ചു പനീറും പേടയും ഉണ്ടാകുന്ന കടകളോട് ചേർന്ന് ഇടുങ്ങിയ വഴികലിലൊന്നിൽ വണ്ടി നിർത്തിക്രിക്കറ്റ്കണ്ടൊരു പീടികയിൽ ഇരുന്ന ഒരാൾ ഞങ്ങളെ ആദ്യം സ്വീകരിച്ചു ഗോകുല ദർശനത്തിനു സഹായിക്കാൻ അകമ്പടി സേവിച്ചു . വലിയ നിരപലകകൾ  ചേർത്ത വാതിലുകൾ  തുറന്നു ബദ്ധശ്രദ്ധനായി തിളകുന്ന  എണ്ണയിലേക്ക് അനുസാരികൾ തുണിക്കിഴിയിലൂടെ അരിചൊഴിക്കുന്ന പൊതുവേ പരുക്കൻ ഭാവമുള്ള കടക്കാർ ജോലി തുടർന്നു .ഇവിടുന്നു ശുദ്ധമായ പേടയും പനീറും മറ്റും കൊണ്ടുപോയി നിങ്ങളുടെ "മദ്രാസ്ശഹറിൽ "കൊണ്ട് ഫ്രിഡ്ജിൽ വച്ചാൽ എത്ര നാൾ വേണമെങ്കിലും  കേടാവാതിരിക്കും എന്ന് കൂടെ വന്ന  വന്ന ആൾ ഓര്മിപിച്ചു പതിനായിരകണക്കിന് പശുക്കൾ ഉണ്ടവിടെ .ഒന്നിനെയും വില്കാറില്ല. പതിനായിരകണക്കിന് പശുക്കൾ ഉണ്ടവിടെ .ഒന്നിനെയും വില്കാറില്ല...
ഇപ്പോഴും മദ്രാസി ..മദ്രാസ്ഷഹർ എന്നൊക്കെയുള്ള വിളികൾ ഉണ്ടോ എന്ന് ചോദിക്കാൻ മുൻപ് പോയിട്ടില്ലാത്ത ആളായതിനാൽ കഴിഞ്ഞില്ല  ആദ്യം യമുനാതടതിലുള്ള ഒരു വൃക്ഷതിനടുതെക്ക് കൊണ്ടു പോയി.അതിൽ നിറയെ നൂലുകൾ കെട്ടിയിരിക്കുന്നു .തുടർന്ന് കാരഗൃഹതിലെ ഗർഭ ഗൃഹത്തിൽ നിന്ന് കൃഷ്ണനെ യമുനാ നദി കടത്തി കൊണ്ട് വന്നത് ഇതിലെയാണ് എന്ന് പറഞ്ഞു അദേഹം വെളിച്ചം ഒളിച്ചു കളിക്കുന്ന ഒരു ഇടനാഴിയിലൂടെ നയിച്ചു .
പൊടുന്നനെ ഒരറ്റത്ത് ഒരു മുന്നറിയിപ്പും കൂടാതെ പ്രണയ കേളി കലാ വിലാസിതനായി പുല്ലാങ്കുഴൽ ധാരിയായി എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടോ എന്ന് സംശയിക്കുകയും..ഇത് ഫേസ്ബുക്കിൽ ഇടുമ്പോൾ യമുനാ നദിയിൽ ഓളം നിലച്ചു,ഗിരിഗഹ്വരം ,മന്വന്തരങ്ങൾ തുടങ്ങിയ വാക്കുകൾ മതിയാകില്ലല്ലോ എന്ന് വേവലാതിപ്പെടുകയും ചെയ്തുവെങ്കിലും ദൃഡഗാത്രനായ യുവാവ് പുല്ലാങ്കുഴൽ കണക്കു വലിച്ചു നീടിപിടിച്ച ഷോൾ റോഡരികിലുള്ള വെള്ളകെട്ടിൽ ഒന്ന് കുതിർത്തു പിഴിഞ്ഞ് മൂരി നിവർത്തി മഞ്ഞതൂടെ നടന്നു പോതോടെ ആ ലഡ്ഡു പൊട്ടാതെ പൂത്തു പോയി  

തുടർന്ന് പൂജാരിയുടെ അടുത്ത് എത്തി .അദേഹം ഭഗവാന്റെ പാദസ്പർശം ഏറ്റ പ്രതലത്തിൽ സകുടുംബം ഞങ്ങളെ ആസനസ്ഥരാക്കി .മകനെ കൃഷ്ണൻ എന്നും മകളെ യോഗമായ എന്നും വിളിച്ചു .ലക്ഷങ്ങൾ തന്നാൽ പോലും ഭഗവാൻ  കൃഷ്ണന്റെ പാദസ്പർശം ഏറ്റ മണ്ണിൽ നിന്നും ഒരു മണൽത്തരി കിട്ടില്ലെന്നും അപൂർവ ഭാഗ്യസിദ്ധിയാണ് ഇപ്പോൾ കൈവന്നിരിക്കുനത് എന്നും ഓർമ്മിപിച്ചു .
മൂന്നു തരം ഭോഗ് കൾ ഉണ്ടെന്നു പറഞ്ഞപ്പോൾ പൂജയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിയ ഞാൻ പേഴ്സ് തട്ടിനോക്കി തല്സ്ഥാനതുണ്ട് എന്നുറപിച്ചു. 11 മാസം കൊണ്ട് മായാജാലം കൊണ്ടെന്നപോലെ "മനോകാമന "കൾ പൂവണിയും .ഇത് പോലെ വടക്കേന്ത്യൻ പര്യടത്തിനിടെ ദക്ഷിണ ചോദിച്ചപ്പോൾ പത്തു രൂപ നീട്ടിയ സുഹൃത്തിനെ അനുഗ്രഹികാൻ എന്ന മട്ടിൽ കൈ തലയിൽ വച്ച് വിഗ്രഹത്തിൽ കൊണ്ട് മുട്ടിച്ച കഥ സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട് .അതത്ര സുഖകരം ആയ അനുഭൂതി അല്ല എന്നദേഹം പറഞ്ഞതോർത്തു .നല്ല കായ ബലമുള്ള ബലിഷ്ടനായ പൂജാരി ..

തലേന്നത്തെ പോലെ ചെറിയ വഴിപാടു മതി എന്ന് പറഞ്ഞു കീഴടങ്ങി .ഒരു പൈസയും താൻ വാങ്ങില്ല എന്നും എല്ലാം ട്രസ്റ്റ്നാണ് എന്നും ബിൽ വാങ്ങാൻ മറക്കരുത് എന്നും അദ്ദേഹം ഓർമിപിച്ചു .തുടർന്ന് എല്ലാവരോടും ഉറക്കെ ചിരിക്കുവാൻ പറഞ്ഞു .വഴിപാടു പൂർണ്ണ മനസ്സോടെ സന്തോഷമായി ചെയ്യുന്നതാണ്എന്ന് സ്വയം ഓര്മിപിക്കുവാൻ ആണിത് .ഇത് സ്ഥിരം ആണോ അതോ അങ്ങനെ പറയിപ്പിക്കാൻ പ്രേരകമായ എന്തെങ്കിലും വൈക്ലബ്യച്ഛവി എന്റെ മുഖത്ത് തെളിഞ്ഞതാണോ എന്നറിഞ്ഞു കൂടാ
മൂന്ന് പട്ടു കഷ്ണങ്ങളും പ്രസാദവും ലഭിച്ചു .അതിൽ നിന്ന് നൂലിഴകൾ വരുമ്പോൾ. വരുന്ന വഴി നദീ തടത്തിൽ കണ്ട വൃക്ഷത്തിൽ തൂക്കുന്നത് ആഗ്രഹസഫലീകരണത്തിന് ഉത്തമാണ് എന്ന് കൂട്ടാളി ഓര്മിപിച്ചു .ലൈൻ DIAGRAM വഴിയും ഉദാഹരണങ്ങൾ വഴിയും സ്ക്കൂളുകളിൽ ചെറിയ ക്ലാസ്സിൽ പഠിപിച്ച എല്ലാ മതങ്ങളുടെയും അന്തസത്ത ഒന്നാണെന്നും ബാഹ്യസ്വത്വത്തിൽ മാത്രമേ അവയ്ക്ക് മാറ്റം ഉള്ളൂ എന്നെനിക്കു നന്നായി ബോധ്യപെട്ടു . ബോധ്യം വന്ന സ്ഥിതിക്ക് പൂതനാമോക്ഷം നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് അല്പം പൂജാരിയുടെ അടുത്ത് പോകാതെ നിഷ്ക്രമിച്ചു

