Tuesday, September 20, 2016

ഡാ, നിനക്കീ ഫെയ്സ് ബുക്കിലൊക്കെ സാഹിത്യം ഇട്ടു സമയം കളയുന്ന നേരം കൊണ്ട് വല്ലതും എഴുതി പ്രസിദ്ധീകരിച്ചു കൂടെ ... "

 "മാഷേ, ഇതേൽ അപ്പപ്പം തോന്നുന്ന ചപ്പടാച്ചി ചൂടോടെ പെടച്ച് വെറുപ്പിക്കുക അല്ലാതെ വലുതെന്തേലും  പടയ്ക്കാൻ ഉള്ള കോപ്പ് ഒന്നും നമ്മുടെ കൈയ്യിൽ  ഇല്ല"

" എന്ത് കോപ്പ്, ഒരു ബേസിക് ത്രെഡ് അങ്ങ് വലുതാക്കണം. അതിനുള്ള data കളക്ട് ചെയ്യണം. മെനക്കെടേണ്ടി വരും... "

" ഈ മെനക്കെടുന്നത് പോലെ മെനക്കെട്ട ഒരു പണി വേറെ ഇല്ല. അതവിടെ നിക്കട്ടെ..data മാത്രം വെച്ച് കഥ ഉണ്ടാക്കാൻ പറ്റുമോ ..."

"നീ വലിയ ശാസ്ത്രവാദിയെന്നല്ലേ വെപ്പ്... അസ്ഥിയും മാംസവും രക്തവും സിഗ്നലും കുറെ  രാസവസ്തുക്കളുമല്ലാതെ അദൃശ്യമായ ഒരു സൃഷ്ടി രഹസ്യവും ചൈതന്യവിളയാട്ടവും ജീവന്റെ നിലനിൽപ്പിൽ ഇല്ലെന്ന് ഇന്നലെ ഒരണ്ണൻ പ്രസംഗിച്ചപ്പോൾ  വല്യ ആവേശത്തിലായിരുന്നല്ലോ? പിന്നെയാണ്  ഒരു കഥ ? data  അല്ലാതെ മറ്റെന്തു വേണം"

"സർഗശേഷി...."

"അങ്ങനെയും പറയാം .അധ്വാനവും സ്വയം ശിക്ഷണവും വഴി നേടാവുന്ന ഒരു കഴിവ്.... കുറച്ച് പാരമ്പര്യ ഘടകങ്ങൾ കണ്ടേക്കാം "

" അപ്പോൾ അനുഭവം ?"

"ലോകം മുഴുവൻ തെണ്ടി ,പണ്ടാരോ പറഞ്ഞ കണക്ക് ലോകത്തുള്ള സകല മദ്യവും കുടിച്ചു വറ്റിച്ചാൽ മാത്രം എഴുതാൻ പറ്റണ സാധനമാണ് ഇത് എന്നൊക്കെ അടിച്ച് വിടുന്നതല്ലേ ... "

വല്ലപ്പുഴ റെയിൽവെ സ്റ്റേഷനെത്തി കാണണം. പതിവ് പോലെ മുറുക്ക് വിൽക്കുന്ന കാക്ക കൊട്ടയുമായി കയറി. എടുക്കട്ടെ എന്ന ചോദ്യം ഇപ്പോൾ ഇല്ല.
മുറുക്ക് അൽപ്പം തണുത്തിരിക്കുന്നു. അങ്ങനെ വരാറില്ല . പരാതി പറയാൻ നോക്കിയപ്പോൾ .. ആളിറങ്ങി അടുത്ത കോച്ചിൽ കയറി കഴിഞ്ഞു. .
വണ്ടി നീങ്ങി. അടിക്കടി സ്‌റ്റോപ്പുണ്ടേലും വണ്ടിക്ക് നല്ല വേഗതയും സമയനിഷ്ഠയും

" എങ്കിൽ ഒരു ത്രെഡ് വെച്ച് നിനക്കൊന്നെഴുതി കൂടെ "

കാറ്റു പിടിച്ച് ,തിരിച്ചു  പുറകിലിരിക്കുന്നവന്റെ ദേഹത്തു വീഴുന്നതൊഴിവാക്കാൻ ലാക്കു കാത്ത് ട്രെയിൻ ജനലിലൂടെ മുറുക്ക് കവർ ഒഴിവാക്കി ഞാൻ ചോദിച്ചു.

" എഴുതണം. പേര് മനസിലുണ്ട്. ബജ്റംഗനും ജലകന്യകയും..."

അത് കൊള്ളാം .വായിക്കാൻ തോന്നുന്ന പേര് തന്നെ -
" എന്താണ് തീം "

" ഇതിവൃത്തം കണ്ടുപിടിക്കണം. .. ജലകന്യകയെ പറ്റി data കളക്ട് ചെയ്യണം .. പറ്റിയ ഒരു  പശ്ചാത്തലം സെറ്റ് ചെയ്യണം. ഒരു ചരിത്ര നോവൽ .. പറ്റിയ പുരാണങ്ങൾ റെഫർ ചെയ്യണം"

വട്ടായതാണോ എന്തോ. മുഖം വലിയ ഗൗരവത്തിലാണ്.

" പറ്റുമെങ്കിൽ ഇംഗ്ലീഷിൽ ചെയ്യണം.. ഒരു പാട് മലയാളികൾ ഇപ്പോൾ  ഇംഗ്ലീഷിൽ നോക്കുന്നുണ്ട്. നല്ല കാശ് കിട്ടും. നീ ഈ ഫെയ്സ് ബുക്കിൽ ചപ്പടാച്ചി ഇട്ട് വൈറൽ ആകുന്നതും കാത്തിരുന്നോ "

വൈറൽ ആയാലും ബാക്ടീരിയൽ ആയാലും  എനിക്കെന്ത് എന്നോർത്ത് ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ജനലിന്റെ അറ്റത്ത് ഫ്രെയിം മുറിയുന്നേടത്ത് മുറുക്കുകാരൻ കാക്ക കൊട്ട എതിർവശത്തെ പ്ലാറ്റ്ഫോമിൽ വെച്ച് പടഞ്ഞു കയറുന്നു.സൂക്ഷിച്ചു നോക്കി.  ഒരു പത്തറുപത് വയസ് കാണും. അങ്ങോട്ടുള്ള പാസഞ്ചറിൽ കയറി കഴിഞ്ഞ സ്റ്റോപ്പിൽ തിരിച്ച് ... ഇങ്ങനെ ഒരു ദിവസം  എത്ര ട്രിപ്പുകൾ ?

ഈ കാക്കയുടെ കഥ ഡാറ്റ മാത്രം വെച്ചെഴുതാൻ പറ്റുമോ.

ചോദിക്കണമെന്ന് വെച്ചതാണ്. സുഹൃത്ത് അപ്പോഴേക്കും ലാപ്പ്ടോപ്പ് തുറന്ന്  തിരക്കിലായി കഴിഞ്ഞിരിന്നു.

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...