Tuesday, August 23, 2016

ഡോക്ടറെ കണ്ടു മടങ്ങുന്ന വഴി യുവാവ്  മരിച്ചു .
കുറെ നാൾ മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയാണ് ..ഒറ്റ വായനയിൽ തലകെട്ടിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്  എന്താണ് ? ഡോക്ടറുടെ കയ്യിൽ നിന്ന് എന്തോ ചികിത്സാ പിഴവു സംഭവിച്ചത് ഒരു യുവാവിന്റെ ജീവനെടുത്തു എന്നല്ലേ .. എന്നാൽ യുവാവ്‌ കാല് തെന്നി  തല പാറയിൽ ഇടിച്ചു മരിച്ചതാണ് എന്നാണു താഴോട്ടു വായിച്ചാൽ  മനസ്സിലാക്കാൻ കഴിയുക .
പെട്ടെന്ന് ആൾകാരെ ആകർഷിക്കുന്ന ഒരു തലകെട്ട് ഒരുക്കാൻ ഉള്ള വെമ്പലിൽ ഉണ്ടാകുന്ന SENSATIONALISATION / സ്കൂപ്പ് ജേർണ്ണലിസം എന്നൊക്കെ വിളിക്കുന്ന മാധ്യമരീതികൾ ആരോഗ്യചികിത്സാ മേഖലയിൽ ഉണ്ടാക്കുന്ന ആഘാതം ഇത്തരം താരതമ്യേനെ നിസ്സാര വാർത്താ ശകലങ്ങളിൽ ഒതുങ്ങുനില്ല .
ആരോഗ്യ മേഖലയിലെ റിപോർടിങ്ങിനായി  ലോക ആരോഗ്യ  സംഘടനയും  EHCN(European Health Communication Network)യും  ആരോഗ്യമേഖലയിലെ വാർത്തകൾ കൈ കാര്യം ചെയ്യുന്ന എല്ലാ പ്രൊഫെഷനുലകൾക്കും  (ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ എന്നിങ്ങനെ എല്ലാവ ർക്കും ) മാർഗദർശനം നല്കുന്ന ലളിതമായ ചില നിർദേശങ്ങൾ ഇവിടെ പ്രസക്തമാണ് .അവയുടെ ഏകദേശ തർജജമ ഇപ്രകാരമാണ്
1. .സമൂഹത്തിന്റെ വിശാല താല്പര്യത്തിനും മാനുഷികമായ മൂല്യങ്ങള്കും അവകാശങ്ങള്കും ദ്രോഹകരമായത് ഒഴിവാക്കുക .(വൈദ്യ രംഗത്ത് പലപ്പോഴും പറയുന്ന first do no harm തന്നെ)
2. ആരോഗ്യ വാർത്തകളിൽ എത്ര വേഗം വാർത്ത‍ കൊടുക്കുന്നു എന്നതിനേക്കാൾ എത്ര കൃത്യമായ വാർത്ത‍യാണ് കൊടുക്കുന്നത് , എന്നതിന് പ്രാധാന്യം നല്കുക . എന്താണ് നിങ്ങളുടെ വാർത്താ ഉറവിടം ?അത് വിശ്വസനീയമാണോ എന്ന്ഉറപ്പുണ്ടോ?.പ്രഥമ പ്രാധാന്യവും പരമ പ്രാധാന്യവും സമയപരിധിയുടെ DEADLINE എന്നതിനേക്കാൾ ആധികാരികതക്കാകട്ടെ
  3. വ്യർഥമായ പ്രതീക്ഷ വളർത്തുന്ന അത്ഭുത രോഗശാന്തി കഥകൾ , ഭീതി പരത്തുന്ന സംഭ്രമജനകമായ, ആസന്നമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ സ്ഫോടനാത്മകമായ അവതരണം എന്നിവയൊക്കെ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക
4.നിക്ഷിപ്ത താല്പര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുക  ,ഈ ന്യൂസ്‌ സ്റ്റോറിക്ക് ഗുണഭോക്താവായി ആരെങ്കിലും ഉണ്ടോ എന്ന് സ്വയം ചോദിക്കുക
5.പ്രേരണയാലും പ്രലോഭനത്താലും ഉള്ള വാർത്തകൾ  ഒഴിവാക്കുക .
6.വാർത്തയുടെ ഉറവിടം വെളിപെടുത്തില്ല എന്ന വിശ്വാസത്തിലാണ് വാർത്ത‍ പങ്കു വക്കപെട്ടിരിക്കുന്നതെങ്കിൽ ആ വിശ്വാസം കാത്തു സൂക്ഷിക്കുക
7.രോഗി കുടുംബവും സമൂഹ ജീവിതവും ഉള്ള മനുഷ്യനാണു ;രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കുക ,
8.വായനയുടെയും rateങ് ന്റെയും നൈമിഷികമായ സ്വീകാര്യതക്ക് അപ്പുറം സ്റ്റോറിയുടെ അനന്തര ഫലങ്ങൾ എന്തെല്ലാം എന്ന തിരിച്ചറിവുണ്ടാകുക.പുതിയ വാർത്തകൾ സമയവും സ്പെയ്സും അപഹരിച്ചു മുന്നേറുമ്പോഴും വിസ്മൃതമായ വാർത്തയിലെ മനുഷ്യർക്ക്‌ ,രോഗികള്ക്ക് ,പ്രത്യേകിച്ച് കുട്ടികള്ക്ക് ജീവിതം ഏറെ ബാക്കിയുണ്ട് എന്നോർക്കുക
9.ദുരിതങ്ങൾ ,ഉറ്റവരുടെയും ഉടയവരുടെയും വിയോഗം എന്നിവയൊക്കെ കൈകാര്യം ചെയ്യുമ്പോൾ മിതത്വം പാലിക്കുക .സ്വകാര്യ നഷ്ടങ്ങളിലേക്ക്‌ ക്യാമറയുടെ ക്ലോസപ്പ് ദൃശ്യങ്ങളുമായി അരോചകമായ  കടന്നു കയറ്റം നടത്തുന്നത്  ഒഴിവാക്കുക .ദുരന്തഭൂമികളിൽ ഇത് പ്രത്യേകിച്ചും പ്രാധാന്യം അർഹിക്കുന്നു
  10 .സംശയം ബാക്കിയെങ്കിൽ ഉപേക്ഷിക്കുക  .
കഥയിൽ ചോദ്യം പാടുണ്ട്!.കൈകാര്യം ചെയ്യുന്നത് കഥയല്ല. ആ ചോദ്യങ്ങളിൽ അവസാന ഘട്ടത്തിലും സ്വയം സംശയങ്ങൾ ബാക്കി ആകുന്നെന്കിൽ സംശയം വേണ്ട,ഉപേക്ഷിക്കുക.