ക്രിക്കറ്റ്കണ്ടു   ചായ കുടിച്ചു കടയിൽ ഇരുന്ന ഷകീൽ ഞങ്ങളെ കണ്ടു എണീറ്റു .
തലസ്ഥാനത്തെ വിമാന താവളതെക്ക് തുടർ യാത്ര ,ഇനി മടക്കം .
വൈകീട്ട് വിഹായസ്സിലൂടെ ഗമനം ,പിന്നെ രാത്രി നാട്ടിൽ
ഇയ്യിടെ ഏതോ സിനിമയിൽ കണ്ട മട്ടു നിളാ നദി ,501 സോപ്പ് ...നാട് ,നൊസ്റ്റാള്ജിയ ഓർമ്മകൾ

കാലത്ത് വീണ്ടും  പണിക്കു പോണം ,,

Tuesday, December 15, 2015

തട്ടിപ് പോസ്റ്റുകളുടെ" ഷെയർ" മാർക്കറ്റ്‌
 നവ മാധ്യമങ്ങളും ആരോഗ്യതട്ടിപ്പ് പോസ്റ്റുകളും

ഫ്രൂട്ടി ജ്യൂസ്‌ കമ്പനിയുടെ ഒരു തൊഴിലാളി HIV അണുക്കൾ ഉള്ള രക്തം നിർമാണ സമയത്ത് കലര്തിയിട്ടുന്ടെന്നും parle agro നിർമാതാക്കളുടെ ഒരു ഉല്പന്നവും കുറെ നാളതെക്കു കഴിക്കരുതെന്നും ഒരു അറിയിപ്പ് ഒരു വര്ഷം മുൻപാണെന്നു തോന്നുന്നു സോഷ്യൽ മീഡിയയിൽ  പ്രത്യക്ഷപ്പെടത് .ഡല്ഹി പോലീസ് ആണ് ഈ വാർത്ത‍ പുറത്തു വിട്ടത് എന്ന് ആധികാരികമായി പറയുന്ന ഈ വാർത്ത‍  NDTV പോലുള്ള ചാനലുകൾ റിപ്പോർട്ട്‌ ചെയ്തതാണെന്നും പറയന്നുണ്ട്


ഇടയ്ക്കിടയ്ക്ക് ഈ റിപ്പോർട്ട്‌ വീണ്ടും വീണ്ടും ഫെയ്സ് ബുക്ക്‌,WHATS ആപ് തുടങ്ങിയ സോഷ്യൽ മീഡിയ ,നവ മാധ്യമങ്ങൾ എന്നിവയിൽ പൊങ്ങി വരും .

HOAX അഥവാ തട്ടിപ്പ് എന്നിവ ഒരു സാഹിത്യ രൂപം പോലെ നവമാധ്യമങ്ങളിൽ  ബ്രഹുതായി കൊണ്ടിരിക്കുന്നു.  മറ്റു പല രംഗത്തും പോലെ(മാമുകോയ മരിച്ചു എന്നദ്ദേഹം സസുഖം ജീവികുമ്പോൾ വാർത്ത‍ പരതുന്നത് പോലെ എപ്പോഴും അതത്ര നിരുപദ്രവകരമാകണം എന്നില്ല .ഞാൻ മരിചിട്ടില്ല എന്ന് മാമുക്കോയ ഒരാൾ പറയുന്നത് വിശ്വസിക്കണോ അതോ ഇത്രയും പേരുള്ള സോഷ്യൽ മീഡിയ പറയുന്നത് വിശ്വസിക്കണോ എന്ന ഒരു തമാശയും ഇയ്യിടെ കേട്ടു ..) ഇത്തരം ഹോക്സുകൾ ആരോഗ്യ രംഗത്ത്  നിരുപദ്രവകരമായിരിക്കണം എന്നില്ല..
ഉദാഹരണത്തിന് തുടർച്ചയായി ഉപ്പുവെള്ളം കുടിച്ചാൽ എബോള തടയാം എന്ന നൈജീരിയൻ പോസ്റ്റ്‌  വായിച്ചു അത്  പ്രകാരം ചെയ്തു  രണ്ടു പേർ  മരിച്ച സംഭവങ്ങൾ പോലുമുണ്ടായി .പല രൂപത്തിൽ ,ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യവും അവിശ്വസനീയവും എന്ന് മനസ്സിലാകാൻ കഴിയുന്ന സാമാന്യ ബുദ്ധിക്കു നിരകാത്ത അസംബന്ധങ്ങൾ മുതൽ ആധികാരികം എന്നു തോന്നിപികുന്ന "ശാസ്ത്രീയ  വിവരക്കേടുകൾ " വരെ ഇങ്ങനെ പ്രത്യക്ഷപ്പെടാം .വളരെ വലിയ സ്വീകാര്യത ലഭിക്കാവുന്ന  ഇത്തരം പോസ്റ്റുകളിൽ മേമ്പോടിക്ക് mayo ക്ലിനിക്‌ വൃത്തങ്ങൾ ,പോലീസ് വൃത്തങ്ങൾ,ഏതെങ്കിലും പ്രശസ്തനായ പ്രൊഫസർ എന്നിവരെ യഥേഷ്ടം ഉദ്ദരിചിട്ടുണ്ടാകാം    .അതൊക്കെ വാസ്തവമാണോയെന്നു cross check ആർക്ക് നേരം എന്ന ധൈര്യം.
സാധാരണയായി കണ്ടു വരുന്ന  ആരോഗ്യരംഗതെ തട്ടിപ്പ് പോസ്റ്റുകളെ നമുക്ക് ഇങ്ങനെ  തരം തിരിക്കാം
1.ജാഗ്രതൈ .,സൂക്ഷിച്ചില്ലെങ്കിൽ സർവനാശം

ആളുകളെ പേടിപെടുത്തുന്ന ഇത്തരം പോസ്റ്റുകൾ സരവവ്യാപകമായി ഉപയോഗപെടുത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ,നമ്മുടെ ശീലങ്ങൾ  എന്നിവയി ൽ ആസന്നവും ഭയപ്പെടുതുന്നതുമായ അപകടം ആരോപിക്കുന്നു .

