Thursday, November 3, 2016

മാമംഗലത്തെ ജഡ്ജദ്യം
മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന്
ഒരു കൊച്ചിനെ
മാറാപ്പിലാക്കി
ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   കളയുന്നു.
അതേ മാഞ്ചോട്ടിൽ മോഷ്ടിച്ച മുതൽ ഒളിപ്പിക്കുമ്പോൾ
മറുത പോലൊരു മാലതി തള്ളയ്ക്ക് കൊച്ചിനെ  കിട്ടുന്നു.
ഗുമസ്തനീ ഗുട്ടൻസറിയാം
അയാൾക്കേയറിയൂ

കാലചക്രം  പഞ്ചറൊട്ടിച്ചു കറങ്ങുന്നു.
ജഡ്ജദ്യത്തിന്റെ മകൻ
പോലീസ്
മാലതി തള്ളയെ പൊക്കുന്നു.
കൊട്ടേഷൻ, മാല പൊട്ടിക്കൽ ഇത്യാദിക്ക്
ജഡ്ജദ്യം അവർക്ക്   പത്തിരുപത് വർഷം
ജയിൽ വിധിക്കുന്നു -
ആയമ്മയുടെ സങ്കേതത്തിൽ
കൗമാര മുക്തയായി കൊണ്ടിരിക്കുന്ന
സുന്ദരികുട്ടിയെ കാണുന്നു.
വിശുദ്ധ കുസുമത്തെ വിധിക്കും തെരുവിനും
വിട്ടു കൊടുക്കാതെ വീട്ടിലേക്ക്
കൊണ്ടു പോകുന്നു.
അവൾ സ്വന്തം ചോരയാണെന്ന്
അയാൾ അറിയുന്നില്ല കൂട്ടരേ
അറിയുന്നില്ല.

(പറയാൻ വിട്ടു ,ജഡ്ജദ്യത്തിന്റെ ഭാര്യ കൊല്ലും കൊലയുമുള്ള
ദേശായി തറവാട്ടിലെ നടക്കുന്ന പൗഡർഡപ്പി )

ജഡ്ജി അവളെ മകളെപ്പോലെ  സ്നേഹിക്കുന്നു .
ഇടയ്ക്കിടക്കൊടുക്കത്തെ  നടുക്കത്തിന്റെ  വെട്ടൽ
ജഡ്ജിയുടെ മകൾക്കസൂയ
അവളാക്കുട്ടിയെ കൊണ്ട് നടുവൊടിയെ
പണിയെടുപ്പിക്കുന്നു,
ധാരയായി കണ്ണീരൊഴുകുന്നു
സഹനമൂർത്തി  ജ്വലിക്കുന്നു.

മകൻ പോലീസിന് ഒരു നീലത്താമര
ഡിങ്കോൾഫി അവളോടില്ലാതില്ല.
ദേശായി കുടുംബത്തെ മാളുപ്പെണ്ണ്
അവളെ കൊന്നാലും ജഡ്ജി പുത്രനെ
സ്വന്തമാക്കാൻ മേക്കപ്പിട്ടിറങ്ങിയിരിക്കുന്നു,
ദുഷ്ട ശക്തികൾ ഒന്നിക്കുന്നു.
പാലിൽ വിഷം കൊടുക്കുന്നു,
കോലിൽ വിഷപാമ്പിനെ കോർത്ത് കട്ടിലിലിടുന്നു
പത്തായത്തിൽ പൂട്ടുന്നു
അങ്കക്കലിയിൽ ഉപജാപം മൂക്കുന്നു


ഒരു വർഷം കൂടി കഴിഞ്ഞ് (വേണേൽ രണ്ട്, മൂന്ന് വർഷം )
പ്രതികാരദുർഗ്ഗയായ മാലതിതള്ള
പോലീസം ദുർഗം ഭേദിച്ച് ജയിൽ ചാടുന്നു.
പോലിസ് മോനെ  കൊന്ന്  രക്തം കുടിച്ച്
കഞ്ചാവ് കടത്തുകാരൻ ഭദ്രനെ കൊണ്ട്
വളർത്ത് മകളെ കെട്ടിക്കാൻ  മനക്കോട്ട കെട്ടിയിരിക്കുന്നു.

ഗുട്ടൻസറിയാവുന്ന ഗുമസ്തൻ
കുനുഷ്ഠമായിറങ്ങി
കലങ്ങിയ കുളത്തിൽ പാഷാണം കലക്കുന്നു
കഥ നീളുന്നു
കദനം നീറുന്നു
കരണത്തടി ശബ്ദഘോഷം  ഇടയ്ക്കിടെ
ദിഗന്ത സ്തംഭന സ്തോഭ സംഗീതം

ഏഴുമണിക്ക് വീട്ടിലെ പെട്ടിയിൽ
എപ്പോഴും ഹോട്ട് സ്റ്റാറിലും

Sunday, October 30, 2016

ഒരു ദിവസം ..പഴയ സുഹൃത്തിന്റെ ഫോണ് CALL .
"TSH ആണോ PSA യാണോ നല്ലത് ".ഒന്ന് thyroid സംബന്ധമായ ടെസ്റ്റ് ആണെങ്കിൽ മറ്റേതു prostate രോഗം ,പ്രത്യേകിച്ച് prostate ഗ്രന്ഥിയുടെ അർബുദനിർണയത്തിന് സഹായിക്കുന്ന ടെസ്റ്റ് .ഇതിലേതാണ് നല്ലതെന്ന് ചോദിച്ചാൽ ..
ഒരെത്തും പിടിയും കിട്ടിയില്ല .
.പുള്ളി വിശദീകരിച്ചു .പുള്ളിയുടെ പാക്കേജ് അനുസരിച്ച് ഇതിൽ ഒന്ന് ചെയ്യാം .മറ്റനേകം ടെസ്റ്റുകൾ സ്വാസ്ത്യ സൌഖ്യങ്ങൾ ഉറപ്പാക്കാൻ ചെയ്തിട്ടുണ്ട് .

ഇങ്ങനെ അവയവം അവയവമായി   ദീർഘായുസ് ഉറപ്പു വരുത്തുന്ന രക്ത- സ്കാൻ പരിശോധനകളുടെ പൊരുൾ ആലോചിച് മലപ്പുറത്തെ ആശുപത്രിയിൽ ഇരിക്കുമ്പോൾ  ആണ്  ഒരുച്ച നേരം മധ്യവയസ്കൊനുമുഖനായ  യുവാവ് കയറി വരുന്നത് .
"അല്ല വെള്ളിയാഴ്ച ആയിട്ട് ജുമാക്കൊന്നും പോയില്ല ?"
അംജദ് ,അമ്ജിത് എന്നൊക്കെ പേര് വായിച്ചിട്ടുണ്ടാകുന്ന ചോദ്യമാണ് .
ഇനി ആ വഴിയിൽ ഒരു PULL കിട്ടിയാൽ ആര് വേണ്ടെന്നു പറയാൻ ! കാര്യത്തിലേക്ക് കടക്കാം..

"പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കാൻ സാധ്യത ഉണ്ടോ എന്നറിയാൻ എന്തെങ്കിലും ടെസ്റ്റുകൾ ഉണ്ടോ ?"

ഏതോ യുവനടന്റെ ഭാര്യ ലിഫ്റ്റിൽ കയറുമ്പോൾ കുഴഞ്ഞു വീണു മരിച്ചു എന്ന വാർത്ത കൂട്ടിരിപ്പിന്റെ ഇടവേളയിൽ പത്രത്തിൽ വായിച്ചു വന്നതാണ് .പെട്ടെന്ന് കുഴഞ്ഞു വീണു മരികുന്നതിനെ കുറിച്ചുള്ള ചോദ്യത്തിൽ പെട്ടെന്ന് ഞാൻ കുഴഞ്ഞു പോയി ..

