Thursday, November 3, 2016

മാമംഗലത്തെ ജഡ്ജദ്യം
മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന്
ഒരു കൊച്ചിനെ
മാറാപ്പിലാക്കി
ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   കളയുന്നു.
അതേ മാഞ്ചോട്ടിൽ മോഷ്ടിച്ച മുതൽ ഒളിപ്പിക്കുമ്പോൾ
മറുത പോലൊരു മാലതി തള്ളയ്ക്ക് കൊച്ചിനെ  കിട്ടുന്നു.
ഗുമസ്തനീ ഗുട്ടൻസറിയാം
അയാൾക്കേയറിയൂ

കാലചക്രം  പഞ്ചറൊട്ടിച്ചു കറങ്ങുന്നു.
ജഡ്ജദ്യത്തിന്റെ മകൻ
പോലീസ്
മാലതി തള്ളയെ പൊക്കുന്നു.
കൊട്ടേഷൻ, മാല പൊട്ടിക്കൽ ഇത്യാദിക്ക്
ജഡ്ജദ്യം അവർക്ക്   പത്തിരുപത് വർഷം
ജയിൽ വിധിക്കുന്നു -
ആയമ്മയുടെ സങ്കേതത്തിൽ
കൗമാര മുക്തയായി കൊണ്ടിരിക്കുന്ന
സുന്ദരികുട്ടിയെ കാണുന്നു.
വിശുദ്ധ കുസുമത്തെ വിധിക്കും തെരുവിനും
വിട്ടു കൊടുക്കാതെ വീട്ടിലേക്ക്
കൊണ്ടു പോകുന്നു.
അവൾ സ്വന്തം ചോരയാണെന്ന്
അയാൾ അറിയുന്നില്ല കൂട്ടരേ
അറിയുന്നില്ല.

(പറയാൻ വിട്ടു ,ജഡ്ജദ്യത്തിന്റെ ഭാര്യ കൊല്ലും കൊലയുമുള്ള
ദേശായി തറവാട്ടിലെ നടക്കുന്ന പൗഡർഡപ്പി )

ജഡ്ജി അവളെ മകളെപ്പോലെ  സ്നേഹിക്കുന്നു .
ഇടയ്ക്കിടക്കൊടുക്കത്തെ  നടുക്കത്തിന്റെ  വെട്ടൽ
ജഡ്ജിയുടെ മകൾക്കസൂയ
അവളാക്കുട്ടിയെ കൊണ്ട് നടുവൊടിയെ
പണിയെടുപ്പിക്കുന്നു,
ധാരയായി കണ്ണീരൊഴുകുന്നു
സഹനമൂർത്തി  ജ്വലിക്കുന്നു.

മകൻ പോലീസിന് ഒരു നീലത്താമര
ഡിങ്കോൾഫി അവളോടില്ലാതില്ല.
ദേശായി കുടുംബത്തെ മാളുപ്പെണ്ണ്
അവളെ കൊന്നാലും ജഡ്ജി പുത്രനെ
സ്വന്തമാക്കാൻ മേക്കപ്പിട്ടിറങ്ങിയിരിക്കുന്നു,
ദുഷ്ട ശക്തികൾ ഒന്നിക്കുന്നു.
പാലിൽ വിഷം കൊടുക്കുന്നു,
കോലിൽ വിഷപാമ്പിനെ കോർത്ത് കട്ടിലിലിടുന്നു
പത്തായത്തിൽ പൂട്ടുന്നു
അങ്കക്കലിയിൽ ഉപജാപം മൂക്കുന്നു


ഒരു വർഷം കൂടി കഴിഞ്ഞ് (വേണേൽ രണ്ട്, മൂന്ന് വർഷം )
പ്രതികാരദുർഗ്ഗയായ മാലതിതള്ള
പോലീസം ദുർഗം ഭേദിച്ച് ജയിൽ ചാടുന്നു.
പോലിസ് മോനെ  കൊന്ന്  രക്തം കുടിച്ച്
കഞ്ചാവ് കടത്തുകാരൻ ഭദ്രനെ കൊണ്ട്
വളർത്ത് മകളെ കെട്ടിക്കാൻ  മനക്കോട്ട കെട്ടിയിരിക്കുന്നു.

ഗുട്ടൻസറിയാവുന്ന ഗുമസ്തൻ
കുനുഷ്ഠമായിറങ്ങി
കലങ്ങിയ കുളത്തിൽ പാഷാണം കലക്കുന്നു
കഥ നീളുന്നു
കദനം നീറുന്നു
കരണത്തടി ശബ്ദഘോഷം  ഇടയ്ക്കിടെ
ദിഗന്ത സ്തംഭന സ്തോഭ സംഗീതം

ഏഴുമണിക്ക് വീട്ടിലെ പെട്ടിയിൽ
എപ്പോഴും ഹോട്ട് സ്റ്റാറിലും

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...