ഏറ്റവും ഭയം സൃഷ്ടികുന്ന മരണം ,കാൻസർ  മുതലായ ഭവിഷ്യതുകൾ ആണ് ഇവർക് പ്രിയം.കുട്ടികൾ kinderjoy കഴിച്ചാൽ അതിൽ wax ഉണ്ട് .കാൻസർ വരും എന്ന പോസ്റ്റ്‌ നോക്കുക.ഫുഡ്‌ ഗ്രേഡ് പാരഫിൻ wax  പല ചോക്ലേട്ടുകളിലും ഉണ്ട് ,അത് മനുഷ്യ ശരീരത്തിന് ഗുണകരമോ ആവശ്യമുള്ളതോ അല്ല എന്നത് സത്യം.പക്ഷെ ശാസ്ത്രീയമായ അടിസ്ഥനമൊന്നും ഇല്ലാതെ അവ കാൻസർ ഉണ്ടാക്കും എന്ന് പരതുന്നത് പരിഭ്രാന്തി പരത്താൻ മാത്രമേ സഹായിക്കൂ.ഇതേ വകുപ്പിലാണ് മക് donalds burgerൽ ശുക്ലത്തിന്റെ അംശം കണ്ടെത്തി ,പുഴുക്കളെ അരച്ച് ചേർത്ത ഷാമ്പൂ നിർമാണം എന്നിവയെ പറ്റിയുള്ള പോസ്റ്റുകൾ
മക് donalds പോലുള്ളവയുടെ ഉല്പന്നങ്ങൽകെതിരെയുള്ള ഇത്തരം പോസ്റ്റുകൾ ജങ്ക് ഫാസ്റ്റ് ഫുഡിനെതിരെയുള്ള സ്വാഗതാർഹമായ നീകങ്ങളായി ചിലർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുനുണ്ട് . എന്നാൽ  യുക്തിക്ക് നിരക്കാത്ത  അടിസ്ഥാന രഹിതമായ ആരോപണങ്ങൾ പരക്കെ ഷെയർ ചെയുന്നതിലൂടെയുള്ള ഇത്തരം നീകങ്ങൾ വിപരീത ഫലമാണ് മിക്കപോഴും ഉണ്ടാക്കുക


ഇതേ വകുപ്പിലെ വല്യ ഐറ്റം ആണ് H I V .ഇന്ത്യയിൽ ഏറ്റവും പ്രചാരം നേടിയ  H I V HOAX ആണ് ആദ്യം പറഞ്ഞ ഫ്രൂട്ടി പോസ്റ്റ്‌ ,പല രൂപത്തിൽ ഭാവത്തിൽ അതിപ്പോഴും നമ്മെ ഭയപെടുതുന്നു .
ചിലപ്പോൾ HIV രക്തം SYRINGE വഴി കുത്തി കയറ്റിയ ഓറഞ്ച് വിപണിയിലെത്തി എന്ന ഗമണ്ടൻ വെണ്ടക്കാ പോസ്റ്റു.. ഭയം നിറകുന്ന ഒരു പടവും കൂടെ
വാസ്തവത്തിൽ ഭക്ഷണത്തിലൂടെ HIV പകരുന്നതായുള്ള ഒരു കേസ് ഇന്നോളം റിപ്പോർട്ട്‌ ചെയ്തിട്ടില്ല ,മനുഷ്യശരീരത്തിന് പുറത്തു HIV വൈറസ്‌ വളരെ കുറച്ചു സമയമേ നിലനില്കൂ.

ശീലങ്ങളിൽ ഏറ്റവും" ഭയപാത്രമാക്കപെടുന്നത് " മൊബൈൽ ,ലാപ്ടോപ് ഉപയോഗം ആണ് .അമിതമായ ഇത്തരം GADGETSന്റെ ഉപയോഗം ,പ്രത്യേകിച്ച് കുട്ടികളിൽ ആശാസ്യമല്ല എന്നത് വാസ്തവം തന്നെ പക്ഷെ ലാപ്ടോപ് ഉപയോഗികുമ്പോഴുള്ള ചൂട് കാൻസർ ഉണ്ടാക്കും എന്നൊക്കെ തട്ടി വിട്ടാലോ


.
CONTACT LENS തീയ്കടുത്തു പോയപ്പോൾ വെന്തുരുകി കണ്ണിൽ ഒഴുകി കാഴ്ച നഷ്ടപെട്ട പെണ്‍കുട്ടിയെ നോക്കൂ .ഭയം വരുന്നില്ലേ .വെള്ളം തിളകുന്നതിലും ഉയർന്ന താപ നിലയിൽ അണ വിമുക്തന്മാക്കിയാണ് ലെൻസ്‌ വിപണിയിൽ ഇറക്കുന്നത്.അപ്പോൾ ഇത് എത്ര ഉയർന്ന താപനിലയിലും  ഉരുകില്ല എന്നാണോ .തീർച്ചയായും ..അതിനു മുൻപ് കണ്ണും ത്വക്കു  ഒക്കെ വെന്തു പോകുമെന്ന് മാത്രം !


2. സർവരോഗകുലാന്തകസസ്യങ്ങൾ  ,അത്ഭുത ചികിത്സ ,അവിശ്വസനീയ സൌഖ്യം
കേരളമാകെ അത്ഭുത വൃക്ഷങ്ങളായി അവതരിച്ച ലക്ഷ്മിതരുവും മുള്ളാത്തയും നവ മാധ്യമങ്ങളിൽ മാത്രമല്ല പത്രം ,ചാനലുകൾ മുതലായ വൃദ്ധ മാധ്യമങ്ങളും കൊട്ടി ഘോഷിച്ചു .CHEMOTHERAPY, RADIATION എന്നിവയൊന്നും  കൂടാതെ ഇത്തരം വൃക്ഷ ലതാദികൾ പല രൂപത്തിൽ അകത്താക്കിയാൽ കാൻസർ പൂർണമായും ഭേദമാക്കാം എന്ന് പ്രശസ്ത കാൻസർ രോഗ വിദഗ്ധരുടെ "സാക്ഷ്യ പത്രം",ഫോണ്‍ നമ്പർ ,അനുഭവ കഥ എന്നിവ കൂടെ അവതരിപിച്ചു. തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും അതിസാരത്തിനും മലമ്പനിക്കും ഉപയോഗിച്ച് വന്നിരുന്ന സസ്യങ്ങളാണ് ലക്ഷ്മിതരു ,മുള്ളത്ത എന്നിവ.



ഈ കഥകളിലെല്ലാം കാൻസർ ചികിത്സയിൽ എവിടെയും ഈ സസ്യങ്ങൾ  മാത്രം ഉപയോഗിച്ചായിരുനില്ല ചികിത്സ എന്നത് തെളിച്ചു പറയുന്നില്ല .RADIOTHERAPY ,കീമോ തെറാപ്പി മുതലായുള്ള വ്യവസ്ഥാപിത ചികിത്സാ രീതികൾകൊപ്പം ആണ് സസ്യ പ്രയോഗം .കാൻസെർ പ്രതിരോധത്തിൽ ആന്റി OXIDANT സംപുഷ്ടമായ  പഴങ്ങൾ ,സസ്യങ്ങൾ എന്നിവ സഹായിക്കാം .എന്നാൽ അവ മാത്രമുപയോഗിച്ചു കാൻസർ മുക്തി നേടാം എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണ് ,ഈ കഥയിലെ നായക സ്ഥാനത് നിര്തപെട്ടിരികുന്ന സെബി എന്ന യുവാവ് തന്നെ ഇതൊരു ബദൽ ചികിത്സാ രീതിയായി അവതരിപികു ന്നതിനോടുള്ള വിയോജിപ്പും ഇതിലെ ബിസിനസ് താല്പര്യങ്ങളെ കുറിച്ചും  മനോരമയുടെ നാട്ടുപച്ച എന്ന പരിപാടിയിൽ പറയുന്നുണ്ട്.