കാര്യമായ ആരോഗ്യ പ്രശ്നം ഒന്നും ഇല്ലാത്തവർ പെട്ടെന്ന് മരിക്കുക എന്നത് ഉറ്റവർക്കും ഉടയവർക്കും ഉണ്ടാക്കുന്ന വേദന മനസ്സിലക്കാനാവുന്നതിലും ആഴമുള്ളതാണ് .

 ഹൃദയ സംബന്ധമായ രോഗങ്ങൾ ആണ് നിമിഷാർധതിന്റെ നോടീസിൽ ജീവൻ എടുക്കുന്നതിൽ മുൻപന്തിയിൽ .
ഹൃദയത്തിന്റെ ജനറെട്ടറിൽ ഉത്പാദിപികുന്ന വൈദ്യുത തരംഗങ്ങൾ ഹൃദയ താളമായി  മാറുന്നതിലെ താളപിഴകൾ, ഹൃദയത്തിന്റെ  WIRING ലുള്ള അപാകതകൾ.,ഹൃദയ പേശികൾക്ക് കട്ടി കൂടുന്ന ജന്മസിദ്ധമായ രോഗങ്ങൾ എന്നിങ്ങനെ,

 ഉദാഹരണത്തിന് ഇയ്യിടെ 26 വയസ്സുള്ള ഒരു യുവാവ് ജ്യൂസ് കുടിച്ചു അൽപ നേരത്തിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു .പോസ്റ്റ് മോർട്ടത്തിൽ ഹൃദയ ധമനികൾ 90% അടഞ്ഞു പോയതായാണ് കണ്ടത്  .(ജ്യൂസ് കടക്കെതിരെ പത്ര വാർത്തയൊക്കെ വന്നു )
ഇതിൽ പലതും പൊടുന്നനെ സംഭവിക്കുന്നതാണ് .ഇവയിൽ പലതിനും തളർന്നു വീഴൽ ,ശ്വാസം മുട്ട് , നെഞ്ചുവേദന പോലെ നാം പലപ്പോഴും അവഗണിച്ചേക്കാവുന്ന ലക്ഷണങ്ങൾ ആണ് ഉണ്ടാകുക .

അത് പോലൊരു മൃത്യു ഹേതുവാകാവുന്ന അവസ്ഥയാണ് മസ്തിഷ്കത്തിലെ രക്തസ്രാവം .ചെറുപ്പക്കാരിൽ പലപ്പോഴും രക്തകുഴലുകളുടെ ദൌർബല്യമോ ദുർഘടനയോ മൂലം അവ പൊട്ടുന്നതാണ് .
തലവേദന ,അപസ്മാരം പോലുള്ള ലക്ഷണങ്ങൾ ,ബോധം മറയൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാമെങ്കിലും പലപ്പൊഴും നിമിഷങ്ങൾ കൊണ്ടിത് മൂര്ചിക്കാം.

മിക്ക അവസരങ്ങളിലും ഹൃദയം ,മസ്തിഷ്കം ,ശ്വാസകോശം എന്നീ അവയവങ്ങളുടെ രോഗാവസ്ഥകൾ ആണ് ദ്രുത മരണത്തിനു കാരണം .

ചെറുപ്പക്കാരിൽ സാധാരണമല്ലെങ്കിലും അന്തരികാവയവങ്ങളിലെ  കാൻസെറുകൾ ,അണുബാധകൾ എന്നിവയാണ് മറ്റു കാരണങ്ങളിൽ ചിലത് . പെട്ടെന്നുള്ള ശ്വാസം മുട്ട് ,വിഷ പുക ശ്വസിക്കൽ എന്നിങ്ങനെയുള്ള കാരണങ്ങൾ വേറെ .

അപ്പോൾ നിങ്ങളെന്തു വർത്തമാനമാണ് ഭായ് പറയുന്നത്.?ഈ അവസ്ഥകളിൽ മരിച്ചു “വിധി”യുമായി സഹകരികണമെന്നാണോ ?

കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുക ,വൈദ്യ ശുശ്രൂഷ ലഭ്യമാകുക .പരിമിതികളില്ലാത്ത  ശേഷികളുള്ള ദിവ്യാൽഭുത പ്രവർത്തകർ അല്ല ചികിത്സകർ എന്ന് മനസിലാക്കുക .ജീവൻ നിലനിർത്താനുള്ള യത്നങ്ങൾ പരാജയപെട്ടാൽ മരണ കാരണം കണ്ടെത്താൻ നേരത്തെ ആകസ്മികമായി മരണമടഞ്ഞ  യുവാവിന്റെ  കാര്യത്തിൽ പറഞ്ഞ പോലെ പോസ്റ്റ് മോർടം പരിശോധന ഉൾപെടെ യുള്ള പഠനങ്ങളുമായി സഹകരിക്കുക.അസ്വാഭാവികവും ആകസ്മികവും ആയ മരണങ്ങളിൽ  ഓടോപ്സി ഉള്പെടെയുള്ള പഠനങ്ങൾ നടത്തുന്നത് ചില വേളകളിൽ അത്ര സാധാരണം അല്ലാത്ത അപൂർവ രോഗങ്ങളെക്കുറിച്ച് അറിവ് പകർന്നു സമൂഹത്തിനും ഉപകാര പ്രദമകാറുണ്ട്
(“ഇതിനു ചികിത്സാ പിഴവെന്നു നമ്മള് പറഞ്ഞാല് ആഗോളപണ്ഡിതര് ആയ ഡോക്ടര്മാര് സമ്മതിക്കില്ല,കാരണം അവര് ചെയ്യുന്ന പോസ്റ്റ്മാര്ട്ടത്തില് അവരുടെ പിഴവ് തെളിയുമെന്ന് വിചാരിക്കുന്ന നമ്മള് ആണല്ലോ പോഴന്മാര്." തീര്ത്തും നിലവാരമില്ലാത്ത ആയ വാചകത്തിലൂടെ ഒരു ലേഖകൻ യതാർത്ഥ മഞ്ഞ പത്രത്തിന്റെ ശക്തി കാണിച്ചത് ഇയ്യിടെയാണ്)

ശാസ്ത്രീയമായ രീതിയിൽ ചികിത്സാ പിഴവ് തെളിയിക്കാൻ  ആശുപത്രി തല്ലി പൊളിച്ചു രോഷം തീർകുന്ന സംസ്കാരം അല്ല യുക്തിപരമായ ചിന്തയാണ് വേണ്ടത് .അതേതു വികാര വിക്ഷൊഭതിന്റെ നിമിഷതിലാണെങ്കിലും!

Tuesday, September 20, 2016

ഡാ, നിനക്കീ ഫെയ്സ് ബുക്കിലൊക്കെ സാഹിത്യം ഇട്ടു സമയം കളയുന്ന നേരം കൊണ്ട് വല്ലതും എഴുതി പ്രസിദ്ധീകരിച്ചു കൂടെ ... "

 "മാഷേ, ഇതേൽ അപ്പപ്പം തോന്നുന്ന ചപ്പടാച്ചി ചൂടോടെ പെടച്ച് വെറുപ്പിക്കുക അല്ലാതെ വലുതെന്തേലും  പടയ്ക്കാൻ ഉള്ള കോപ്പ് ഒന്നും നമ്മുടെ കൈയ്യിൽ  ഇല്ല"

" എന്ത് കോപ്പ്, ഒരു ബേസിക് ത്രെഡ് അങ്ങ് വലുതാക്കണം. അതിനുള്ള data കളക്ട് ചെയ്യണം. മെനക്കെടേണ്ടി വരും... "

" ഈ മെനക്കെടുന്നത് പോലെ മെനക്കെട്ട ഒരു പണി വേറെ ഇല്ല. അതവിടെ നിക്കട്ടെ..data മാത്രം വെച്ച് കഥ ഉണ്ടാക്കാൻ പറ്റുമോ ..."