പല വാർത്തകളുടെയും ഉറവിടങ്ങൾ ആധികാരികം അല്ല എന്നത് ആശങ്ക ഉണർത്തുന്നതാണ് ,ഒറ്റ സ്രോതസ്സ് (SINGLE SOURCE ) സ്റ്റോറികൾ ആധികാരികവും പ്രാമാണികവും ആയ വ്യക്തികളിൽ നിന്നോ കേന്ദ്രങ്ങളിൽ നിന്നോ സ്ഥിരീകരിക്കുക എന്നത് ആരോഗ്യവിഷയത്തിൽ പരമപ്രധാനമാണ് .കച്ചവട താല്പര്യങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും പലപ്പോഴും കേട്ടുകേൾവികളും പോലും വാർത്തകൾക്കു നിദാനമാകുന്നു . ആധികാരികമെന്ന മട്ടിൽ ആരോഗ്യവിദഗ്ദ്ധർക്ക് മുൻപിൽ എത്തുന്ന പഠനങ്ങൾ പോലും പലപ്പോഴും കച്ചവട ,നിക്ഷിപ്ത  താല്പര്യങ്ങളുടെ ഉല്പന്നമാകുന്ന അവസ്ഥയിൽ പത്രപ്രവർത്തകർക്ക് ഇതൊരു അനായാസ ജോലി  അല്ല …വിരൽതുമ്പിൽ വിവരം ലഭിക്കുന്ന internet യുഗത്തിൽ പോലും .
സമയമെടുക്കുക .ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ നടത്തുക .വാക്ക്  പരക്കുന്ന്,മഷി പുരണ്ടു ജനങ്ങളിൽ എത്തുന്നതിനു മുൻപ്.. .
ഒരു സമൂഹം ഇന്നും കുറെയെങ്കിലും വാർത്താസൃഷ്ടികൾ വിശ്വസിക്കുന്നുണ്ട് .അവർക്ക് യഥാതഥമായ വസ്തുതകൾ പറഞ്ഞു കൊടുക്കുക എന്ന പത്രധർമം സമൂഹത്തിന്റെ ആരോഗ്യ വിഷയത്തിൽ മുറുകെ പിടിക്കേണ്ടതുണ്ട്

