Monday, May 11, 2015

"സർ, White സർ
"
ഞാൻ തല പൊക്കി നോക്കി...
അയാൾ മുടിയിൽ കൈ വച്ച് മുന്നിലെ കണ്ണാടിയിൽ നോക്കാൻ പുരികം കൊണ്ട് ആംഗ്യം കാണിച്ചു...
കണ്ണാടികളിൽ തല, തറുതല, മറുതല അങ്ങനെ പ്രതിബിംബങ്ങളും അതിൻ്റെ പ്രതിബിംബങ്ങളും. ഒക്കതിലും വെളുപ്പിൻ്റെ ഉണർവ്വുകൾ ... മുൻപിൽ, പിൻപിൽ, വശത്ത്...
നനുത്ത വെളുപ്പ്, പൊടിഞ്ഞ വെളുപ്പ്...
ഇതിലെന്ത് അത്ഭുതപ്പെടാൻ എന്ന മട്ടിൽ നോക്കിയപ്പോൾ
"Colour Sir, Colour"
ഒറ്റ ചിറകിൽ ഓർമ പറന്നു.
കുഞ്ഞ് കസേരയിൽ തട്ടിട്ട് ഇരുന്ന് മുടി വെട്ടുമ്പോൾ പച്ചകുപ്പിയിലെ വെള്ളം തലയിലെമ്പാടും പീച്ചി തെറുപ്പിക്കുന്ന തണുപ്പിൻ്റെ നാക്കിൽ ഗ് ളൂക്കോസ് വെക്കുമ്പോഴത്തെ സുഖം മുതൽ ഇങ്ങോട്ടുള്ള മുടിവെട്ടനുഭവങ്ങൾക്കൊടുവിൽ മഞ്ഞ മുഖമുള്ള ഈ ഒറീസ കാരൻ പറയുന്നു
"മുടി നിറം പൂശാൻ കാലമായി ...
"
ഒന്നും പറഞ്ഞില്ല. അപ്പുറത്ത്
കൂടം പോലെയൊരു കവചത്തിൽ തല കയറ്റി അറബി ഇരിക്കുന്നു. ഉഴിച്ചിലിനോ പിഴിച്ചിലിനോ വന്നതാകും. ഉച്ചസ്ഥായിയിൽ വാങ്ക് മുഴങ്ങി. ഉടൻ റിമോട്ട് എടുത്ത് ടി.വി mute ചെയ്ത് അങ്ങേര് മുടി വെട്ട് തുടങ്ങി....
ഓർമയുറച്ച കാലത്തെ മുടി വെട്ടിൽ .. ഇടത്തെയറ്റത്തെ കണ്ണാടി പാളിയുടെ അറ്റത്ത് പുറം കാഴ്ചകൾ, സുകുമാരൻ്റെ പീടിക, മറുവശത്ത് രാഘവൻ്റെ പീടിക, രമേശൻറെ, രവിയുടെ പീടിക
പുറം കാഴ്ചയിൽ രസം പിടിക്കുമ്പോൾ ബാബുവേട്ടൻ മയമില്ലാതെ തല പിടിച്ച് തൻ്റെ ലാക്കിന് ഉറപ്പിച്ചു വെട്ട് തുടരും.. രമേശൻ്റെ കടയിൽ ഫോണുണ്ട്. മരണമൊക്കെ വിളിച്ചു പറഞ്ഞാൽ വാങ്ങാറില്ലെന്നു കേട്ടിട്ടുണ്ടു്... AC ഉള്ള മാരുതിയാണോ അതോ വാങ്ങിയിട്ട് AC കയറ്റുന്നതാണോ മെച്ചം എന്നൊക്കെ ബാർബർ ഷോപ്പിൽതർക്കം മൂക്കും.
