Monday, April 18, 2016


തർക്കം മുറുകുന്നു. വയോധികനായ ജ്ഞാനി ഇരിപ്പിടത്തിൽ നിന്നും അമർന്നുയരുന്നു

"അല്ല മനോഹരാ -... നിങ്ങൾ പറഞ്ഞ ഈ നിയമം കൊണ്ടു വന്നത് നെഹ്രു തന്നെ അല്ലേ... "
നെഞ്ചിൻ കൂടുയരുന്നു .. താഴുന്നു  ശ്വാസം ത്വരിതം. വിയർപ്പു മണികൾ ഉരുണ്ടു മറിയുന്നു ...
ഗുളിക .. ഗുളിക എന്നു പറഞ്ഞ് പിന്നീട് പിന്നോട്ട് മലയ്ക്കുന്നു .. നെഞ്ചു തടവി വീണ അച്ചച്ചന് നാവിനടിയിൽ വെക്കുന്ന ഗുളികയ്ക്ക് വീട്ടിലേക്ക് ഒരു സൈക്കിളിൽ ബാലൻമാർ പായുന്നു. കാലവും ഒരിത്തിരി പിറകോട്ടു പായേണ്ടി വരും അവിടെത്താൻ .അതൊക്കെ ഒരു കാലം എന്ന മുട്ടൻ നെടുവീർപ്പ് ലൈൻ വിടാം ...ഓഫ് ലൈൻ ആയിരുന്ന ജീവിതത്തിലെ ചായക്കട  ചർച്ചകളിൽ നിന്ന് വികസിച്ച് ഇന്നത്തെ വാട്ട്സ് ആപ്പ് ,ഫെയ്സ് ബുക്ക് സംവാദസംഭാഷണത്വരകളിൽ എത്തുമ്പോൾ മനസ്സിലായതും മനസ്സിലായതുമായ ചില ഉപരിപ്ലവമായ കാര്യങ്ങൾ പങ്കു വെക്കുന്നു.

 നീ പയറിന്റെ കാര്യം ചോദിക്കാത്തതെന്ത് ശൈലി 

അരിയെത്രയ്ക്ക് പയറഞ്ഞാഴി എന്ന മറുമൊഴിക് പകരം അരിയെത്ര എന്ന് ചോദിച്ചാൽ നീ പയറിന്റെ കാര്യം ചോദിക്കാത്തതെന്ത് എന്ന ആരോ സ്ഥാപിച്ച സ്കൂൾ ഓഫ് തർക്കം ഇപ്പോൾ പടർന്നു പന്തലിച്ച് സർവ്വകലാശാലയായി

ഉദാ:- 1.ഏകഛത്രാപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ വെറും ആനയാണ് എന്ന് നീ പറഞ്ഞില്ലേ ,ഗതികേട് കൊണ്ട് തിടമ്പേറ്റുന്ന അതിനെ കാട്ടിലേക്ക് തിരിച്ചു വിടണം എന്ന് പറയുന്ന നീ ആടിനെയും മാടിനെയും കൊന്നു തിന്നുമ്പോൾ എവിടെ പോയി മൃഗ സ്നേഹം?

 2. കുതിരയുടെ കാല്  MLA  തല്ലി ഒടിക്കുമ്പോൾ  കരയുന്നവനൊന്നും ബീഫ് നിരോധിച്ചാൽ സഹിക്കില്ല.. ഇതാണോ സർ, വൈരുദ്ധ്യാത്മിക വാദം?

പല്ലി പ്രാണിയെ തിന്നുന്നതും മനുഷ്യൻ മിശ്രഭുക്കാവുന്നതും പ്രകൃത്യാ ഉള്ളതും പരിണാമ വശാൽ സിദ്ധിച്ചതുമായ ഭക്ഷണ രീതികളിലൂടെ ജീവൻ നിലനിർത്താൻ  ചെയ്യുന്നതാണ് .ഇനി   ആടിനെയും മാടിനെയും വെച്ചും പൊരിച്ചും തിന്നുന്നതും,കെട്ടിയിട്ട്  ദേഷ്യം തീരുവോളം  പത്തലു വച്ചു അതിന്റെ കാല് തല്ലി ഒടിക്കുന്നതും ഒരേ കണക്കാണോ (അതും നിയമം നിർമിക്കുന്ന സഭയിലെ മഹനീയ വ്യക്തിത്വം!) ..
ദാ വരുന്നു വീണ്ടും ചോദ്യം

ശരി അപ്പോൾ  പണ്ടു സഖാക്കൾ വൈരം തീർക്കാൻ പാമ്പുകളെ ചുട്ടു കൊന്നതോ?

ബലേ ഭേഷ് എന്നു പറഞ്ഞില്ലല്ലോ .. അന്നെനിക്ക് അഭിപ്രായ വിസർജനം നടത്താൻ ഈ ഭിത്തിയുണ്ടായിരുന്നില്ല ...

ചോദ്യം വീണ്ടും...

