Monday, July 4, 2016

 തൈറോയ്ഡ്  എന്തിനാണ് കഴുത്തിൽ തന്നെ വെച്ചിരിക്കുന്നത്?

ഞാൻ ആയിട്ട് അങ്ങനെ ചെയ്തതല്ല . എങ്കിലും ഷണ്മുഖൻ പ്രൊഫസർ വെറുതെ ചോദിക്കില്ല. ഉണ്ടിങ്ങനെ ഇരിക്കുമ്പോൾ സാറിനു വ്യത്യസ്തമായ ചിന്തകൾ വരും ,ചോദ്യങ്ങൾ വരും ,മെറ്റാഫിസിക്സും മറ്റേഫിസിക്സും വരും.

" ആലോചിച്ചു നോക്കിയിട്ടുണ്ടോ... ഇതിന് ആകെ ഹോർമോൺ ഉണ്ടാക്കിയാൽ മതി. അത് രക്തത്തിൽ എത്തിയാൽ മതി. ഉളളിലെവിടെയെങ്കിലും മതിയായിരുന്നു.ഇതിപ്പോൾ കഴുത്തിലായത് കൊണ്ട് ഗോയിറ്റർ പോലുള്ള സർവ്വസാധാരണ രോഗങ്ങൾ വന്നു വലുതായാൽ  എന്തെല്ലാം ബുദ്ധിമുട്ടാണ്. "

ഞാൻ ആലോചിട്ടില്ല. .. സാറിനോളം അറിവും അനുഭവവുമില്ലെങ്കിലും അവിടെ കിടക്കുന്നവർ മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ ഭേദപ്പെട്ടു പോകണമെന്ന ചിന്ത മാത്രമേ  അന്ന് എനിക്കുള്ളൂ . അതിപ്പോൾ ഞാൻ അത്ര നല്ല മനുഷ്യനായതു കൊണ്ടല്ല .. ജോലി തീർത്ത് ക്വാർട്ടേർസിൽ പോയി കിടക്കണം എന്നത് കൊണ്ട് കൂടിയാവണം .പിന്നെ ഈ ചികിത്സയൊക്കെ ഇവർക്ക് താങ്ങാനാവുമോ എന്നും ചിന്തിക്കാറുണ്ട്. തൈറോയ്ഡ്‌ എങ്ങനെ കഴുത്തിൽ വന്നെന്നോ, ശരീരത്തിൽ ഹൃദയവും ശ്വാസകോശവും ഭംഗിയായി സ്ഥിതി ചെയ്യുന്നുവെങ്കിലും മറ്റു പല അവയവങ്ങളുടെ കാര്യത്തിൽ അതങ്ങനെയല്ല എന്നുമൊക്കെയുള്ള സാറിന്റെ ചിന്തകൾ എന്റെ ചെറിയ ബുദ്ധിയെ തെല്ലും ഉദ്ദീപിപ്പിച്ചിരുന്നില്ല.

പക്ഷേ ചിന്തിക്കാൻ ഏറെയുണ്ട് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഇന്ന് ഞാൻ ഒരു പത്തോളജിസ്റ്റ് എന്ന നിലയ്ക്ക് അർബുധമെന്നു റിപ്പോർട്ട് ചെയ്തിട്ട് പ്രയോജനമില്ല. ഏതവയവത്തിൽ നിന്ന് അത് വരുന്നു, എത്രത്തോളം  പരന്നു എന്നതൊന്നും പ്രസക്തവുമല്ല. കോശങ്ങളുടെ ധർമ്മം, അത് മനസ്സിലാക്കാൻ ശ്രമിക്കണം. കൃത്യ സമയത്ത്  വളരെ നേരത്തെ രോഗനിർണയം നടത്തിയാലും അപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു എന്നതാണ് സത്യം . കോശങ്ങളുടെ ധർമ്മം ഭ്രംശപ്പെട്ടത് അതിനേക്കാൾ വളരെ വളരെ മുൻപ് .. ഒരു പക്ഷേ രോഗി ജനിയ്ക്കുന്നതിനും മുൻപത്രേ .ഇത് നമ്മുടെ മുനിവര്യന്മാർക്ക് അറിയാമായിരുന്നു. പാശ്ചാത്യർ തന്മാത്രവൽക്കരിച്ച് ഇതിനെ മ്യൂട്ടേഷൻ, ജീൻ എന്നൊക്കെ വിളിക്കും. എല്ലാം വെറുതെയാണ്. കച്ചവടം മാത്രം  .
അപ്പോൾ നിങ്ങളുടെ രോഗനിർണ്ണയത്തിനും തുടർ ചികിൽസയ്ക്കും കാത്തിരിക്കുന്ന രോഗിയോട് എന്ത് പറയും...
അദ്ദേഹത്തോട് പറയുക

 ''ഉള്ളതുള്ളതുള്ളതല്ല
ഉള്ളതിന്റെ ഉള്ളിൽ മറ്റൊരുള്ളതുണ്ട്
അതും ഉള്ളതല്ല. ..
[ഉള്ളതിന്റെ ഉള്ളതിന്റെ ഉള്ളിൽ എന്ന മട്ടിൽ ഇനിയും രോഗകാഠിന്യം പോലെ നീട്ടാം ]

ശുഭാപ്തി വിശ്വാസവും പോസിറ്റീവ് എനർജിയുമുണ്ടെങ്കിൽ (ഇത് ഉറപ്പാക്കുന്ന electro magnetic പൈജാമ ഉടൻ ഇറക്കുന്നുണ്ട്. ഫാർമസി ഭീകരന്മാരിൽ നിന്ന് ജീവനു ഭീഷണിയുള്ളതിനാൽ ഇപ്പോൾ കൂടുതൽ പറയാൻ നിർവ്വാഹമില്ല. ) മറികടക്കാവുന്ന അർബ്ബുദമേയുള്ളൂ ഇന്നീ ലോകത്ത്.

ഇത് രണ്ടുമുണ്ടെങ്കിൽ കാണ്ഡം കാണ്ഡമായോ ക്വാണ്ടം ക്വാണ്ടമായോ ഏതു മുറിവും ഉണങ്ങും. മുറിവുണങ്ങുന്ന അൽഭുത പ്രകിയ പിന്നീടൊരിക്കൽ
(തുടർന്നേക്കും..)

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...