പാശ്ചാത്യ രാജ്യങ്ങളിൽ പലപ്പോഴായി asparagus കാൻസർ രോഗകുലാന്തകനായി പണ്ട് ഇത് പോലെ അവതരിക്കപെട്ടിടുണ്ട്
.ഇത് പോലെ ഒരു ഐറ്റം ആണ് ഹൃദ്രോഗം,.ഹാർട്ട്‌ അറ്റാക്ക്‌ എന്നിവയൊക്കെ തടയാൻ ഉള്ള ഒറ്റ മൂലികൾ. പുകവലി ഉപേക്ഷിക്കുക ,കൃത്യമായ വ്യായാമം നടത്തുക ,മാനസിക സമ്മർദം കുറയ്ക്കുക ,ശരീര ഭാരം നിയന്ത്രിക്കുക ,രക്ത  സമ്മർദം ഉയരാതെ നിലനിർത്തുക,പ്രമേഹം നിയന്ത്രികുക ,മിതമായതും സമീക്രുതം ആയതും ആയ ഭക്ഷണ രീതി പിന്തുടരുക എന്നിവയാണ് അതിനുള്ള മാർഗങ്ങൾ
വെളുത്തുള്ളി ,കാന്താരി മുളക്, മാതളനാരങ്ങ  എന്നുവേണ്ട പലതരം വിത്തും സത്തും ചവച്ചു കഴിച്ചാൽ ഹൃദ്രോഗം ഒരിക്കലും വരില്ല എന്ന് തീർത്തു പറയുന്ന പോസ്റ്റുകൾ വിശ്വാസയോഗ്യമല്ല .

3. ആരോഗ്യ ടിപ്പുകൾ (തട്ടിപ്പുകൾ )
ഇയ്യിടെ സിനിമയിൽ പറഞ്ഞ മട്ടു, കേൾകുമ്പോൾ സിംപിളും പവർഫുള്ളും എന്നാൽ ഫലത്തിൽ USELESS ആയ ഈ വിഭാഗതിലെ പോസ്റ്റുകൾ മിക്കവയും സാമാന്യ ബുദ്ധിക്കു നിരക്കാതവയാണ്.എന്നാൽ അവയ്ക്കും മാർകെറ്റ് ഉണ്ട് എന്നതാണാശ്ച്ചര്യം .
ഉദാഹരണത്തിന് ഇത് നോക്കൂ
 ..തല വേദന വരുമ്പോൾ ഇടത്തെ നാസദ്വാരത്തിലൂടെ ശ്വാസമെടുക്കുക ,ക്ഷീണിതനായി തോന്നുമ്പോൾ വലത്തേ ശ്വാസദ്വാരത്തിലൂടെ ശ്വാസമെടുക്കുക .ഉപയോഗികാത്ത ശ്വാസ ദ്വാരം അടച്ചു പിടിക്കാൻ മറക്കരുത് .ഇപ്രകാരം ചെയ്താൽ കണ്ടു നിൽകുന്നവർകു ചിരിച്ചു ശ്വാസം മുട്ടും എന്ന ഗുണം മാത്രമേ ഉള്ളൂ .

മൊബൈൽ ഫോണ്‍ ഉപയോഗികുമ്പോൾ ഇടത്തെ ചെവി ഉപയോഗിച്ചാൽ തലചോറിനു radiation കുറയും എന്നും വലത്തേ ചെവി ഉപയോഗിക്കരുത് എന്നത് മറ്റൊന്ന്


എന്നാൽ ഈ വിഭാഗത്തിൽ ഏറ്റവും ചിലവാകുന്നത് ജലപാനത്തെ കുറിച്ചുള്ള പോസ്റ്റുകളാണ്
രാവിലെ വെള്ളം കുടിച്ചാൽ മാറുന്ന രോഗങ്ങൾ ,വൈകിട്ട് കുടിച്ചാൽ മാറുന്ന രോഗങ്ങൾ ,ഭക്ഷണം കഴികുമ്പോൾ തണുത്ത വെള്ളം കുടിച്ചാൽ ഭക്ഷണത്തിലെ എണ്ണ ഘനീഭവിച്ചു കാൻസർ വരുന്നത് ,വെള്ളം ഒറ്റയടിക്ക് കുടികാതെ ഇറക്കിറക്കായി കുടിച്ചാൽ ഉണ്ടാകുന്ന അത്ഭുതങ്ങൾ എന്ന് വേണ്ട വെള്ളത്തെ കുറിച്ച് മലവെള്ളം പോലെ അത്യുഗ്രൻ പോസ്റ്റുകൾ
 
വിരേന്ദ് സോമർ എന്ന പ്രഖ്യാത cardiologist അമേരിക്കൻ ജർണ്ണൽ ഓഫ് കാർഡിയോളജി യിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഇതിന്റെ ആദ്യ വേർഷനിൽ തട്ടി വിട്ടിടുണ്ട് .അങ്ങനെ യാതൊരു പഠനവും ആരും നടത്തിയിട്ടില്ല എന്നതും അതെവിടെയും പ്രസിദ്ധീകരിച്ചിട്ടും ഇല്ല എന്നതും അല്പം സമയം  ചിലവഴിച്ചാൽ കണ്ടെത്താം
ജലം ജീവൻ  നിലനിർത്താൻ അത്യന്തപെക്ഷിതമാണ് .ജീവജലം എന്നാണല്ലോ പറയുക .ശുദ്ധജലം ആവശ്യത്തിനു കുടിക്കുക  എന്നത് ആരോഗ്യത്തിന് ആവശ്യമായതാണെന്നും നമുക്കറിയാം .എന്നാൽ ജീവജലം സമയത്തിന് ഡോസ് വച്ച് കഴിച്ചാൽ രോഗസംഹാരിയായ മന്ത്രജലം ആകില്ല
ഇനിയുള്ളത് ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ടിപുകളാണ് .മിക്കവയും നിർദൊഷവും ഉഭയസമ്മതപ്രകാരം പരീക്ഷിച്ചു നോക്കാവുന്നതും തന്നെ .എന്നാൽ ഈ വകുപ്പിൽ ഗര്ഭധാരണത്തിന് ഏറ്റവും സഹായകമായ പൊസിഷൻ ,ആണ്‍ കുഞ്ഞിനു ഏറ്റവും ഉതകുന്ന പൊസിഷൻ ,പെണ്‍കുഞ്ഞിനു ചേർന്നവ തുടങ്ങിയവ ആളുകളെ (അതും സത്യമെന്ന് വിശ്വസിക്കുനവരുണ്ടെങ്കിൽ ) വഴിതെറ്റിക്കുന്ന വയാണ്
ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ എന്താണ് ചെയ്യേണ്ടത്
1,സാമാന്യ യുക്തിക്ക് നിരക്കുമോ എന്ന് സ്വയം ചോദിക്കുക
ഉദാഹരണത്തിന് കുളിക്കുമ്പോൾ കുളിക്കുമ്പോൾ അവസാനം തല നനക്കുന്നത് തലച്ചോറിനു ക്ഷതം ഏൽപിക്കും എന്നൊരു പോസ്റ്റ്‌ വന്നെന്നിരികട്ടെ ,എത്രയോ വര്ഷങ്ങളായി എത്രയോ കോടി ജനങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടല്ലോ എന്നാലോചിക്കുക .ഈ നിലവാരമേ പല പോസ്റ്റ് കൾക്കും ഉള്ളൂ
2,ശാസ്ത്രീയമായി ചിന്തിക്കുക ,ചിന്തിക്കാൻ പ്രേരിപിക്കുക
അനുഭവ സാക്ഷ്യങ്ങളും അവകാശവാദങ്ങളും മാത്രം ആയി അവതരിക്കപെടുന്ന ചികിത്സാരീതികൾ ക്ക് ശാസ്ത്രീയമെന്നു കരുതാവുന്ന എന്തെങ്കിലും അടിസ്ഥാനം ,കാര്യ കാരണ ബന്ധം എന്നിവ അതിന്റെ പ്രചാരകറക് പറയാനുണ്ടോ എന്ന് നോക്കുക.സകല രോഗങ്ങളും തുടച്ചു മാറ്റുന്ന സർവരോഗകുലാന്തകൻ എന്ന മട്ടിൽ അവതരിക്കപെടുന്ന ചികിത്സകൾ സംശയദൃഷ്ടിയോടെയും അവിശ്വസിനീയതെയോടെയും മാത്രം കാണുക
3.
വാസ്തവം സ്ഥിരീകരിക്കാൻ ശ്രമിക്കുക -ആധികാരികമായ, സാധാരണക്കാര്ക് പോലും കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ ആരോഗ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സൈറ്റുകൾ ലഭ്യമാണ് (പലപ്പോഴും ഈ പോസ്റ്റുകൾ ആധികാരികത തോന്നിപിക്കാൻ ഇതേ കേന്ദ്രങ്ങളെ അടിസ്ഥാനം ഇല്ലാതെ വ്യാജമായി ഉദ്ദരിക്കുകയും ചെയ്യും)
4. പ്രകാശം മാത്രം പരകട്ടെ -അവസാനമായി ,ആരോഗ്യ കാര്യത്തിൽ  അടിസ്ഥാനമില്ലാത്ത പോസ്റ്റുകൾ നിർദൊഷമെങ്കിൽ പോലും ഷെയർ ചെയ്യുകയോ ലൈക്‌ ചെയ്യുകയോ ചെയ്യാതിരിക്കുക.

