Sunday, March 13, 2016

കൃഷ്ണേട്ടനെ ആദ്യം കാണുന്നത് ഒരു നോമ്പു കാലത്താണ്. ഹോട്ടലുകൾ എല്ലാം അടഞ്ഞിരിക്കുന്നു.മിക്കവാറും എന്നും ഭക്ഷണം ഹോസ്പിറ്റൽ കാന്റീനിൽ നിന്നും തന്നെ  കഴിച്ച് മടുപ്പ് തോന്നി നിൽക്കുമ്പോഴാണ് ചിരപരിചിതനെ പ്പോലെ പുള്ളി മുന്നിൽ പെട്ടത്.

 " വീട്ടിലുണ്ടാക്കിയ നല്ല ഭക്ഷണം വേണേൽ കുറച്ചപ്പുറത്ത് ഒരു സ്ഥലമുണ്ട്.  അവിടെ ഒരു വയസ്സായ സ്ത്രീയും മക്കളും നടത്തുന്നതാണ്. അമ്മായിക്കട എന്നൊക്കെ പറയും. ബെഞ്ചിലിരുന്നു കഴിക്കേണ്ടി വരും."

ഞാൻ പോവാം എന്നു പറഞ്ഞതും ഒരു സെക്കന്റ് കൊണ്ട് പുള്ളി ഓട്ടോ എടുത്തു വന്നു.

ഇത്ര വലിയ ആമുഖം ഇടുമ്പോൾ പ്രതീക്ഷിക്കും മട്ട് അദ്ദേഹം എന്നെ കണ്ടുമുട്ടിയതുകൊണ്ട് എന്റെ ജീവിതമോ അങ്ങേരുടെ ജീവിതമോ ഭൂമിയുടെ ഭ്രമണപഥമോ ഒന്നും തെല്ലിട മാറിയില്ല. പകൽ സമയം ഒരു സ്വകാര്യ മെഡിക്കൽ കോളേജിലും വൈകിട്ട് ആ ആശുപത്രിയിലും ജോലി ചെയ്യുന്ന ഒരു കാലം. ചെറുപ്പത്തിന്റെ അതിപ്രസരം കഴിഞ്ഞു വരുന്നു. ഈ രണ്ടു സ്ഥാപനങ്ങളും തമ്മിൽ ഒരു എട്ടു പത്തു കിലോമീറ്റർ ദൂരം ... ആ യാത്രയുടെ സാരഥി സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ഓട്ടോ  ഔദ്യോഗിക വാഹനമായി.അച്ഛൻ മകൾക്കയച്ച കത്തുകൾ പോലെ ഉൾകാഴ്ചയും പുറം കാഴ്ചയും തന്ന സംഭാഷണ പരമ്പരകളിൽ പിന്നീട് പങ്കാളിയാകാൻ കഴിഞ്ഞു എന്നു പറഞ്ഞാൽ മുഴുവൻ അതിശയോക്തിയാവില്ല.


"നിങ്ങൾക്കറിയുമോ (സാറേ എന്നോ ഡോക്ടറേ എന്നോ പുള്ളി ഒരിക്കലും എന്നെ വിളിചിട്ടില്ല) ഈ ചെറിയ പട്ടണത്തിൽ ഓരോ വളവിനും വലിയ ആസ്പത്രികൾ ഉണ്ടല്ലോ .ഇതിനു മാത്രം രോഗികൾ എവിടുന്നാ ..ഈ നാട്ടിലെ മനുഷ്യർകെല്ലാം അസുഖമാണോ ? " സത്യമായിരുന്നു ഹോസ്പിറ്റൽ സിറ്റി എന്നാണ് എല്ലാവരും പറയുന്നത്

"കൃഷ്ണേട്ടാ ,എല്ലായിടത്തും തിരക്കൊന്നും കാണില്ല .."