ആയിടെയ്ക്കാണ് പൊടുന്നനെ ഒരു രാത്രിയിൽ വീട്ടിൽ ആൻറിന ഉയരുന്നത്.. ഇന്ദിരാ ഗാന്ധി മരിക്കുമ്പോഴോ പി.ടി.ഉഷയ്ക്ക് medal
നഷ്ടപ്പെട്ടപ്പോഴോ ഒന്നും അത് സംഭവിച്ചിട്ടില്ല... ആൻറിന കറങ്ങി. കാണുന്നുണ്ട് എന്ന സന്ദേശം ലഭിച്ചതും ചെറിയ മരത്തിൻ്റെ പൂളുകൾ ആൻറിനയ്ക്കും ബ്രായ്ക്കറ്റിനും ഇടയിലെയ്ക്ക് കയറ്റി അതുറപ്പിക്കപ്പെട്ടു . Hendez എന്നായിരുന്നു ടി.വി. യുടെ പേര്. KELTRONൻ്റെ പാലക്കാട് ഫാക്ടറിയിൽ വിദേശ നിർമിത ഭാഗങ്ങൾ assemble ചെയ്തു നിർമിക്കുന്നതാണെന്ന് കേട്ടു.തപ്പും തുടിയും ഗാന്ധി ദർശനവും ആയി മലയാളവും തെളിഞ്ഞു.. റേഡിയോ പോലെ tune ചെയ്താൽ പല സ്റ്റേഷനുകൾ ലഭിക്കുന്ന കാലം വരുമെന്നും അതിനാണ് ടി.വിയിൽ 13 ചാനലുകൾ എന്നും അച്ഛൻ പറഞ്ഞു. ഇപ്പോൾ തന്നെ നൂറോളം സ്റ്റേഷൻ ട്യൂൺ ചെയ്യാവുന്ന രാജ്യങ്ങൾ ഉണ്ടെന്ന് ഒരു സ്കൂൾ മാഷ് വീട്ടിൽ വന്നപ്പോൾ പറഞ്ഞു. ആ രാജ്യങ്ങളിൽ ജീവിതം എന്തു രസമായിരിക്കും എന്നാലോചിച്ചു.
ടി.വിയിൽ വല്ലപ്പോഴും ഒരു മലയാളം പടം ഞായറാഴ്ച ഉച്ചയക്ക് വരും. പൂമുഖം നിറഞ്ഞു കാഴ്ചക്കാർ.. അയൽക്കാർ.. അധികവും സ്ത്രീ ജനങ്ങൾ. സ്സ്... തുടങ്ങിയ സീൽക്കാരങ്ങളും ദുഷ്ടൻ, നന്നായി പോയി തുടങ്ങിയ ഇടപെടലുകളും അവർ നടത്തും. അധികവും അവാർഡ് വാങ്ങിയ ചിത്രങ്ങളായിരുന്നു.. ഇത്തരം ഇടപെടലുകൾക്ക് അവസരം കുറവ് . പോക്കുവെയിൽ എന്നൊരു പടം വന്നു.ബാലചന്ദ്രൻ ചുള്ളിക്കാട് ഷർട്ടിടാതെ അട്ടത്ത് നോക്കി ഇരിക്കും. പശ്ചാത്തലത്തിൽ ചൗരസ്യയുടെ flute. അതിനു ശേഷം ഉച്ചപ്പടം കാണാൻ ആളു കൂടിയില്ല.. ( ഉച്ചപ്പടം പ്രദർശിപ്പിക്കുന്ന ഒരു തീയേറ്റർ കവലയിൽ ആയിടെ തുടങ്ങി. യുവാക്കളും വൃദ്ധന്മാരും അവിടെ ഇടിച്ചു കയറി.)
പതിമൂന്നാഴ്ചയിൽ തീരുന്ന വല്ലാതെ മുഷിപ്പിക്കാത്ത പരമ്പരകൾ, ഗൃഹാതുരത്വ ത്തിൻെറ അന്യായമായ ആനുകൂല്യം മാറ്റി നിർത്തിയാലും രസകരമെന്ന് തന്നെ പറയാവുന്ന നുക്കഡ് പോലുള്ള പരിപാടികൾ ഡെൽഹിയിൽ നിന്നു... ഇവിടെങ്ങും വെടിമരുന്നിൻ്റെ മണമാണെന്നൊക്കെ pathos ഇട്ടു പറഞ്ഞു തുടങ്ങി വെടിമരുന്ന് ദുരന്തം റിപ്പോർട്ട് ചെയ്ത് ജോൺ ഉലഹന്നാൻ അതു വരെ കണ്ടു ശീലിച്ച ദൂരദർശൻ്റെ 'വിവേകത്തിൻ്റെ ഒരേ ഈണം' ഭംഗപ്പെടുത്തി. - 'വിവാദ വിഷയങ്ങളൊന്നും വാർത്തകളിൽ ഉൾപ്പെടുത്താതിരിക്കുക ' എന്നതാണ് Newട Policy എന്നു പ്രതികരണം പരിപാടിയിൽ ചോദ്യത്തിനുത്തരമായ് ദൂരദർശനു വേണ്ടി ശ്രീ കണ്ഠൻ നായർ നയം വ്യക്തമാക്കി.