Friday, October 30, 2015

വാ .വി .വാ കാരോടും പ്രകൃതിജീവനകരോടും സുകെർബെർഗിന്റെ മധ്യസ്ഥതയിൽ നടന്ന സൌഹൃദ സംഭാഷണത്തിൽ നിന്നും മനസ്സിലായതും മനസ്സിലാകാത്തതും ആയ കാര്യങ്ങൾ 
1.മോഡേണ്‍ മെഡിസിൻറെയോ IMA യുടെയോ Medical council ന്റെ യോ (IMA യും mci യും ഒന്നാണെന്നും അതിന്റെ നേതാക്കൾ മോഡേണ്‍ 
മെഡിസിന്റെ തല തൊട്ടപ്പൻ മാരാണെന്നും ഒക്കെയുള്ള ധാരണകൾ തിരുത്താനൊന്നും ശ്രമികുന്നില്ല ) ആഹ്വാന പ്രകാരം ആണോ ജനങ്ങൾ വലിച്ചു വാരി തിന്നുന്നതും വ്യായാമം ഇല്ലാതെ സമ്മർധ ഭരിതമായ ജീവിതം നയിക്കുനതും .മിതമായ ഭക്ഷണവും കൃത്യമായ വ്യായാമവും ആണ് അഭികാമ്യം എന്ന് ഏതു പ്രകൃതി സംഘടനയുടെ ഉപദേശങ്ങളെക്കാളും പ്രായോഗിക രീതിയിൽ IMA എന്ന "മാഫിയാ സംഘടന"യുടെ ഫുഡ്‌ പൊളിസിയിൽ പറയുന്നുണ്ട് .ഒന്ന് വായിച്ചു നോക്കാം -imakerala.com/Content/Healthfood_part1.pdf
2.രോഗാണു എന്നത് ഭയകചവടതിനു മോഡേണ്‍ മെഡിസിൻ അടിച്ചിറക്കിയ myth ആണെന്നും അല്ല രോഗാണു എന്നതുണ്ട് പക്ഷെ ഭയക്കേണ്ട ഒരു കാര്യവും ഇല്ലെന്നും പ്രതിരോധം കൊണ്ട് അനായാസം അതിനെ മറികടക്കാം എന്നും പ്രകൃതി തന്ന മാര്ഗങ്ങളിലൂടെ ഈ ശേഷി ആർജികാം എന്നും ഒക്കെ പറയുന്നുണ്ട് .ആ വിഷയത്തിൽ വ്യക്തത കുറവില്ലേ എന്ന് ചോദിച്ചാൽ മോഹൻലാൽ നരൻ സിനിമയിൽ പറഞ്ഞ കണക്കു തല്ലി തോല്പിക്കെടാ എന്ന കണക്കു സംവാദത്തിനു വിളിക്കും
3.പ്രകൃതി ജീവിതം അവലംബിച്ച് പ്രതിരോദം മൂർധന്യത്തിൽ എത്തിച്ച സ്ഥിതിക്ക് ഒരു രോഗാണുവിനെയും ഭയപ്പെടണ്ടതില്ലല്ലോ .പനി സൌഭാഗ്യം ആണ് .H I V മനുഷ്യന്റെ പ്രതിരോധ വ്യവസ്ഥിതി യെ തളർത്തി ശരീരം രോഗങ്ങളുടെ വിളനിലം ആകുന്നു എന്നാണ് MODERN MEDICINE വക്താക്കൾ അടിച്ചു വിടുന്നത് .HIV പോസിറ്റീവ് എന്ന് ഉറപിച്ച രോഗികളുടെ രക്തം മൂന്നു നാലു VOLUNTEERS മുന്നോട്ടു വന്നു സ്വശരീരത്തിൽ കുത്തി വച്ച് പ്രതിരോധത്തിലുള്ള വിശ്വാസം ജനങ്ങൾക് കാണിച്ചു കൊടുകട്ടെ . ബ്ലഡ്‌ ബാങ്കിലും മറ്റും സ്ക്രീനിങ്ങിലും മറ്റും H I V പോസിറ്റീവ് ആയ രക്തം DISCARD ചെയ്യാൻ വച്ചിട്ടുളത് ഈ പരീക്ഷണത്തിലൂടെ പ്രകൃതിശാസ്ത്രത്തിന്റെ അപ്രമാദിത്വം തെളിയികാനുള്ള ശ്രമത്തിനു ഉപയോഗപെടുത്താൻ ശ്രമിക്കാം.(ഇതും വേണ്ട പേപട്ടി കടിച്ചാൽ വാക്സിൻ എടുക്കാതെയും ഇത് തെളിയിക്കാം 
4.ഭൂമി പരന്നതാണ് ..ഉരുണ്ടതാണെങ്കിൽ താഴെ നില്കുന്നവരൊക്കെ കൊഴിഞ്ഞു വീഴില്ലേ എന്നൊക്കെ പ്രസന്ഗിചിട്ട് വേണമെങ്കിൽ സംവാദത്തിനു വാ എന്ന് വെല്ലുവിളിച്ചാൽ ഫിസിക്സ്‌ പോയിട്ട് അടിസ്ഥാന ശാസ്ത്രം എങ്കിലും അറിയുന്നവർ അത് ഏറ്റെടുകുമോ ...M R I മെഷീൻ തട്ടിപാണെന്നും അതിൽ നിന്ന് വരുന്ന പടങ്ങൾ മുന്കൂട്ടി സൂക്ഷിച്ച PROTOTYPE പടങ്ങൾ ആണെന്നും ഒരു മഹാവൈധ്യർ (വൈദ്യര് ,ഡോക്ടർ എന്നൊക്കെ സ്വയം പ്രഖ്യപിക്കാമല്ലോ ) പറഞ്ഞിട്ടുണ്ട് .അതിനുമുണ്ട് നൂറു കണക്കിന് കയ്യടികൾ .സംശയമുണ്ടെങ്കിൽ സംവാദം നടത്താം 
5.ഓരോ സമൂഹത്തിലും കുറെ പേർ അവരർഹിക്കുന്ന ഫ്രോഡുകളാൽ പറ്റിക്കപെടും