അന്ന് ഞാൻ ആ നാട്ടിൽ പുതിയതാണ് . എവൻ ഏതു നാട്ടുകാരനെടെയ് എന്ന മട്ടിൽ കൃഷ്ണൻ  എന്നെ നോക്കി

"ഒരു രോഗിയെയും കൊണ്ട് പോയി നോക്കണം ,മുറി കിട്ടാൻ ഒരു ദിവസം കാത്തിരിക്കണം .."

"രവിശങ്കർ ഡോക്ടറെ അറിയുമോ "? (പേരു മാറ്റിയിട്ടുണ്ട് .കാര്യമുണ്ടോ എന്ന് അറിയില്ല. ഏതു പേരുമുള്ള ഒരു ഡോക്ടറെങ്കിലുമുണ്ട് )

"കേട്ടിട്ടുണ്ട് . പരിചയം ഇല്ല "

ഇടക്കെന്നെ വിളിക്കും .ഓരോ കാര്യങ്ങൾക്ക്...

ഇയ്യിടെ പുള്ളി കൽകട്ടയിലൊ മറ്റോ ഡോക്ടർമാരുടെ മീറ്റിങ്ങിനു പോയി വന്ന അന്ന് എന്നെ വിളിച്ചു. വല്ല ടാക്സ് അടക്കാൻ ആവുമെന്നാണ് ഞാൻ വിചാരിച്ചത്.


'' കൃഷ്ണാ, വാ വാ ..."

അവിടെ ചെന്നപ്പോൾ പുള്ളി പറഞ്ഞു.. ഞാൻ

ഇരുന്നതും ഉടനെ ഓടി ചെന്ന് കതക് അടച്ചു സൈഡിലുള്ള കട്ടിലിൽ കയറി ഒരൊറ്റ കിടപ്പ്... ഒരര മണിക്കൂർ .. പിന്നെ എണീറ്റ് മുഖം കഴുകി .. ഒരഞ്ഞൂറ് ഉറ്പ്യ പോക്കറ്റിലിട്ട്  തന്നിട്ട് പുള്ളി പറയുന്നു ..വേറെ വഴിയില്ലാഞ്ഞിട്ടില്ലാ  ... കണ്ണടഞ്ഞു പോയിട്ടാ .. ഇതാവുമ്പോൾ അകത്ത് രോഗി ഉണ്ട്. ആർക്കും പരാതി ഇല്ല.

ഞാൻ അതും വാങ്ങി പുറത്തിറങ്ങിയപ്പോൾ ഒരു ദീപാരാധനയ്ക്ക് ഒക്കെ നടയടക്കുമ്പോൾ തുറക്കാൻ ഗുരുവായൂരൊക്കെ കാത്തു നിൽക്കുന്നവരെ പ്പോലെ ആളുകൾ എന്നെ തുറിച്ചു നോക്കുന്നു." ഇത്തരം കഥകൾ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരുന്നു.


..ഒരിക്കൽ തിരക്കിട്ട് ആശുപത്രിയിൽ നിന്ന് പെട്ടെന്ന് ചെയ്തു തീർക്കേണ്ട ജോലികൾ തീർത്ത് ബാക്കി ഉളള ബയോപ്സി സ്ലൈഡുകൾ ഒരു  സ്ലൈഡ് ബോക്സിലാക്കി തിടുക്കത്തിൽ ഇറങ്ങിയ ഒരു ദിവസം..

പതിവ് പോലെ പുള്ളി വണ്ടിയുമായെത്തി.പെരിന്തൽമണ്ണ Kടrtc സ്റ്റാൻഡ് ആണ് ലക്ഷ്യം. വണ്ടിയിൽ കയറി ഞാൻ സ്ലൈഡ് ബോക്സ് എടുത്ത് പെട്ടെന്ന് റിപ്പോർട്ട് കൊടുക്കാമെന്നേറ്റിരുന്ന ഒരറബിയുടെ സ്ലൈഡ്  എടുത്തിട്ടുണ്ടോ എന്ന് ഒന്നു കൂടി ഉറപ്പു വരുത്തി. അത്തരം കേസുകൾ നോക്കാൻ വീട്ടിൽ മൈക്രോസ്കോപ്പുണ്ട്. ചില്ലുകൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട് കൃഷ്ണൻ ഒന്നു  തിരിഞ്ഞു..