"നീ വലിയ ശാസ്ത്രവാദിയെന്നല്ലേ വെപ്പ്... അസ്ഥിയും മാംസവും രക്തവും സിഗ്നലും കുറെ  രാസവസ്തുക്കളുമല്ലാതെ അദൃശ്യമായ ഒരു സൃഷ്ടി രഹസ്യവും ചൈതന്യവിളയാട്ടവും ജീവന്റെ നിലനിൽപ്പിൽ ഇല്ലെന്ന് ഇന്നലെ ഒരണ്ണൻ പ്രസംഗിച്ചപ്പോൾ  വല്യ ആവേശത്തിലായിരുന്നല്ലോ? പിന്നെയാണ്  ഒരു കഥ ? data  അല്ലാതെ മറ്റെന്തു വേണം"

"സർഗശേഷി...."

"അങ്ങനെയും പറയാം .അധ്വാനവും സ്വയം ശിക്ഷണവും വഴി നേടാവുന്ന ഒരു കഴിവ്.... കുറച്ച് പാരമ്പര്യ ഘടകങ്ങൾ കണ്ടേക്കാം "

" അപ്പോൾ അനുഭവം ?"

"ലോകം മുഴുവൻ തെണ്ടി ,പണ്ടാരോ പറഞ്ഞ കണക്ക് ലോകത്തുള്ള സകല മദ്യവും കുടിച്ചു വറ്റിച്ചാൽ മാത്രം എഴുതാൻ പറ്റണ സാധനമാണ് ഇത് എന്നൊക്കെ അടിച്ച് വിടുന്നതല്ലേ ... "

വല്ലപ്പുഴ റെയിൽവെ സ്റ്റേഷനെത്തി കാണണം. പതിവ് പോലെ മുറുക്ക് വിൽക്കുന്ന കാക്ക കൊട്ടയുമായി കയറി. എടുക്കട്ടെ എന്ന ചോദ്യം ഇപ്പോൾ ഇല്ല.
മുറുക്ക് അൽപ്പം തണുത്തിരിക്കുന്നു. അങ്ങനെ വരാറില്ല . പരാതി പറയാൻ നോക്കിയപ്പോൾ .. ആളിറങ്ങി അടുത്ത കോച്ചിൽ കയറി കഴിഞ്ഞു. .
വണ്ടി നീങ്ങി. അടിക്കടി സ്‌റ്റോപ്പുണ്ടേലും വണ്ടിക്ക് നല്ല വേഗതയും സമയനിഷ്ഠയും

" എങ്കിൽ ഒരു ത്രെഡ് വെച്ച് നിനക്കൊന്നെഴുതി കൂടെ "

കാറ്റു പിടിച്ച് ,തിരിച്ചു  പുറകിലിരിക്കുന്നവന്റെ ദേഹത്തു വീഴുന്നതൊഴിവാക്കാൻ ലാക്കു കാത്ത് ട്രെയിൻ ജനലിലൂടെ മുറുക്ക് കവർ ഒഴിവാക്കി ഞാൻ ചോദിച്ചു.

" എഴുതണം. പേര് മനസിലുണ്ട്. ബജ്റംഗനും ജലകന്യകയും..."

അത് കൊള്ളാം .വായിക്കാൻ തോന്നുന്ന പേര് തന്നെ -
" എന്താണ് തീം "

" ഇതിവൃത്തം കണ്ടുപിടിക്കണം. .. ജലകന്യകയെ പറ്റി data കളക്ട് ചെയ്യണം .. പറ്റിയ ഒരു  പശ്ചാത്തലം സെറ്റ് ചെയ്യണം. ഒരു ചരിത്ര നോവൽ .. പറ്റിയ പുരാണങ്ങൾ റെഫർ ചെയ്യണം"

വട്ടായതാണോ എന്തോ. മുഖം വലിയ ഗൗരവത്തിലാണ്.

" പറ്റുമെങ്കിൽ ഇംഗ്ലീഷിൽ ചെയ്യണം.. ഒരു പാട് മലയാളികൾ ഇപ്പോൾ  ഇംഗ്ലീഷിൽ നോക്കുന്നുണ്ട്. നല്ല കാശ് കിട്ടും. നീ ഈ ഫെയ്സ് ബുക്കിൽ ചപ്പടാച്ചി ഇട്ട് വൈറൽ ആകുന്നതും കാത്തിരുന്നോ "

വൈറൽ ആയാലും ബാക്ടീരിയൽ ആയാലും  എനിക്കെന്ത് എന്നോർത്ത് ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ജനലിന്റെ അറ്റത്ത് ഫ്രെയിം മുറിയുന്നേടത്ത് മുറുക്കുകാരൻ കാക്ക കൊട്ട എതിർവശത്തെ പ്ലാറ്റ്ഫോമിൽ വെച്ച് പടഞ്ഞു കയറുന്നു.സൂക്ഷിച്ചു നോക്കി.  ഒരു പത്തറുപത് വയസ് കാണും. അങ്ങോട്ടുള്ള പാസഞ്ചറിൽ കയറി കഴിഞ്ഞ സ്റ്റോപ്പിൽ തിരിച്ച് ... ഇങ്ങനെ ഒരു ദിവസം  എത്ര ട്രിപ്പുകൾ ?

ഈ കാക്കയുടെ കഥ ഡാറ്റ മാത്രം വെച്ചെഴുതാൻ പറ്റുമോ.

ചോദിക്കണമെന്ന് വെച്ചതാണ്. സുഹൃത്ത് അപ്പോഴേക്കും ലാപ്പ്ടോപ്പ് തുറന്ന്  തിരക്കിലായി കഴിഞ്ഞിരിന്നു.