Friday, October 23, 2015

തട്ടിന് പുറത്തു കാലങ്ങളായുള്ള മാറാലക്കിടയിൽ സർപങ്ങളുടെ വാഴ്ച .
 ഡ്യൂട്ടി കഴിഞ്ഞു വന്നു കണ്ണടക്കുമ്പോൾ ,പ്രണയാന്വേഷണ പരീക്ഷണങ്ങളും അനുബന്ധ സാഹസങ്ങളും പങ്കു വയ്ക്കുമ്പോൾ ,അച്ചുതണ്ടിൽ നിന്ന് ലോകത്തെ തെറിപിക്കും എന്ന മട്ടിലുള്ള ശക്തിമത്തായ സിദ്ധാന്തങ്ങളിൽ തർകിക്കുമ്പോൾ...ഉരുണ്ടി കൂടി മറിയുന്ന ശബ്ദം ..സാനറ്റൊറിയം പണിത കാലത്തെ കെട്ടിടങ്ങളാണ് ,വളരെ ഉയർന്ന ചുവരുകൾ .

ചുമരുകളുടെ അടരുകൾ കിടയിൽ ഫിസ്റ്റുല പോലുള്ള സഞ്ചരപഥങ്ങളിലൂടെ ഒന്നിലധികം അവസരങ്ങളിൽ പാമ്പുകൾ മച്ചിൽ നിന്നും ഊർന്നും  ഉരഞ്ഞും പ്രകാശത്തിന്റെ പ്രതലത്തിലേക്ക് ,ഞങ്ങളുടെ ദൃഷ്ടിപഥത്തിലേക്ക് ,പകൽ വെളിച്ചതിലേക്ക് ഇറങ്ങി  പകൽ കാഞ്ഞു.
  .
ഗട്ടി സാർ  ഹാം റേഡിയോയുടെ പ്രതാപകാലത്തേ കുറിച്ച് സംസാരിച്ചു അസൂയാവഹമായ അനായാസതയോടെ മുറിയിലേക്ക് അപ്രത്യക്ഷനാവും ."പാമ്പൊന്നും ഇല്ലപ്പാ  " എന്ന് പറഞ്ഞു സുഖനിദ്രയിൽ വിലയികുന്ന അദേഹത്തെ ഒരു ശബ്ദവും അലോസരപെടുതിയില്ല

അധ്വാനവും സംതൃപ്തിയും ശക്തിമത്തായ സിദ്ധാന്തങ്ങളിൻ മേലുള്ള അന്യോന്യവും ഒക്കെയായി കാലം അയത്നസുന്ദരം ഒഴുകവേ, ആണ് ഒരു നാൾ ഇയ്യിടെ ആരോ പറഞ്ഞത് പോലെ" ഇരുന്നോ ഇരന്നോ തുരന്നോ "PG എടുത്തില്ലെങ്കിൽ ജീവിതം എടുക്കാത്ത അണപൈസ പോലെ ഒടുങ്ങില്ലേ എന്ന പ്രമേയം അവതരികപെട്ടത് ,തല്ഫലമായി  എല്ലാ പ്രോടഗോനിസ്ടുകളും പ്രീ, പാരാ ക്ലിനിക്കൽ TUTOR മാരായി രംഗം മാറി . സമ്പന്നനായ വൃദ്ധൻ നവയുവതിയെ വിവാഹം ചെയ്തെപ്പോഴുള്ള ദാമ്പത്യം കണക്കു, സമയം ആവശ്യത്തിനു ലഭിച്ചെങ്കിലും അത് വെറുതെ പാഴായി പോകാൻ തുടങ്ങി.

പുസ്തകങ്ങളിൽ കൂട്ടി വച്ചു പഠിതത്തിനു കാറ്റു പിടികുന്നില്ലല്ലോ എന്ന വൈക്ലബ്യത്തിൽ ഇരിക്കുമ്പോൾ ഗട്ടി സാർ ഹാം റേഡിയോയിൽ ഒരു ഗട്ടി സുഹൃത്തിനെ കേട്ട് മുട്ടി യെന്നും ആവേശപൂർവ്വം തുടർന്നപ്പോൾ അതൊരു സിംബാബ്വെ ഗോത്രനാമമായിരുന്നു എന്ന് തിരിച്ചറിഞ്ഞ കാര്യം പങ്കു വെക്കും. ഒരു പണിയും ചെയ്യാതെ പഠിക്കുക എന്ന പദ്ധതിയോടുള്ള വിയോജിപ്പ് ഒരു ചെറു ചിരിയിലൂടെ പ്രകടി പ്പിച്ചു അദ്ദേഹം നിദ്രാ ദേവിക് സ്വയം സമർപിക്കുകയും ചെയ്യും .
പകലായ പകലൊക്കെ വറ്റി വരണ്ട ഒരു ചൂട് കാല രാത്രിയിൽ തൊണ്ട നനക്കാൻ എണീറ്റപ്പോൾ ഭിത്തിയിൽ ചിതലരികിട്ട  ദ്വാരതിനടുത്ത് നിന്ന് ഒരു പാമ്പ് (ഒറ്റ കാഴ്ചയ്ക് സർപം എന്ന് വിളികാനുള്ള യോഗ്യത സംശയമാണ് )യുഗങ്ങളായുള്ള വിശപ്പൊടുകുന്ന ഭാവത്തിൽ ഒരു പല്ലിയെ അല്പാല്പമായി അകതാകുന്നു .ഭിത്തിയോട് ചേർന്നമർന്നു തലമാത്രം ഉയർത്തി  പല്ലിയെ സ്വാംശീകരികുകുയാണ് .
വിളക്കുകൾ തെളിഞ്ഞു ." മുയലുകൾ പകലുറക്കതിനെതുന്ന പകർപ്പൻ പറങ്കിമാവിൻ ചോട്ടിൽ" നിന്ന് മർദനോപകരങ്ങണളുമായി ഞങ്ങൾ പൊസിഷൻ എടുത്തു .മുകളിലെ ക്വാർടേർസ്സിൽ നിന്ന് കുപ്പി സാർ "ഞാനും വരുന്നു ,ഒന്ന് ജെട്ടി ഇട്ടോട്ടെ എന്ന് വിളിച്ചു പറഞ്ഞു .." ഹോസ്റ്റൽ അങ്കണതിൽ കഞ്ചാവ് വളർത്തി അത് ഇസ്തിരി പെട്ടി കൊണ്ടുണക്കിയ ക്ഷുഭിത യൗവനം കടന്നു വന്ന കക്ഷിയാണ്  ."അമ്മയാണെ സത്യം ,ഇപ്പോൾ വല്ലപോഴുമുള്ള കള്ളടി മാത്രമേ ഉള്ളൂ ...".അദ്ദേഹം   MBBS പൂർത്തിയായി ബൈക്കപകടത്തിൽ പെട്ട് ഓർമയും സ്ഥലകാല ബോധവും ,സാമാന്യ മര്യാദയും സ്വയം ശുചിത്വവും എല്ലാം  കൈ മോശം വന്ന ഒരു പഴയ സുഹൃത്തിനെ അവിടെ പാർപിചിരുന്നു .എന്തെങ്കിലും clerical ജോലിയെങ്കിലും ഒന്ന് സ്ഥിരത വന്നതിനു ശേഷം പൂർവ സുഹൃത്തിനു തരപ്പെടുത്തി കൊടുക്കാം എന്ന പ്രതീക്ഷ ഉണ്ടായിരുന്നു അദേഹത്തിന്. നമ്മളെ പോലെ ഒക്കെ പഠിച്ചു വന്ന ഒരാളാണ് എന്ന് കൂടെക്കൂടെ പറയും .
"ഇണ ചേരുകയും ഇര വിഴുങ്ങകുയും ചെയ്യുമ്പോൾ ഒരു മൃഗത്തെയും ആക്രമിക്കരുത് .."
കുപ്പി സാർ താത്വികനായി ,ഞങ്ങൾ ക്ഷമ കാണിച്ചു .