പിന്നെ ഇതിലൂടെ അഭിപ്രായം പറഞ്ഞാൽ വിപ്ലവം വരുമല്ലോ?
വിപ്ലവം വരും എല്ലാം ശരിയാകും എന്നു പറയുന്നത് അവൻ വരുന്നു ,വിശ്വസിച്ച് ആരാധിപ്പിൻ എന്നാരോ പറഞ്ഞ നാൾ കണക്കല്ലേ.. ഇതിലൂടെയായാലും എതിലൂടെയാലും ... അഭിപ്രായം പറഞ്ഞ് അതിനെ എത്തിക്കാനൊക്കുമോ ..

മറുചോദ്യങ്ങൾ മുറക്ക് ഇനിയും വരും..


ഇതെഴുതുന്നവന്റെ സകൂൾ ദിനങ്ങളിൽ കരുണാകരനോട് EMS
ന്റെ പത്തു ചോദ്യങ്ങൾ ,തിരിച്ചു EMS ന്റെ കരുണാകരനോടുള്ള പത്തു ചോദ്യങ്ങൾ എന്നിങ്ങനെ തുടരൻ സാധനം പത്രത്തിൽ വരുമായിരുന്നു. തർക്ക - കത്തിയടി - ചായക്കട ചർച്ചാലോകവും ശീലങ്ങളും ഏറെ   മാറിയെങ്കിലും അൽപമെങ്കിലും സത്യം വായിക്കണമെങ്കിൽ ചരമ കോളത്തിന്റെ പായ നോക്കണമെന്ന ആ പത്രത്തിന്റെ ശീലവും( അതറിഞ്ഞു കൊണ്ട് തന്നെ നിത്യേന അത് വായിക്കുന്ന നമ്മുടെ ശീലവും ) നിർബാധം തുടരുന്നു.. അതല്ലല്ലോ വിഷയം

അപ്പോൾ അതിങ്ങനെ ഉപസംഹരിക്കാം.. .(പോ= പോസ്റ്റർ .പോസ്റ്റിടുന്നവൻ , പ്ര=  പ്രതികരണകാരി )

പോ-അൽപ്പം കൂടി സുരക്ഷയോടെയും ആനകളുടെ എണ്ണത്തിൽ നിയന്ത്രണം പുലർത്തിയും പൂരം നടത്തിക്കൂടെ.. ഈ വർഷം അതൊഴിവാക്കുന്നതായിരുന്നു ഔചിത്യം
പ്ര- എല്ലാം നിർത്താം .. ചുംബന സമരം മാത്രം മതി എന്തേ ?
പോ- ചുംബന സമരമോ, അതിവിടെ എന്റെ വിഷയമേ അല്ലല്ലോ

നീ ഞാൻ പറയുന്ന വിഷയം  വേണം ചർച ചെയ്യാൻ ... അത് തീർത്തേച്ചു മതി ബാക്കി.. കല്യാണക്കത്ത് കാണിച്ചിട്ട് ചോറു മുഴുവൻ തിന്നിട്ട് പോയാൽ മതി എന്ന പോഞ്ഞിക്കര ലൈൻ പോലെ...

പോസ്റ്ററുണ്ടോ സഖാവേ കുറച്ചു മൈദയെടുക്കാൻ ..

പോസ്റ്റർ ഒട്ടിച്ചുള്ള
 വ്യവഹാരം മാത്രമേ ചിലർക്ക് വശമുള്ളൂ..
പാസ്റ്ററിട്ട ദൈന്യം നിറഞ്ഞ ജീവിതദുരന്ത പടത്തിനു ചോട്ടിൽ  ആമേൻ ചൊല്ലൽ പോസ്റ്റർ മുതൽ പല തരമാണ് പോസ്റ്ററുകൾ

1. വിജൃംഭന കഞ്ചുകമണിയിക്കൽ

ഉദാ:-മഹത്വം മനസ്സിലാകാത്തവർക്
(സചിത്രം)
അരക്കില്ലം കത്തിച്ചപ്പോൾ ഭീമൻ നകുല സഹദേവന്മാരെ ഇരു തോളുകളിലേറ്റി ഒരു തുരങ്കത്തിലൂടെ ഭൂമിയുടെ മറുഭാഗത്തെത്തി. ക്ഷീണിതനായ വൃകോദരൻ കുന്തിയോട് അമ്മേ, ഇരിക്ക എന്ന് പറഞ്ഞ് ഇരുന്നു. ആ കര പിന്നീട് അമേരിക്കയായി - കുഞ്ഞികൃഷ്ണമാരാർ, ലോകദർശനം
( സ്ഥലകാല ബന്ധങ്ങളെ കുറിച്ചും അടിസ്ഥാന ചരിത്രബോധത്തെ  കുറിച്ചുമുള്ള  ധാരണകളെ കൊഞ്ഞനം കുത്തുന്നതും മുണ്ടു പൊക്കി കാണിക്കുന്നതുമായ
 പോസ്റ്റുകൾക്കാണേലും റവറൻസ് തോന്നണേൽ റഫൻസ് മസ്റ്റാണ് )