Tuesday, August 23, 2016

ഡോക്ടറെ കണ്ടു മടങ്ങുന്ന വഴി യുവാവ്  മരിച്ചു .
കുറെ നാൾ മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയാണ് ..ഒറ്റ വായനയിൽ തലകെട്ടിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്  എന്താണ് ? ഡോക്ടറുടെ കയ്യിൽ നിന്ന് എന്തോ ചികിത്സാ പിഴവു സംഭവിച്ചത് ഒരു യുവാവിന്റെ ജീവനെടുത്തു എന്നല്ലേ .. എന്നാൽ യുവാവ്‌ കാല് തെന്നി  തല പാറയിൽ ഇടിച്ചു മരിച്ചതാണ് എന്നാണു താഴോട്ടു വായിച്ചാൽ  മനസ്സിലാക്കാൻ കഴിയുക .
പെട്ടെന്ന് ആൾകാരെ ആകർഷിക്കുന്ന ഒരു തലകെട്ട് ഒരുക്കാൻ ഉള്ള വെമ്പലിൽ ഉണ്ടാകുന്ന SENSATIONALISATION / സ്കൂപ്പ് ജേർണ്ണലിസം എന്നൊക്കെ വിളിക്കുന്ന മാധ്യമരീതികൾ ആരോഗ്യചികിത്സാ മേഖലയിൽ ഉണ്ടാക്കുന്ന ആഘാതം ഇത്തരം താരതമ്യേനെ നിസ്സാര വാർത്താ ശകലങ്ങളിൽ ഒതുങ്ങുനില്ല .
ആരോഗ്യ മേഖലയിലെ റിപോർടിങ്ങിനായി  ലോക ആരോഗ്യ  സംഘടനയും  EHCN(European Health Communication Network)യും  ആരോഗ്യമേഖലയിലെ വാർത്തകൾ കൈ കാര്യം ചെയ്യുന്ന എല്ലാ പ്രൊഫെഷനുലകൾക്കും  (ഡോക്ടർമാർ ,ആരോഗ്യ പ്രവർത്തകർ ,മാധ്യമ പ്രവർത്തകർ എന്നിങ്ങനെ എല്ലാവ ർക്കും ) മാർഗദർശനം നല്കുന്ന ലളിതമായ ചില നിർദേശങ്ങൾ ഇവിടെ പ്രസക്തമാണ് .അവയുടെ ഏകദേശ തർജജമ ഇപ്രകാരമാണ്
1. .സമൂഹത്തിന്റെ വിശാല താല്പര്യത്തിനും മാനുഷികമായ മൂല്യങ്ങള്കും അവകാശങ്ങള്കും ദ്രോഹകരമായത് ഒഴിവാക്കുക .(വൈദ്യ രംഗത്ത് പലപ്പോഴും പറയുന്ന first do no harm തന്നെ)
2. ആരോഗ്യ വാർത്തകളിൽ എത്ര വേഗം വാർത്ത‍ കൊടുക്കുന്നു എന്നതിനേക്കാൾ എത്ര കൃത്യമായ വാർത്ത‍യാണ് കൊടുക്കുന്നത് , എന്നതിന് പ്രാധാന്യം നല്കുക . എന്താണ് നിങ്ങളുടെ വാർത്താ ഉറവിടം ?അത് വിശ്വസനീയമാണോ എന്ന്ഉറപ്പുണ്ടോ?.പ്രഥമ പ്രാധാന്യവും പരമ പ്രാധാന്യവും സമയപരിധിയുടെ DEADLINE എന്നതിനേക്കാൾ ആധികാരികതക്കാകട്ടെ
  3. വ്യർഥമായ പ്രതീക്ഷ വളർത്തുന്ന അത്ഭുത രോഗശാന്തി കഥകൾ , ഭീതി പരത്തുന്ന സംഭ്രമജനകമായ, ആസന്നമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ സ്ഫോടനാത്മകമായ അവതരണം എന്നിവയൊക്കെ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക
4.നിക്ഷിപ്ത താല്പര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുക  ,ഈ ന്യൂസ്‌ സ്റ്റോറിക്ക് ഗുണഭോക്താവായി ആരെങ്കിലും ഉണ്ടോ എന്ന് സ്വയം ചോദിക്കുക
5.പ്രേരണയാലും പ്രലോഭനത്താലും ഉള്ള വാർത്തകൾ  ഒഴിവാക്കുക .
6.വാർത്തയുടെ ഉറവിടം വെളിപെടുത്തില്ല എന്ന വിശ്വാസത്തിലാണ് വാർത്ത‍ പങ്കു വക്കപെട്ടിരിക്കുന്നതെങ്കിൽ ആ വിശ്വാസം കാത്തു സൂക്ഷിക്കുക
7.രോഗി കുടുംബവും സമൂഹ ജീവിതവും ഉള്ള മനുഷ്യനാണു ;രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കുക ,
8.വായനയുടെയും rateങ് ന്റെയും നൈമിഷികമായ സ്വീകാര്യതക്ക് അപ്പുറം സ്റ്റോറിയുടെ അനന്തര ഫലങ്ങൾ എന്തെല്ലാം എന്ന തിരിച്ചറിവുണ്ടാകുക.പുതിയ വാർത്തകൾ സമയവും സ്പെയ്സും അപഹരിച്ചു മുന്നേറുമ്പോഴും വിസ്മൃതമായ വാർത്തയിലെ മനുഷ്യർക്ക്‌ ,രോഗികള്ക്ക് ,പ്രത്യേകിച്ച് കുട്ടികള്ക്ക് ജീവിതം ഏറെ ബാക്കിയുണ്ട് എന്നോർക്കുക
9.ദുരിതങ്ങൾ ,ഉറ്റവരുടെയും ഉടയവരുടെയും വിയോഗം എന്നിവയൊക്കെ കൈകാര്യം ചെയ്യുമ്പോൾ മിതത്വം പാലിക്കുക .സ്വകാര്യ നഷ്ടങ്ങളിലേക്ക്‌ ക്യാമറയുടെ ക്ലോസപ്പ് ദൃശ്യങ്ങളുമായി അരോചകമായ  കടന്നു കയറ്റം നടത്തുന്നത്  ഒഴിവാക്കുക .ദുരന്തഭൂമികളിൽ ഇത് പ്രത്യേകിച്ചും പ്രാധാന്യം അർഹിക്കുന്നു
  10 .സംശയം ബാക്കിയെങ്കിൽ ഉപേക്ഷിക്കുക  .
കഥയിൽ ചോദ്യം പാടുണ്ട്!.കൈകാര്യം ചെയ്യുന്നത് കഥയല്ല. ആ ചോദ്യങ്ങളിൽ അവസാന ഘട്ടത്തിലും സ്വയം സംശയങ്ങൾ ബാക്കി ആകുന്നെന്കിൽ സംശയം വേണ്ട,ഉപേക്ഷിക്കുക.

പല വാർത്തകളുടെയും ഉറവിടങ്ങൾ ആധികാരികം അല്ല എന്നത് ആശങ്ക ഉണർത്തുന്നതാണ് ,ഒറ്റ സ്രോതസ്സ് (SINGLE SOURCE ) സ്റ്റോറികൾ ആധികാരികവും പ്രാമാണികവും ആയ വ്യക്തികളിൽ നിന്നോ കേന്ദ്രങ്ങളിൽ നിന്നോ സ്ഥിരീകരിക്കുക എന്നത് ആരോഗ്യവിഷയത്തിൽ പരമപ്രധാനമാണ് .കച്ചവട താല്പര്യങ്ങളും നിക്ഷിപ്ത താല്പര്യങ്ങളും പലപ്പോഴും കേട്ടുകേൾവികളും പോലും വാർത്തകൾക്കു നിദാനമാകുന്നു . ആധികാരികമെന്ന മട്ടിൽ ആരോഗ്യവിദഗ്ദ്ധർക്ക് മുൻപിൽ എത്തുന്ന പഠനങ്ങൾ പോലും പലപ്പോഴും കച്ചവട ,നിക്ഷിപ്ത  താല്പര്യങ്ങളുടെ ഉല്പന്നമാകുന്ന അവസ്ഥയിൽ പത്രപ്രവർത്തകർക്ക് ഇതൊരു അനായാസ ജോലി  അല്ല …വിരൽതുമ്പിൽ വിവരം ലഭിക്കുന്ന internet യുഗത്തിൽ പോലും .
സമയമെടുക്കുക .ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ നടത്തുക .വാക്ക്  പരക്കുന്ന്,മഷി പുരണ്ടു ജനങ്ങളിൽ എത്തുന്നതിനു മുൻപ്.. .
ഒരു സമൂഹം ഇന്നും കുറെയെങ്കിലും വാർത്താസൃഷ്ടികൾ വിശ്വസിക്കുന്നുണ്ട് .അവർക്ക് യഥാതഥമായ വസ്തുതകൾ പറഞ്ഞു കൊടുക്കുക എന്ന പത്രധർമം സമൂഹത്തിന്റെ ആരോഗ്യ വിഷയത്തിൽ മുറുകെ പിടിക്കേണ്ടതുണ്ട്

വയറിളക്കത്തിന് ORS കൊടുക്കരുതെന്ന് ഡോക്ടര്മോരോട് നിർദേശിച്ചതായുള്ള വാർത്ത‍ നോക്കൂ