മൊബൈൽന്റെ കടന്നു കയറ്റം ശക്തി പ്രാപിച്ചു തുടങ്ങിയതോടെ മെൻസ് ഹോസ്റെലിലെ ഏതേലും മുറിയിലുള്ള ഏതേലും രമേശനോ മറ്റോ വല്ലപ്പോഴും വരുന്ന ഇന്കമിംഗ് കാളുകൾ സഹർഷം ആളെ കണ്ടുപിടിച്ചു ചെവിയേല്പിക്കുക എന്ന സേവനത്തിനായി മാത്രം  ഫോണ്‍ ബൂത്ത്‌ നടത്തുന്ന സുനിയെട്ടന്റെ ബൂത്തിൽ ഒരു സ്വ.ലെ ചേട്ടൻ ഇരിക്കുന്ന കാര്യം ഓർമ്മ വന്നു .വാർഡിൽ വൃതിയാകുന്ന"ഫെനോയ്ൽ " ഒക്കെ തീർന്നാൽ sweeper മാർ പോലും അറിയുന്നതിന് മുൻപ് പത്രത്തിൽ എത്തിക്കുന്ന ചേട്ടനോട് മുട്ടിയാൽ ഒരു നല്ല ക്യാമറ കിട്ടിയേക്കും എന്നു ആരോ പറഞ്ഞു . 
"അതിനുള്ള നേരം ഒന്നും ഇല്ല .വിഴുങ്ങി കഴിഞ്ഞാൽ ഉടൻ അടി വീഴണം " ഒരൊന്നര മിനിറ്റ് കൂടി എടുത്തു കാണും .പല്ലിയെ അകതാകിയ പാമ്പ് ഒന്ന് നോക്കി .പുച്ഛം ,അല്ലേൽ നിസ്സന്ഗത .കനലിൽ വച്ച കാൽ ഞൊടിയിൽ വലിയുന്ന മട്ടു നിമിഷാരധം കൊണ്ട് ചുമരിലെ ഫിസ്ടുലയിലേക്ക് പിൻവലിഞ്ഞു.ദശാബ്ദങ്ങളുടെ ഇരുൾ വിടവിലൂടെ ,എത്രയോ TB രോഗികളുടെ ചുമ കൊണ്ട് പ്രകമ്പനം കൊണ്ട സാനറ്റൊരിയതിന്റെ ചുമരടരുകൾക്കിടയിലൂടെ മചിലെത്തി
 . അന്ന് രാത്രി വല്യ ശബ്ദ ഗോഷം ആയിരുന്നു . പാമ്പ് മാത്രമല്ല  മരപട്ടിയും കാണും .പാമ്പുകൾ മാത്രം വിചാരിച്ചാൽ ഇത്ര ശബ്ദം കേൾക്കുമോ? .മരപട്ടിയാണേൽ മൂത്രം ഒഴിക്കെണ്ടതാണ് ,,അത് ചോർന്നു താഴെ എത്തെണ്ടതല്ലേ  . ഉറക്കം മുറിഞ്ഞു കൊണ്ടിരുന്നു .സർപകോപം ..സർപങ്ങൾ കൂട്ടമായി ഇറങ്ങി വരുമോ..അക്കാലത്തു യുക്തിചിന്തയ്ക്കും മറ്റും അടിപെട്ട് തുടങ്ങിയിട്ടില്ല .പരീക്ഷയടുപിച്ചു ക്ഷേത്രദർശനം ,ഭക്തി മാര്ഗം ഒക്കെ പതിവുണ്ട് !
"ഒരു ദിവസം കൂടി പോലും ഇവിടെ ഇനി താമസിക്കരുത്...നേരം വെളുത്താൽ പുതിയ quarters ചോദിക്കണം "
""...ഇല്ലേൽ പാലായിലും നല്ല ക്ലാസ്സ്‌  ആശുപത്രിയുണ്ട് ..."
"ഡാ ....,പെരള്ളശേരി വരെ ഞാൻ വെളുപ്പിനൊന്നു പോവുന്നുണ്ട് ..അവിടെ സര്പനിവാരണത്തിന് പൂജയുണ്ട് എന്ന് കേട്ടിട്ടുണ്ട്"
സംഭാഷണം നീണ്ടു 
നേരം വെളുത്തു ...ഗട്ടി സാർ വെളുപ്പിനുണർന്നു .shaving ക്രീം പതപിച്ചു ..എന്താണ് ആരും ഉറങ്ങിയില്ലേ എന്ന് ചോദിച്ചു .
ഒന്ന് നടന്നു .ഒരു കാപ്പി അകത്താകി .പെരളശ്ശേരി ക്ക് ഇതുവരെ പോയിട്ടില്ല .പാമ്പിനു പറശ്ശിനി ബെസ്റ്റ് അല്ലെ .പല തവണ പോയിട്ടുണ്ട് .വഴിയൊക്കെ ചോദിച്ചു മിൽക്ക്  ബൂത്തിൽ നിൽകുമ്പോൾ  സംഗതി സംസാരമായി .കളി അല്ല സര്പങ്ങളുടെ കോപം .ഇവിടെ അധികം ദൂരെ അല്ലാതായി ഒരു പഴയ തറവാടുണ്ട് .അവിടെ കൃത്യം പൂജയൊന്നും ഇല്ല .പഴയ പ്രതാപം ഒന്നും ഇല്ല .അവിടുത്തെ പൂജാരി കേമനാണ്
 ."നിങ്ങ ആടെ ഒന്ന് പോയ്നോക്ക്ര "
എണ്പതുകളുടെ തുടകത്തിൽ sanatorium രോഗികള്ക്ക് മുട്ട കൊടുക്കുമായിരുന്നു എന്നും അവരിൽ ചിലർ മുട്ട മറിച്ചു വിറ്റു കാശ് കൊണ്ട് പട്ട യടിക്കും എന്നും കേട്ടിടുണ്ട് .മുട്ട വിറ്റു പട്ട യടികുന്ന പാരംബര്യതിനൊതു വാറ്റ് നില നില്കുന്ന കയറ്റിറക്കങ്ങൾ .
ഒടുവിൽ പൂട്ടിയിട്ട ഒരു തറവാടിലെത്തി ,അപ്പുറത്ത് കാവ്പോലൊരു തറ ...
കരിമ്പനടിച്ച ഒരു വല്യ മുറം .
വൃദ്ധനായ ഒരു മനുഷ്യൻ കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു .അദേഹം ചിരിച്ചു .
ഇവിടെ ഇപ്പോൾ പൂജയൊന്നും ചെയ്യുനില്ല ,ഇപ്പോളുള്ളവർക്ക് താല്പര്യം ഇല്ല .എനിക്കാണേൽ വയ്യ.മച്ചിന് മുകളിലുള്ള പാമ്പുകൾ ,മരപാമ്പുകൾ പൊതുവെ ആരെയും ദ്രോഹിക്കാറില്ല .നിങ്ങള്ക് നിങ്ങളുടെ ജീവിതം ,അവർക്ക് ആവരുടെ ...