മകൻ ഗാന്ധിയുടെ കാലത്ത് പീരങ്കിയും കള്ളപണവുമായ് ഇത്തരം വിവാദ വിഷയങ്ങൾ പെരുകി. ആകാശവാണി ഉത്തരേന്ത്യയിൽ കുട്ടികളുടെ പരിപാടിയിൽ പാട്ടു പാടാൻ പറഞ്ഞപ്പോൾ .ഗലി ഗലി മേം ഷോർഗുൽ ഹേം രാജീവ് ഗാന്ധി ചോർ ഹേ..എന്ന് പാടുന്ന അവസ്ഥ വന്നു. അതെന്നല്ല, ഒന്നും അന്തി ചർച്ചയ്ക്കെടുത്ത് ടി.വി.യിൽ ആ ചന്ദ്രതാരം ചർച്ച ചെയ്യപ്പെട്ടില്ല.
വെള്ളിയാഴ്ച രാത്രി 11 മണിയ്ക്ക് A സെർട്ടിഫിക്കറ്റ് കിട്ടിയ കലാമൂല്യമുള്ള ചിത്രങ്ങൾ സംപ്രേക്ഷണം ആരംഭിച്ചു. സദാചാരം ചാരമായില്ല. വികാരം വ്രണം പൊട്ടി ഒലിച്ചില്ല. വെള്ളിയാഴ്ചകളിൽ പല വീടുകളിലും കുട്ടി കൾ പഠനോത്സുകരായി..
സ്വകാര്യ ചാനലുകളുടെ കേരളത്തിലെ പിതൃത്വം ഏറ്റെടുത്ത് Asianet ആരംഭിച്ചു. ഏറെ കഴിയും മുമ്പ് പിതൃശൂന്യമായ ദൃശ്യ മാധ്യമപ്രവർത്തനത്തിൻ്റെ കേരളത്തിലെ പിതൃത്വം ഉറപ്പിച്ച് ഒരു സ്വകാര്യ ചാനൽ പത്മതീർതഥ കുളത്തിൽ ഒരു ഭ്രാന്തൻ ഒരു യുവാവിനെ മുക്കി കൊല്ലുന്ന തൽസമയ ദൃശ്യങ്ങൾ വാർത്തയ്ക്കൊപ്പം കാണിക്കുമെന്ന് Scroll വിട്ടു കൊണ്ടിരുന്നു..
വി.പി സിങ്ങ് അതിനിടെ ഞാൻ ജി', മോൻ ജി ഭരണം അവസാനിപ്പിച്ചു ഹൈസ്കൂൾ ദിനങ്ങളുടെ തുടക്കം ആനന്ദഭരിതമാക്കി. തുറന്ന ജീപ്പിൽ പഞ്ചാബ് മുഴുവൻ കറങ്ങി ഹീറോ ആയി. രഥം ഉരുണ്ടു.. ആ ഹീറോ പൊടുന്നനെ അപ്രത്യക്ഷനായി. മകൻ ഗാന്ധി കൊല്ലപ്പെട്ടു. പതിവു പോലെ ഒരു കൊലയുടെ സഹതാപത്തിൽ വീണ്ടും കോൺഗ്രസ് വന്നു
കാലക്രമം കുഴഞ്ഞു പോയാ.. തലയ്ക്ക് പുറത്തെ കോശങ്ങൾക് മാത്രമല്ലല്ലോ നര ?
"Sir,hair cut over!..colour..Colour...
what colour"
"Red Sir ,best Sir"
Red ഓ നന്നാകുമോ
വേണ്ട വെളുക്കെണ്ടത് വെളുക്കുകയും തെളിയേണ്ടത് തെളിയുകയും ചെയ്യട്ടെ
ഞാൻ എണീറ്റു. വഴിയിൽ നിറയെ വർണ വിളക്കുകൾ, വൻ കെട്ടിടങ്ങൾ, വഴിയരികിൽ മുഷിഞ്ഞ മുഖങ്ങൾ.... ഉഷ്ണകാറ്റ്

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...