എണ്ണം പറഞ്ഞ ദേശീയ പത്രങ്ങളിൽ ഒന്നിൽ വന്ന വാർത്തയാണിത് .തീർത്തും തെറ്റിധാരണ പരത്തുന്ന തലകെട്ട് .വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കം . ..വയറിളക്കം ,അതിസാരം മുതലായ അവസ്ഥകളിൽ നിര്ജ്ജലീകരണം പ്രത്യേകിച്ചു  കുട്ടികളിൽ വളരെ പെട്ടെന്ന് ഗുരുതരമാവുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്യും .അടിയന്തര അവസ്ഥകളിൽ ജീവൻ രക്ഷിക്കുവാൻ വീട്ടിൽ പോലും ഈ മിശ്രിതം തയ്യാറാക്കാം .ORS പോലുള്ള അടിസ്ഥാന  ജീവൻരക്ഷാ ഉപാധികൾ ഒരു ഡോക്ടറുടെ ചികിത്സ ലഭ്യം അല്ലാത്ത അവസ്ഥയിൽ പോലും ജനങ്ങൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനും ജീവൻ രക്ഷിക്കുവാനും ഉള്ള ശ്രമങ്ങൾക് തുരങ്കം വയ്ക്കുന്ന വാർത്ത‍ കൊടുക്കും മുൻപ് വസ്തുതകൾ വിലയിത്താനുള്ള ശ്രമങ്ങൾ  നടത്താമായിരുന്നു .വയറിളക്കം ബാധിച്ച  കുറെ കുട്ടികള്ക്ക് പിന്നീട് GUILLAEN BARRE SYNDROME (GBS)എന്ന ഞരമ്പുകളെ ബാധിക്കുന്ന തളർച്ച രോഗം ഉണ്ടായി ., ഒരു മെഡിക്കൽ ടീം അവിടെ പരിശോദനകെത്തി .ഈ കുട്ടികൾക്ക് ORS കൊടുത്തത് മൂലം ആണ് GBS വന്നതെന്ന് എന്നോ വയറിളക്കം വരുന്നവർക്ക് ORS കൊടുക്കരുത് എന്നോ ഒരു ഡോക്ടറും പറയാൻ ഇടയില്ല .കുട്ടികള്ക്ക് അതിസാരരോഗം വരുമ്പോൾ ORS മാത്രം നല്കുക എന്ന രീതി ഈ പശ്ചാത്തലത്തിൽ മതിയായെക്കില്ല  എന്ന രീതിയിൽ പറഞ്ഞത് വളച്ചൊടി ചതകാം  .
സർക്കാരും സംഘടനകളും ആരോഗ്യപ്രവര്ത്തകരും ORS കൊടുക്കുന്നത് താഴെതട്ടിലേക്ക് എത്തിക്കാൻ വൻ പ്രചരണം നല്കുകയും അതിന്റെയെല്ലാം ഫലമായി അതിസാരമരണങ്ങളിൽ കുറവ് വരുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇത്തരം ഒരു വാർത്ത‍ എന്ത് മാത്രം ആശയ കുഴപ്പം സൃഷ്ടിക്കും. അതിലേക്ക് കടക്കാം

കല ,സംസ്കാരികം എന്നിവയൊക്കെ കൈകാര്യം ചെയ്യാൻ  അതതു വിഷയങ്ങളിൽ അറിവും , അഭിരുചിയും ഉള്ള റിപ്പോർട്ടർമാരുണ്ടെങ്കിൽ ആരോഗ്യരംഗത്തെ സ്ഥിതി അതല്ല .

 ആരോഗ്യഗോസ്സിപുകൾ , സമൂഹത്തിൽ  ഭയം വിതകുന്ന SCARE STORIES എന്നിവ ഈ രീതിയിൽ എടുത്തു പൂശുന്ന പ്രവണത വിശേഷിച്ചു മലയാളം മാധ്യമങ്ങളിൽ  കൂടിവരുന്നു. വസ്തുതകൾ വളച്ചൊടിച്ചും ഭാവനകലർത്തിയും വിവാദം ലക്ഷ്യമിട്ടും ഇത്തരം ലേഖനങ്ങൾ പരത്തുന്ന ശാസ്ത്രവിരുദ്ധതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
 ആരോഗ്യരംഗത്തിനു മാത്രമായി SPECIALIST റിപ്പോർട്ടർ മാർ പ്രായോഗികമല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങൾ കൈ കാര്യം ചെയ്യാൻ നിയോഗിക്കപെടുന്നവർക്ക്  മറ്റു പല രാജ്യങ്ങളിലും ഉള്ളത് പോലെ   മാർഗരേഖകൾ പിന്തുടരാം .അവർക്ക് അഭിപ്രായം ആരായാൻ വിഷയത്തിൽ പ്രാവീണ്യം ഉള്ളവരുടെ  (EXPERT CONTACTS )സഹായം തേടാം.ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ ഇത് അതീവ ഗൌരവത്തോടെയാണ് കാണുന്നത് .ശാസ്ത്രവിഷയങ്ങളിലെ വാർത്തകൾ ക്ക്  ആരോഗ്യവിദഗ്ദർ ,ശാസ്ത്രജ്ഞൻമാർ,മാധ്യമവിദഗ്ധർ എന്നിവർ ചേർന്ന് രൂപീകരിച്ച മാർഗനിർദേശങ്ങൾ നിലവിലുണ്ട് .പൂർണമായ മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമ്പോൾ തന്നെ ഊഹാപോഹം ,അനുമാനം ,കെട്ടുകഥകൾ എന്നിങ്ങനെ മാർഗരേഖകൾ ലംഘികുന്ന  റിപ്പോർട്ടുകൾ പ്രസ്‌  COMPLAINTS കമ്മീഷനു കൈ മാറാൻ  വ്യവസ്ഥയുണ്ട് .

ശാസ്ത്രത്തിന്റെ രീതിയും ഭാഷയും നിർമമവും പലപ്പോഴും ആവേശ രഹിതവും ആണ് .ചാല കമ്പോളത്തിൽ ഇന്ന് വാഴക്കുല കിത്ര വില എന്ന മട്ടിൽ നിർവികാരതയോടെ വാർത്ത‍ കൊടുത്താൽ ആരും തിരിഞ്ഞു നോക്കില്ല എന്നത് സത്യം ,എന്നാൽ "വാക്സിൻ നടത്തിയ കൂട്ടക്കൊല " ,"മരുന്ന് മാറി കുത്തി വച്ച് കൊന്നു " എന്നൊക്കെ അന്തിപത്രം വിൽക്കാൻ ബസ്സിലും മറ്റും വിളിച്ചു പറയുന്ന തരം തലകെട്ടുകൾ ആരോഗ്യരംഗത്ത് ഒഴിവാക്കാവുന്നതല്ലേ ? ഒരു മാധ്യമസ്ഥാപനത്തിലെ അധികാരക്രമത്തെ കുറിച്ച് (HIERARCHY )ഇതെഴുതുന്ന ആൾക് വലിയ അറിവില്ലെങ്കിലും എഡിറ്റർ ,സബ് എഡിറ്റർതലത്തിൽ തലകെട്ടുകളെ കുറിച്ച് ശാസനങ്ങൾ കൊടുക്കാവുന്നവർക്ക് ഇത് നിഷ്കർഷിക്കാവുന്നതാണ് എന്നാണ് തോന്നുന്നത്

വ്യാപകമാവുന്ന ആന്റിബയോടിക്  പ്രതിശക്തി(antibiotic resistance )പോലുള്ള കാലികപ്രസക്തിയുള്ള  വിഷയങ്ങൾ എത്ര ശാസ്ത്രീയവും വിജ്ഞാന പ്രദവും ആയ രീതിയിൽ ആണ് ദി ഹിന്ദു പത്രം കൈകാര്യം ചെയ്തത് എന്നത് മാതൃകയക്കേണ്ടത് തന്നെയാണ്.
നാളിതു വരെ പൊതു ജനാരോഗ്യ രംഗത്ത് നമ്മൾ നേടിയ വിശിഷ്ടമായ നേട്ടങ്ങളും മുന്നേറ്റങ്ങളും തടയാനുള്ള തീവ്ര ശ്രമം എന്ന  മട്ടിലാണ് പല ദൃശ്യപത്ര മാധ്യമങ്ങളും ഇപ്പോൾ പല വാർത്തകൾക്കും പ്രാധാന്യം നല്കുന്നത് . ശാസ്ത്രസമൂഹം സമഗ്രമായ വിലയിരുത്തലിനു  ശേഷം തള്ളികളഞ്ഞ പഠനങ്ങൾ ,അർദ്ധസത്യങ്ങൾ,ഭാവന  ഇവയെല്ലാം ചേർത്ത് വാർത്തെടുത്ത കെട്ടുകഥകൾ വസ്തുതയെന്ന വേഷം കെട്ടിച്ചു തുറന്നു വിടുന്നത്തിന്റെ ദുരന്തങ്ങൾ നാം കണ്ടു തുടങ്ങി .