പൂജയ്കുള്ള പ്രതിഫലം ആണോ പ്രശ്നം എന്ന് ഇറങ്ങാൻ നേരത്ത് സൂചിപിച്ചപ്പോൾ അദേഹം പറഞ്ഞ മറുപടി അത്ഭുതകരമായിരുന്നു .
"ദക്ഷിണ ഒന്നിനും വല്യ വിഷയമാക്കാൻ പാടില്ലാ എന്നാണ് .ഒരു വേശ്യ സ്ത്രീയുടെ അടുത്ത് വരുന്നത് രാജാവാകാം ,ചോരനാകാം ,ഭോഗേച്ചയുള്ള സാധാരണക്കാരനാകം ...എല്ലാവരെയും ഒരുപോലെ സ്വീകരിക്കാൻ അവർക്ക് കഴിയണം "(വികാരം വ്രണപെടരുത്,ഒരു ചില്ലക്ഷരം പോലും ഭാവനയല്ല )
നല്ലത് വരും എന്നാശംസിച്ചു ഞങ്ങളെ യാത്രയാക്കി

ദിവസങ്ങൾകുള്ളിൽ   പുതിയ quartersൽ, ചെറുപതിന്റെ അതിപ്രസരത്തിൽ അവിടെ കുടുംബ ജീവിതം നയിക്കുന്ന സീനിയർ ഡോക്ടർമാർക്ക് അലോസരം ഉണ്ടാക്കില്ല എന്ന ഉറപ്പിൽ ഞങ്ങൾക്ക് താമസം ശരിയായി .സംഹാരസൂര്യ പ്രഭയിൽ ചുട്ടു പൊള്ളുന്ന പുത്തൻ കെട്ടിടം ...

പരീക്ഷകൾ ,പരീക്ഷണങ്ങൾ .പല ഭാഗത്തേക്ക്‌ ആളുകള് ചിതറി .മേല്ഗതി തന്നെ എന്ന് പറയാം. 
പാമ്പുകൾ പടവും പ്രാണനും പൊഴിഞ്ഞും , വർഷങ്ങൾ കൊഴിഞ്ഞും കാലം മുന്നേറി .
ഗതകാലം ഉറഞ്ഞു പോയൊരു മാൻഷൻ പോലുള്ള ആ  വാസസ്ഥലം ഇപ്പോൾ കാടെടുത്തു കാണണം


Tuesday, September 15, 2015

ഇന്നലെ ആശുപത്രിയിൽ ഇരിക്കുമ്പോൾ പുറത്തു അട്ടഹാസം ,പോർവിളി
ആശുപത്രിയിൽ വല്ലപ്പോഴും ജനങ്ങളുടെ ഉടചു വാർകലും പൊളിച്ചടുക്കലും ഉള്ളതാണ് .ഒരു വിഭാഗം ഡോക്ടര്മാരുടെ സമരവും നടക്കുന്നു ..ഇത്തരം സന്ദർഭങ്ങളിൽ പണ്ടൊരു ഗുരുനാഥൻ പറഞ്ഞു തന്ന " control of the gates”ആണ് മുഖ്യം .സിംപിളും പവർഫുള്ളും ആയ ഭാഷയിൽ പറഞ്ഞാൽ ഇറങ്ങി ഓടാനുള്ള കതകു കണ്ടു വക്കുക ..
പക്ഷെ ഇതതല്ല ..ചീട്ടിന് queue നിൽകുന്ന പെണ്കുട്ടിയെ കുറെ നേരമായി ഒരു യുവാവ് ദുരർത്ഥത്തിൽ നോക്കി എന്നാരോപിച്ച് ഒരു നവവൃദ്ധൻ ,എഴുപതു വയസ്സൊകെ കാണും ഒരു യുവാവിനെ മർധിചു എന്നതാണ് വിഷയം .കൊച്ചുമോൾ കരയുന്നു .തല്ലു കൊണ്ട യുവാവ് രോഷം സഹിക്കാതെ ചീറുന്നു.കണ്ടു നിൽകുന്നവർ പതിവിനു വിരുദ്ധമായി യുവാവിന്റെ ഭാഗമാണ് കൂടുതൽ പറയുന്നത് .ഒന്ന് കാര്യം അന്വേഷിചിട്ട് വേണ്ടേ അടിക്കാൻ എന്നൊക്കെ അവര് പറയുന്നുണ്ട് .എന്തോ ധാരണപിശക് പറ്റിയതാണെന്ന് തോന്നുന്നു . ഒറ്റപെട്ടു പോയ വൃദ്ധൻ യുവാവിന്റെ മുന്നില് കുനിഞ്ഞു നിന്ന് മാപ്പ് പറയുന്നു .മോള് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ തല്ലി ..വയസ്സായതല്ലേ എന്നോർത്ത് ക്ഷമിക്കു .ഇനി എന്നെ തിരിച്ചു തല്ലിയാൽ നിങ്ങളുടെ ദേഷ്യം തീരുമെങ്കിൽ തല്ലിക്കോ ..
ഇതെന്തു ഏർപ്പാട് സ്ത്രീ വിഷയം ആരോപിച്ചു തല്ലി നാണം കെടുത്തി തെറ്റ് പറ്റിയെന്നു പറഞ്ഞാൽ മതിയോ .എന്നാലും ആ ജനങ്ങള്ക് മുൻപിൽ വച്ച് അപ്പോൾ തന്നെ മാപ്പ് പറഞ്ഞില്ലേ .ഒത്തു തീര്പായി എന്ന് കരുതി നടക്കാൻ തുടങ്ങുമ്പോൾ യുവാവ് ആ ഓഫർ ഏറ്റെടുകുന്നു
"തിരിച്ചു തല്ലിയാൽ തന്നെയേ തീരൂ"
അനന്തരം ആ വൃദ്ധൻ അടി ഏറ്റ് വാങ്ങാൻ തയ്യാറായി നില്ക്കുകയും അവിടെ ആ കാഴ്ച കാണാൻ കൂടി നിന്ന കാഴ്ചക്കാർക്ക് മുൻപിൽ വച്ച് യുവാവ് വൃദ്ധനെ കൈ വീശി കരണതടിക്കുകയും ചെയ്തു .
നീതി നടപ്പായി എന്ന തൃപ്തിയിൽ പുരുഷാരം .
ഞാനൊരു ഗാന്ധിയനൊന്നും അല്ല .തടുക്കാനും ആവശ്യം വരുമ്പോൾ തൊടുക്കാനും തന്നെയാണ് വാസന . അടി കൊള്ളാതെ കരണം കാക്കുന്നതാണ് കരണത്തിന്റെ കാര്യത്തിൽ കരണീയം .പക്ഷെ മാപ്പ് പറഞ്ഞു കീഴടങ്ങിയ ഒരാളെ , മർധിക്കുന്ന ദൃശ്യം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി .കുറച്ചു വര്ഷങ്ങള്ക്ക് മുൻപാണെങ്കിൽ ആരെങ്കിലും ആ യുവാവിനെ സാരമില്ല, പോട്ടെ എന്ന് പറഞ്ഞു മാറ്റുകയും ചെയ്തേനെ എന്ന് തോന്നുന്നു .
(രാവിലെ ഉണർന്നപ്പോൾ facebook dislike button കൊണ്ടുവരുന്നു എന്ന വാര്ത്ത .വളരെ നല്ലത് ,വെറുക്കുന്നു എന്നോ അനിഷ്ടം കാണിക്കുന്നു എന്നോ അർഥം ഒഴിവാക്കി ശക്തമായി വിയോജിക്കുന്നു എന്ന് അർത്ഥമുള്ള ഒരു വാക്ക് ഉപയോഗിക്കുമായിരിക്കും ..വാക്കിലെന്തെരികുന്നു ?))

    Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...