"നിങ്ങൾക്കെന്താ ശരിക്കും ജോലി. "

ഡോക്ടർ എന്നു പറഞ്ഞിട്ട് ഇയാടെ കൈയിൽ ആശാരിയുടെ കണക്ക് പെട്ടിയും ചില്ലു കഷ്ണങ്ങളും.. എന്ന മട്ട്

" ഈ ചില്ലിൽ രോഗം വന്ന ശരീരഭാഗങ്ങളുടെ നേർത്ത ഭാഗങ്ങളുണ്ട് . അതു മൈക്രോസ്കോപ്പിൽ നോക്കി  കാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടോന്നു പറയുക . അതാണ് പരിപാടി " മറ്റു പലതുമുണ്ട് ജോലിയെങ്കിലും കാൻസറിനെ പറ്റി പറഞ്ഞാൽ പൊതുവേ കൂടുതൽ ചോദ്യങ്ങൾ ജോലിയെക്കുറിച്ചുണ്ടാവാറില്ല

കൃഷ്ണൻ നിശ്ശബ്ദനായി. ചിന്തയിലാണ്ടു... ഓട്ടോ മുരണ്ടു കൊണ്ടോടി.  ചിന്തിച്ചത് പിന്നീടൊരവസരത്തിൽ അയാൾ പറഞ്ഞു.. പുളളിയുടെ അമ്മയ്ക്ക് കാൻസർ ആണ്.

" ഇങ്ങനെ പുകവലിച്ചാൽ ശ്വാസകോശത്തിൽ കാൻസർ വരുമെന്ന് അമ്മ പറഞ്ഞ് പറഞ്ഞ് ഞാൻ വലി നിർത്തി.. ഒടുക്കം ..
 പുകവലിക്കുന്നവർക്കല്ലേ ലൻഗ്സിൽ കാൻസർ വരുന്നത്?"

"അങ്ങനെ മാത്രമേ വരാവൂ എന്നൊന്നുമില്ല. പുകവലിക്കുന്ന വർക്ക് വരാൻ സാധ്യത വളരെ അധികമാണ്"

" അപ്പോൾ കാൻസർ വരാതിരിക്കാൻ എന്തു ചെയ്യണം"

 "കാൻസർ വരാതിരിക്കണമെന്നുറപ്പാക്കണമെങ്കിൽ.
ഒരു വഴിയേ ഉളളൂ.. ജനിക്കാതിരിക്കണം...''

അയാൾ ഒരു ചെറിയ ചിരി ചിരിച്ചു.

" നിങ്ങളെ പോലെ ഡോക്ടർമാർ ഇമ്മാതിരി ഡയലോഗുകൾ അടിക്കുമ്പോഴാണ് ആളുകൾ മനുഷ്യർക്ക് മനസ്സിലാവുന്ന രീതിയിൽ സംസാരിക്കുന്ന പച്ചമരുന്നുകാരുടെയും വൈദ്യന്റെയുമൊക്കെ അടുത്തു പോകുന്നത്.."

ഞാൻ ഒന്നു ഞെട്ടി. പണ്ടു പച്ചമരുന്നുകാരുടെയും വൈദ്യന്റെ യുമൊക്കെയടുത്ത് ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ച് ഉണ്ടായ തർക്കത്തിന്റെ ബാക്കി കൂടിയായിരുന്നു അതെങ്കിലും അതിൽ വാസ്തവുമെണ്ടന്ന് എനിക്കു തോന്നി.

അങ്ങാടിപ്പുറം പൂരത്തിന്റന്ന് വഴി മുഴുവൻ ബ്ലോക്ക് ആയി ഏതോ വഴിയൊക്കെ വണ്ടി വളച്ചു വിട്ടു.. .. എന്റെ റിപ്പോർട്ട് നോക്കിയിട്ട് കുഴപ്പമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്ന് കേട്ടതു മുതൽ അക്ഷമനായ ഒരു രോഗിയുടെ കുടുംബക്കാർ പത്തോളജിസ്റ്റ് എത്തിയോ എന്നു ചോദിച്ചു ചൂടായി തുടങ്ങുന്നു. " സാറെത്താറായില്ലെ എന്നു ചോദിച്ച് കൂടെ കൂടെ വിളി. .