2. സാറേ, സാറാണ് സാറേ സാറ്
മുഖ്യമന്ത്രിയായിട്ടും, ജൗളിക്കടയിലേക്ക് ഈ വരുന്ന എൻറെ മോൾ വശം വേണ്ടതു കൊടുക്കൂ ,ശമ്പളം കിട്ടുമ്പോൾ വീട്ടിക്കോളാം എന്ന് അപേക്ഷിച്ച് കത്തെഴുതിയ മുഖ്യമന്ത്രി.. ഇങ്ങനെയും ഉണ്ടായിരുന്നു നമുക്ക്  മുഖ്യമന്ത്രി  തല കെട്ടിൽ മുതൽ.. മുഖ്യമന്ത്രി സംഭവം മുതൽ തിരയുള്ള പുഴയിൽ ചങ്കൂറ്റം മാത്രം കൊണ്ട് മുതലയെ കീഴടക്കിയ ബാലൻ രാഷ്ട്ര ശിൽപിയായ സംഭവാമി യുഗേ യുഗേ വരെയുള്ള
ചിത്രകഥകൾ ഈ പരമ്പരയിൽ കാണാം

3 .ഗോഡ് ഫാൻസ്  ഐക്യദാർഢ്യ പോസ്റ്ററുകൾ..

നെരിയാണിയ്ക്കു കീഴെ വസ്ത്രം ധരിക്കുന്നവന്റെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല. .. ഈ ഭൂമിയിൽ ജീവനുള്ളതും ഇല്ലാത്തതും സചേതതനവും അചേതനവും ആയ ജീവികളും വസ്തുക്കളും ഹിന്ദു മതത്തിൽ പെടുന്നു തുടങ്ങിയ ടൈപ്പ്: ..
നിത്യജീവിതത്തിൽ  ആടയും പൂടയും ഒക്കെ ചേർന്ന് പണ്ഡിത ലുക്ക് ഉള്ളവരെ കണ്ടാൽ നൈസായി സ്ലിപ്പ് ആകാൻ പറ്റും.പക്ഷേ സുക്കർ തന്ന സകല ഐക്കണും ഞെക്കി യാലും പിന്നെയും ഈ ടൈപ്പ്   ഭിത്തിയിൽ പ്രത്യക്ഷപ്പെടും[ബസ്സിൽ വെച്ച് ഇയ്യിടെ പ്രവാചകൻ (ജിബ്രാന്റെ prophet വിവർത്തനം !!)വായിക്കുന്നത് കണ്ടുണ്ടായ ധാരണാപ്പുറത്തും പേര് അംജിത്ത് എന്ന് തെറ്റികേട്ട പിൻ വിധി പ്രകാരവും ഒരൈറ്റം ഇയ്യിടെ സംഭാഷണത്തിനു വന്നു. നബിയിലൂടെ യല്ലാതെ അള്ളാഹുവിലെത്താമെന്നു കരുതുന്നുണ്ടോ എന്നായി .അറിയില്ല,  മലപ്പുറം വഴിയല്ലാതെ പെരിന്തൽമണ്ണയിലെത്തില്ല.ഞാൻ ഇപ്പോൾ  പെരിന്തൽമണ്ണയ്ക്കാണെന്നു പറഞ്ഞപ്പോൾ പുള്ളി പിണങ്ങി ].

4. നിങ്ങൾ ഇതെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ഈ ടൈപ്പ് ഞെട്ടിക്കൽ .. Did you ever know സീരിയസ്  പോസ്റ്റർ പോസ്റ്റുകൾ നമുക്ക് തരുന്ന ബോധോദയ പരമ്പരകൾ സമസ്ത മേഖലയിലുമുണ്ടെങ്കിലും സമയക്കൂടുതൽ ഇല്ലാത്തതിനാൽ ആരോഗ്യ മേഖലയിൽ പരിചിതമായ ഒരു ടൈപ്പ് പോസ്റ്റർ പ്രോട്ടോ ടൈപ്പിൽ ഇത് നിർത്താം..
നിങ്ങൾ കാറിന്റെ ടയറിൽ നൈട്രജൻ അടിക്കാറുണ്ടോ. എങ്കിൽ തീർച്ചയായും വായിക്കുക.( Nitrogen എന്ന് കട്ടി കറുപ്പ്  വൃത്തത്തിൽ എഴുതി ചുവപ്പ് കൊണ്ട് വെട്ടിയ പടമാകാം  )
നൈട്രജന്റെ  അറ്റോമിക് വെയ്റ്റ് 14 ആണ്.
പെട്ടെന്ന് ചൂട് പിടിക്കുന്ന ഒരു വാതകമാണ് ഇത്. ടയറ് ചൂട് കൂടി ആ ചൂട് സീറ്റിലേക്ക് വികിരണം നടന്ന് പൈൽസ് (മൂലക്കുരു ) ഉണ്ടാകാം...' അനുഭവകഥയും ചിത്രവും ആകാം ..!

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...