ഇത് പോലൊരു മേഖലയാണ്‌ ആശുപത്രി മരണങ്ങൾ  വൈര നിര്യാതന ബുദ്ധിയോടെന്നോണം പലപ്പോഴും ഒരടിസ്ഥാനവും ഇല്ലാതെ ചികിൽസപിഴവു ആരോപിച്ചു വേട്ടയാടുന്ന മാധ്യമ കോടതി രീതി ഇവിടെ സ്ഥലപരിമിതി മൂലം കൂടുതൽ പരാമർശികുനില്ല .വസ്തുതകൾ പഠിക്കുകയും കണക്കുകൾ പരിശോധിക്കുകയും മുൻ വർഷങ്ങളുമായ് തട്ടിച്ചു നോക്കുകയും ചെയ്‌താൽ ഇത്തരം വാർത്തകൾ മിക്ക  അവസരത്തിലും വ്യാജമോ ഊതി പെരുപ്പിച്ചതോ ആണ് എന്ന് വ്യക്തം ആകും

ഒരു വശത്ത് പ്രതിരോധകുത്തിവെപ്പിനെതിരെ കവലപ്രസംഗങ്ങൾ നടത്തുന്ന ഫ്രോഡുകൾ , കപട ശാസ്ത്രം കയ്യാളുന്നവർ, മനുഷ്യ ജീവൻ വച്ച് കച്ചവടം നടത്തുന്ന തട്ടിപ്പുകാർ  എന്നിവയ്ക്ക് നേരെ കുറ്റകരം ആയ മൗനം പാലിക്കപെടുകയോ  മൃദുവായ പ്രോത്സഹ നം നല്കപെടുകയോ ചെയ്യുന്ന കാഴ്ചയാണ് .ഓരോ സമൂഹവും അവരർഹിക്കുന്ന ഫ്രോഡ്കളാൽ പറ്റിക്കപെടും,നമുക്കെന്ത് എന്ന നിലപാട് ആണ് ഇക്കാര്യത്തിൽ മാധ്യമങ്ങൾ വച്ച് പുലർത്തുന്നത് എന്ന് തോന്നുന്നു

 ചായക്കട ചർച്ചക്ക് ഉതകുന്ന രീതിയിൽ ചൂട് കടി പോലെ ആരോഗ്യവാർത്തകൾ കൊടുക്കുന്ന രീതി "വിവേകത്തിന്റെ ഒരേ ഈണം " നിലനിർത്തി വസ്തുതകൾ അവതരിപികുന്ന രീതിയിലേക്ക് മാറണമെങ്കിൽ മാധ്യമ സുഹൃത്തുക്കൾ തീരുമാനിക്കണം

.ജനങ്ങളുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ആരോഗ്യപ്രവർത്തകരും എതിർ കക്ഷികൾ അല്ല ഒരു പോലെ തല്പര കക്ഷികൾ ആണ് .

Friday, August 5, 2016

മമ്മൂട്ടി



സ്വർണ്ണക്കട ഘോഷമായ്  തുറക്കാൻ
മമ്മൂട്ടി വരുമെന്നാരോ പറഞ്ഞു
കേട്ടു തീർന്നതില്ലതിന്നു മുമ്പ്
 മമ്മൂട്ടിയെ കാണണമെന്ന്
മകൾ ചിണുങ്ങി


വർണ ബലൂണുകൾ
മാനത്തുയർന്ന് നിറമേകി നിന്നു
ചെണ്ട ,പെരുമ്പറ
ശിങ്കാരിമേളമായ്
കാത്തിരിപ്പോളമായങ്ങു നീണ്ടു
വേലി തകർത്താളു തിങ്ങി നിന്നു


വലിയ ബലൂണൊരു കൂട്ടമായി
കുഞ്ഞു വിരലിൽ ഞാൻ ചരടു കെട്ടി
 കത്തുന്ന വെയിലത്ത് പൂത്ത് നിൽക്കും
ചുവന്ന പ്രകാശ പുഷ്പം കണക്ക്
ചെറുപ്പം ചുമന്ന്   മമ്മൂട്ടിയെത്തി

കൈവീശി രണ്ടു വാക്കുവോതുവാനായ്
പടിയേറി മുന്നോട്ടു പാഞ്ഞു കേറി
മോളേ, നോക്കതാമമ്മൂട്ടിയെന്നു
 ചുമലൊന്നു തോണ്ടി പറഞ്ഞു നോക്കി
അവളാ ബലൂണിൽ മിഴി നട്ടു നിന്നു
 ചാത്തനും വ്യാളിയും മറുതയും ഭീമനും
 വായുവിൽ  ചിരിയുമായി  തിങ്ങിനിന്നു 
മാറ്റി പിടിയെടാ  കാണുവാൻ വയ്യെന്ന്
പുറകിൽ നിന്നാരോ ആർത്തലച്ചു

കൈ വീശി വേദിയിൽ മുദ്ര കാട്ടി
ജനമതു കണ്ടങ്ങാർത്തിരമ്പി
എടുത്തു മാറ്റെടാ എന്നാരോ
ശ്രേഷ്ഠമകാരത്തിൽ കോർത്തു ചൊല്ലി

വിലരൊന്നടർത്തി ഞാൻ ചരട് വിട്ടു
 പട്ടം കണക്കതുയർന്ന് പൊങ്ങി
കണ്ണതിലൊട്ടി മോൾ വിങ്ങി നിന്നു
ഒരു തേങ്ങൽ മെല്ലെ ഉയരാതെ പൊങ്ങി
വിരൽ കോർത്തു ഞങ്ങൾ നടന്നു നീങ്ങി
മെല്ലെ തിരിഞ്ഞു ഞാൻ ഒന്നു കൂടെ
വിരൽ കുത്തി നൃത്ത ചുവടുമായ്
മമ്മൂട്ടി വിസ്മയം തീർത്തിടുന്നു



Tuesday, July 19, 2016


Half of us are blind, few of us feel, and we are all deaf








പ്രശസ്തമായ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ നിന്ന് തിരിച്ചെത്തിയ സുഹൃദ് ദമ്പതികളോട് ചികിൽസയെന്തായി എന്ന് ചോദിച്ചു .

"ഞങ്ങളോട് മൂന്നാല് ചോദ്യം ചോദിച്ചു. പിന്നെ അഞ്ചെട്ടു ടെസ്റ്റ് എഴുതി. പിന്നെ ഇന്ന ഇന്ന ഓപ്ഷൻസ് ഉണ്ട് അതിനിത്ര ഇത്ര ലക്ഷം ആകും എന്നു പറഞ്ഞു. ഇത്ര കാശ് ആദ്യമേ കെട്ടിവെക്കേണ്ടി വരുമെന്ന് പറഞ്ഞു. ഇനി അങ്ങോട്ടു പോകാനേ തോന്നുന്നില്ല."

 "നല്ല വിജയശതമാനമുള്ള centre ആണ്. ചിലവേറിയ ചികിത്സയാണ്. താങ്ങാനാവുമോ എന്ന് ആദ്യമേ അറിയാനാവും നേരെ ചോദിച്ചത്. "
" എന്തായാലും ചെന്ന ഉടനെ കെട്ടിവെക്കാനുള്ള കാശിന്റെ കണക്ക് പറയുന്ന സ്ഥലത്തിന് ആശുപത്രി ന്നല്ല പറയുക."
. കാശിന്റെ കണക്ക് കൃത്യമായി ആദ്യമേ പറയാത്തതാണ് മിക്ക ആശുപത്രി വഴക്കിനും അടിസ്ഥാനം  എന്നത് വാസ്തവം തന്നെ .അവസാനം പ്രതീക്ഷിച്ചതിലും ചിലവ് വന്നാൽ പണത്തിനായ് മരണപ്പാച്ചിലും . എങ്കിലും വളരെ പ്രതീക്ഷയോടെ എത്തിയ അവരോട്  മറ്റൊന്നും പ്രശസ്ത ഡോക്ടർക് പറയാനില്ല എന്ന് വരുമ്പോൾ അവരെ കുറ്റം പറയാൻ കഴിയുമോ?