വഴി ബ്ലോക്കാക്കി ദൈവത്തെ ആരാധിക്കുന്ന ദ്രോഹികളെ മനസ്സ് നിറയെ ശപിച്ചു കൊണ്ട് ഞാൻ വണ്ടിയിലിരുന്നു.

" നിങ്ങൾക്ക് ഈശ്വരവിശ്വാസവുമില്ലേ..?"

ഞാൻ മിണ്ടിയില്ല..

" അതിനൊരു വഴിയുണ്ട്. രണ്ടു മൂന്ന് ലോണെടുത്താൽ മതി. ഇതൊക്കെ എങ്ങനെ അടയ്ക്കും എന്നാലോചിക്കുമ്പോൾ തന്നെ വിശ്വാസം വരും. .. പലിശയും പലിശയുടെ പലിശയും കൂട്ടു പലിശയും ... ശൂലം കുത്തി കാവടി എടുക്കും.."

കാൻസറിനു താങ്ങാവുന്ന ചികിത്സ കിട്ടുന്ന സ്ഥാപനങ്ങളെ ക്കുറിച്ചായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ചർച്ച .


അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഫോൺ വന്നു. കൃഷ്ണേട്ടനാണ്.. ഞായറാഴ്ചയായിട്ട്., വീട്ടിലിരിക്കുമ്പോൾ ?

"ഒരത്യാവശ്യമുണ്ട്. നമ്മുടെ ഒരു ചങ്ങായിയും അച്ഛനും പഴനിക്ക് പോയതാണ്. വഴിയിൽ എവിടെയോ വെച്ച് റോഡ് മുറിച്ചു കടന്നപ്പോൾ ലോറി ഇടിച്ചു. വളരെ മോശമാണ്. രക്ഷയില്ല എന്നാണ് പറഞ്ഞത്. നല്ലൊരു ആംബുലൻസിൽ നാട്ടിൽ കൊണ്ടു വന്നാലോന്നാണ്. വിറ്റു പെറുക്കിട്ടായാലും ... "

ഞാൻ എന്തു വേണമെന്ന് എനിക്ക് മനസ്സിലായില്ല.

" ഒന്നും അറിയാത്ത ഒരു ചെക്കനാണ്. കല്യാണം കഴിഞ്ഞ് ആഴ്ച ഒന്നേ ആയുള്ളൂ. നിങ്ങൾ അവിടുത്തെ ഡോക്ടറോടൊന്നു സംസാരിച്ച് ഒന്ന് ശരിക്കും കാര്യം മനസ്സിലാക്കണം."

" ഞാൻ എന്തു സംസാരിക്കാൻ ... "

" ഒഴിവു പറയരുത്.. ഒന്നാമത് അന്യ സ്ഥലം ...ഒഴിവാക്കാൻ പറ്റാത്തത്ര വേണ്ടപെട്ട വനായിപ്പോയി... ഓൻ ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിച്ച് അവ്ടത്തെ ഡോക്ടറെ വിളിച്ചു തരും. നിങ്ങളൊന്നു സംസാരിക്കണം ... വേണേൽ ഒരാംബുലൻസിൽ ഇങ്ങോട്ടു കൊണ്ട്വരാം.. "

ഞാൻ ആകെ അസ്വസ്ഥനായി.  ക്ലിനിക്കൽ രംഗവും സജീവ ചികിൽസയും വിട്ടിട്ട് നാളേറെയായി. അല്ലെങ്കിൽ തന്നെ ഒരു ഡോക്ടറുടെ വിദഗ്ദ ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുടെ കാര്യത്തിൽ അലക്ഷ്യമായി ഇടപെടുന്നതു പരമ ബോറാണ്. എന്തായാലും  കാര്യം അന്വേഷിച്ചില്ല എന്നു വേണ്ട. .കുറച്ചു കഴിഞ്ഞ് ഫോൺ മുഴങ്ങി. ഡോക്ടർ അങ്ങേ തലക്കൽ വന്നു.' മിക്ക തമിഴന്മാരെയും പോലെ ആവശ്യത്തിൽ കവിഞ്ഞ ബഹുമാനം ശബ്ദത്തിൽ ...