വയറിളക്കത്തിന് ORS കൊടുക്കരുതെന്ന് ഡോക്ടര്മോരോട് നിർദേശിച്ചതായുള്ള വാർത്ത‍ നോക്കൂ

എണ്ണം പറഞ്ഞ ദേശീയ പത്രങ്ങളിൽ ഒന്നിൽ വന്ന വാർത്തയാണിത് .തീർത്തും തെറ്റിധാരണ പരത്തുന്ന തലകെട്ട് .വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കം . ..വയറിളക്കം ,അതിസാരം മുതലായ അവസ്ഥകളിൽ നിര്ജ്ജലീകരണം പ്രത്യേകിച്ചു  കുട്ടികളിൽ വളരെ പെട്ടെന്ന് ഗുരുതരമാവുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്യും .അടിയന്തര അവസ്ഥകളിൽ ജീവൻ രക്ഷിക്കുവാൻ വീട്ടിൽ പോലും ഈ മിശ്രിതം തയ്യാറാക്കാം .ORS പോലുള്ള അടിസ്ഥാന  ജീവൻരക്ഷാ ഉപാധികൾ ഒരു ഡോക്ടറുടെ ചികിത്സ ലഭ്യം അല്ലാത്ത അവസ്ഥയിൽ പോലും ജനങ്ങൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനും ജീവൻ രക്ഷിക്കുവാനും ഉള്ള ശ്രമങ്ങൾക് തുരങ്കം വയ്ക്കുന്ന വാർത്ത‍ കൊടുക്കും മുൻപ് വസ്തുതകൾ വിലയിത്താനുള്ള ശ്രമങ്ങൾ  നടത്താമായിരുന്നു .വയറിളക്കം ബാധിച്ച  കുറെ കുട്ടികള്ക്ക് പിന്നീട് GUILLAEN BARRE SYNDROME (GBS)എന്ന ഞരമ്പുകളെ ബാധിക്കുന്ന തളർച്ച രോഗം ഉണ്ടായി ., ഒരു മെഡിക്കൽ ടീം അവിടെ പരിശോദനകെത്തി .ഈ കുട്ടികൾക്ക് ORS കൊടുത്തത് മൂലം ആണ് GBS വന്നതെന്ന് എന്നോ വയറിളക്കം വരുന്നവർക്ക് ORS കൊടുക്കരുത് എന്നോ ഒരു ഡോക്ടറും പറയാൻ ഇടയില്ല .കുട്ടികള്ക്ക് അതിസാരരോഗം വരുമ്പോൾ ORS മാത്രം നല്കുക എന്ന രീതി ഈ പശ്ചാത്തലത്തിൽ മതിയായെക്കില്ല  എന്ന രീതിയിൽ പറഞ്ഞത് വളച്ചൊടി ചതകാം  .
സർക്കാരും സംഘടനകളും ആരോഗ്യപ്രവര്ത്തകരും ORS കൊടുക്കുന്നത് താഴെതട്ടിലേക്ക് എത്തിക്കാൻ വൻ പ്രചരണം നല്കുകയും അതിന്റെയെല്ലാം ഫലമായി അതിസാരമരണങ്ങളിൽ കുറവ് വരുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരം ഒരു വാർത്ത‍ എന്ത് മാത്രം ആശയ കുഴപ്പം സൃഷ്ടിക്കും. അതിലേക്ക് കടക്കാം

കല ,സംസ്കാരികം എന്നിവയൊക്കെ കൈകാര്യം ചെയ്യാൻ  അതതു വിഷയങ്ങളിൽ അറിവും , അഭിരുചിയും ഉള്ള റിപ്പോർട്ടർമാരുണ്ടെങ്കിൽ ആരോഗ്യരംഗത്തെ സ്ഥിതി അതല്ല .