* * * *
"സാറേ, ഈ രോഗം മാറുമോ...."
"ആ ഫയൽ ഒക്കെ ഇങ്ങു തന്നേ... "
രോഗി പ്രതീക്ഷയോടെ ഡോക്ടർക്കു ഫയലുകൾ കൊടുക്കുന്നു. ഡോക്ടർ ഏങ്കോണിച്ച ഒരു ചിരി ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ ഒരു ജോൽസ്യനുണ്ട്. അയാളെ കണ്ടാൽ മതി. ഇതിന്റൊന്നും ആവശ്യമില്ല. " ഫയൽ ഡ്രോയിൽ ഇടാൻ ഒരുങ്ങുന്നു
ഇതേ ജനുസ്സിലെ മറ്റൊരു സാമ്പിൾ
"സാറേ, കാലിൽ കമ്പിയിടാതെ വഴിയില്ല അല്ലെ ."
" നിങ്ങൾക്കെന്താ ജോലി .. "
" കൃഷിയാണ്..."
"നാളെ മുതൽ ചെടിക്ക് വെള്ളവും വളവും ഒന്നും വേണ്ട. മൂട്ടിൽ പെട്രോളും മണ്ണെണ്ണയും ഒഴിക്കാൻ പറഞ്ഞാൽ നിങ്ങൾ കേൾക്കുമോ .. നിങ്ങൾക്കറിയാവുന്ന പണി നിങ്ങൾ ചെയ്യുക .എനിക്കറിയുന്ന പണി ഞാൻ ചെയ്യും - "

സമയക്കുറവ്, തിരക്ക് ഇത്യാദി മൂലമുള്ള അക്ഷമ,കൂടുതൽ അനാവശ്യ ചർച്ച ഒഴിവാക്കൽ  തുടങ്ങിയ ന്യായങ്ങൾ ആണ് ഈ മട്ടിലുള്ള ഗർവ്വിഷ്ടതയ്ക്ക് ന്യായമായി പറയുന്നത്. വേറെ ഏതെങ്കിലും രാജ്യത്തിൽ ഈ രീതിയിൽ സംസാരിച്ച് ജോലിയിൽ തുടരാൻ കഴിയുമോ എന്നറിയില്ല. ഡോക്ടർ ജോലി ചെയ്യുന്ന ക്ഷേത്രം (യാതൊരു ആത്മീയതയും ഉദ്ദേശിച്ചിട്ടില്ല!) രോഗിയുടെ ശരീരമായിരിക്കുന്നടത്തോളം കാലം, ഡോക്ടർമാർക്ക് ,പ്രത്യേകിച്ച് സർജന്മാർക്ക് ഇത്തരം ചോദ്യങ്ങൾക്കുത്തരം പറയേണ്ടി വരും. അതിന് തിരക്കൊന്നും ഒരു ന്യായമല്ല തന്നെ

* * *
പറഞ്ഞു കേട്ട കഥയുണ്ട്
ഒരു കൗണ്ടറിൽ ഒരാൾ ക്യൂ നിൽക്കുന്നു. ഒടുവിൽ അവസരമെത്തുന്നു..,

താങ്കളുടെ പേര്. ..?

ദിവാകരൻ,

കൗണ്ടറിൽ ഇരിക്കുന്ന ആൾ എഴുത്തു തുടങ്ങുന്നു. അയാളുടെ തൊളെല്ലിനു മുകളിൽ ആകെ അനങ്ങുന്നത് പുരികമാണ്. അബദ്ധത്തിൽ പോലും തല പൊക്കി നോക്കില്ല എന്ന് വാശി !

വയസ്സ് ?
അമ്പത്തേഴ്
പുരുഷനോ സ്ത്രീയോ? ..

ഇമ്മട്ടിലുള്ള യാന്ത്രികത ചിലവരുടെ മുഖമുദ്രയാണ്.

" കണ്ണ് സദാ താഴോട്ടാണ്. ടെസ്റ്റ് എഴുതും. മുമ്പ് എഴുതിയ ടെസ്‌റ്റിന്റെയൊക്കെ റിസൾട്ട് നോക്കും. മരുന്ന് എഴുതും. കുറച്ച് നേരം കമ്പ്യൂട്ടറിൽ നോക്കും. ഇനി എന്ന് വരണം ന്ന് പറയും. പിന്നെ കാശിന് വല്യ ആർത്തിയില്ലന്ന് തോന്നുന്നു. ഫീസ് കൊടുക്കുമ്പോഴും തല പൊക്കി നോക്കില്ല!"

" പുറത്ത് പുള്ളിക്ക് ഒരു മുപ്പത് പേരെങ്കിലും ക്യൂവുണ്ട് .അവരുടെ കഥ മുഴുവൻ കേൾക്കാൻ നിന്നാൽ എന്താവും അവസ്ഥ? പിന്നെ ഈ കമ്പ്യൂട്ടറിൽ നോക്കുന്നത് ഫെയ്സ് ബുക്ക് ഒന്നും അല്ല. നിങ്ങൾ ആദ്യം കാണിക്കാൻ വന്നപ്പോൾ മുതലുള്ള history ആകും"

" എന്നാലും ഒരു മനുഷ്യ പറ്റു വേണ്ടേടാ. ഒരു രോഗം പറയാൻ ചെന്നാൽ നന്നായി ഒന്നു സംസാരിച്ചൂടെ "

പ്രായം ചെന്ന ബന്ധുക്കളാണ്.ഇളയ മോൻ ഗൾഫിൽ പോയ വിശേഷവും പിള്ളേരുടെ കല്യാണക്കാര്യവും അടക്കം ചോദിക്കുന്ന നാട്ടിലെ സ്ഥിരം ഡോക്ടറുടെ രീതികൾ തന്നെ അവർക്ക് പ്രായം.

Half of us are blind, few of us feel, and we are all deaf.”
എന്ന് വില്യം ഓസ്ലർ പറഞ്ഞത് ഏതർത്ഥത്തിലാണെന്നറിയില്ല.
ചില ഡോക്ടർമാരെക്കുറിച്ചെങ്കിലും ശരിയാണെന്നു തോന്നും. ഞാൻ ഇന്ന് ഒരു ക്ലിനിക്കൽ വിഭാഗത്തിലും നേരിട്ട് ചികിത്സ നടത്തുന്ന ആളല്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒരാശുപത്രിയിലെ അനിയന്ത്രിതമായ  തിരക്കിന്റെ കാഠിന്യത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു ട്രാൻസാക്ഷനാണിത് (അല്ലെങ്കിൽ അതിന്റെ അഭാവം ) ആണിത് എന്ന്  പറയുന്നു. പല വൻകിട ആശുപത്രികളും രോഗികളോട് സംസാരിച്ച് ഡോക്ടറുടെ സമയം നഷ്ടപ്പെടുന്നത് പരിമിതപ്പെടുത്താൻ ഡോക്ടറുടെ ചേമ്പറിൽ സൈക്കോളജിയിലും സോഷ്യൽ വർക്കിലും വൈദഗ്ദ്യം നേടിയവരെ ഇരുത്തുക എന്ന പോം വഴി തേടുന്നു!
ഡോക്ടർമാരുടെ കമ്മ്യൂണിക്കേഷൻ സ്കില്ലുകൾക്ക് പ്രാമുഖ്യം കൂട്ടുവാൻ  കരിക്കുലത്തിലും പരീക്ഷയിലും മാറ്റങ്ങൾ വരുത്താം. വിദേശ രാജ്യങ്ങളിലെ  പരീക്ഷകളിൽ ഇതിന് നല്ല പ്രാധാന്യം നൽകുന്നുണ്ട്.