ആശുപത്രിക്കടുത്ത് വെച്ചാണ്  അപകടമുണ്ടായത്. കൊണ്ടു വന്നപ്പോൾ  GCS 3 ആയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. ഇവർക്ക് അത് ഒരു രീതിയിലുംബോധ്യം വരുന്നില്ല. നാട്ടിലേക്ക്, തിരുവനന്തപുരത്തേക്കോ മറ്റോ കൊണ്ടു പോവണമെന്ന് പറയുന്നു. . ആംബുലൻസിൽ കൊണ്ടുപോകാമെന്നൊക്കെ പറയുന്നുണ്ട്.

(അബോധാവസ്ഥയിൽ ,പ്രത്യേകിച്ച് തലക്ക് ക്ഷതമേറ്റ ഒരാളെ കൊണ്ടു വരുമ്പോൾ  വിളിക്കുകയും ചെറിയ വേദന ഉണ്ടാകുന്ന രീതിയിൽ  ശരീരത്തിൽ അമർത്തുകയും മറ്റും ചെയ്യുമ്പോൾ മറുവാക്കുകൾ കൊണ്ടും ചലനങ്ങൾ കൊണ്ടുമുള്ള പ്രതികരണം, ഇമയനക്കം എന്നീ മൂന്നു ഘടകങ്ങൾ ചേർത്തുള്ള വിശകലന രീതിയാണ് ഗ്ലാസ്‌ഗോ കോമാ സ്കെയിൽ എന്ന GCS .. ഏറ്റവും പ്രതികരണ ശൂന്യമായ അഗാധമായ അബോധാവസ്ഥയാണ് 3 എന്ന സ്‌കോർ )


  I will try to explain to them.." എന്നു പറഞ്ഞു ..മകനാണെങ്കിൽ  ഏങ്ങലിടുന്നതല്ലാതെ ഒന്നും പറയുന്നുമില്ല.

ഞാൻ ഫോൺ വെച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണേട്ടൻ വിളിച്ചു.

" സംഗതിയൊക്കെ അന്വേഷിച്ചു. ആംബുലൻസൊക്കെ നമുക്ക് റെഡിയാക്കാം.... "

" അയാള് മരിച്ചു. .. ഇനി ബോഡി കൊണ്ടു വരാൻ എന്താ വഴിന്ന് നോക്ക്.. "

അൽപ നേരം മൗനം

"തിരുവനന്തപുരത്ത് മാർത്താണ്ഡൻ പിള്ള എന്നോ മറ്റോ ഒരു ഡോക്ടറുണ്ട്. ഇവിടെ കൊണ്ടുവരാം .. ശരിക്കു നോക്കിയിട്ടു... "

എന്റെ ക്ഷമ കെട്ടു തുടങ്ങി

" പുളളി പ്രശസ്തനാണ്, പ്രഗൽഭനാണ്, നേരിട്ടു പരിചയമില്ല .. ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ മരിച്ച ആളെ ജീവിപ്പിക്കാനൊന്നും പുള്ളിക്ക് പാങ്ങില്ല. നിങ്ങൾക്കാർക്കും എന്താണ്  കാര്യംമനസ്സിലാവാത്തത്!"

"അല്ല , എന്തോ ഒരു സ്റ്റേജ് 3 ആണെന്നു പറഞ്ഞു.. 0 അല്ലല്ലോ. നമുക്ക് ഒന്നു കൂടി... "

"എന്താന്ന് വെച്ചാൽ ചെയ്യ്...''