 ആരോഗ്യഗോസ്സിപുകൾ , സമൂഹത്തിൽ  ഭയം വിതകുന്ന SCARE STORIES എന്നിവ ഈ രീതിയിൽ എടുത്തു പൂശുന്ന പ്രവണത വിശേഷിച്ചു മലയാളം മാധ്യമങ്ങളിൽ  കൂടിവരുന്നു. വസ്തുതകൾ വളച്ചൊടിച്ചും ഭാവനകലർത്തിയും വിവാദം ലക്ഷ്യമിട്ടും ഇത്തരം ലേഖനങ്ങൾ പരത്തുന്ന ശാസ്ത്രവിരുദ്ധതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
 ആരോഗ്യരംഗത്തിനു മാത്രമായി SPECIALIST റിപ്പോർട്ടർ മാർ പ്രായോഗികമല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങൾ കൈ കാര്യം ചെയ്യാൻ നിയോഗിക്കപെടുന്നവർക്ക്  മറ്റു പല രാജ്യങ്ങളിലും ഉള്ളത് പോലെ   മാർഗരേഖകൾ പിന്തുടരാം .അവർക്ക് അഭിപ്രായം ആരായാൻ വിഷയത്തിൽ പ്രാവീണ്യം ഉള്ളവരുടെ  (EXPERT CONTACTS )സഹായം തേടാം.ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ ഇത് അതീവ ഗൌരവത്തോടെയാണ് കാണുന്നത് .ശാസ്ത്രവിഷയങ്ങളിലെ വാർത്തകൾ ക്ക്  ആരോഗ്യവിദഗ്ദർ ,ശാസ്ത്രജ്ഞൻമാർ,മാധ്യമവിദഗ്ധർ എന്നിവർ ചേർന്ന് രൂപീകരിച്ച മാർഗനിർദേശങ്ങൾ നിലവിലുണ്ട് .പൂർണമായ മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമ്പോൾ തന്നെ ഊഹാപോഹം ,അനുമാനം ,കെട്ടുകഥകൾ എന്നിങ്ങനെ മാർഗരേഖകൾ ലംഘികുന്ന  റിപ്പോർട്ടുകൾ പ്രസ്‌  COMPLAINTS കമ്മീഷനു കൈ മാറാൻ  വ്യവസ്ഥയുണ്ട് .

ശാസ്ത്രത്തിന്റെ രീതിയും ഭാഷയും നിർമമവും പലപ്പോഴും ആവേശ രഹിതവും ആണ് .ചാല കമ്പോളത്തിൽ ഇന്ന് വാഴക്കുല കിത്ര വില എന്ന മട്ടിൽ നിർവികാരതയോടെ വാർത്ത‍ കൊടുത്താൽ ആരും തിരിഞ്ഞു നോക്കില്ല എന്നത് സത്യം ,എന്നാൽ "വാക്സിൻ നടത്തിയ കൂട്ടക്കൊല " ,"മരുന്ന് മാറി കുത്തി വച്ച് കൊന്നു " എന്നൊക്കെ അന്തിപത്രം വിൽക്കാൻ ബസ്സിലും മറ്റും വിളിച്ചു പറയുന്ന തരം തലകെട്ടുകൾ ആരോഗ്യരംഗത്ത് ഒഴിവാക്കാവുന്നതല്ലേ ? ഒരു മാധ്യമസ്ഥാപനത്തിലെ അധികാരക്രമത്തെ കുറിച്ച് (HIERARCHY )ഇതെഴുതുന്ന ആൾക് വലിയ അറിവില്ലെങ്കിലും എഡിറ്റർ ,സബ് എഡിറ്റർതലത്തിൽ തലകെട്ടുകളെ കുറിച്ച് ശാസനങ്ങൾ കൊടുക്കാവുന്നവർക്ക് ഇത് നിഷ്കർഷിക്കാവുന്നതാണ് എന്നാണ് തോന്നുന്നത്