ഒരു കഥ കൂടി പങ്കു വെച്ചവസാനിപ്പിക്കാം. ബാക്കിയൊന്നിനും കഥ എന്ന ലേബൽ ഇല്ലാത്തത് അവയെല്ലാം ഇതെഴുന്നവൻ കണ്ടതോ കേട്ടതോ നേരിട്ടറിഞ്ഞതോ ആയതിനാലാണ്.  ചെവി മറഞ്ഞു മറഞ്ഞെത്തിയ ഈ കഥ വെറും കഥയാവാനാണ് സാധ്യത.. എങ്കിലും!
കാലിലെ വിരലിൽ മിക്‌സി വീണ് ഒരു രോഗി എത്തുന്നു.
" ഈ മിക്സീന്നു പറയുമ്പോൾ .. ഏകദേശം എത്ര വലുപ്പം വരും? "
"ഒരു സാധാരണ  മിക്സി .. അല്ലാതെന്തു
"പുതിയതാ."
"കുറച്ചായി... "
" മിക്സി പൊട്ടിയോ.. "
" ന്റെ ഡോക്ടറേ ,മിക്സി ഞാൻ വേറെ നന്നാക്കാൻ കൊടുത്തു. ങ്ങൾ ന്റെ വിരൽ ഒന്ന് നോക്കീ--- "

Monday, July 4, 2016

 തൈറോയ്ഡ്  എന്തിനാണ് കഴുത്തിൽ തന്നെ വെച്ചിരിക്കുന്നത്?

ഞാൻ ആയിട്ട് അങ്ങനെ ചെയ്തതല്ല . എങ്കിലും ഷണ്മുഖൻ പ്രൊഫസർ വെറുതെ ചോദിക്കില്ല. ഉണ്ടിങ്ങനെ ഇരിക്കുമ്പോൾ സാറിനു വ്യത്യസ്തമായ ചിന്തകൾ വരും ,ചോദ്യങ്ങൾ വരും ,മെറ്റാഫിസിക്സും മറ്റേഫിസിക്സും വരും.

" ആലോചിച്ചു നോക്കിയിട്ടുണ്ടോ... ഇതിന് ആകെ ഹോർമോൺ ഉണ്ടാക്കിയാൽ മതി. അത് രക്തത്തിൽ എത്തിയാൽ മതി. ഉളളിലെവിടെയെങ്കിലും മതിയായിരുന്നു.ഇതിപ്പോൾ കഴുത്തിലായത് കൊണ്ട് ഗോയിറ്റർ പോലുള്ള സർവ്വസാധാരണ രോഗങ്ങൾ വന്നു വലുതായാൽ  എന്തെല്ലാം ബുദ്ധിമുട്ടാണ്. "

ഞാൻ ആലോചിട്ടില്ല. .. സാറിനോളം അറിവും അനുഭവവുമില്ലെങ്കിലും അവിടെ കിടക്കുന്നവർ മരുന്നു കൊണ്ടോ ശസ്ത്രക്രിയ കൊണ്ടോ ഭേദപ്പെട്ടു പോകണമെന്ന ചിന്ത മാത്രമേ  അന്ന് എനിക്കുള്ളൂ . അതിപ്പോൾ ഞാൻ അത്ര നല്ല മനുഷ്യനായതു കൊണ്ടല്ല .. ജോലി തീർത്ത് ക്വാർട്ടേർസിൽ പോയി കിടക്കണം എന്നത് കൊണ്ട് കൂടിയാവണം .പിന്നെ ഈ ചികിത്സയൊക്കെ ഇവർക്ക് താങ്ങാനാവുമോ എന്നും ചിന്തിക്കാറുണ്ട്. തൈറോയ്ഡ്‌ എങ്ങനെ കഴുത്തിൽ വന്നെന്നോ, ശരീരത്തിൽ ഹൃദയവും ശ്വാസകോശവും ഭംഗിയായി സ്ഥിതി ചെയ്യുന്നുവെങ്കിലും മറ്റു പല അവയവങ്ങളുടെ കാര്യത്തിൽ അതങ്ങനെയല്ല എന്നുമൊക്കെയുള്ള സാറിന്റെ ചിന്തകൾ എന്റെ ചെറിയ ബുദ്ധിയെ തെല്ലും ഉദ്ദീപിപ്പിച്ചിരുന്നില്ല.

പക്ഷേ ചിന്തിക്കാൻ ഏറെയുണ്ട് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഇന്ന് ഞാൻ ഒരു പത്തോളജിസ്റ്റ് എന്ന നിലയ്ക്ക് അർബുധമെന്നു റിപ്പോർട്ട് ചെയ്തിട്ട് പ്രയോജനമില്ല. ഏതവയവത്തിൽ നിന്ന് അത് വരുന്നു, എത്രത്തോളം  പരന്നു എന്നതൊന്നും പ്രസക്തവുമല്ല. കോശങ്ങളുടെ ധർമ്മം, അത് മനസ്സിലാക്കാൻ ശ്രമിക്കണം. കൃത്യ സമയത്ത്  വളരെ നേരത്തെ രോഗനിർണയം നടത്തിയാലും അപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു എന്നതാണ് സത്യം . കോശങ്ങളുടെ ധർമ്മം ഭ്രംശപ്പെട്ടത് അതിനേക്കാൾ വളരെ വളരെ മുൻപ് .. ഒരു പക്ഷേ രോഗി ജനിയ്ക്കുന്നതിനും മുൻപത്രേ .ഇത് നമ്മുടെ മുനിവര്യന്മാർക്ക് അറിയാമായിരുന്നു. പാശ്ചാത്യർ തന്മാത്രവൽക്കരിച്ച് ഇതിനെ മ്യൂട്ടേഷൻ, ജീൻ എന്നൊക്കെ വിളിക്കും. എല്ലാം വെറുതെയാണ്. കച്ചവടം മാത്രം  .
അപ്പോൾ നിങ്ങളുടെ രോഗനിർണ്ണയത്തിനും തുടർ ചികിൽസയ്ക്കും കാത്തിരിക്കുന്ന രോഗിയോട് എന്ത് പറയും...
അദ്ദേഹത്തോട് പറയുക

 ''ഉള്ളതുള്ളതുള്ളതല്ല
ഉള്ളതിന്റെ ഉള്ളിൽ മറ്റൊരുള്ളതുണ്ട്
അതും ഉള്ളതല്ല. ..
[ഉള്ളതിന്റെ ഉള്ളതിന്റെ ഉള്ളിൽ എന്ന മട്ടിൽ ഇനിയും രോഗകാഠിന്യം പോലെ നീട്ടാം ]

ശുഭാപ്തി വിശ്വാസവും പോസിറ്റീവ് എനർജിയുമുണ്ടെങ്കിൽ (ഇത് ഉറപ്പാക്കുന്ന electro magnetic പൈജാമ ഉടൻ ഇറക്കുന്നുണ്ട്. ഫാർമസി ഭീകരന്മാരിൽ നിന്ന് ജീവനു ഭീഷണിയുള്ളതിനാൽ ഇപ്പോൾ കൂടുതൽ പറയാൻ നിർവ്വാഹമില്ല. ) മറികടക്കാവുന്ന അർബ്ബുദമേയുള്ളൂ ഇന്നീ ലോകത്ത്.

ഇത് രണ്ടുമുണ്ടെങ്കിൽ കാണ്ഡം കാണ്ഡമായോ ക്വാണ്ടം ക്വാണ്ടമായോ ഏതു മുറിവും ഉണങ്ങും. മുറിവുണങ്ങുന്ന അൽഭുത പ്രകിയ പിന്നീടൊരിക്കൽ
(തുടർന്നേക്കും..)

മാമംഗലത്തെ ജഡ്ജദ്യം മാന്യതിലകൻ മഹാമനസ്കൻ  വാവിന്റന്ന് ഒരു കൊച്ചിനെ മാറാപ്പിലാക്കി ഗോസായി കുടുംബത്തിന്റെ എസ്‌റ്റേറ്റിലെ മാഞ്ചുവട്ടിൽ   ക...