ഞാൻ ക്ഷമ കെട്ട് ഫോൺ വെച്ചു..

എന്ത് സ്റ്റേജ് ആണിവർ പറയുന്നത്. പിന്നെ സംഗതി കത്തി, GCS ..

പ്രതീക്ഷ കെടാതിരിക്കാനുള്ള എന്തെങ്കിലും പ്രതീക്ഷിക്കുക മനുഷ്യസഹജമല്ലേ. ഞാൻ ഒന്നു കൂടി തിരിച്ചു വിളിച്ചു. ഫോൺ ബിസി യായിരുന്നു.

പിറ്റേന്ന് മരിച്ചയാളുടെ ഫ്ലക്സ് അവിടവിടെ കണ്ടു..

കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അഡ്വൈസ് മെമ്മോയും താമസിക്കാതെ നിയമന ഉത്തരവും വന്നു. വലിയ ആശയക്കുഴപ്പമായി. ജീവിതം മധ്യവയസ്കോന്മുഖമായി കൊണ്ടിരിക്കുന്നു. . പണ്ടാരോ പറഞ്ഞത് ഒന്ന് വളച്ചൊടിച്ചാൽ ജീവിതം യൗവന മുക്തവും ഹൃദയം പ്രണയ ശുഷ്കവുമായി കൊണ്ടിരിക്കുന്ന കാലത്ത് സർക്കാർ ജോലി .... അസോസിയേറ്റ് പ്രഫസർ മൂത്ത് കാലാന്തരത്തിൽ പ്രഫസറാകാൻ മുടി നരക്കുമ്പോൾ വീണ്ടും എൻട്രി കേഡറായി... പണ്ടാണെങ്കിൽ പെൻഷനെങ്കിലുമുണ്ട് .. വേറെ പണിയില്ലേ എന്നായി കുറേ സുഹൃത്തുക്കൾ...

കുറെ ആലോചിച്ചു ചേരുവാൻ തീരുമാനിച്ചു.

ആ തിരക്കിൽ കൃഷ്ണനോടു യാത്ര പറയാനൊക്കെ വിട്ടു. രണ്ടു വർഷത്തോളം ഒട്ടു മിക്കപ്പോഴും എന്റെ ഔദ്യോഗിക  ഡ്രൈവറായിരുന്ന കൃഷ്ണനുമായുള്ള മൻ കീ ബാത് പരമ്പര അവസാനിച്ചു .


കുറെ തവണ ഞാൻ കൃഷ്ണനെ വിളിച്ചു. കിട്ടിയില്ല. . ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു.  മഞ്ചേരി മെഡിക്കൽ കോളേജിൽ ജീവിതം വേരിറങ്ങി തുടങ്ങി.അങ്ങനെ ഇരിക്കെ ഒരിക്കൽ കൃഷ്ണൻ  വിളിച്ചു.

"നിങ്ങളെവിടെയാ. ആസ്പത്രിയിൽ അന്വേഷിച്ചു .. ഇവിടുന്നു പോയെന്നു പറഞ്ഞു .. "

ഞാൻ കാര്യങ്ങൾ വിശദീകരിച്ചു.

" കൃഷ്ണേട്ടൻ എവിടെയായിരുന്നു.. കുറെ പ്രാവശ്യം വിളിച്ചു.. "

" എനിക്ക് ഒന്നു വിട്ടു നിൽക്കേണ്ടി വന്നു.. അമ്മ പോയി. ലോണിന്റെ ഒന്നും ആവശ്യം വന്നില്ല.. ''

കൃഷ്ണന്റെ  മറ്റു കുടുംബാഗങ്ങളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്തെങ്കിലും ചോദിക്കണ്ടേ?

" ശരി, ഇടയ്ക്ക് വല്ലപ്പോഴും വിളിക്കാം"

കൃഷ്ണേട്ടൻ വെക്കാൻ തുടങ്ങി

"ഒരു കാര്യം കൂടി ..

 സർക്കാരാസ്പത്രിയിൽ ചേർന്നല്ലേ? അത്  നന്നായി... "

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...