വ്യാപകമാവുന്ന ആന്റിബയോടിക്  പ്രതിശക്തി(antibiotic resistance )പോലുള്ള കാലികപ്രസക്തിയുള്ള  വിഷയങ്ങൾ എത്ര ശാസ്ത്രീയവും വിജ്ഞാന പ്രദവും ആയ രീതിയിൽ ആണ് ദി ഹിന്ദു പത്രം കൈകാര്യം ചെയ്തത് എന്നത് മാതൃകയക്കേണ്ടത് തന്നെയാണ്.
നാളിതു വരെ പൊതു ജനാരോഗ്യ രംഗത്ത് നമ്മൾ നേടിയ വിശിഷ്ടമായ നേട്ടങ്ങളും മുന്നേറ്റങ്ങളും തടയാനുള്ള തീവ്ര ശ്രമം എന്ന  മട്ടിലാണ് പല ദൃശ്യപത്ര മാധ്യമങ്ങളും ഇപ്പോൾ പല വാർത്തകൾക്കും പ്രാധാന്യം നല്കുന്നത് . ശാസ്ത്രസമൂഹം സമഗ്രമായ വിലയിരുത്തലിനു  ശേഷം തള്ളികളഞ്ഞ പഠനങ്ങൾ ,അർദ്ധസത്യങ്ങൾ,ഭാവന  ഇവയെല്ലാം ചേർത്ത് വാർത്തെടുത്ത കെട്ടുകഥകൾ വസ്തുതയെന്ന വേഷം കെട്ടിച്ചു തുറന്നു വിടുന്നത്തിന്റെ ദുരന്തങ്ങൾ നാം കണ്ടു തുടങ്ങി .

ഇത് പോലൊരു മേഖലയാണ്‌ ആശുപത്രി മരണങ്ങൾ  വൈര നിര്യാതന ബുദ്ധിയോടെന്നോണം പലപ്പോഴും ഒരടിസ്ഥാനവും ഇല്ലാതെ ചികിൽസപിഴവു ആരോപിച്ചു വേട്ടയാടുന്ന മാധ്യമ കോടതി രീതി ഇവിടെ സ്ഥലപരിമിതി മൂലം കൂടുതൽ പരാമർശികുനില്ല .വസ്തുതകൾ പഠിക്കുകയും കണക്കുകൾ പരിശോധിക്കുകയും മുൻ വർഷങ്ങളുമായ് തട്ടിച്ചു നോക്കുകയും ചെയ്‌താൽ ഇത്തരം വാർത്തകൾ മിക്ക  അവസരത്തിലും വ്യാജമോ ഊതി പെരുപ്പിച്ചതോ ആണ് എന്ന് വ്യക്തം ആകും

ഒരു വശത്ത് പ്രതിരോധകുത്തിവെപ്പിനെതിരെ കവലപ്രസംഗങ്ങൾ നടത്തുന്ന ഫ്രോഡുകൾ , കപട ശാസ്ത്രം കയ്യാളുന്നവർ, മനുഷ്യ ജീവൻ വച്ച് കച്ചവടം നടത്തുന്ന തട്ടിപ്പുകാർ  എന്നിവയ്ക്ക് നേരെ കുറ്റകരം ആയ മൗനം പാലിക്കപെടുകയോ  മൃദുവായ പ്രോത്സഹ നം നല്കപെടുകയോ ചെയ്യുന്ന കാഴ്ചയാണ് .ഓരോ സമൂഹവും അവരർഹിക്കുന്ന ഫ്രോഡ്കളാൽ പറ്റിക്കപെടും,നമുക്കെന്ത് എന്ന നിലപാട് ആണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ വച്ച് പുലർത്തുന്നത് എന്ന് തോന്നുന്നു

 ചായക്കട ചർച്ചക്ക് ഉതകുന്ന രീതിയിൽ ചൂട് കടി പോലെ ആരോഗ്യവാർത്തകൾ കൊടുക്കുന്ന രീതി "വിവേകത്തിന്റെ ഒരേ ഈണം " നിലനിർത്തി വസ്തുതകൾ അവതരിപികുന്ന രീതിയിലേക്ക് മാറണമെങ്കിൽ മാധ്യമ സുഹൃത്തുക്കൾ തീരുമാനിക്കണം

.ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ആരോഗ്യപ്രവർത്തകരും എതിർ കക്ഷികൾ അല്ല ഒരു പോലെ തല്പര കക്ഷികൾ ആണ് .

No comments:

Post a Comment

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...