Tuesday, February 23, 2016

ആൾപ്പൊക്കമുള്ള പുല്ലിൻ കൂട്ടം, കാഴ്ചമറയുന്ന പടർപ്പു ,കൊണ്ടുകോറുന്ന മുള്ളും തണ്ടും... വകഞ്ഞു പത്തു മുന്നൂറടി പോയാൽ ഞാലിലെത്തും. ഞാലെന്നും ഞാലിയെന്നുമൊക്കെ പറയും.
ഇടതൂർന്ന പച്ചപ്പും ചോലയും ..
വൈകിട്ട് മാങ്ങ പെറുക്കാൻ ഞാലിൽ പോകാമെന്ന് ഞാൻ പറഞ്ഞപ്പോൾ കൂടെ വരാമെന്ന് ചേട്ടൻ, അച്ഛൻ, അമ്മാമ, അച്ചച്ചൻ തുടങ്ങി സകലരും പറഞ്ഞു.
ഞാൻ കുട്ടിയാണെന്ന് തോന്നുന്നു. ബാക്കിയുള്ളവർക്ക് ചിലർക്ക് ഒത്ത പ്രായം ,നിലച്ച പ്രായം. ചുറുചുറുക്ക് എല്ലാവർക്കും..
 നടപ്പ് ആരംഭിച്ചു.  വഴി തുടങ്ങെ അമ്മമ്മ എന്തോ ചോദിച്ചു. വിറങ്ങലിച്ച വെള്ളയിൽ അവർ ചാരി നിന്നതായി  കണ്ടത് തൊഴുത്താകാം. അമ്മമ്മയ്ക്ക് അവസാനം കണ്ട പ്രായം തന്നെ. മുഖത്ത് ചുളിവ്..,നിൽപ്പിൽ പതർച്ച  ,വാക്കിൽ ഇടർച്ച.
 ഞങ്ങൾ നടപ്പ് തുടങ്ങി .ചെടി വകഞ്ഞു ,മുള്ള് ഉരഞ്ഞു ഞങ്ങൾ നടന്നു. കൂട്ടത്തിലാരോ മാങ്ങയുടെ മുഴുപ്പും മധുരവും പറഞ്ഞു
ഓരിയിടൽ കേട്ടോ എന്നു സംശയം
ഓർമ്മയിലെങ്ങോ നായയുണ്ടാവണം. സ്കൂളിൽ പോണ വഴിയിലൂടെയും ഏതോ വീട്ടു വളപ്പിലൂടെയും ഒക്കെ ഓടിച്ച മുരളുന്ന കറുമ്പൻ നായ,  പാണ്ഡവർ ഒടുക്കം സ്വർഗം കയറാൻ നടന്നപ്പോൾ നായകർ കൊഴിഞ്ഞു വീണു ബാക്കിയായ അമർ ചിത്ര കഥയിലെ നായ...
ഞാൻ പറഞ്ഞു
ഇവിടൊരു കടിയൻ നായയുണ്ട് .. ( ഹിറ്റ്ലർ, അല്ലെങ്കിൽ ടിറ്റോ .. ആരോ .. ) '
''അതിനുള്ള പണി ഞങ്ങളുടെ കയ്യിലുണ്ട്... "
നല്ല ഉരുളൻ കല്ലുകൾ. ചിലത് വെളു വെളുത്തത് ചിലത് മിനു മിനുത്തത്
എല്ലാവരും പൊടുന്നനെ കല്ലു പെറുക്കാനായി പല ദിക്കിൽ ശ്രമിച്ചു . അച്ചൻ, ചേട്ടൻ, അച്ചച്ചൻ എല്ലാവരും. കൺവെട്ടത്ത് ആരുമില്ല. വെട്ടം തന്നെ നേർന്നു. തോടും പാടവും കടന്നുള്ള ക്ഷേത്രത്തിൽ നാടകം ഉടൻ തുടങ്ങുമെന്ന ഘോഷം കേൾക്കാം
അമൃതവർഷിണി, അല്ലെങ്കിൽ നികുംഭില.. അല്ലെങ്കിൽ എണീറ്റു നിൽക്കുന്നവർ ഇരിക്കാതെ താൻ ഭക്തി പ്രഭാഷണം തുടങ്ങില്ല എന്ന് ആവർത്തിക്കുന്ന മണ്ണടി പൊന്നമ്മ. മദ്യപർ ,ഉന്മാദികൾ ആരിരിക്കാൻ.. വാ പോകാം എന്നു പറയുമ്പോൾ അവർ കവാടത്തിനലിരികിരിക്കുന്ന പോലീസ് ജീപ്പിലേക്ക് പോകും. അത് പക്ഷേ തോട്ടിനപ്പുറത്തുളള ക്ഷേത്രമാണോ . കാലമേ സ്റ്റെഡിയല്ല. പിന്നല്ലേ ദിക്ക്
 വെളിച്ചം തോർന്നു. പൊടുന്നനെ സന്ധ്യയുടെ കാവൽ ഭരണം. തനിയെ ...
" ഒറ്റയ്ക്കായല്ലേ..."
സൂക്ഷിച്ചു നോക്കി. ന്യൂറോ സർജറിയെടുത്ത സുഹൃത്താണോ. ഞാൻ എവിടെ വരെ പഠിച്ചു. ആരും സൂചന തന്നില്ല. തീർപ്പില്ല.
ഞാൻ മിണ്ടിയില്ല.
" ആരെയും നോക്കണ്ട .. ഒറ്റയ്ക്കാണ് "
" അവരെല്ലാം...?"
"എല്ലാവരും സുരക്ഷിതരാണ്, അല്ലെങ്കിലും എന്തു പറ്റാൻ ?"
ഗന്ധം ഓർത്തെടുക്കാൻ കഴിയുന്നില്ല. അല്ലെങ്കിൽ ഗന്ധം തിരിച്ചറിയാൻ കഴിയുമോ
"പോകാം..."
അദ്ദേഹം കൈയിൽ മുറുകി പിടിച്ചു. ഞാൻ എതിർത്തില്ല
ഭയം എന്നെ കീഴടക്കുമെന്ന് ഞാൻ കരുതിയില്ല. പക്ഷേ മുറിഞ്ഞും മുനിഞ്ഞും ആ കാഴ്ച മങ്ങി.
വല്ലാത്ത തണുപ്പ്. Ac യുടെ റിമോട്ട് തപ്പി.. കണ്ണു തുറന്നു കിടന്നു -
രാവാറി ..പകൽ തെളിഞ്ഞു
നരച്ച പകൽ .. ജീവിതം

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...